Tuesday, February 15, 2011

അവകാശവും കടമയും

കരവിളക്കു ദിനത്തില്‍ പുല്ലുമേട്‌ ഉണ്ടായ ദുരന്തവും, കുഞ്ഞനുജത്തി സൗമ്യയുടെ നിര്യാണവും 2011- ല്‍ മലയാളികളെ ഏറെ വേദനിപ്പിച്ച രണ്ടു സംഭവങ്ങളാണ്‌. ഇവയിലേയ്ക്കു നയിച്ച കാരണങ്ങളും അവയ്ക്കുള്ള പതിവ്‌ പ്രതിവിധികളും മാധ്യമങ്ങളിലൂടെ ധാരാളം ചര്‍ച്ച ചെയ്യപ്പെടുകയ്യും ചെയ്തു. മാധ്യമ വിചാരണയ്ക്ക്‌ ൈഎസ്‌ ക്രീം, ഇടമലയാര്‍ എന്നിങ്ങനെ പുതിയ വിഷയങ്ങള്‍ ഓരോ പ്രഭാതത്തിലും കിട്ടുന്നതുകൊണ്ട്‌ ദിവസങ്ങള്‍ക്കകം അവ ചെറു കോളങ്ങളില്‍ ഒതുങ്ങി. മനുഷ്യജീവന്‌ ലക്ഷങ്ങളുടെ വില മന്ത്രി സഭ കൂടി തീരുമാനിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതോടുകൂടി ഭരിക്കുന്നവരുടെ ഉത്തരവാദിത്വവും അവസാനിച്ചു. ഈ ദുരന്തങ്ങള്‍ മൂലം ദുരിതത്തിലായ ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും മാത്രം അവ തീരാക്കണ്ണീരായി അവശേഷിക്കുന്നു.
നസ്രാണി പൈതൃകവും പാരമ്പര്യവും ചര്‍ച്ചാ വിഷയമാകുന്ന "മാര്‍ഗ്ഗ"ത്തിന്‌ ഇതിലെന്തു കാര്യം എന്ന്‌ ചിന്തിക്കുന്നവരുണ്ടാകാം. തീര്‍ച്ചയായും കാര്യമുണ്ട്‌. കാരണം സമൂഹത്തിന്റെ വേദന എന്നും നസ്രാണികളുടെയും വേദനയാണ്‌; ആയിരിക്കണം. അവകാശങ്ങളെക്കുറിച്ച്‌ കൂടുതല്‍ ബോധ്യമുള്ളതും അതിനുവേണ്ടി പോരാടുന്നതുമായ ഒരു സമൂഹത്തിലാണ്‌ നാമിന്ന്
ജീവിക്കുന്നത്‌ .

ഡോക്ടര്‍മാരുടെ സമരം, അദ്ധ്യാപക സംഘടനകളുടെ പണിമുടക്ക്‌, സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല പണിമുടക്ക്‌ തുടങ്ങിയവ കേരളത്തില്‍ പതിവാണല്ലോ. അവകാശ സംരക്ഷണത്തിനായി, അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ നേരായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. ‌. പക്ഷെ ഈ അവകാശത്തോട്‌ എപ്പോഴും ചേര്‍ത്തു വയ്ക്കേണ്ട ഒരു കാര്യമാണ്‌ "കടമ". ഒരു പക്ഷെ പലപ്പോഴും മറന്നു പോകുന്നതും വിട്ടുപോകുന്നതുമായ ഒന്നാണ്‌ "കടമ" എന്ന യാഥാര്‍ത്ഥ്യം.
ഭാഗ്യസ്മരണാര്‍ഹനായ 23-ാ‍ം യോഹന്നാന്‍ മാര്‍പാപ്പ PACEM IN TERRIS (PEACE ON EARTH ) എന്ന ചാക്രിക ലേനത്തില്‍ അവകാശത്തെയും കടമയെയും കുറിച്ച്‌ വ്യക്തമായി പറയുന്നുണ്ട്‌. അവകാശവും കടമയും എപ്പോഴും ഒരുമിച്ച്‌ പോകേണ്ടതാണ്‌ എന്നാണ്‌ പാപ്പ പറയുക; ഒരു നാണയതിന്റെ രണ്ടു വശങ്ങള്‍ പോലെ. ഒന്നില്ലെങ്കില്‍ മറ്റേത്‌ അപൂര്‍ണ്ണമാണ്‌. എവിടെ കടമ ചെയ്യാതിരിക്കുന്നുവോ, അവിടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. കടമകള്‍ മറക്കുന്നതുകൊണ്ടോ, നിര്‍വ്വഹിക്കാത്തതുകൊണ്ടോ ആണ്‌ പലപ്പോഴും അവകാശങ്ങള്‍ ഹനിയ്ക്കപ്പെടൂക. ഒരു സമൂഹത്തില്‍ അവകാശങ്ങള്‍ ലഭ്യമല്‍ളാതിരിക്കുന്നുവെങ്കില്‍ അതിന്റെയര്‍ത്ഥം അവിടെ കടമകളുടെ നിര്‍വ്വഹണത്തില്‍ അപാകതകള്‍ ഉണ്ട്‌ എന്നാണ്‌.
പുല്ലുമേട്ട്ടിലെ ദുരന്തത്തിന്റെ കാരണമായി പല വാദഗതികളും ഉയര്‍ന്നുവന്നിട്ടുണ്ട്‌, എങ്കിലും അവിടെ കര്‍ത്തവ്യനിരതരാകേണ്ടിയിരുന്ന ഉദ്യോഗസ്ഥരുടെയും, അവരെ നയിക്കേണ്ടിയിരുന്ന ഭരണകര്‍ത്താക്കളുടെയും ഭരണ നിര്‍വ്വഹണത്തിലെ പാളിച്ചകളാണ്‌ ഈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന്‌ നിസ്സംശയം പറയാം.

ഭഗവാനെ വണങ്ങി മനസ്സുനിറയെ അനുഗ്രഹവും നന്മയുമായി വീടുകളില്‍ മടങ്ങിയെത്തി കുടുംബാംഗങ്ങളോടൊപ്പം ജീവിക്കാനുള്ള ഒരുകൂട്ടം ഭക്തരുടെ ജീവിതാവകാശമാണ്‌ അതിനാല്‍ ഹനിയ്ക്കപ്പെട്ടത്‌. ഇതുമൂലം അനാഥമായതൊ നൂറൂകണക്കിന്‌ കുഞ്ഞുങ്ങളും, ഭാര്യമാരും. ഭര്‍ത്താവിനാല്‍, അപ്പനാല്‍ സംരക്ഷിക്കപ്പെടുക എന്ന അവകാശം ഈ ഭാര്യമാര്‍ക്കും, മക്കള്‍ക്കും നിഷേധിക്കപെട്ടു. ഇതിലേയ്ക്കു നയിച്ചതോ, കാലാകാലങ്ങളില്‍ തങ്ങളുടെ കടമകള്‍ ശരിയാംവണ്ണം നിര്‍വ്വഹിക്കാതിരുന്ന കേരളത്തിലെ ഭരണ ഉദ്യോഗസ്ഥ വൃന്ദം തന്നെ.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ ഒരു തേങ്ങലും വിങ്ങലുമായി സൗമ്യയുടെ നിഷ്കളങ്ക മുഖവും കുടുംബാംഗങ്ങളുടെ കരച്ചിലും നിലനില്‍ക്കുന്നു. സംരക്ഷിക്കപ്പെടുക, ജീവിക്കുക എന്നീ അവകാശങ്ങള്‍ സൗമ്യയ്ക്കു നഷട്പ്പെട്ടത്‌ പലരും തങ്ങളുടെ കടമ നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതു കൊണ്ടാണ്‌. ഇവിടെ ആരൊക്കെയണ്‌ കടമകള്‍ മറന്നത്‌; ട്രെയിനുകളിലെ വനിതാ കംബാര്‍ട്ടുമെന്റ്‌ നടുവിലേയ്ക്കു മാറ്റണം എന്ന നിര്‍ദേശ്ശം നടപ്പിലാക്കാതിരുന്ന റയില്‍വേ ഉദ്വോഗസ്ഥര്‍, ഇത്രയേറെ സ്ത്രീ യാത്രക്കാര്‍ രാത്രിയില്‍ യാത്ര ചെയ്യൂന്ന ട്രെയിനില്‍ ആവശ്യത്തിന്‌ സുരക്ഷാ ഉദ്വോഗസ്ഥരെ നിയമിക്കാതിരുന്ന മേലധികാരികള്‍, ട്രെയിനില്‍ നിന്ന്‌ ആരോ തഴേയ്ക്കു പതിക്കുന്നതു കണ്ട്‌ ചങ്ങല വലിയ്ക്കാന്‍ സഹായം തേടിയ ചെറുപ്പക്കാരനെ നിരുത്സാഹപ്പെടുത്തിയ "മാന്യയാത്രക്കാര്‍". ഇവരൊക്കെ തങ്ങള്‍ ചെയ്യേണ്ട കടമകള്‍ ചെയ്യാതിരുന്നപ്പോള്‍ സൗമ്യ എന്ന പെണ്‍കുട്ടിയ്ക്ക്‌ നഷ്ട്ടപ്പെട്ടത്‌ ജീവിക്കാനുള്ള അടിസ്ഥാന അവകാശമാണ്‌. മകളൊടൊപ്പം ജീവിയ്ക്കാനും, സഹോദരിയുടെ നല്‍ള ഭാവി കാണാനുമുള്ള അവകാശങ്ങള്‍ സൗമ്യയുടെ മാതാപിതാക്കള്‍ക്കും സഹോദരനും നിഷേധിയ്ക്കപ്പെട്ടു.

ഇനി സഭയുടെ കര്യത്തിലേയ്ക്ക്‌ വരാം. കേരളസഭ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവകാശ സംരക്ഷണത്തിനായി ഏറെ കഷ്ടപ്പെടുന്നുണ്ട്‌. ജനങ്ങളെ അവകാശങ്ങളെക്കുറിച്ച്‌ ബോധമുള്ളവരാക്കനുള്ള ആത്മാര്‍ത്ഥശ്രമവും നടക്കുന്നുണ്ട്‌. പക്ഷെ ഇതോടൊപ്പം കടമ നിര്‍വ്വഹണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധ്യം നല്‍കേണ്ടതാണ്‌. ന്യൂനപക്ഷ അവകാശ സെമിനാറുകളും, റാലികളും നടത്തുമ്പോള്‍, ന്യൂനപക്ഷങ്ങളുടെ കടമകളും ഓര്‍മ്മിപ്പിക്കണം. നമ്മള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നവരും പഠിച്ചിറങ്ങുന്നവരും വ്യക്തി ജീവിതത്തിലും, സമൂഹജീവിതത്തിലും കടമ നിര്‍വ്വഹണത്തിന്റെ നല്‍ള മാതൃകകള്‍ ആകുന്നുണ്ടോ?. കടമ നിര്‍വ്വഹണത്തിലൂടെ അനേകരുടെ അവകാശങ്ങള്‍ അവര്‍ സംരക്ഷിക്കുന്നുണ്ടോ?. വിലയിരുത്തപ്പെടേണ്ട ഒരു സംഗതിയാണിത്‌.

മദ്യം നിരോധിക്കപ്പെടുക എന്നത്‌ സമൂഹത്തിന്റെ അവകാശമായി പ്രസ്താവനകള്‍ ഉയരുമ്പോള്‍, സഭാമക്കള്‍ത്തന്നെ മദ്യത്തെ അസാധാരണമാം വിധം പുണരുന്ന പ്രവണത ഉണ്ടാകുന്നതെന്തെ എന്ന്‌ ചിന്തിക്കേണ്ടതല്‍ളേ?. ആഘോഷങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും മദ്യം മേന്‍പൊടിയായി സഭാമക്കളില്‍ ചിലര്‍ ഉപയോഗിക്കുമ്പോള്‍, സര്‍ക്കാരിനെ മാത്രം കുറ്റം പറയുന്നതു കൊണ്ട്‌ കാര്യമുണ്ടോ?. "അവിശ്വാസികള്‍" എന്നു മുദ്രകുത്തപ്പെടുന്നവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും അവര്‍ക്ക്‌ വോട്ട്‌ നിഷേധിക്കണമെന്നുമുള്ള ചിന്തകള്‍ ഉയരുമ്പോള്‍ തന്നെ "വിശ്വാസികള്‍ എന്ന വിശേഷണമുള്ളവര്‍ നടത്തുന്ന കടമ നിര്‍വ്വഹണങ്ങളും വിലയിരുത്തേണ്ടതല്‍ളേ?.

ഓരോ വ്യക്തിയ്ക്കും ധാരാളം കടമകള്‍ നിര്‍വ്വഹിയ്ക്കേണ്ടതുണ്ട്‌. അതുവഴി ഒരു തലമുറയുടെ അവകശങ്ങളാണ്‌ സംരക്ഷിക്കപ്പെടുക. കടമ നിര്‍വ്വഹണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ കൂടുതല്‍ ബോധ്യങ്ങള്‍ നല്‍കണം. മാതാപിതാക്കള്‍ കടമ നിര്‍വ്വഹിയ്ക്കുമ്പോള്‍ മക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. അതുപോലെ മക്കള്‍ കടമ നിര്‍വ്വഹിക്കുമ്പോള്‍ മാതാപിതാക്കളുടെയും. ഒരു പുരോഹിതനും വിദ്യാര്‍ത്ഥിയുമെന്ന നിലയിലുള്ള എന്റെ കടമകള്‍ ഞാന്‍ ചെയ്യാതിരുന്നാല്‍ സഭയുടെയും സമൂഹത്തിന്റെയും അവകശമാണ്‌ ഹനിയ്ക്കപ്പെടുക. വികാരിയച്ചന്‍ കടമ നിര്‍വ്വഹിക്കുമ്പോള്‍ ഇടവകക്കാരുടെ മുഴുവന്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ന്യായാധിപന്മാര്‍ കടമ മറന്നാല്‍ സമൂഹത്തില്‍ അവകാശ ലംഘനങ്ങള്‍ ധാരാളം ഉണ്ടാകും. മേല്‍പ്പട്ടക്കാര്‍ കടമകള്‍ ശരിയാം വണ്ണം കടമ നിര്‍വഹിക്കുമ്പോള്‍ സഭയുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.

നമ്മുടെയൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി കടമ നിര്‍വ്വഹണതിന്റെ പ്രാധാന്യം കുഞ്ഞുങ്ങള്‍ക്കു നല്‍കണം. ഉദാഹരണത്തിന്‌ പ്രകൃതിയോട്‌ നമ്മുക്ക്‌ ചില കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്‌; പ്ലാസ്റ്റിക്കുപയോഗം കുറയ്ക്കല്‍, മാലിന്യ സംസ്കരണം, വിഷ മരുന്നുകളും രാസ വളങ്ങളും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാതിരിക്കല്‍ ഇവയൊക്കെ പ്രകൃതിയോടൂള്ള നമ്മുടെ കടമയാണ്‌. ഈ കടമകള്‍ നിര്‍വ്വഹിക്കുക വഴി സഹജീവികളുടെ അവകാശത്തെയാണ്‌ നാം സംരക്ഷിക്കുക. ഇതിന്‌ കോട്ടം വരുമ്പോഴാണ്‌ "എന്‍ഡോസള്‍ഫാന്‍" പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുക. ഈ കടമ നിര്‍വ്വഹണത്തെകുറിച്ചൊക്കെ നമ്മുടെ കുഞ്ഞുങ്ങളെ നാം ബോധവാന്മാരാക്കേണ്ടതാണ്‌. അതിന്‌ ഏറ്റവും നല്‍ള മാതൃക നാം തന്നെ ആ കടമകള്‍ നിര്‍വ്വഹിക്കുക എന്നതാണ്‌.

ഇതിനൊക്കെ എവിടെയെങ്കിലും കുറവോ അലംഭാവമോ ഉണ്ടായാല്‍ അവകാശ ലംഘനങ്ങളുടെ ഒരു നിര തന്നെ രൂപപ്പെടൂം. അതുപോലെ മറ്റുള്ളവരുടെ കടമകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതും ശരിയായ പ്രവണതയല്‍ള. ഉദാഹരണത്തിന്‌ ന്യായമായ ശിക്ഷാവിധി നടത്താനുള്ള ന്യായാധിപന്റെ കടമ പൊതുജനം ഏറ്റെടുത്താല്‍ അവകാശ ലംഘനങ്ങളുണ്ടാകും. രാഷ്ട്രീയക്കാര്‍ നിര്‍വ്വഹിയ്ക്കേണ്ട കടമ നിര്‍വ്വഹിയ്ക്കാന്‍ പുരോഹിതന്‍ ഇറങ്ങിയാല്‍ ശരിയാകുമോ?. ബിസിനസ്സ്‌ നടത്തുന്നവരുടെ ""'"കടമകള്‍" സന്ന്യാസികള്‍ ഏറ്റെടുത്താല്‍ സമൂഹത്തില്‍ മൂല്യച്യുതിയുണ്ടാകും.

അതുകൊണ്ട്‌ ചെറുതെന്ന്‌ തോന്നുമെങ്കിലും വളരെ പ്രധാനപെട്ട രണ്ട്‌ വാക്കുകളാണ്‌ അവകാശവും, കടമയും. കാരണം ധാരാളം കടമകകളുടെ ഒരു നിര്‍വ്വഹണമാണ്‌ മനുഷ്യജീവിതം. കടമ നിര്‍വ്വഹിച്ച്‌ അവകാശം സംരക്ഷിക്കുകയാണു നാം ചെയ്യേണ്ടത്‌. നാം നമ്മുടെ കടമ മറക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യുമ്പോള്‍ നാം മൂലം അവകാശങ്ങള്‍ നിഷേധിയ്ക്കപ്പെടുന്നവര്‍ സമൂഹത്തില്‍ ഉണ്ടാകുന്നു എന്ന ചിന്ത നമ്മെ നയിക്കട്ടെ.

ചവറപ്പുഴ ജയിംസച്ചന്‍

1 comment:

  1. വളരെ അര്‍ത്ഥ പൂര്‍ണമായ ചോദ്യങ്ങള്‍......

    നമ്മള്‍ അവകാശങ്ങള്‍ എന്ന് വിളിക്കുന്ന ചില കാര്യങ്ങള്‍ എങ്കിലും സൌജന്യങ്ങള്‍ അല്ലെ എന്ന് എനിക്ക് സംശയം. ക്രിസ്തു അനുയായികള്‍ സൌജന്യം പറ്റാന്‍ പാടുണ്ടോ? നമ്മുടെ "അവകാശ സംരക്ഷണം" ചൂഷണം ആയി മാറുന്നുണ്ടോ? "വില പേശല്‍ " ആയി മാറുന്നുണ്ടോ?

    ReplyDelete