Saturday, November 10, 2012

കിരീടമേ മാപ്പ്‌...


 രിത്രം സൃഷ്ടിക്കുന്നവനാണ്‌ മനുഷ്യന്‍. എല്ലാ മനുഷ്യരും ചരിത്രത്തിന്റെ ഭാഗമാണ്‌. എങ്കിലും ഓരോ കാലഘട്ടത്തിലും ചില മനുഷ്യര്‍ ചരിത്രം തങ്ങളുടെതാക്കി മാറ്റാറുണ്ട്‌. മഹാത്മാ ഗാന്ധിയെ പോലെ, നെല്‍സണ്‍ മണ്ടേലയെ പോലെ, മദര്‍ തെരേസയെ പോലെ .. സഭയിലും ഇങ്ങനെയുള്ള പ്രതിഭാസങ്ങള്‍ കാണാം. ഓരൊ കാലത്തിലും സഭയെ നേരായ വഴിയില്‍ നയിക്കാന്‍ ദൈവം വ്യക്തികളെ തിരഞ്ഞെടുക്കാറുണ്ട്‌. അവരെ പ്രവാചകന്മാരെന്നോ, ഇടയന്മാരെന്നോ, നേതാക്കന്മാരെന്നോ എന്തു വേണമെങ്കിലും വിളിക്കാം. എന്തായാലും അവര്‍ സഭയില്‍ പ്രവാചക ധര്‍മ്മമാണ്‌ ചെയ്യുക; നേതാക്കന്മാരുടെ കര്‍മ്മമാണ്‌ നടത്തുക; ഇടയന്മാരുടെ വഴിയെയാണ്‌ നടക്കുക.

മാര്‍ത്തോമ്മാ നസ്രാണി സഭാ ചരിത്രത്തിന്‌ അവഗണിക്കാനാവാത്ത ഒരു പ്രവാചക ശബ്ദത്തെപറ്റിയാണ്‌ ഈ കുറിപ്പ്‌. എന്നും സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന വലിയ ഇടയന്‍. ആദരവോടെ അകലെ നിന്ന് വീക്ഷിക്കുകയും തീഷ്ണതയോടെ വായിക്കുകയും കേള്‍ക്കുകയും, പുത്രസഹചമായ സ്നേഹത്തോടെ ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്‌ ഈ പുണ്യ പിതാവുമായി. ഉറച്ച കാഴ്ച്ചപ്പാടുകളും അടിപതറാത്ത കാല്‍വയ്പ്പുകളുമായി കഴിഞ്ഞ അന്‍പതു വര്‍ഷക്കാലമായി നസ്രാണി സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന മാര്‍ യൗസേപ്പ്‌ പൗവ്വത്തില്‍ മെത്രാപ്പോലിത്തയാണ്‌ ആ വ്യക്തി.


പതിനാറാം നൂറ്റാണ്ടിനു ശേഷം നാലു പ്രധാന വ്യക്തികളിലൂടെയാണ്‌ നസ്രാണി സഭ മുന്നേറിയത്‌. കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മെത്രാപ്പോലിത്താ, പാറേമാക്കല്‍ തോമ്മാ കത്തനാര്‍, നിധീരിയ്ക്കല്‍ മാണി കത്തനാര്‍, പ്ലാസിഡച്ചന്‍ എന്നിവരായിരുന്നു ആ നാലുപേര്‍. കരിയാറ്റില്‍ പിതാവ്‌ തന്റെ സഭൈക്യ ചിന്തയാലും, പാറേമാക്കലച്ചന്‍ തന്റെ ധീരതയാലും, നിധീരിക്കല്‍ മാണികത്തനാര്‍ തന്റെ ദീര്‍ഘ വീക്ഷണത്താലും, പ്ലാസിഡച്ചന്‍ തന്റെ അഗാധമായ പാണ്ഡിത്യത്താലും നസ്രാണി സഭയിലെ നാലു കാലഘട്ടങ്ങളിലെ നാലു വിശ്വാസ ഗോപുരങ്ങളായി മാറി. കരിയാറ്റില്‍ മല്‍പ്പാന്‍ മെത്രാപ്പോലിത്തയായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും ഒരു ദിവസം പോലും മാതൃസഭയില്‍ മെത്രാനടുത്ത ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന� മുന്‍പ്‌ മുമ്പ്‌ അദ്ദേഹം "വധിയ്ക്കപ്പെട്ടു". പാറേമ്മാക്കലച്ചനും, നിധീരിയ്ക്കല്‍ മാണികത്തനാരും, പ്ലാസിഡച്ചനും മെത്രാന്മാരായില്ല. എങ്കിലും ജനഹൃദയങ്ങളിലും സഭാചരിത്രത്തിലും ഇവര്‍ക്ക്‌ നാലുപേര്‍ക്കുമുള്ള സ്ഥാനം നസ്രാണി സഭയിലെ ഏതൊരു മെത്രാനെക്കാളും ഉപരിയും ഉന്നതവുമാണ്‌. ഇവര്‍ക്ക്‌ ശേഷം ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ, ചരിത്രതാളുകളില്‍ ഇടം പിടിച്ചയാള്‍ മാര്‍ പൗവ്വത്തിലാണ്‌. ഈ നാലുപേര്‍ക്കു ശേഷം നസ്രാണി സഭയുടെ നെടുംതൂണെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത്‌ മാര്‍ പൗവ്വത്തിലിനെയാണ്‌. കാരണം മാര്‍ കരിയാറ്റിയുടെ സഭൈക്യ ചിന്തയും, പാറേമ്മാക്കലിന്റെ ധീരതയും, നിധീരിയ്ക്കലിന്റെ ദീര്‍ഘവിക്ഷണവും, പൊടിപാറയുടെ പാണ്ഡിത്യവും ഒന്നുപോലെ സമ്മേളിച്ചിട്ടുണ്ട്‌ അദ്ദേഹത്തില്‍. അതുകൊണ്ട്‌ തന്നെയാവണം ഉറച്ച കാഴ്ച്ചപാടുകളും അടി പതറാത്ത കാല്‍വയ്പുകളുമായി നസ്രാണി സഭയെ കഴിഞ്ഞ അന്‍പതു വര്‍ഷക്കാലം അദ്ദേഹം മുന്നില്‍ നിന്ന്‌ നയിക്കുകയും പിന്നില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നത്‌.


1. മാര്‍ കരിയാറ്റിയുടെ സഭൈക്യ ചിന്തയും മാര്‍ പൗവ്വത്തിലിന്റെ സഭാ ദര്‍ശനവും.


നസ്രാണി സഭയില്‍ നിന്ന് ആദ്യമായി റോമില്‍ ഉപരിപഠനം നടത്തി ബിരുദധാരിയായ ആളാണ്‌ കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മല്‍പ്പാന്‍. കൂനന്‍ കുരിശു സത്യത്തോടെ മാതൃസഭയില്‍ നിന്ന് അകന്നു പോയ പുത്തന്‍കൂറ്റുകാരുടെ പുനരൈക്യ പ്രാപ്തിക്കായി പാറേമ്മാക്കലച്ചനോടൊപ്പം ദീര്‍ഘവും ദുഷ്കരവുമായ റോമായാത്ര അദ്ദേഹം നടത്തി. "സ്വസഹോദരന്മാരുടെ പുനരൈക്യത്തിനായി ഏതറ്റം വരെ പോകാനും ജീവന്‍ പോലും നല്‍കാനും തയ്യാറാണ്‌" എന്നു പ്രഖ്യാപിച്ച കരിയാറ്റി തന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുമാറ്‌ രക്തസാക്ഷിയായി. "എക്യുമെനിസം" എന്ന വാക്ക്‌ സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന്‌ മുന്‍പ്‌ തന്നെ "എക്യുമനിസ"ത്തിനായി ജീവന്‍ നല്‍കിയ കരിയാറ്റില്‍ പിതാവിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ്‌ മാര്‍ പൗവത്തില്‍. മാര്‍ത്തോമ്മാ ശ്ലീഹായുടെ മക്കള്‍ ഭിന്നിച്ചു കഴിയേണ്ടവരല്ല, അവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്‌ എന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ സാക്ഷ്യം നല്‍കി. ഇന്ത്യയില്‍ നിലയ്ക്കല്‍ പ്രസ്ഥാനത്തിലും, പുറത്തു pro-oriente അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. സഹോദരീ സഭകളിലെ നേതൃത്വങ്ങള്‍ക്ക്‌ ഒരുപോലെ വിശ്വാസവും ആദരവും സ്നേഹവും ആത്മാര്‍ത്ഥതയും മാര്‍ പൗവ്വത്തില്‍നോട്‌ തോന്നാന്‍ കാരണം സഭൈക്യത്തിനായുള്ള അദ്ദേഹത്തിന്റെ തികഞ്ഞ ആത്മാര്‍ത്ഥത ഒന്നു കൊണ്ട്‌ തന്നെയാണ്‌. സഭൈക്യം ചാനല്‍ ചര്‍ച്ചകളിലും ചായകുടികളിലും കെട്ടിപുണരലൂകളിലും മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത്‌ മാര്‍ കരിയാറ്റിക്ക്്‌ ശേഷം മാര്‍ പൗവ്വത്തില്‍ മുമ്പോട്ടു വച്ച സഭൈക്യ ദര്‍ശനം ചര്‍ച്ച ചെയ്യപ്പെടേണ്ടതും പിന്‍തുടരേണ്ടതുമാണ്‌.


2. പാറേമ്മാക്കലിന്റെ നെഞ്ചുറപ്പും മാര്‍ പൗവ്വത്തിലിന്റെ ഉറച്ച നിലപാടുകളും.


ചങ്കുറപ്പുള്ള ഒരു നസ്രാണിയെയാണ� പാറേമ്മാക്കലച്ചനില്‍ നാം കാണുക. മാതൃസഭയുടെ തനിമയും വ്യക്തിത്വവും ആരുടെ മുമ്പിലും അടിയറ വയ്ക്കാതെ, കാര്യങ്ങള്‍ തുറന്നു പറയുവാനും, അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും നെഞ്ചുറപ്പോടെ നില്‍ക്കുന്ന പാറേമ്മാക്കലച്ചനാണ്‌ വര്‍ത്തമാന പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുക. നട്ടെല്ലുള്ള ഈ നസ്രാണിക്കൊരു പിന്‍ഗാമിയെ മാര്‍ പൗവ്വത്തില്‍ പിതാവില്‍ നമ്മുക്ക്‌ ദര്‍ശിക്കാം.

മാതൃസഭയുടെ അജപാലനാധികാരങ്ങള്‍ക്കായി ലത്തീന്‍ സഭാധികാരികളുടെ മുന്‍പില്‍ നില്‍ക്കുമ്പോഴും, ക്രിസ്തീയ വിശ്വാസസംഹിതയ്ക്കും ന്യൂനപക്ഷാവകാശങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരെ അക്ഷരങ്ങള്‍കൊണ്ട്‌ എതിര്‍ക്കുമ്പോഴും അദ്ദേഹത്തിന്‌ ഉറച്ച നിലപാടുകളാണ്‌.


കാര്യസാധ്യത്തിനായി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ സ്ഥാനമാനങ്ങള്‍ക്കായി നെട്ടോട്ടമോടാനോ അദ്ദേഹം തയ്യാറായിട്ടില്ല. കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രവും കത്തോലിക്കാ വിശ്യാസവും ഒന്നിച്ചു പോകില്ലായെന്നും വിശ്വാസവും ആശയവും രണ്ടായിതന്നെ കാണണമെന്നും വിട്ടിവീഴ്ച്ചകളില്ലാതെ അദ്ദേഹം ഇന്നും പ്രഖ്യാപിക്കുന്നു. വിശ്വാസത്തെ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളോട്‌ ചേര്‍ത്ത്‌ കെട്ടാന്‍ ശ്രമിക്കുന്ന ചില സഭാ നേതാക്കന്മാരുടേ പ്രസ്താവനകളോട്‌ ഇത്‌ ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. വിശ്വാസത്തെ വെറും ആശയത്തിന്റെ മടിയിലിരുത്താന്‍ അദ്ദേഹം തയ്യാറല്ല. കമ്മ്യൂണിസത്തെ നോക്കി പുഞ്ചിരിക്കാത്തതുകൊണ്ടും ഭരണ നേതൃത്വത്തിലുള്ളവരോട്‌ മൃദു സമീപനം പുലര്‍ത്താതതുകൊണ്ടും അദ്ദേഹത്തിന്‌ മാലയിടാനും സമ്മാനങ്ങള്‍ നല്‍കാനും നേതാക്കന്മാരില്ല. ഈ ഉറച്ച നിലപാടുകള്‍ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക്‌ മതൃകയാണ്‌; സഭയിലും സമൂഹത്തിലും.


സത്യത്തെ ബലി കഴിച്ചു കൊണ്ടാവരുത്‌ വിട്ടുവീഴ്ച്ചകള്‍. വിശ്വസത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടാവരുത്‌ അവകാശങ്ങള്‍ നേടിയെടുക്കല്‍. ഈ രണ്ടു സത്യങ്ങള്‍ വര്‍ത്തമാന പുസ്തകത്തില്‍ പാറേമ്മാക്കലച്ചന്‍ കാണിച്ചു തരുന്നുണ്ട്‌. വര്‍ത്തമാനകാല സഭയില്‍ മാര്‍ പൗവ്വത്തിലൂടെയാണ്‌ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുക.




തന്നെക്കാളും പ്രായം കുറഞ്ഞ കരിയാറ്റിലച്ചനെ മല്‍പ്പാന്‍ എന്നു മാത്രമെ പാറേമ്മാക്കലച്ചന്‍ വിശേഷിപ്പിച്ചു കാണുന്നുള്ളു.(കരിയാറ്റിയുടെ മെത്രാഭിഷേകത്തിന്‌ ശേഷം മെത്രാപ്പോലിത്താ എന്നാണ്‌ വിളിക്കുക). തന്നെക്കാളും പ്രായം കുറഞ്ഞ ആളാണെങ്കിലും റോമില്‍ ഉപരിപഠനം നടത്തിയ കരിയാറ്റില്‍ മല്‍പ്പാന്റെ അറിവിനേയും പാണ്ഡ്യത്യത്തെയും പാറേമാക്കലച്ചന്‍ ആദരിക്കുന്നു. ഈ ഒരു ഗുണ വിശേഷം മാര്‍ പൗവ്വത്തിലും കാണാം. സഭാശസ്ത്രത്തിലോ, ബൈബിളിലോ, ആരാധനക്രമത്തിലോ അദ്ദേഹത്തിന� ബിരുദങ്ങളില്ല. ഈ കുറവ്‌ അദ്ദേഹം നികത്തിയത്‌ ആ വിഷയങ്ങളില്‍ അഗ്രഗണ്യരായ സഹോദര വൈദീകരുടെ അറിവും, സാമിപ്യവും, ഉപദേശവും കൊണ്ടായിരുന്നു. അങ്ങനെ ഈ വിഷയങ്ങളില്‍ ബിരുദങ്ങള്‍ നേടിയ മെത്രാന്മാരെക്കാളും അറിവും പാണ്ഡ്യത്യവും അദ്ദേഹത്തിനുണ്ടായി. അതായത്‌ സീറോ മലബാര്‍ സഭയില്‍ ആരാധനക്രമ, സഭാ വിഞ്ജാനീയ രംഗങ്ങളില്‍ മാര്‍ പൗവ്വത്തില്‍ന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ദൈവ ശാസ്ത്രഞ്ജന്മാരുണ്ടായി. ഉപരിപഠനം നടത്താത്ത പാറേമ്മാക്കലച്ചന്‍ ചരിത്രവും, വിഞ്ജാനവും, ആദ്ധ്യാത്മികതയും നിറഞ്ഞു നില്‍ക്കുന്ന 'വര്‍ത്തമാന പുസ്തകം' രചിച്ചതുപോലെ; സഭാ വിഷയങ്ങളില്‍ ഉപരി പഠനം നടത്താത്ത മാര്‍ പൗവത്തില്‍ ജീവിക്കുന്ന "വിഞ്ജാനകോശ"മാവുകയും ജ്ഞാനം നേടാന്‍ നിരന്തരം ശ്രമിക്കുകയും അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.




3. മാണികത്തനാരുടെ ദീര്‍ഘ വീക്ഷണവും മാര്‍ പൗവ്വത്തില്‍ന്റെ മാതൃസഭാ ദര്‍ശനവും.


സ്വാതന്ത്ര്യ സമരം കൊടികൊണ്ടിരുന്ന കാലമാണ്‌ നിധീരിക്കല്‍ മാണികത്തനാരുടെ ജീവിത സമയം. രാജ്യത്തിനു മാത്രമല്ല മാതൃസഭയ്ക്കും സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം. നാട്ടു മെത്രാന്മാരെ ലഭിക്കാന്‍ അക്ഷീണം യത്നിച്ച പുണ്യാത്മാവാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ നസ്രാണി സഭയ്ക്ക്‌ നാട്ടു മെത്രാന്മാരെ ലഭിച്ചു. പക്ഷേ കഴിവും പാണ്ഡ്യത്യവും വിശുദ്ധിയും അര്‍ഹതയും വേണ്ടുവോളമുണ്ടായിരുന്ന അദ്ദേഹം മെത്രാനായില്ല. അന്നത്തെ സഭാ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ പേര്‌ പിന്തള്ളപ്പെട്ടു പോയി: എന്നാല്‍ അതില്‍ അദ്ദേഹം പരിഭവിക്കുകയൊ നിസംഗനാവുകയോ ചെയ്‌തില്ല. കാരണം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ തന്റെ ആത്മാഭിമാനം പണയം വയ്ക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.


സീറോ മലബാര്‍ സഭയ്ക്ക്‌ സ്വയം ഭരണാവകാശം വേണമെന്നും ഈ സഭയ്ക്ക്‌ ഒരു സഭാ തലവന്‍ ഉണ്ടാകണമെന്നും ആഗ്രഹിച്ച്‌ പ്രവര്‍ത്തിച്ചയാളാണ്‌ മാര്‍ പൗവ്വത്തില്‍. അദ്ദേഹത്തിന്റെ പ്രധാന ശ്രമ ഫലമായാണ്‌ സീറോ മലബാര്‍ സഭ  major Archi-Episcopal സഭയായി മാറിയത്‌. പക്ഷേ മാണി കത്തനാര്‍ക്ക്‌ സംഭവിച്ചതു പോലെ ഇവിടെയും സംഭവിച്ചു...അദ്ദേഹം സഭാ തലവനായില്ല. ദൈവഹിതം വ്യത്യാസ്തമായിരുന്നിരിക്കാം.
പക്ഷേ, അന്നും ഇന്നും ഈ സഭയെ മുന്നില്‍ നിന്ന്; കല്ലേറു മുഴുവന്‍ കൊണ്ട്‌ നയിക്കുന്നത്‌ മാര്‍ പൗവ്വത്തില്‍ തന്നെയല്ലേ? കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കത്തോലിയ്ക്കാ സഭയുടെ നാവും മനസാക്ഷിയുമായി അദ്ദേഹം തുടരുന്നു. മരണം വരെ മെത്രാനാകാതെ നിധീരിയ്ക്കല്‍ മാണി കത്തനാര്‍ സഭയ്ക്ക്‌ നേതൃത്വം നല്‍കിയതുപോലെ; സഭാ തലവനാകാതെ സഭയ്ക്ക്‌ മാര്‍ഗ്ഗദര്‍ശിയും വഴികാട്ടിയുമായി മാര്‍ പൗവ്വത്തില്‍ തുടരുന്നു.

4. പ്ലാസിഡച്ചന്റെ പാണ്ഡിത്യവും മാര്‍ പൗവ്വത്തിലിന്റെ വിജ്ഞാന ദര്‍ശനവും.


"വിശ്വാസത്തില്‍ ക്രിസ്ത്യാനി, സംസ്കാരത്തില്‍ ഭാരതീയന്‍, ആരാധനക്രമത്തില്‍ പൗരസ്ത്യന്‍" നസ്രാണി സഭയ്ക്ക്‌ ഈ മഹത്തായ വീക്ഷണം തന്നത്‌ പ്ലാസിഡച്ചനാണ്‌. പ്ലാസിഡച്ചന്റെ അഗാധമായ പാണ്ഡിത്യമാണ്‌ ഈ സഭയുടെ തനിമ വീണ്ടെടുക്കല്‍ പ്രക്രീയക്ക്‌ ആക്കവും ആഴവും നല്‍കിയത്‌. പ്ലാസിഡച്ചന്റെ ഈ വിഞ്ജാനതൃഷ്ണ മാര്‍ പൗവ്വത്തിലിനുണ്ട്‌. പുസ്തകങ്ങളെ സ്നേഹിക്കുന്ന, വായനയെ ഇഷ്ടപ്പെടൂന്ന, വായിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന മാര്‍ പൗവ്വത്തില്‍; പ്ലാസിഡച്ചന്‍ ഈ സഭയ്ക്ക്‌ പകര്‍ന്നു നല്‍കിയ ജ്ഞാന സമ്പത്ത്‌ ആസ്വദിക്കുകയും ആസ്വദിക്കുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഈ വിജ്ഞാനദാഹമാണ്‌ സീറോ മലബാര്‍ സഭയുടെ ആരാധനക്രമ സഭാ വിജ്ഞാന പുനരുദ്ധീകരണ രംഗത്ത്‌ മുന്നില്‍ നില്‍ക്കാനും നേതൃത്വം വഹിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്‌. കുറെ വര്‍ഷങ്ങളായി ഭാരത സഭയില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു മെത്രാന്‍ മാര്‍ പൗവ്വത്തിലിനെ പോലെ വേറെ ഉണ്ടാവില്ല. അതുപോലെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ളയാളും വേറെ കാണില്ല.വിമര്‍ശനങ്ങളോട്‌ അസഹിഷ്ണുത കാണിയ്ക്കാതെ, വിമര്‍ശനങ്ങളെ അസ്വദിച്ച്‌ മാര്‍ പൗവ്വത്തില്‍ സഭയ്ക്ക്‌ വിളക്കായി മാറുന്നു.


പ്ലാസിഡച്ചനെ പൗവ്വത്തില്‍ പിതാവ്‌ വിശേഷിപ്പിച്ചത്‌ 'ആധുനിക സഭാപിതാവ്‌' എന്നാണ്‌. പൗവത്തില്‍ പിതാവിനെ എന്താണ്‌ വിശേഷിപ്പിക്കുക. സീറോ മലബാര്‍ പിതാക്കന്മാരുടെ ആദ്‌ലീമിനാ സന്ദര്‍ശന വേളയില്‍ ബനഡിക്റ്റ്‌ 16-�ം മാര്‍പാപ്പ മാര്‍ പൗവ്വത്തില്‍നെ ചൂണ്ടി മറ്റ്‌ മെത്രാന്‍മാരോട്‌ പറഞ്ഞത്രെ "ഇതാ സഭയുടെ കിരീടം". അതെ തീര്‍ച്ചയായും അദ്ദേഹം സഭയുടെ കിരീടം തന്നെയാണ്‌. ഈ വിശേഷണത്തിന്‌ അര്‍ഹനാകാന്‍ യോഗ്യരായ മറ്റാരുണ്ട്‌ ഈ സഭയില്‍? മാതൃ സഭയുടെ പൊന്‍ കിരീടത്തെക്കുറിച്ചുള്ള ഈ കുറിപ്പ്‌ ഇവിടെ അവസാനിപ്പിക്കുന്നു. ചിന്തകള്‍ അവസാനിപ്പിക്കുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ കുറ്റവും മരിച്ചു കഴിഞ്ഞ്‌ നന്മയും പറയുന്ന മലയാളി തഴക്കത്തിനോട്‌ താല്‍പര്യമില്ലാത്തതു കൊണ്ടാണ്‌ മാര്‍ പൗവ്വത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതെഴുതുന്നത്‌. അതോടൊപ്പം അദ്ദേഹത്തിലൂടെ നസ്രാണി സഭയ്ക്ക്‌ ദൈവം നല്‍കിയ നന്മകള്‍ക്ക്‌ നന്ദിയും, വിമര്‍ശനങ്ങളും കല്ലേറുമേറ്റ്‌ സഭയുടെ വിശ്വാസവും തനിമയും സംരക്ഷിയ്ക്കുന്ന പിതാവിന്റെ നിലപാടുകളോട്‌ വിശ്വസ്തത കാണിക്കാത്തതിന്‌ നസ്രാണി സഭയുടെ മാപ്പും, അദ്ദേഹത്തിന്‌ ആദരവും. അദ്ദേഹത്തിന്റെ തീഷ്ണതയും സഭാ സ്നേഹവും സത്യ വിശ്വാസവും നസ്രാണി സഭയ്ക്ക്‌ ഒരു ഉറച്ച കോട്ടയാകട്ടെ.

ഈശോയില്‍ സ്നേഹപൂര്‍വ്വം.

ചവറപ്പുഴ ജയിംസച്ചന്‍

Saturday, October 6, 2012

വിശ്രമിക്കുന്ന വിശ്വാസം

വിശ്വാസത്തിനു മരണമില്ല. അത്‌ അനശ്വരമാണ്‌. ജീവിക്കുനവരും മരിച്ചവരും പ്രത്യാശയോടെ കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനെ നോക്കി പാര്‍ത്തിരിക്കുന്നു. ഒരു വിശ്വാസി തന്റെ ജീവിതകാലത്ത്‌ പല രീതിയിലാണ്‌ വിശ്വാസം ജീവിക്കുന്നത്‌. അത്‌ പ്രഘോഷണത്തിലൂടെയാവാം (വചനം). ആഘോഷത്തിലൂടെയാവാം(കുര്‍ബാനയും മറ്റ്‌ കൂദാശകളും),മറ്റ്‌ ശുശ്രൂഷകളിലൂടെയുമാവാം(ജീവ കാരുണ്യ പ്രവൃത്തികള്‍). ഇതെല്ലാം ഒന്നിച്ചു ചേരുന്നതാണ്‌ വിശ്വാസ ജീവിതം. ഒരു വ്യക്തിയുടെ മരണത്തോടെ അയാളുടെ വിശ്വാസ ജീവിതം അവസാനിക്കുന്നില്ല. അതായത്‌ ആ വ്യക്തിയുടെ വിശ്വാസം മരണപ്പെടുന്നില്ല. മരണത്തെ 'നിദ്ര' അല്ലെങ്കില്‍ 'ഉറക്കം' എന്നാണ്‌ സഭാ പിതാക്കന്മാര്‍ വിശേഷിപ്പിക്കുക. വിശുദ്ധ ഗ്രന്ഥത്തിലും ആരാധനാക്രമ ഗ്രന്ഥങ്ങളിലും ഇത്തരം ധാരാളം വിശേഷണങ്ങള്‍ കാണാനാവും. 'നിദ്രയെ' ഒരു നീണ്ട 'വിശ്രമമായും' സഭാപിതാക്കന്മാര്‍ കാണാറുണ്ട്‌. ജീവിതകാലത്ത്‌ വിശ്വാസത്തിനു വേണ്ടി നല്ലയോട്ടം ഓടിയ ഒരാളുടെ വിശ്രമമാണ്‌ മരണ നിദ്ര. അതിരാവിലെ ഉറക്കം തെളിഞ്ഞ്‌ ജോലികള്‍ ചെയ്യണമെന്ന ചിന്തയോടുകൂടിയാണ്‌ നാം സാധാരണ ഉറങ്ങാറുള്ളത്‌. കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനത്തില്‍ അവന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉണര്‍ന്നെണീക്കാം എന്ന പ്രത്യാശയിലാണ്‌ മരണ നിദ്രയില്‍ മുഴുകുന്നവര്‍ വിശ്രമിക്കുക.
വിശ്വാസികള്‍ വിശ്രമിക്കുന്ന സ്ഥലമാണ്‌ 'കബറിടം', 'കല്ലറ' അല്ലെങ്കില്‍ സിമിത്തേരി. വിശ്വാസത്തിന്റെ വിശ്രമ കേന്ദ്രമാണിത്‌. വിശ്വാസം വിശ്രമിക്കുന്ന സ്ഥലമായതിനാല്‍ അത്‌ പവിത്രവും പുണ്യവുമാണ്‌. നമ്മുടെ കാരണവന്മാര്‍ ഉറങ്ങുന്ന സ്ഥലമാണിത്‌. നല്ല കുടുംബങ്ങളില്‍ വല്ല്യപ്പനോ വല്ല്യമ്മയോ ഉറങ്ങുന്ന (വിശ്രമിക്കുന്ന) മുറി ഏറ്റവും നല്ലതും വൃത്തിയുള്ളതുമായിരിക്കും. ആ മുറിയുടെ മുന്‍പില്‍ ആരും ബഹളം വയ്ക്കാറില്ല. അതിന്റെ മുന്‍പില്‍ ഭവ്യതയോടെ മാത്രമാണ്‌ മക്കളും കൊച്ചുമക്കളും വ്യാപരിക്കുക. വല്ല്യപ്പനോടും വല്ല്യമ്മയോടുമുള്ള സ്നേഹ ബഹുമാനത്തിന്റെ പരിണിതഫലമാണ്‌ അവരുടെ വിശ്രമ മുറിയോടും കാട്ടുന്ന ഭക്ത്യാദരവുകള്‍.
യഥാര്‍ത്ഥത്തില്‍ വിശ്വാസികളുടെ കബറിടങ്ങളോടും ഇപ്രകാരമായിരിക്കണം നമ്മുടെ മനോഭാവം. വിശ്വാസികളായ നമ്മുടെ കാരണവന്മാര്‍ ഉറങ്ങുന്ന ഇടമാണിത്‌. എന്നാലിന്ന് ആ സ്ഥലം പവിത്രമായി എല്ല്ലാ ഇടവകകളിലും സൂക്ഷിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്‌. പലയിടത്തും കാടും മുള്ളും വളര്‍ന്ന് ചില മണ്‍കൂനകള്‍. ചിലയിടത്ത്‌ സൗന്ദര്യബോധമില്ലാതെ പണിയപ്പെട്ട ചില മാര്‍ബിള്‍ ഫലകങ്ങള്‍. മറ്റിടങ്ങളില്‍ നായകളുടേയും കുറു നരികളുടെയും സ്വൈര്യവിഹാരകേന്ദ്രങ്ങള്‍. മരിച്ചവരുടെ തിരുനാളുകളോടനുബന്ധിച്ച്‌ ഇവയൊക്കെ വൃത്തിയാക്കപ്പെടുന്നുണ്ടാവാം. വര്‍ഷത്തിലൊരിക്കല്‍ മാത്രം. പക്ഷേ അതിനുശേഷം നമ്മുടെ കാരണവന്മാരുടെ വിശ്രമമുറികള്‍ വീണ്ടും വിസ്മൃതിയിലാകുന്നു. അവിടെ കാട്ടു പൊന്തകള്‍ വളര്‍ന്നു മുറ്റുന്നു.

ഒരിടവകയില്‍ പള്ളി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പവിത്രവും പരിപാവനവുമായ സ്ഥലം സിമിത്തേരിയാണ്‌. പള്ളിയില്‍ വിശ്വാസം ജീവിക്കുന്നു. സിമിത്തേരിയില്‍ വിശ്വാസം വിശ്രമിക്കുന്നു. പള്ളി വൃത്തിയായി സൂക്ഷിക്കുന്നതുപോലെ സിമിത്തേരിയും വൃത്തിയായി സൂക്ഷിക്കണം. പള്ളി പൂക്കള്‍ വച്ച്‌ അലങ്കരിക്കുന്നതുപോലെ ഓരോ കുടുംബക്കാരും സിമിത്തേരിയും പുതിയ പൂക്കള്‍ കൊണ്ടലങ്കരിക്കട്ടെ; പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക്‌ ചിലവഴിക്കുന്നതുപോലെ സിമിത്തേരിയിലും അല്‍പസമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തണം നമ്മള്‍. വര്‍ഷത്തില്‍ ഒന്നു മാത്രമായി ചുരുക്കാതെ ആഴ്ചയില്‍ ഒന്നെങ്കിലും സിമിത്തേരിയിലെത്തി പ്രാര്‍ത്ഥിക്കാം നമ്മള്‍ക്ക്‌. പള്ളി നിശബ്ദമായി സൂക്ഷിക്കുന്നതുപോലെ സിമിത്തേരിയും നിശബ്ദ ധ്യാന സ്ഥലമാവട്ടെ. കുഞ്ഞുങ്ങള്‍ മണ്മറഞ്ഞു പോയ തങ്ങളുടെ കാരണവന്മാരോടും ബന്ധുക്കളോടും സിമിത്തേരിയില്‍ വച്ച്‌ നിശബ്ദതയില്‍ സംസാരിക്കട്ടെ. അവരുടെ ജീവിതത്തിലെ സുപ്രധാനയവസരങ്ങളില്‍ സിമിത്തേരിയിലെത്തി പ്രാര്‍ത്ഥിച്ച്‌ കാരണവന്മാരുടെ അനുംഗ്രഹം പ്രാപിക്കാന്‍ ശീലിക്കട്ടെ അവര്‍.


ഇതിനോട്‌ കൂട്ടിച്ചേര്‍ത്തു മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്‌. എന്തിനാണ്‌ കുറച്ചുപേര്‍ക്കു മാത്രം 'കുടുംബ കല്ലറകള്‍'. കാശു കൊടുത്തു വാങ്ങാന്‍ ആസ്തിയുള്ളവര്‍ക്ക്‌ കുടുംബകല്ലറകള്‍ സ്വന്തം. ഇല്ലാത്തവന്‌ വെറും മണ്‍കൂന അല്ലെങ്കില്‍ അക്കങ്ങള്‍ മാത്രം കോറിയിട്ട ഒരു സെല്‍. മരിച്ചു പോയവരോടെന്തിനാണ്‌ പക്ഷഭേദം. സിമിത്തേരിയില്‍ എന്തിനാണ്‌ വേര്‍തിരിവ്‌? ജീവിച്ചിരുന്നപ്പോള്‍ പണവും സ്വാധീനവുമില്ലാത്തതിന്റെ പേരില്‍ പല അവഗണനകളും അപമാനവും അനുഭവിച്ചവര്‍ക്ക്‌ വിശ്രമിക്കാന്‍ ആറടി പതിച്ചു നല്‍കുമ്പോഴും വേര്‍തിരിവ്‌!കുടുംബകല്ലറകള്‍ എന്ന രീതി നിര്‍ത്താന്‍ സാധ്യമല്ലെങ്കില്‍ എല്ലാവര്‍ക്കും കുടുംബകല്ലറകള്‍ കൊടുക്കുന്നതിനേക്കുറിച്ച്‌ ആലോചിച്ചുകൂടേ. എത്രയോ അനാവശ്യ കാര്യങ്ങള്‍ക്കായി വീണ്ടുവിചാരമില്ലാതെ പല പള്ളികളിലും ലക്ഷങ്ങള്‍ ഒടുക്കി കളയുന്നുണ്ട്‌. അതെല്ലാം കൂട്ടി എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള കല്ലറകള്‍ പണിതു കൂടെ?


പണമുള്ളവര്‍ പണം മുടക്കട്ടെ. ഇല്ലാത്തവര്‍ക്കുവേണ്ടി ഓരോ കല്ലറ സ്പോണ്‍സര്‍ ചെയ്യിപ്പിക്കാന്‍ നമുക്ക്‌ സാധിക്കില്ലേ? അങ്ങിനെ എല്ലാ ഇടവകയിലും പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒരേ രീതിയിലും ഒരേ അവകാശത്തിലും കല്ലറകള്‍. അന്ത്യ വിശ്രമത്തിന്റെ ആ നേരത്തെങ്കിലും ഓരോ വിശ്വാസിയും സമത്വമനുഭവിക്കട്ടെ. അവരുടെ വിശ്രമക്കിടക്കകള്‍ക്കരുകില്‍ ആത്മാഭിമാനത്തിന്റെ പൂച്ചെണ്ടുകളുമായി അവരുടെ ബന്ധുക്കള്‍ ഒന്നുചേരട്ടെ.


മൃത സംസ്ക്കാര ശുശ്രൂഷയില്‍ കബറിടം വെഞ്ചരിക്കുന്ന പ്രാര്‍ത്ഥന ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു. വിശദീകരണം ആവശ്യമില്ലാത്ത, ആഴമുള്ള ഉത്ഥാന ദൈവശാസ്ത്രം വെളിവാകുന്ന പ്രാര്‍ത്ഥന.

 


"മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ മരണ വിധേയനാക്കുകയും ചെയ്യുന്ന ദൈവമേ, നിന്റെ വിശുദ്ധന്മാര്‍ വിശ്രമം കൊള്ളുന്ന കബറിടം എത്ര മനോഹരമാകുന്നു! വിശുദ്ധ മാമ്മോദീസായില്‍ മുദ്രിതവും പ.കുര്‍ബാനയില്‍ പരിപുഷ്ടവും വിശുദ്ധ തൈലത്താല്‍ അഭിഷിക്തവുമായ ഈ ശരീരത്തിനു നിന്റെ ദിവ്യ പുത്രന്റെ രണ്ടാമത്തെ ആഗമനം വരെ വിശ്രമം നല്‍കേണ്ട ഈ കബറിടം നീ പവിത്രീകരിക്കേണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും ആമ്മേന്‍"
 
ഈശോയില്‍ സ്നേഹപൂര്‍വ്വം
ചവറപ്പുഴ ജയിംസച്ചന്‍

Friday, September 21, 2012

സഭയുടെ ഗര്‍ഭപാത്രത്തെ ഭയപ്പെടുന്നവര്‍

"സഭയുടെ ഗര്‍ഭ പാത്രമെന്നാണ്‌" സഭാ പിതാക്കന്മാര്‍ മാമ്മോദീസ തൊട്ടിയെ വിശേഷിപ്പിക്കുക. മാമ്മോദീസ തൊട്ടിയെന്ന ഗര്‍ഭ പാത്രത്തിലൂടെ കടന്നു പോകുമ്പോഴാണ്‌ ഒരു വ്യക്തി പരിശുദ്ധ സഭയില്‍ ഒരംഗമായി ജനിക്കുക. ഈ ചിന്ത മൂലമാണ്‌ പൗരസ്ത്യ സഭകളില്‍ മാമ്മോദീസ തൊട്ടി ഗര്‍ഭപാത്രത്തിന്റെ രൂപത്തില്‍ പണിയുക. 

പള്ളിയില്‍ ബലിപീഠത്തിനും സ്ലീവായ്ക്കുമൊപ്പം പ്രാധാന്യമുള്ളതും മൂല്യമുള്ളതും വിശ്വാസികളാല്‍ വണങ്ങപ്പെടുന്നതുമായ മാമ്മോദിസ തൊട്ടി അത്യന്താപേക്ഷിതമാണ്‌. പൗരസ്ത്യ പാരമ്പര്യമനുസരിച്ചു പള്ളിക്കൂദാശയില്‍ അതിപ്രധാനമായ സ്ഥാനമാണ്‌ മാമ്മോദീസ തൊട്ടി വഹിക്കുക. പള്ളി പണിയുമ്പോള്‍, ഇടവക പള്ളി, മഠം പള്ളി, കുരിശുപള്ളി എന്ന വ്യത്യാസമില്ലാതെ, എല്ലാ പള്ളികളിലും നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്‌ മാമ്മോദീസ തൊട്ടി.
മാമ്മോദീസ തൊട്ടി കുദാശചെയ്യാതെ പള്ളിക്കൂദാശ പൂര്‍ണ്ണമാവുകയില്ല. സഭയുടെ ഈ ഗര്‍ഭപാത്രമില്ലാതെ പള്ളി പള്ളിയാവുകയില്ല. അങ്ങിനെ നിര്‍മ്മിക്കുന്ന പള്ളിയെ പള്ളിയെന്നു വിളിക്കാന്‍ പറ്റില്ല.
 

പക്ഷേ സഭയുടെ ആരാധനാക്രമ തനിമയും ചൈതന്യവുമനുസരിച്ച്‌ പണിയപ്പെടാത്ത പള്ളികള്‍ സീറോ മലബാര്‍ സഭയിലുണ്ടാകുന്നുണ്ട്‌. ഒരു മഠം പള്ളി പണിയോടനുബന്ധിച്ച്‌ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഒരു ബഹു. വൈദികന്‍ പങ്കു വയ്ക്കുകയുണ്ടായി. പൗരസ്ത്യ പാരമ്പര്യത്തിനനുസരിച്ചുവേണം പള്ളി പണിയാനെന്ന് പ്രസ്തുത പള്ളിയുടെ നിര്‍മ്മാണ ഘട്ടങ്ങളില്‍ അച്ചന്‍ നിര്‍ദ്ദേശം കൊടുത്തിരുന്നു. അച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങി മദ്ബഹയില്‍ സ്ലീവായും മദ്ബഹാ വിരിയും ഉള്‍പ്പെടുത്താന്‍ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചെങ്കിലും മാമ്മോദീസ തൊട്ടി പ്രതിഷ്ഠിക്കുന്നതില്‍ വിമുഖത കാണിച്ചു. "ഇവിടെ മാമ്മോദീസ മുക്കുന്നില്ലല്ലോ? ഞങ്ങള്‍ക്കിതിന്റെ ആവശ്യമില്ലല്ലോ. വേണമെങ്കില്‍ ഈശോയുടെ മാമ്മോദീസായുടെ പടം വരച്ചു വയ്ക്കാം." എന്നൊക്കെയായി ന്യായവാദങ്ങള്‍. എന്തൊക്കെയായാലും പള്ളിക്കൂദാശയ്ക്കായി രൂപതയില്‍ അപേക്ഷ കൊടുത്തപ്പോള്‍ വികാരിയച്ചന്റെ നിര്‍ബന്ധം മൂലം മാമ്മോദീസാ തൊട്ടി വയ്ക്കാന്‍ തയ്യാറാകുന്നുവെന്ന് കേള്‍ക്കുന്നു. ഏറ്റവും വലിയ തമാശ, പ്രസ്തുത രൂപതയിലെ ആരാധനാക്രമ കമ്മീഷന്‍ ഈ മഠം പള്ളിയുടെ നിര്‍മ്മാണ വേളയില്‍ സന്ദര്‍ശനം നടത്തുകയോ ഒരു വിധത്തിലുമുള്ള ആരാധനാക്രമ നിര്‍ദ്ദേശങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ലാ എന്നുള്ളതാണ്‌.


ഇതെല്ലാം ഒരു സൂചനയാണ്‌. സഭയുടെ വിശ്വാസത്തെയും പാരമ്പര്യത്തെയും, അറിയേണ്ടവര്‍ അറിയുന്നില്ലായെന്ന ഒരു ദുസ്സൂചന. തിരുസ്സഭയില്‍ സന്ന്യാസിനികളുടെ സേവനം അങ്ങേയറ്റം സ്തുത്യര്‍ഹമാണ്‌. ആതുരാലയങ്ങളിലും അനാഥാലയങ്ങളിലും എല്ലാം അവര്‍ ചെയ്യുന്ന വലിയ സേവനങ്ങളെ കണ്ടില്ലെന്നു നടിക്കാനാര്‍ക്കുമാവില്ല. എന്നും അതങ്ങിനെതന്നെയാണ്‌. എന്നാല്‍ അതല്ല ഇവിടുത്തെ വിഷയം. മറിച്ച്‌ സന്ന്യാസിനികളുടെ ആരാധാനക്രമപരമായ ചില നിലപാടുകള്‍ മാത്രമാണ്‌ വിമര്‍ശന വിധേയമാവുന്നത്‌. ഒരിടവകയില്‍ പുരോഹിതനോടു ചേര്‍ന്ന് വിശ്വാസ സത്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയും അതു ജീവിക്കുകയും ചെയ്യേണ്ട സന്ന്യാസിനികള്‍ എത്ര ലാഘവത്വത്തോടെയാണ്‌ പള്ളിയേയും ആരാധനാക്രമത്തേയും കാണുന്നത്‌. ഇക്കാര്യത്തിലും ഒരു ന്യൂനപക്ഷം മാത്രമാണ്‌ ഇത്തരത്തില്‍ താല്‍പര്യമെടുക്കാത്തവര്‍. എന്നാല്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഇതു പാലിക്കുവാന്‍ വിമുഖത കാണിക്കുമ്പോഴും, പാലിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കുമ്പോഴും, നമ്മള്‍ക്ക്‌ വലിയ നഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്‌. അതൊന്നും ആരും ശ്രദ്ധിക്കുന്നില്ല്ലായെന്നതാണ്‌ യാഥാര്‍ത്ഥ്യം.
 

മഠം പള്ളികളേക്കുറിച്ചു ചിന്തിക്കുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്‌. ഒരു മഠം പള്ളിയില്‍ എന്തിനാണ്‌ സക്രാരി? എന്തിനാണ്‌ മഠങ്ങളില്‍ കുര്‍ബാന സൂക്ഷിക്കുന്നത്‌? പള്ളികളില്‍ കുര്‍ബാന സൂക്ഷിക്കുന്നത്‌ രോഗികള്‍ക്ക്‌ കുര്‍ബാന എഴുന്നെള്ളിച്ച്‌ കൊടുക്കാനാണ്‌. വൈദികന്റെ നിരന്തര സാന്നിദ്ധ്യമുള്ള പള്ളികളിലാണ്‌ കുര്‍ബാന സൂക്ഷിക്കുന്നത്‌. അങ്ങിനെയാണെങ്കില്‍ മഠങ്ങളില്‍ എന്തിനാണ്‌ കുര്‍ബാന സൂക്ഷിക്കുന്നത്‌? കുര്‍ബാനയെ വെറും ഒരു ആരാധനാവസ്തുവായി മാറ്റിയതിന്റെ പരിണിതഫലമാണിത്‌. മഠങ്ങളില്‍ കുര്‍ബാന "കണ്ടാലേ" ആരാധിക്കാന്‍ പറ്റൂ. അതിനു സക്രാരി ചെരിച്ചു വയ്ക്കണം. തുറന്നു വയ്ക്കണം: എന്തൊക്കെ ആവശ്യങ്ങള്‍! അതിനായി സക്രാരി തുറക്കാനും അടയ്ക്കാനുമുള്ള അനുവാദം കന്ന്യാസ്ത്രികള്‍ രൂപതാ കേന്ദ്രങ്ങളില്‍ നിന്നു വാങ്ങുന്നു. ഇതിന്റെ സാംഗത്യം ചോദ്യച്ചപ്പോള്‍ കേട്ട മറുപടി അതിശയിപ്പിക്കുന്നതായിരുന്നു. 'മദ്ബഹയില്‍ പൂവു വയ്ക്കാനും മറ്റും ഞങ്ങള്‍ കയറാറുണ്ട്‌. അതുകൊണ്ട്‌ സക്രാരി അടയ്ക്കാനും തുറക്കാനുമുള്ള അനുവാദം ഞങ്ങള്‍ക്ക്‌ തന്നാലെന്താണ്‌ കുഴപ്പം?' അങ്ങിനെ നോക്കിയാല്‍, മദ്ബഹയെ നിരന്തരം സമീപിക്കുകയും കാസയും പീലാസയും സ്പര്‍ശിക്കുകയും ചെയ്യുന്ന കപ്യാരന്മാര്‍ക്ക്‌ പല അനുവാദങ്ങളും കൊടുക്കണമല്ലോ?
 

വിവാഹമെന്ന കൂദാശയ്ക്കോ, മാമ്മോദീസാ കൂദാശയ്ക്കോ പങ്കെടുക്കാന്‍ അനുവാദമില്ലാത്തവരാണ്‌ പല കോണ്‍ഗ്രിഗേഷന്‍സും. വിവാഹത്തില്‍ പങ്കെടുത്താല്‍ പ്രലോഭനമുണ്ടാകുമത്രേ! മാമോദീസയില്‍ പങ്കെടുത്താല്‍ 'ഒരു കുഞ്ഞിന്റെ അമ്മായാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടാകും. അതു ദൈവ വിളിയ്ക്കു പ്രതിബന്ധമാകുമത്രെ!' എത്ര ബാലിശമായ ന്യായീകരണങ്ങള്‍. വിവാഹത്തെ ഒരു കൂദാശയായി ഇവര്‍ക്ക്‌ കാണാന്‍ കഴിയാത്തതെന്തുകൊണ്ടാണ്‌? മാമോദീസാ ഒരു കൂദാശയാണെന്ന് ഇവര്‍ മനസ്സിലാക്കാത്തതെന്തുകൊണ്ട്‌? സ്വന്തം സഹോദരങ്ങളുടേയോ, അടുത്ത ബന്ധുക്കളുടേയോ വിവാഹം, മാമ്മോദീസ, കൂദാശകളില്‍ അത്യാവശ്യം വരുമ്പോള്‍ പങ്കെടുക്കുന്നതില്‍ എന്താണ്‌ തെറ്റ്‌? കൂദാശകളെ കൂദാശകളായി കാണാതെ അതിന്റെ മൂല്യം കുറയ്ക്കുന്ന ന്യായീകരണങ്ങളല്ലേ തിരുത്തപ്പെടേണ്ടത്‌? 
കുര്‍ബാനയും ദൈവശാസ്ത്രവും അറിയുകയും പഠിക്കുകയും ചെയ്യേണ്ടവര്‍ അതു ചെയ്യാതിരിക്കുമ്പോഴാണ്‌ ഇതൊക്കെ സംഭവിക്കുക. ഞങ്ങള്‍ തിയോളജി പഠിച്ചിട്ടെന്താ അച്ചാ കാര്യം എന്നു ചോദിക്കുന്ന സന്ന്യാസിനികള്‍ ഉണ്ട്‌. ബി.എഡ്‌ പഠിച്ചാല്‍ ജോലികിട്ടുമത്രേ. അതെ. ഇതൊക്കെ വെറും ജോലികള്‍. ഒരുതരം പ്രൊഫഷന്‍. അതിനിടയില്‍ കുര്‍ബാനയും ആരാധനാക്രമവുമൊക്കെ പഠിക്കാന്‍ എവിടെ സമയം!
 

പഠിക്കണം സന്ന്യാസിനികള്‍. കുര്‍ബാനയും ആരാധനാക്രമവും ബൈബിളുമൊക്കെ പഠിക്കട്ടെ അവര്‍. തിരുസ്സഭയ്ക്കാവശ്യമുണ്ട്‌ അവരെ. അതവര്‍ മനസ്സിലാക്കുന്നില്ല. നാട്ടിലും വിദേശത്തും കഷ്ടപ്പെട്ട്‌ ജോലി ചെയ്ത്‌ പണമുണ്ടാക്കി അതു കെട്ടിടങ്ങളാക്കി മാറ്റുന്ന ദുര്‍വിധിയിലാണ്‌ ഇന്ന് ഒട്ടുമിക്ക സന്ന്യാസിനീ ഭവനങ്ങളും. കുറ്റം പറയുന്നതല്ല. യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കുന്നതേയുള്ളൂ. പലരും കര്‍ത്താവിന്റെ വേലയ്ക്കായി ഇറങ്ങിയത്‌ ജീവിത വിശുദ്ധിയും പ്രാര്‍ത്ഥനാ തീക്ഷണതയുമുള്ള കന്ന്യാസ്ത്രിയമ്മമാരുടെ മാതൃക കണ്ടാണ്‌. പക്ഷേ ഇന്ന് ആ സ്ഥാനത്ത്‌ ദൈവവിളിയ്ക്കായി പരസ്യങ്ങള്‍ നല്‍കേണ്ട നിലയിലായി കാര്യങ്ങള്‍. അതൊക്കെ മാറണം എന്ന ആഗ്രഹമാണ്‌ ഈ തുറന്നെഴുത്തിനു പിന്നില്‍. മഠങ്ങളില്‍ നിന്നും സ്ഥിരം കേള്‍ക്കുന്ന ഒരു പല്ലവിയുണ്ട്‌. "അച്ചാ, സക്രാരിയിലെ കുര്‍ബാന പൂത്തുപോകാറായി. ഒരു കുര്‍ബാന ചൊല്ലി, സക്രാരിയിലെ കുര്‍ബാന മാറ്റി തരാമോ?" ഇതിനിനി കൂടുതല്‍ വിശദീകരണം ആവശ്യമില്ലായെന്നു തോന്നുന്നു. ആവശ്യമില്ലാത്തിടത്ത്‌ സക്രാരി വച്ച്‌ കര്‍ത്താവിനെ അവഹേളീക്കുന്നത്‌ ഇനിയും തുടരണമോ? ആഘോഷമായി സഭയുടെ യാമപ്രാര്‍ത്ഥന ചെല്ലുന്നതിനേക്കള്‍ വലിയൊരു ആരാധന മഠത്തിലുള്ളവര്‍ക്ക്‌ കണ്ടു പിടിയ്ക്കാനാവുമോ?
ഈശോയില്‍ സ്നേഹപൂര്‍വ്വം,
ചവറപ്പുഴ ജയിംസച്ചന്‍

Friday, July 27, 2012

വിധവയുടെ കൊച്ചുകാശ്‌

മഴക്കാലം തീരാറായി. ഇനി ഓണക്കാലം. ഓണം കഴിഞ്ഞാല്‍ പിന്നെ പെരുന്നാള്‍ കാലമാണ്‌. ഇടവകയുടെ മാത്രമല്ല. നാടിന്റെ മുഴുവന്‍ ആഘോഷവും ആനന്ദവുമായിരുന്നു കുറച്ചു കാലം മുന്‍പുവരെ ഓരോ പെരുന്നാളും. മൂന്നുനാലു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഇടവക പെരുനാളിനായി കുട്ടികളും മുതിര്‍ന്നവരും കാലേകൂട്ടി കാത്തിരിക്കും. കൊടിയേറ്റ്‌, പ്രദക്ഷിണങ്ങള്‍ , ആഘോഷമായ കുര്‍ബാന, കഥാ പ്രസംഗം നാടകം പോലുള്ള കലാപരിപാടികള്‍, ചെറിയ തോതിലുള്ള വെടിക്കെട്ട്‌ തുടങ്ങിയവയായിരുന്നു പെരുന്നാളിലെ പ്രധാന ആകര്‍ഷണങ്ങള്‍. പെരുന്നാളിന്‌ വളരെ മുന്‍പേ തുടങ്ങുന്ന ഒരുക്കങ്ങല്‍ പ്രധാനമാണ്‌. വികാരിയച്ചന്‍ പൊതുയോഗം വിളിച്ചു കൂൂട്ടി പെരുന്നാളാലോചന നടത്തുന്നു. ഓരോ വീട്ടുകാരും അവരവര്‍ക്ക്‌ കഴിയുന്ന രീതിയില്‍ തുകകള്‍ നല്‍കുന്നു. അതുകൊണ്ട്‌ മിതമായ രീതിയില്‍ എന്നാല്‍ എല്ലാം തികഞ്ഞ ആഘോഷം. പള്ളിപ്പരിസരങ്ങളിലെ കാട്‌ പറിക്കുക. തോരണങ്ങള്‍ ഒട്ടിക്കുക, പന്തലിടുക തുടങ്ങി ചെറുതും വലുതുമായ പണികള്‍ കുട്ടികളൂം മുതിര്‍ന്നവരും ഒരുമിച്ചു ചെയ്തു പെരുന്നാള്‍ മനോഹരമാക്കി. അവിടെ വലിപ്പച്ചെറുപ്പമോ , സാമ്പത്തിക ശേഷിക്കനുസൃതമായ വേര്‍തിരിവോ ഉണ്ടായിരുന്നില്ല. പെരുന്നാളിനായി പത്തു രൂപ കൊടുത്തവനും പതിനായിരം കൊടുത്തവനും ഒരേ അവകാശത്തോടും ആത്മാഭിമാനത്തോടും കൂടി പെരുന്നാള്‍ നടത്താന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഒരു വ്യക്തിയോ കുറച്ചു വ്യക്തികളോ മാത്രമായിരുന്നില്ല പെരുന്നാള്‍ നടത്തിയിരുനത്‌. ഇടവക ജനം മുഴുവനും വികാരിയച്ചനോട്‌ ചേര്‍ന്നായിരുനു. ഓരോ പെരുന്നാളും ദൈവാനുഗ്രഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടേയും സന്ദേശമായിരുന്നു നല്‍കിയിരുന്നത്‌.
പക്ഷേ കാലം മാറി. ഇന്നും പെരുന്നാളുകള്‍ പഴയതു പോലെയുണ്ട്‌. പക്ഷേ കൂട്ടായ്മയുടെ കാര്യത്തില്‍ കുറവു വന്നു. ഏതോ കാലത്ത്‌ ഏതോ ഇടവകയിലാരംഭിച്ച പ്രസുദേന്തി സമ്പ്രദായം (ഇതിന്റെ ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു.) മിക്ക ഇടവകകളിലേയ്ക്കും വ്യാപിച്ചു. ഇന്ന് പെരുന്നാളുകള്‍ നടത്തുന്നത്‌ പ്രസുദേന്തിമാരാണ്‌. മറ്റുള്ളവര്‍ വെറും കാഴ്ചക്കാര്‍. പ്രസുദേന്തി കാശ്‌ മുടക്കുന്നതുകൊണ്ട്‌ അദ്ദേഹത്തിന്റെ സൗകര്യവും അഭിരുചിയുമനുസരിച്ചുള്ള പെരുന്നാളാണ്‌ നാടത്തുക. ഇടവക ജനങ്ങള്‍ക്ക്‌ ഒരുതരം അന്ന്യതാബോധമുണ്ടായാല്‍ അദ്ഭുതപ്പെടാനില്ല. ബുദ്ധിമുട്ടു കുറവുള്ളതുകൊണ്ട്‌ പല വികാരിമാരും ഇതിനൊക്കെ സമ്മതം മൂളും.

പ്രസുദേന്തിമാരുടെ ഇഷ്ടമനുസരിച്ഛ്‌ പ്രദക്ഷിണ ശൈലികള്‍, പ്രാസംഗികര്‍, കലാപരിപാടികള്‍, പടക്കം, വെടി, കതിന തുടങ്ങിയവ ഒരുക്കുന്നു. ചിലര്‍ സിനിമാക്കാരെ എഴുന്നെള്ളിക്കും. ചിലര്‍ ക്രൈസ്തവ നാമം ധരിച്ച എന്നാല്‍ ക്രിസ്തീയ മൂല്യമൊട്ടുമില്ലാത്ത രാഷ്ട്രീയക്കാരെ വിളിക്കും. ചിലര്‍ ആകാശത്തു നിന്നു പൂക്കള്‍ വിതറും.അങ്ങിനെയൊക്കെ കലാ പരിപാടികള്‍. അവസാനം പെരുന്നാള്‍ പലര്‍ക്കും ഒരു നനഞ്ഞ പടക്കമായി മാറുന്നു. പെരുന്നാളുകള്‍ ആരുടെ മനസ്സിലും ഒരോര്‍മ്മയാകുന്നില്ല. കാരണം പെരുന്നാള്‍ നടത്തിപ്പ്‌ ഒരുതരം ഇവന്റ്‌ മാനേജ്മെന്റായി മാറി.


ഇനി ചെറിയ ഇടവകകളില്‍ വേറെ ചില രീതികളുണ്ട്‌. അവിടങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കാന്‍ ഔ വ്യക്തിയുണ്ടായെന്ന് വരില്ല. അപ്പോള്‍ കൂടുതല്‍ തുക കൊടുക്കുന്നവര്‍ക്ക്ക്‌ പ്രസുദേന്തിമാരാകാം. ചിലരെ നിര്‍ബന്ധിച്ചും പ്രസുദേന്തിമാരാക്കാറുണ്ടെന്നും കേട്ടിട്ടുണ്ട്‌. ഒന്നിനു പകരം പല പ്രസുദേന്തിമാര്‍. . തുകയുടെ വലിപ്പമനുസരിച്ച്‌ ഗ്രേഡുണ്ട്‌. ഉദാഹരണത്തിന്‌ പതിനായിരം കൊടുത്താല്‍ പെരുനനാള്‍ നോട്ടീസില്‍ വലിയ അക്ഷരങ്ങളില്‍ ആദ്യം പേരു വരും. അയ്യായിരം കൊടുത്താല്‍ അതിനും താഴെ അതിലും ചെറിയ അക്ഷരങ്ങളില്‍ പേരു വരും. ആയിരം കൊടുത്താല്‍ അതിലും താഴെ. അപ്പോള്‍ പത്തോ നൂറോ കൊടുക്കുന്ന പാവപ്പെട്ടവനോ? അവര്‍ പ്രസുദേന്തിമാരല്ല്ല. അവരുടെ പേര്‌ നോട്ടീസില്‍ വരുകയുമില്ല, അതെങ്ങിനെ ന്യായമാകും? ഒരിടവകയില്‍ പെരുന്നാള്‍ നടത്തിപ്പിന്നായി ലക്ഷങ്ങളും പതിനായിരങ്ങളും കൊടുക്കുന്നവര്‍ക്കൊപ്പം അവകാശം നൂറു രൂപ കൊടുക്കുന്ന പാവപ്പെട്ടവനും പെരുന്നാള്‍ നടത്തിപ്പില്‍ ഉണ്ടാകേണ്ടതല്ലേ? ഉണ്ടാകേണ്ടതാണ്‌. പക്ഷേ ചുരുക്കം ചില ഇടവകകളിലെങ്കിലും ഇല്ല എന്നു പറയാം.


പെരുന്നാള്‍ നടത്താന്‍ മുന്നോട്ട്‌ വന്ന് പ്രസുദേന്തിമാരാകുന്നവരെ കുറ്റം പറയുകയല്ല ചെയ്യുന്നത്‌. അവരെ നിസ്സാര വത്ക്കരിക്കുകയുമല്ല. അവരില്‍ ഭൂരിപക്ഷവും വലിയ പുണ്യമാണ്‌ ചെയ്യുക. വളരെ ആത്ഥമാര്‍ത്ഥതയോടും വിശ്വാസത്തോടും കൂടിയാണ്‌ മിക്ക ഇടവകകളിലും പ്രസുദേന്തിമാര്‍ പെരുന്നാള്‍ നടത്തുക. ഇരു ചെവിയറിയാതെ നിറഞ്ഞ മനസ്സോടെ ധാരാളം ജീവ കാരുണ്യ പ്രവൃത്തികള്‍ പെരുന്നളിനോടനുബന്ധിച്ച്‌ ചെയ്തിട്ടുള്ള പ്രസുദേന്തിമാരെ വ്യക്തിപരമായി അറിയുകയും ചെയ്യാം.

 


എന്നാല്‍ എന്റെ സംശയം ഇതാണ്‌. ഇങ്ങിനെയൊക്കെ നടത്തേണ്ടതാണോ പെരുന്നാളുകള്‍. ആരെങ്കിലും ഒരാളോ കുറച്ചു വ്യക്തികളോ കാശു മുടക്കി പെരുന്നാളെന്ന പേരില്‍ നടത്തുന്ന ആഘോഷങ്ങള്‍ എങ്ങിനെ ഇടവകയുടെ മുഴുവന്‍ ആഘോഷമായി മാറും? പത്തു ലക്ഷം ബാങ്കിലിട്ട്‌ അതില്‍ നിന്ന് അഞ്ചു ലക്ഷം രൂപ പെരുനാളു നടത്താന്‍ കൊടുക്കുന്നതും തൊഴിലുറപ്പു പണിയ്ക്കു പോയി കിട്ടുന്ന അഞ്ഞൂറു രൂപ ദിവസക്കൂലി കൊണ്ട്‌ അരിയും പഞ്ചസാരയും കുട്ടികള്‍ക്ക്‌ മരുന്നും വാങ്ങി മിച്ചമുള്ള നൂറു രൂപ നാളത്തേയ്ക്ക്‌ സൂക്ഷിച്ചു വയ്ക്ക്കാതെ സന്തോഷത്തോടെ പെരുന്നാള്‍ നടത്തിപ്പിനു പള്ളിയില്‍ ഏല്‍പ്പിക്കുന്ന പാവപ്പെട്ടവനോ? ഇവരിലാരാണ്‌ പെരുന്നാള്‍ നടത്തിപ്പില്‍ മുന്‍പില്‍ നില്‍ക്കാന്‍ യോഗ്യന്‍? വിധവയുടെ കൊച്ചു കാശു പോലെ ഉള്ളതെല്ലം നല്‍കിയ നൂറു രൂപാക്കാരന്റെ തട്ടാണ്‌ ദൈവ തിരുമുന്‍പില്‍ തീര്‍ച്ചയായും താഴ്‌ന്നു നില്‍ക്കുക.
ഇങ്ങിനെയുള്ള വിധവകളുടെ കൊച്ചുകാശുകള്‍ നമ്മള്‍ പലപ്പോഴും കാണാതെ പോകാറുണ്ട്‌. പണ്ട്‌ എല്ലാരുമൊരുമിച്ച്‌ പെരുന്നാളുകള്‍ നടത്തിയിരുന്നപ്പോള്‍ വിധവകളുടെ കൊച്ചു കാശുകള്‍ക്ക്‌ അവഗണനയുണ്ടായിരുനില്ല. ആ ഒരു കാലത്തേയ്ക്ക്‌ തിരിച്ചു പോകാം നമ്മള്‍ക്ക്‌. ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ഏക മനസ്സോടെ കാടു പറിച്ചും തോരണങ്ങല്‍ ഒട്ടിച്ചും പ്രദക്ഷിണത്തിനു മുത്തുക്കുട പിടിച്ചും എല്ലാറ്റിലുമുപരി പരമ പ്രധാനമായ കുര്‍ബാന തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടി അര്‍പ്പിച്ചും ഇടവകകള്‍ പെരുന്നാളുകള്‍ നടത്തിയിരുന്ന ആ നല്ല കാലത്തേയ്ക്ക്‌.
 
ഈശോയില്‍ സ്നേഹ പൂര്‍വ്വം ചവറപ്പുഴ ജയിംസച്ചന്‍.

Monday, July 2, 2012

ദുക്റാന തിരുനാള്‍ ആശംസകള്‍

എല്ലാ മാര്‍ത്തോമാ നസ്രാണികള്‍ക്കും  മാര്‍ഗ്ഗം     കുടുംബത്തിന്‍റെ ദുക്റാന    തിരുനാള്‍ ആശംസകള്‍ 

Wednesday, April 11, 2012

പൂശ്‌ ബശ്‌ലാമാ മദ്ബഹാ മ്‌ ഹസിയാനാ..

 രു പുരോഹിതന്‍റെ   ആരംഭവും അവസാനവും മദ്ബഹായിലാണ്. അതായത്‌ പുരോഹിതന്‍ ജനിക്കുന്നതും മദ്ബഹായില്‍; അവസാനം കബറിടത്തിലേയ്ക്ക്‌ യാത്രയാകുന്നതും മദ്ബഹായില്‍ നിന്ന്‌. മേല്‍പട്ടക്കാരന്‍ മദ്ബഹായില്‍ - ബലിപീഠത്തിനു മുന്‍പില്‍ - ജനങ്ങളെ സാക്ഷിയാക്കി റൂഹായെ വിളിച്ച്‌ പുരോഹിതനെ ജനിപ്പിക്കുന്നു. കര്‍ത്താവിന്‍റെ   തിരുമേശ ചുംബിച്ച്‌ ശുശ്രുഷ ആരംഭിക്കുന്ന വൈദീകന്‍റെ   അവസാന യാത്രയും മദ്ബഹായുടെ മുന്‍പില്‍ നിന്നാണ്‌. തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട മദ്ബഹായെ - ബലിപീഠത്തെ - പ്രതീകാത്മകമായി ചുംബിപ്പിച്ചു കൊണ്ടാണ്‌ മരണമടഞ്ഞ പുരോഹിതനെ സഹ കശീശമാര്‍ കബറിടത്തിലേക്ക്‌ യാത്രയാക്കുന്നത്‌...

പൂശ്‌ ബശ്‌ലാമാ മദ്ബഹാ...... (പാപ പരിഹാര പ്രദമായ മദ്ബഹായെ സമാധാനത്തോടെ വസിക്കുക) 


ഇടവകയില്‍ ശുശ്രൂഷാ സ്ഥാനമേല്‍ക്കുന്ന പുരോഹിതന്‍ അദ്യം സന്ദര്‍ശിക്കുതും മദ്ബഹായാണ്‌. സ്ഥലം മാറിപോകുമ്പോള്‍ എറ്റവും അവസാനം യാത്രാമൊഴി ചൊല്ലുതും മദ്ബഹായോട്‌ തന്നെയണ്‌. പുരോഹിതന്‍റെ   ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ സ്ഥലമാണിത്‌. മദ്ബഹാ, ബേസ്ക്കുദിശാ, ബലിപീഠം, ത്രോണോസ്‌, ജീവന്‍റെ   മേശ, കര്‍ത്താവിന്‍റെ   കബറിടം എന്നൊക്കെ അറിയപ്പെടുന്ന ഈ അതി വിശുദ്ധ സ്ഥലത്താണ്‌ പുരോഹിതന്‍ എപ്പൊഴും അഭയം പ്രാപിക്കുക.... തന്‍റെ സ്വപ്നങ്ങളും ദു:ഖങ്ങളൂം സന്തോഷവും ഒക്കെ പങ്കുവയ്ക്കുന്നതും മുന്‍പോട്ടുള്ള യാത്രയില്‍ ശക്തി സംഭരിക്കുന്നതും ത്രിത്വത്തിന്‍റെ സിംഹാസനമായ തന്‍റെ   പ്രിയപ്പെട്ട മദ്ബഹായില്‍ നിന്നു തന്നെ.

ജീവിതകാലം മുഴുവന്‍ കര്‍ത്താവിന്‍റെ   ഭവനത്തില്‍ വസിച്ച്‌ അവിടുത്തെ ബലിപീഠത്തില്‍ ശുശ്രുഷ ചെയ്യാനുള്ള തീക്ഷ്ണതയാണ്‌ (സങ്കീ:27) ഒരുവന്‍ പുരോഹിതനാവുന്നതോടെ ലഭ്യമാവുക. പരിശുദ്ധ മദ്ബഹായില്‍ പ്രവേശിച്ച്‌ സ്വര്‍ഗ്ഗീയ സിംഹാസനത്തിന്‍റെ   ഛായയില്‍ ഭൂമിയില്‍ സ്ഥാപിതമായിരിക്കുന്ന ഉന്നത ബലിപീഠത്തില്‍ ശുശ്രുഷ ചെയ്യാനുള്ള കൃപ ലഭിക്കലാണ്‌ പൌരോഹിത്യം (പട്ടം കൊടുക്കല്‍ ശുശ്രുഷാ ക്രമം, സീറോ മലബാര്‍ സഭ). ഈ അതി വിശുദ്ധ സ്ഥലത്ത്‌ ഫലം ചൂടി നില്‍ക്കുന്ന വിശിഷ്ട സസ്യമാകാനും അവിടെ നിരന്തരം പ്രണമിക്കാനുമുള്ള വിളിയാണിത്‌ (പട്ടം കൊടുക്കല്‍ ശുശ്രുഷാ ക്രമം, സീറോ മലബാര്‍ സഭ). ഈ മനോഭാവത്തോടെ മദ്ബഹായ്ക്ക്‌ മുന്‍പില്‍ ശമുവേലിനെ പോലെ (1 ശമുവേല്‍ 3,3) ശാന്തമായി ഉറങ്ങാന്‍ കഴിയുന്ന പുരോഹിതനാണ്‌ യഥാര്‍ത്ഥത്തില്‍ ഭാഗ്യവാന്‍. 

പഴയ നിയമത്തില്‍ പൂര്‍വ്വ പിതാക്കന്‍മാരും പ്രവാചകന്‍മാരും ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തതായി കാണാം. ഇത്‌ ദൈവത്തിന്‍റെ  പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു. എങ്ങനെ ബലിപീഠം നിര്‍മ്മിക്കണമെന്നും എപ്രകാരം അത്‌ പരിപാവനമായി കാണണമെന്നും വി. ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. സൃഷ്ടി 8/20 (നോഹ),  സൃഷ്ടി 12/7,22/9 (അബ്രാഹം), സൃഷ്ടി. 26/25 (ഇസഹാക്ക്‌), സൃഷ്ടി 33/20 (യാക്കോവ്‌) പുറ 17/15 (മോശ), 1 ശമു 7/17 (ശമുവേല്‍), 1 രാജാ 18/31-32 (ഏലിയാ) പുറ 27/1-8 (ബലിപീഠം നിര്‍മ്മിക്കേണ്ടവിധം).
ഈ യഹുദ പാരമ്പര്യത്തില്‍ നിന്നാണ്‌ എല്ലാ എപ്പിസ്ക്കോപ്പല്‍ സഭകളും ബലിപീഠത്തിന്‍റെ  പരിശുദ്ധി ഉള്‍ക്കൊണ്ടിരിക്കുക. എല്ലാ സഭകളിലും പള്ളിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലമാണ്‌ മദ്ബഹാ. പരസ്ത്യ സഭകള്‍ തിരശ്ശീല ഉപയോഗിച്ച്‌ മദ്ബഹാ മറയ്ക്കുന്നതും അതുകൊണ്ട്‌ തന്നെ. ത്രോണോസിന്‍മേല്‍ സ്ളീവായും, ഏവന്‍ഗേലിയോനും, കാസയും, പീലാസയുമല്ലാതെ മറ്റൊന്നും വയ്ക്കാന്‍ പാടില്ലെന്നും നിഷ്കര്‍ഷിക്കാന്‍ കാരണം അതിന്‍റെ   പരിശുദ്ധി കൊണ്ടു തന്നെയാണ്‌. മേല്‍പട്ടക്കാരന്‍ മൂറോന്‍ തൈലം ഉപയോഗിച്ച്‌ ബലിപീഠം മുഴുവന്‍ അഭിഷേകം ചെയ്താണ്‌ അത്‌ കൂദാശ ചെയ്യുക. അപ്രകാരമുള്ള കൂദാശ കഴിഞ്ഞാല്‍ ഒരോ ബലിപീഠവും ത്രിത്വത്തിന്‍റെ   സിംഹാസനവും, കര്‍ത്താവി ന്‍റെ  കബറിടവും, ജീവന്‍റെ   മേശയും, ബലിപീഠവുമായി മാറുകയാണ്‌. ഈ അര്‍ത്ഥങ്ങളെല്ലാം ഒരുപോലെ ഉള്‍ക്കൊള്ളുന്നതു കൊണ്ടാണ്‌ മദ്ബഹായ്ക്ക്‌ (ബലിപീഠത്തിന്‌) സീറോ മലബാര്‍ കുര്‍ബാനയില്‍ "ബേസ്‌ കുദിശാ" എന്ന പദം കൂടെ കൂടെ ഉപയോഗിച്ചു കാണുക.

 സീറോ മലബാര്‍ സഭയില്‍ ഹുത്താമ്മയ്ക്ക്‌ ശേഷം പുരോഹിതന്‍ "ബേസ്‌ കുദിശ" ചുംബിച്ച്‌ യാത്രാ വന്ദനം പറയുന്നുണ്ട്‌. ഇത്‌ പുരോഹിതന്‍റെ     മാത്രം അവകാശമായതു കൊണ്ടാണ്‌ അത്‌ രഹസ്യവും നിശബ്ദമായും ചെയ്യുക. ആരാധനാ ക്രമത്തില്‍ നേതൃത്വ ശുശ്രുഷ വഹിക്കുന്ന പുരോഹിതന്‌ ബലിപീഠത്തോടുള്ള ബന്ധം അങ്ങേയറ്റം അഭേദ്യവും, ഊഷ്മളവും ഹൃദ്യവുമാണ്‌. തന്‍റെ  ഏറ്റവും പ്രിയപ്പെട്ട ബേസ്‌ കുദിശയോട്‌ നിറഞ്ഞ സന്തോഷത്തോടും സമാധാനത്തോടും കൂടി യാത്ര പറഞ്ഞ്‌ അതിനെ അഗാധമായി ചുംബിച്ച്‌ ആശ്ളേഷിച്ച്‌ പുരോഹിതന്‍ യാത്രയാവുന്നു. 
"പാപ പരിഹാരമായ മദ്ബഹായെ സമാധാനത്തോടെ വസിക്കുക" എന്ന് പറഞ്ഞാണ്    പുരോഹിതന്‍  ബലിപീഠത്തെ ചുംബിക്കുക.  ഈ സമാധാനാശംസ ഒരു യാത്രാ വന്ദനമാണ്‌. നീയെനിക്കിന്ന്‌ നല്‍കിയ ഉത്ഥാന സമാധാനം ഇനിയും മറ്റുള്ളവര്‍ക്ക്‌ നല്‍കണമേയെന്നുള്ള അഭ്യര്‍ത്ഥനയാണിത്‌. എനിക്ക്‌ ശക്തിയും ബലവും പ്രത്യാശയും പാപ പരിഹാരവും നല്‍കിയതു പോലെ എനിക്ക്‌ ശേഷം വരുന്നവര്‍ക്കും നല്‍കുക എന്ന ഓര്‍മ്മപ്പെടുത്തലാണിത്‌. ഉത്ഥാന പ്രത്യാശയാല്‍ എന്‍റെ   ദു:ഖമകറ്റിയ കബറിടമേ നിനക്ക്‌ വന്ദനം എന്നാണിതിന്റെ പൊരുള്‍.

എത്ര മഹത്ത്വരമാണ്‌ കര്‍ത്താവിന്‍റെ   മദ്ബഹാ. അവിടുത്തെ സിംഹാസനവും കബറിടവും എത്ര മഹനീയമാണ്‌ ഈ മഹനീയ ത്രോണോസ്‌ പാപ പരിഹാര പ്രദമായിരിക്കുന്നത്‌ പോലെ ഒരോ പുരോഹിതനും പാപ കറയേശാതെ അതില്‍ ശുശ്രുഷ ചെയ്യാനിടയാകട്ടെ. തങ്ങളുടെ ദു:ഖങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളുമൊക്കെ ഈ ബേസ്‌ കുദീശായുടെ മുന്‍പില്‍ ഇറക്കിവയ്ക്കാന്‍ അവര്‍ക്കാകട്ടെ. കര്‍ത്താവിന്‍റെ   ബലിപീഠത്തിന്‌ മുന്‍പില്‍ കുരിവിയും ചെങ്ങാലിയും പാര്‍ക്കുവാന്‍ കൂട്‌ കൂട്ടുന്നതു പോലെ (സങ്കീ:84,3)ഒരോ പുരോഹിതനും മദ്ബഹായില്‍ ആദ്യാവസാനം അഭയം പ്രാപിക്കട്ടെ.

ചവറപ്പുഴ ജയിംസച്ചന്‍ 


                                                                               


Sunday, February 19, 2012

പ്രാര്‍ത്ഥനാശംസകള്‍


      കര്‍ദ്ദിനാള്‍ സ്ഥാനാരോഹണ വേളയില്‍ മാര്‍ത്തോമാ നസ്രാണി സഭയുടെ തനിമയും വ്യക്തിത്വവും അല്‍പമെങ്കിലും വെളിവാക്കുന്ന ശുശ്രുഷാ വസ്ത്രങ്ങളും കൈസ്ളീവയും ധരിക്കാന്‍ തയ്യാറായ മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വലിയ മേല്‍പട്ടക്കാരന്‍ മാര്‍ ഗീവര്‍ഗ്ഗീസ്‌ ബാവായ്ക്ക്‌ മാര്‍ഗ്ഗം കുടുംബത്തിന്റെ   പ്രാര്‍ത്ഥനാശംസകള്‍. സീറോ മലബാര്‍ സഭയ്ക്ക്‌ പൌരസ്ത്യ പാരമ്പര്യത്തിലധിഷ്ടിതമായ തനിമയും പാരമ്പര്യവും ഉണ്ടെന്നും, അതുല്ല്യമായ ഈ തനിമ വീണ്ടെടുത്ത്‌ നില നിര്‍ത്താന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അങ്ങ്‌ ഇതിലൂടെ   ഇന്നലെ റോമില്‍ വ്യക്തമാക്കൂ കയായിരുന്നു.കല്ലും മുള്ളും നിറഞ്ഞ ഈ ശൂശ്രൂഷ കര്‍ത്താവിന്റെ  ഇഷ്ടപ്രകാരം നിറവേറ്റാന്‍ സാധിക്കട്ടെയെന്ന്‌ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.