Thursday, September 15, 2011

ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവായെ.......


"അച്ചാ, അച്ചന്റെ പൌരോഹിത്യ ജീവിതത്തില്‍ ആച്ചനില്‍ നിന്നും
ജനങ്ങള്‍ഏറ്റവും കൂടുതല്‍ അവശ്യപ്പെട്ടിട്ടുള്ളതെന്താണ്‌?".
മാര്‍ഗ്ഗം ബ്ളോഗിന്റെ പ്രേരക ശക്തിയായി നില്‍ക്കുന്ന
ശെമ്മാശനില്‍ നിന്നും
തികച്ചും യാദൃശ്ചികമായിട്ടായിരുന്നു ഈ ചോദ്യം ഉയര്‍ന്നത്‌.
പലതരം ഉത്തരങ്ങള്‍മനസില്‍ക്കൂടെ കടന്നു പൊയെങ്കിലും.
അവയെല്ലാംഒരു ഉത്തരത്തിനു മുന്‍പില്‍നിഷ്പ്രഭമായി
എന്നതാണു യഥാര്‍ത്ഥ്യം. "പ്രാര്‍ത്ഥന";
അതെ "പ്രാര്‍ത്ഥിക്കണെ അച്ചാ" എന്ന ആവശ്യം ആണ്‌
ഒരു പുരോഹിതന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും
കൂടുതല്‍ കേള്‍ക്കുക. അച്ചനാണോ
എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ ലൈസെന്‍സ്‌ കിട്ടിയവന്‍,
പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവന്‍, പ്രാര്‍ത്ഥിക്കേണ്ടവന്‍
എന്നതാണ്‌ സാമാന്യ ജനങ്ങളുടെ ധാരണ.
ഈ ധാരണ തികച്ചും ശരിയുമാണ്‌.
വല്ലപ്പോഴുമൊരിക്കല്‍ കിട്ടിയിരുന്ന
ഇളം നീല ഇന്‍ലണ്റ്റിണ്റ്റെ അവസാനം
കാണാം പ്രാര്‍ത്ഥിക്കണേ എന്ന ഓര്‍മ്മപ്പെടുത്തല്‍.
ഫോണ്‍ വിളികളുടെഅവസാനവും ഉണ്ടാകും
പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കണേ എന്ന അഭ്യര്‍ത്ഥന.
ഇപ്പോള്‍ ഇന്റെര്‍നെറ്റ്‌ യുഗത്തില്‍
ചാറ്റിങ്ങിന്റെ അവസാനവും കാണും
കുറഞ്ഞ അക്ഷരങ്ങളില്‍ കാണൂം തികച്ചും കൂടിയ ഒരാവശ്യം

Acha pls do remember me too in your prayers....


എന്താണ്‌ പ്രാര്‍ത്ഥിക്കേണ്ടത്‌?.
എങ്ങിനെയാണ്‌പ്രാര്‍ത്ഥിക്കേണ്ടത്‌?.


ലളിതമെങ്കിലും അഴമായ ഉത്തരം വി. ഗ്രന്ഥത്തില്‍
തന്നെയുണ്ട്‌. പ്രാര്‍ത്ഥനയെ കൊതിയോടെ
ആഗ്രഹിക്കുന്നവനെപ്രാര്‍ത്ഥിക്കാന്‍ കഴിയൂ.
പ്രാര്‍ത്ഥനയെ കൊതിയോടെ കണ്ട ഒരു കൂട്ടരുണ്ട്‌
വി. ഗ്രന്ഥത്തില്‍; ശ്ളീഹന്‍മാര്‍. അവര്‍ പ്രാര്‍ത്ഥിച്ച
പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരമായി കര്‍ത്താവ്‌ പഠിപ്പിച്ച
പ്രാര്‍ത്ഥനയോളംമനോഹരമായി മറ്റൊന്നുമില്ല.
(മത്തായി:
6,9-15,ലൂക്കാ:11,1-4).
"കര്‍ത്താവെ യോഹന്നാന്‍ തന്റെ ശിഷ്യന്‍മാരെ പ്രാര്‍ത്ഥിക്കാന്‍
പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ".
ഒരു പക്ഷേകര്‍ത്താവ്‌ തന്റെ മനുഷ്യാവതാര കാലത്ത്‌
ഏറെ സന്തോഷിച്ച ഒരു നിമിഷം
ആയിരിക്കം അത്‌. ശ്ളീഹന്‍മാര്‍ ഒരുമിച്ച്‌ ചെറുതെന്നു തോന്നുന്ന
വലിയൊരുകാര്യം ആവശ്യപ്പെട്ടു. അയലത്തെ
വീട്ടില്‍ നെയ്യപ്പം ഉണ്ടാക്കുമ്പോള്‍
"അമ്മേ, എനിക്കും നെയ്യപ്പം വേണം എന്ന്‌
" കൊതിയോടെ പറയുന്ന കൊച്ചു
കുഞ്ഞുങ്ങളുടെ മനോഭാവത്തോടെ ശ്ളീഹന്‍മാര്‍ പറഞ്ഞൂ;
പ്രാര്‍ത്ഥിക്കാന്‍പഠിപ്പിക്കണേ......
യോഹന്നാന്റെ ശിഷ്യന്‍മാര്‍ പ്രാര്‍ത്ഥിക്കുന്നത്‌
കണ്ടപ്പോള്‍ കൊതിയായി പോയി.....


അതിമനോഹരമാണടുത്ത രംഗം. ഈശോ
ശീഷ്യന്‍മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയാണ്‌. മനുഷ്യചരിത്രത്തില്‍
ഇന്നേ വരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച്‌ ഏറ്റം സുന്ദരമായ പ്രാര്‍ത്ഥന.
ദൈവപിതാവിനോട്‌ പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്ന്‌ ദൈവപുത്രന്‍
പഠിപ്പിക്കുന്നു. അതായത്‌ ദൈവം തന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു.
അവിശ്വസനീയവും അവിസ്മരണീയവുമായ സംഭവം.
മുഖ്യനായ കേപ്പായും, ധീരനായ തോമായും
അരുമയായ യോഹന്നാനും തീഷ്ണമതിയായ യാക്കോവുമെല്ലാം
കുഞ്ഞുങ്ങളേ പോലെ ബാവാ തമ്പുരാനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു.
കേപ്പയുടെ വലപിടിച്ച്‌ തഴമ്പിച്ചകരങ്ങളും,
തോമായുടെ ഉളി പിടിച്ചുറച്ച വിരലുകളും ഒരുപോലെ കൂപ്പിയിരിക്കണം.
ആരും കാണാതെ ധീരനായ തോമാ തണ്റ്റെ കവിളില്‍ പടര്‍ന്ന കണ്ണുനീര്‍
തുള്ളികള്‍ തുടച്ചു കളഞ്ഞിട്ടുണ്ടാവണം. അത്ര ഹൃദയസ്പര്‍ശിയാണീ
പ്രാര്‍ത്ഥന. ഇന്നേവരെ തങ്ങള്‍ക്ക്‌ അപ്രാപ്യനും അദൃശ്യനുമായ ദൈവത്തെ
പിതാവെയെന്ന്‌ ആദ്യമായി വിളിക്കുമ്പൊള്‍ എങ്ങനെ കണ്ണു നിറയാതിരിക്കും.



"അകാശങ്ങളിരിക്കുന്നഞങ്ങളുടെ ബാവായെ
നിന്റെ തിരുനാമം പരിശുദ്ധമാക്കപ്പെടണമേ, നിന്റെ രാജ്യം
വരണമെ നിന്റെ തിരുവിഷ്ടം ആകാശത്തിലെ പോലെ ഭുമിയിലുമാകണെ.
ഞങ്ങള്‍ക്കിന്നാവശ്യമായ അപ്പം ഞങ്ങള്‍ക്ക്‌ തരണമേ, ഞങ്ങളുടെ കടക്കാരോട്‌
ഞങ്ങള്‍ ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങളൂം പാപങ്ങളും ഞങ്ങളോടും
ക്ഷമിക്കണേ.ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതെ, ദുഷ്ടനില്‍ നിന്നു
ഞങ്ങളെ രക്ഷിക്കണേ. എന്തെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും
എന്നന്നേയ്ക്കും നിനക്കുള്ളതാകുന്നു ആമേന്‍"
.



അനേകം പുസ്ത്കങ്ങളും ലേഖനങ്ങളും
ഈ പ്രാര്‍ത്ഥനയെ കുറിച്ചെഴുതപ്പെട്ടിട്ടുണ്ട്‌ പക്ഷെ

വിശദീകരണംആവശ്യമില്ലാത്തവണ്ണം ലളിതമാണ്‌
ഈ പ്രാര്‍ത്ഥന. കാരണം ഇതില്‍ എല്ലാം
ഉണ്ട്‌. ഇതില്‍ ഇല്ലത്തതായി ഒന്നുമില്ല. ഇത്‌ പുത്രന്റെ പ്രര്‍ത്ഥനയാണ്‌.
പുത്രനാണിത്‌ പഠിപ്പിച്ചത്‌ അതാണിതിന്റെ ശക്തിയും മഹത്വവും.




ആകാശങ്ങളിലിരിക്കുന്ന
ഞങ്ങളുടെ ബാവായെ... ഉരുവിട്ടു കൊണ്ടായിരിക്കണം തോമാ ശ്ളിഹാ
ഇന്ത്യയിലേയ്ക്ക്‌ കപ്പല്‍ കയറിയത്‌. കാറ്റും കോളുമടങ്ങുന്ന കഠിന
യാത്രയില്‍ തോമായ്ക്ക്‌ കരുത്തായതും ഈ പ്രാര്‍ത്ഥന തന്നെ. നമ്മുടെ
പൂര്‍വ്വികരായ അദ്യ നസ്രാണികളെ തോമാ അദ്യം പഠിപ്പിച്ച
പ്രാര്‍ത്ഥനയും ഇതുതന്നെയായിരിക്കണം. കാരണം,
താന്‍ ആദ്യം മന:പ്പാഠമാക്കിയ പ്രാര്‍ത്ഥനയാണല്ലോ
ഇത്‌. തണ്റ്റെ ഗുരുവിന്റെ പ്രാര്‍ത്ഥന . ദൈവ പുത്രന്റെ അധരങ്ങളില്‍
നിന്ന്‌ താന്‍ കേട്ട്‌ ചൊല്ലി പഠിച്ച പ്രാര്‍ത്ഥന. അംഗന്‍വാടി കുട്ടികള്‍
പാട്ടു പാടി പടിക്കുന്നതു പോലെ നമ്മുടെ പൂര്‍വ്വികര്‍ ഏറ്റു
ചൊല്ലിയിരിക്കണം; "ആവൂന്‍ ദ്‌ വശ്മയ്യാ...."
(ആകാശങ്ങളിലിരിക്കുന്ന
ഞങ്ങളുടെ ബാവായെ.....).
ശ്ളീഹന്‍മാരില്‍ ഈ പ്രാര്‍ത്ഥനയെ ഏറ്റവും കൂടുതല്‍
സ്നേഹിച്ചതും ഉപയോഗിച്ചതും തോമാ ശ്ളീഹാ
തന്നെയാണെന്ന്‌ കരുതാം.
അതുകൊണ്ടായിരിക്കണം തോമായുടെ
സഭയിലെ കുര്‍ബാനയില്‍ മാത്രം മൂന്നു
പ്രാവശ്യം "അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവായെ" ചൊല്ലുന്നത്‌.



പള്ളികളില്‍ സന്ധ്യാ മണി
അടിക്കുമ്പോള്‍. പായ വിരിച്ച്‌ നമ്മുടെ പൂര്‍വ്വികര്‍
ഉറച്ച സ്വരത്തില്‍"അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവായെ"
ചൊല്ലുന്നത്‌ മാര്‍ത്തോമായുടെ ഈ
പൈതൃകത്തില്‍ നിന്നാണ്‌. അമ്മമാര്‍ കുഞ്ഞുങ്ങളെ
ആദ്യം പഠിപ്പിക്കുന്നതും,
കുഞ്ഞുങ്ങള്‍ മറക്കാതെ ഏറ്റു ചൊല്ലുന്നതും പുത്രാനുഭവത്തിന്റെ ഈ
പ്രാര്‍ത്ഥന തന്നെയാണ്‌. പള്ളിക്കുടത്തില്‍ പോകുമ്പോഴും,
പണിക്കിറങ്ങുമ്പോഴും, യാത്ര ചെയ്യുമ്പോഴും അവസാനം
മരണ സമയത്തും ഈ
പ്രാര്‍ത്ഥന തന്നെയാണ്‌ നസ്രാണികള്‍ക്ക്‌ ശരണം.
പക്ഷെ പൂര്‍ണ്ണതയുടെ ഈപ്രാര്‍ത്ഥന തോമാ ചൈതന്യത്തോടെ
ജീവിത മന്ത്രമാക്കുവാന്‍ തോമാ മക്കള്‍ക്ക്‌
ഇന്നു കഴിയുന്നുണ്ടോ?. പ്രാര്‍ത്ഥനയില്‍ "ബിരുദവും",
പ്രത്യേക "വിളിയും","അരൂപിയും" കിട്ടിയവര്‍ ഒരോന്നു
കാട്ടി കൂട്ടുമ്പോള്‍ നഷ്ടമാകുന്നത്‌ ഈ
പ്രാര്‍ത്ഥനയുടെ മഹത്വമാണ്‌. കുമ്പസാര കൂട്ടില്‍ പാപ പരിഹാരമായി
"മൂന്നാകാശങ്ങളിരിക്കുന്ന ബാവായെ....." കിട്ടുമ്പോള്‍ സംതൃപ്തിയോടെ
മടങ്ങുന്ന പഴയ തലമുറയും "ഓ അത്രയെ ഉള്ളോ" എന്ന്‌ ചിന്തിക്കുന്ന പുതു
തലമുറയും ഈ പ്രാര്‍ത്ഥനയുടെ അഴവും അര്‍ത്ഥവും ഗ്രഹിച്ചതും
ഗ്രഹിക്കാത്തതുമായ രണ്ട്‌ തലമുറകളുടെ പ്രതീകങ്ങളാണ്‌.
സമയക്കൂടുതലാണെന്ന്‌പറഞ്ഞ്‌ കുര്‍ബാനയില്‍ നിന്ന്‌
ഒന്നോ രണ്ടോ "അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ
ബാവായെ" ഉപേഷിക്കുമ്പോള്‍ നഷ്ടമാകുന്നത്‌ തോമാശ്ളീഹാ നമ്മുടെ
പൂര്‍വ്വികര്‍ക്ക്‌ നല്‍കിയ പുണ്യ പൈതൃകത്തിന്റെ ഏറ്റം സവിശേഷമായ ഏട്‌
തന്നെയാണ്‌ . തോമായില്‍ നിന്നും
നമ്മുക്ക്‌ ലഭിച്ച ഈ പുണ്യ പൈതൃകം കെടാതെ
സുക്ഷിക്കാം കെടാതെ കൈ മാറാം.
നസ്രാണി ജീവിതത്തിലെ പ്രാര്‍ത്ഥനാ മന്ത്രമായി
മാറട്ടെ "അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവായെ". രാവിലെ
ഉണര്‍ന്നേഴുന്നെല്‍ക്കുമ്പോള്‍, ആഹാരം കഴിക്കാനിരിക്കുമ്പോള്‍, ജോലി
തുടങ്ങുമ്പോള്‍, പഠിക്കാന്‍ പുസ്തകം തുറക്കുമ്പോള്‍, ഉറങ്ങാന്‍
കിടക്കുമ്പോള്‍, മനസ്സില്‍ ദു:ഖങ്ങളും വേദനകളും ഉയരുമ്പോള്‍,
സന്തോഷത്താല്‍ ഹൃദയം നിരയുമ്പോഴുമോക്കെ പുത്രണ്റ്റെ ഈ പ്രാര്‍ത്ഥന
നമ്മുക്ക്‌ തുണയാകട്ടെ. പൂര്‍ണ്ണതയുടെ ഈ പ്രാര്‍ത്ഥന നമ്മുക്ക്‌
കരുത്താകട്ടെ.....
"അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവായെ"........




ഈശോയില്‍ സ്നേഹപൂര്‍വം
ചവറപ്പുഴ ജയിംസച്ചന്‍.







Tuesday, May 17, 2011

വലിയ മേല്‍പ്പട്ടക്കാരന്‍

മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വലിയ മേല്‍പ്പട്ടക്കാരനെ തിരഞ്ഞെടുക്കാനുള്ള സൂനഹദോസ്‌ മെയ്‌ 23 മുതല്‍ കാക്കനാട്ട്‌ മാര്‍ത്തോമ്മാക്കുന്നില്‍ സമ്മേളിക്കുകയാണ്‌. റൂഹാദക്കുദ്ശായുടെ നിറവില്‍ ഉചിതമായ തീരുമാനമെടുക്കുവാന്‍ മെത്രാന്മാരെ ശക്തിപ്പെടുത്തണമെയെന്ന് പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്‌. പ്രത്യയശാസ്ത്രങ്ങളോ, പ്രാദേശികവാദമോ, ഗ്രൂപ്പിസമോ, ഒന്നും മെത്രാന്മാരുടെ തീരുമാനത്തെ സ്വാധീനിക്കരുതെയെന്ന് പ്രാര്‍ത്ഥിക്കാം. കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മെത്രാപ്പോലീത്തായെ പോലെ, പാറേമാക്കല്‍ തോമ്മാ കത്തനാരെപോലെ, നിധീരിക്കല്‍ മാണിക്കത്തനാരെപോലെ, പ്ലാസിഡച്ചനെപ്പോലെ, നസ്രാണികളെ ധീരമായി മുമ്പോട്ടു നയിക്കാന്‍, നസ്രാണി സഭയുടെ വ്യക്തിത്വവും തനിമയും നിലനിര്‍ത്താന്‍, വിശുദ്ധിയും വിജ്ഞാനവും വിവേകവും പക്വതയും ലാളിത്യവും ധീരതയുമുള്ള വലിയ പിതാവിനെ നല്‍കണേ എന്നായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന.സഭയെക്കുറിച്ച്‌ കാണുന്ന ചില നല്ല സ്വപ്നങ്ങള്‍ സമാന ചിന്തയുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ പല നൂതനാശയങ്ങളും ഉരുത്തിരിയുന്നുണ്ട്‌. അവയൊക്കെ എന്നെങ്കിലും ഫലമണിയും എന്ന പ്രത്യാശയാണ് ആശ്വാസകരമായിട്ടുള്ളത്‌. ഇപ്രകാരം, മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വലിയ മേല്‍പ്പട്ടക്കാരനെക്കുറിച്ച്‌ ഉയിര്‍ന്നുവന്ന ചില ചിന്തകള്‍ തഴെ കുറിക്കട്ടെ.

1. പേര്‌ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. ഓരോ വ്യക്തിയ്ക്കും സ്ഥലത്തിനും വസ്തുവിനും പേര്‌ ഉണ്ട്‌. പേര്‌ നിലനില്‍പ്പിന്റെ സൂചനയാണ്. പേര്‌ അഥവാ നാമം എന്നത്‌ ഒരാളെ തിരിച്ചറിയാനുള്ള സൂചന മാത്രമല്ല പ്രത്യുത അയാളുടെ അത്യന്താപേക്ഷിതമായ അടിസ്ഥാന സ്വഭാവത്തിന്റെ സൂചന കൂടിയാണ്. അതുകൊണ്ടാണ് പേരിടീല്‍ എന്നൊരു ചടങ്ങുപോലും
ഹൈന്ദവ സഹോദരന്മാര്‍ക്കുള്ളത്‌. മാമ്മോദീസാ നല്‍കുമ്പോള്‍ അര്‍ത്ഥിക്ക്‌ പുതിയ പേര്‌ നല്‍കുന്നതും പേരിന്‌ പ്രാധാന്യം ഉള്ളതുകൊണ്ടാണ്. പേര്‌ മാറ്റി പറഞ്ഞാല്‍, സര്‍ട്ടിഫിക്കട്ടിലോ മറ്റോ
പേര്‌ മാറ്റി എഴുതപ്പെട്ടാല്‍ തിരുത്തിക്കിട്ടാന്‍ നാം കഷ്ടപ്പെ
ടാറുണ്ട്‌. കാരണം വ്യക്തിത്വമില്ലാത്ത പേരുകളില്‍ അറിയപ്പെടാനോ നിലനില്‍ക്കാനോ ആരും ആഗ്രഹിക്കുന്നില്ല.

പേരിനെക്കുറിച്ച്‌ ഇത്രയും പറഞ്ഞത്‌ മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വലിയ മേല്‍പ്പട്ടക്കാരന്റെ പേരിനെ സൂകിപ്പിക്കാനാണ്. തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ തന്റെ പേരിനൊടൊപ്പം തോമ്മാ എന്ന പേരു കൂടി ചേര്‍ക്കണം എന്നത്‌ ഒരു വലിയ സ്വപ്നമാണ്. നസ്രാണി സഭയുടെ വലിയ പിതാവ്‌ മാര്‍ത്തോമ്മാശ്ലീഹായുടെ പിന്‍ഗാമിയുമാണ് . മാര്‍ത്തോമായുടെ പേര്‌ വഹിക്കാന്‍ അദ്ദേഹം യോഗ്യനും കടപ്പെട്ടവനുമാണ്. യഥാര്‍ത്ഥത്തില്‍ മെത്രാന്‍
പട്ടം സ്വീകരിക്കുന്നതൊടൊപ്പം പുതിയ പേരും സ്വീകരിക്കുക എന്നത്‌ പൗരസ്ത്യ പാരമ്പര്യമാണ്. പക്ഷെ നമ്മുടെ സഭയില്‍ പ്രസ്തുത പാരമ്പര്യം നഷ്ടമായി. നമ്മുടെ സഹോദരീ സഭകളില്‍ പലതിലും ഈ പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നു. പ്രത്യേക വിളി ലഭിക്കുമ്പോള്‍ പേര്‌ മാറുന്ന രീതി വി. ഗ്രന്ഥത്തില്‍ കാണാം.

ഉദാഹരണത്തിന്‌, അബ്രാം എന്ന പേര്‌ അബ്രാഹം എന്നും (ഉല്‍.17/5) സാറായി എന്നത്‌ സാറാ എന്നും (ഉല്‍. 17/15) മാട്ടണമെന്ന് ദൈവം നിര്‍ദ്ദേശിക്കുന്നു. അതുപോലെ യക്കോവ്‌ പിതാവ്‌ ഇസ്രായേല്‍ എന്ന് വിളിക്കപ്പെടുന്നത്‌ ഉല്‍പത്തി 32/28-ല്‍ കാണാം. യോനായുടെ പുത്രനായ ശിമയോനെ കേപ്പാ എന്ന് ഈശോ വിളിക്കുന്നത്‌ പുതിയ നിയമത്തില്‍ വ്യക്തമാണ്‌ (മത്താ.16/17) അതുകൊണ്ട്‌ നമ്മുക്ക്‌ നഷ്ടപ്പെട്ട പാരമ്പര്യം വലിയ മേല്‍പ്പട്ടക്കാരനിലൂടെ തിരികെ കൊണ്ടുവരണം. അതായത്‌ ജോസഫ്‌ എന്ന പേരുള്ളയാള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ യൗസേപ്പ്‌
മാര്‍ത്തോമ്മാ എന്നും, മാത്യൂ എന്ന പേരുള്ളയാള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മത്തായി മാര്‍ത്തോമ്മാ എന്നും ജോര്‍ജ്‌/വര്‍ഗ്ഗീസ്‌ എന്ന പേരുള്ളയാള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗീവറുഗ്ഗീസ്‌ മാര്‍ത്തോമ്മാ എന്നും മാറ്റാവുന്നതാണ്‌. ഉദാഹരണമായി ചില പേരുകള്‍ ചൂണ്ടികാണിച്ചു എന്നേ ഉള്ളു.

2. നമ്മുടെ സഭാതലവന്‍ യഥാത്ഥത്തില്‍ അറിയപ്പെടേണ്ടത്‌ ഇന്ത്യ മുഴുവന്റെയും പിതാവും കവാടവുമെന്നാണ്‌. അതായത്‌ ഇന്ത്യയുടെ കാസോലിക്കാ ബാവ അല്ലെങ്കില്‍ ഇന്ത്യയുടെ പാത്രിയാര്‍ക്കീസ്‌ ബാവ. കസോലിക്കാ ബാവാ എന്ന പേരാണ്‌ പൗരസ്ത്യ
സുറിയാനി പാരമ്പര്യത്തിന്‌ ഏറെ അനുയോജ്യമായിട്ടുള്ളത്‌. പക്ഷെ നമ്മുടെ സഹോദരീ സഭകള്‍ പലതും കാതോലിയ്ക്കാ എന്ന പദം ഉപയോഗിക്കുന്നതുകൊണ്ട്‌ പാത്രിയാര്‍ക്കീസ്‌ ബാവ എന്ന പദം ഉപയോഗിക്കുന്നതാവും ഉചിതം. വത്തിക്കാന്‍ ഈ പദവി നമ്മുക്ക്‌ പുനരുദ്ധരിച്ച്‌ നല്‍കുന്നതുവരെ കാത്തിരിക്കണം എന്ന അഭിപ്രായം എനിക്കില്ല. അപ്പനെ സ്നേഹത്തോടെ എന്ത്‌ പേര്‌ വിളിക്കണം എന്ന് തീരുമാനിക്കേണ്ടത്‌ മക്കളാണ്‌. നമ്മുടെ വലിയ പിതാവ്‌ നമ്മുടെ അപ്പനാണ്‌. അദ്ദേഹത്തെ ഇന്ത്യ മുഴുവന്റെയും പാത്രിയാര്‍ക്കിസ്‌ ബാവ എന്ന് നാം അഭിസംബോധന ചെയ്തു തുടങ്ങണം.


3. വലിയ മേല്‍പ്പട്ടക്കാരന്‍ ആരാധനക്രമാനുഷ്ഠാനങ്ങള്‍ക്കുപയോഗിക്കുന്ന കിരീടം കുറേകൂടി മനോഹരവും സഭയുടെ ആഢ്യത്വം പ്രകടിപ്പിക്കുന്നതും ആയിരിക്ക
ണം. അതായത്‌ സഭയുടെ ആരാധനക്രമ ശുശ്രൂഷകള്‍ക്ക്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്‌ സഭാ തലവനാണ്‌. അദ്ദേഹത്തിന്റെ കിരീടം ആ പദവിയ്ക്ക്‌ അനുസൃതമായി വ്യത്യസ്തതയും വ്യക്തിത്വവും പ്രകടിപ്പിക്കുന്നതാകണം. ഇതൊക്കെ ലാളിത്യത്തിനെതിരാണെന്ന് പലരും കരുതിയേക്കാം. മെത്രാന്മാരും വലിയ മേല്‍പ്പട്ടക്കാരും ലാളിത്യം കാണിക്കേണ്ടത്‌ ആരാധനക്രമാനുഷ്ഠാനത്തിലല്ല; പ്രത്യുത സ്വകാര്യ ജീവിതത്തിലാണ്‌. ആരാധനക്രമം അഘോഷമാണ്‌ അത്‌ പരികര്‍മ്മം ചെയ്യുമ്പോള്‍ നമ്മുടെ സഭാ തലവന്‍ മനോഹരമായ ഒരു കിരീടം ധരിയ്ക്കണം. എന്നു കരുതുന്നതില്‍ എന്താണ്‌ തെറ്റ്‌?

4. പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച്‌ മെത്രാന്മാര്‍ കൈസ്ലീവ ധരിക്കുന്നവരാണ്‌.
ആരാധനക്രമം പരികര്‍മ്മം ചെയ്യുമ്പോള്‍ ഇത്‌ നിര്‍ബന്ധവുമാണ്‌. നമ്മുടെ സഭാ തലവന്‍ ആരാധനാക്രമാനുഷ്ഠാനങ്ങള്‍ക്ക്‌ കൈസ്ലീവാ ഉപയോഗിക്കുന്ന ഒരു കാലം വിദൂരമല്ല എന്നു കരുതട്ടെ.

5. അംശവടി ആത്മീയാധികാരത്തിന്റെയും ശുശ്രൂഷയുടെയും പ്രതീകമാണ്‌.
വലിയ മേല്‍പ്പട്ടക്കാരനു വേണ്ടി മാത്രം നമ്മുടെ സഭാ തനിമയോട്‌ ചേര്‍ന്ന് നില്‍ക്കുന്ന ഒരു അംശവടി രൂപകല്‍പ്പന ചെയ്യുക. ഇത്‌ തലമുറ തലമുറയായി വലിയ പിതാക്കന്മാര്‍ക്ക്‌ കൈമാറ്റി ചെയ്യപ്പെടേണ്ടതുമാണ്‌. ഇവിടെയും ലാളിത്യത്തിന്‌ വേണ്ടി ഒരു സ്റ്റീല്‍ വളച്ചു വയ്ക്കുന്നത്‌ ഉചിതമെന്ന് തോന്നുന്നില്ല.6. സഭാ തലവനെക്കാളും വലിയ പദവിയാണ് "കര്‍ദ്ദിനാള്‍" എന്ന് പലരും ധരിക്കുന്നുണ്ട്‌. എന്നാല്‍ നമ്മുടെ സഭയില്‍ അതല്ല യാഥാര്‍ത്ഥ്യം. സഭാതലവന്മാരുടെ മുന്‍പില്‍ കര്‍ദ്ദിനാള്‍ പദവി ഒന്നുമല്ല. പൗരസ്ത്യ സഭകളെ സംബന്ധിച്ചിടത്തോളം കര്‍ദ്ദിനാള്‍ പദവി ആവശ്യമുള്ളതുമല്ല. വലിയ മേല്‍പ്പട്ടക്കാരന്‍ കര്‍ദ്ദിനാള്‍ പദവി സ്നേഹത്തോടെ നിരസിക്കുന്നതാണ് കരണീയമായിട്ടുള്ളത്‌. എന്നാല്‍ ഇക്കാലഘട്ടത്തിലെ പ്രത്യേക സഭാ സാഹചര്യത്തില്‍ അത്‌ ഒരു പക്ഷെ ഉടന്‍ സാധ്യമായെന്ന് വരില്ല, എങ്കിലും കര്‍ദ്ദിനാളിന്റെ ഔദ്യോഗിക വസ്ത്രങ്ങള്‍ അല്ല സഭാ തലവന്‍ ധരിയ്ക്കേണ്ടത്‌; പ്രത്യുത മാര്‍ത്തോമാ നസ്രാണി സഭയുടെ വലിയ മേല്‍പ്പട്ടക്കാരന്റെയാണ്. അതൊരു കുറവല്ല പിന്നെയോ തനിമയാണ് സൂചിപ്പിക്കുക. ലത്തീന്‍ മെത്രാന്മാരോടും കര്‍ദ്ദിനാളന്മാരൊടുമൊപ്പം നില്‍ക്കുമ്പോള്‍ നമ്മുടെ സഭാ തലവന്‍ മാര്‍ത്തോമ്മാ നസ്രാണി സഭയെന്ന പൗരസ്ത്യ സഭയുടെ തലവനും പിതാവുമാണെന്ന് തിരിച്ചറിയപ്പെടണം എന്ന ഒരു എളിയ ആഗ്രഹമാണിതിന്‌ പിന്നില്‍.

7. 1999- നവംബര്‍ മാസം കൂടിയ സൂനഹദോസില്‍ കുര്‍ബാന അര്‍പ്പണത്തെ സംബന്ധിച്ചെടുത്ത തീരുമാനങ്ങള്‍ പാലിയ്ക്കുവാനും പാലിപ്പിക്കുവാനും സഭാ തലവന്‍ മുന്‍കൈ എടുക്കണം എന്നത്‌ ഒരു വലിയ ആഗ്രഹവും സ്വപ്നവുമാണ്‌. സൂനഹദോസ്‌ തീരുമാനങ്ങള്‍ പാലിചുകൊണ്ട്‌ മട്ടുള്ളവരെ പാലിയ്ക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു വലിയ മേല്‍പ്പട്ടക്കാരന്‍ ഉണ്ടാവണം.
മാര്‍ത്തോമ്മാ നസ്രാണി സഭയുടെ തലവനും പിതാവുമായ വലിയ മേല്‍പ്പട്ടക്കാരനെക്കുറിച്ചുള്ള ചില സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്‌ ഇവിടെ കുറിച്ചത്‌. സ്വപ്നങ്ങള്‍ കാണാന്‍ ആര്‍ക്കും അവകാശം ഉണ്ടല്ലോ. അത്‌ പ്രാവര്‍ത്തികമാകും എന്ന് പ്രത്യാശിക്കാനും. അതു മാത്രമെ ഇവിടെ ചെയ്തുള്ളു. വളരെ ചെറിയ ചെറിയ കാര്യങ്ങളായി ഇതിനെ പലര്‍ക്കും തോന്നിയേക്കാം. പക്ഷെ ചെറുതും പ്രധാനമാണല്ലോ. സഭയുടെ തനിമയും വ്യക്തിത്വവും പ്രഘോഷിക്കുന്നത്‌ ലാളിത്യത്തിന്‌ എതിരൊന്നുമല്ല. ചെറുതെങ്കിലും വലിയ ഈ കാര്യങ്ങള്‍ക്കൂടി യാഥാര്‍ത്ഥ്യമാകുമ്പോഴാണ്‌ സഭയുടെ തനിമ പൂര്‍ണ്ണമാവുക. അത്‌ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു.

ഈശോയില്‍ സ്നേഹപൂര്‍വ്വം
ചവറപ്പുഴ ജയിംസച്ചന്‍.

Monday, March 21, 2011

നോമ്പിന്റെ ചൈതന്യം

"സീനാമലമേലുപവാസത്താല്‍
ശാശ്വത കല്‍പന മൂശേ നേടി
തപസാലൊരുനാളീശോബര്‍നോന്‍
തപനനെ നിശ്ചലനാക്കി നൂനം.
തപസിന്‍ മാര്‍ഗ്ഗം നേടിയ നിവ്യാ
നഭസിലുയര്‍ന്നാനഗ്നിരഥത്തില്‍"
(ഓനീസാ ദ്‌വാസാലിക്കേ, ഞായര്‍ റംശാ - നോമ്പുകാലം, സീറോ മലബാര്‍ യാമപ്രാര്‍ത്ഥനകള്‍)




സഭ പ്രാര്‍ത്ഥിക്കുന്നത്‌ വിശ്വസിക്കുന്നു. വിശ്വസിക്കുന്നത്‌ പ്രാര്‍ത്ഥിക്കുന്നു. ഈ പ്രാര്‍ത്ഥനയുടെ നിയമവും (LEX ORANDI), വിശ്വാസത്തിന്റെ നിയമവും (LEX CREDENDI), ജീവിതത്തിന്റെ നിയമമായി (LEX VIVENDI) മാറുമ്പോള്‍ സഭാ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി മാറുന്നു. ആദ്യനൂറ്റാണ്ടുകളില്‍ പത്രമാധ്യമങ്ങളോ, വിദൂരസമ്പര്‍ക്ക ഉപകരണങ്ങളോ, ധ്യാനകേന്ദ്രങ്ങളോ, ബൈബിള്‍ കണ്‍വന്‍ഷനുകളോ ഒന്നും ഇല്ലാതിരുന്ന അവസരത്തില്‍ സഭാജീവിത ക്രമീകരണത്തിന്‌ വേണ്ടത്‌ അതാത്‌ കാലങ്ങളിലെ പ്രാര്‍ത്ഥനകളീൂടെയാണ്‌ പിതാക്കന്മാര്‍ നല്‍കിയിരുന്നത്‌. പ്രാര്‍ത്ഥനാ ജീവിതം പഠനജീവിതം കൂടിയായിരുന്നു. സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനകളിലൂടെ സഭ വിശ്വാസ സത്യങ്ങളും ജീവിത മൂല്യങ്ങളും പഠിപ്പിച്ചു.


അതുകൊണ്ടാണ്‌, ആരാധനക്രമാനുഷ്ഠാന ജീവിതമാണ്‌ യഥാര്‍ത്ഥമായ വിശ്വാസ പരിശീലനമെന്നു പറയുക. സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനകള്‍ സഭ നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ അനുഷ്ഠിക്കുമ്പോള്‍ ആണ്‌ യഥാര്‍ത്ഥവിശ്വാസ പരിശീലനം സാധ്യമാകുക. കുര്‍ബാനയും, കൂദാശകളും, യാമപ്രാര്‍ത്ഥനകളും, കൂദാശാനുകരണങ്ങളുമൊക്കെ ഒരേ സമയം വിശ്വാസ പ്രഘോഷണവും വിശ്വാസ പരിശീലനവുമാണ്‌. മാര്‍ത്തോമ്മാ നസ്രാണി സഭയുടെ യാമപ്രാര്‍ത്ഥനകളിലെ വിശ്വാസ പരിശീലനമാണ്‌ ഇന്നത്തെ ധ്യാനവിഷയം. നോമ്പിന്റെ ചൈതന്യമെങ്ങിനെയാവണമെന്ന് നോമ്പുകാലത്തിലെ യാമപ്രാര്‍ത്ഥനകളിലൂടെ സഭ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്‌. നോമ്പുകാലത്തില്‍ എങ്ങിനെയുള്ള ജീവിതമാണ്‌ സഭാമക്കള്‍ നയിക്കേണ്ടത്‌, എപ്രകാരം നോമ്പ്‌ അനുഷ്ഠിച്ച്‌ ഉയിര്‍പ്പുതിരുനാളിനൊരുങ്ങാം, എന്നൊക്കെ നോമ്പുകാലത്തെ പ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും വ്യക്തമാണ്‌. അതായത്‌ എപ്രകാരമുള്ള ജീവിതമാണ്‌ നോമ്പുകാലത്ത്‌ നയിക്കേണ്ടതെന്ന്‌ അഞ്ചു പ്രധാന കാര്യങ്ങളിലൂന്നി, നോമ്പുകാല യാമപ്രാര്‍ത്ഥനകളിലൂടെ സഭ നിര്‍ദേശിക്കുന്നു. അവയുടെ ആഴത്തിലുള്ളതല്ലെങ്കിലും ലളിതമായ ഒരു വിശകലനമാണിവിടെ നല്‍കുന്നത്‌.

1. തിന്മ വിട്ടൊഴിഞ്ഞ്‌ നന്മ ചെയ്യുക (ഓനീസാ ദ്‌വാസാര്‍, ഞായര്‍ റംശാ- നോമ്പുകാലം).

സങ്കീര്‍ത്തനങ്ങള്‍ 34/14 ആണ്‌ ഈ പ്രാര്‍ത്ഥനയ്ക്ക്‌ ആധാരം. തിന്മയില്‍ നിന്ന്‌ ഒഴിവായി നന്മ ചെയ്യേണ്ടവരാണ്‌ വിശ്വാസികള്‍ എന്ന്‌ സഭ ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. സ്നേഹത്തിന്റെ കല്പനയുടെ ലംഘനമാണ്‌ തിന്മ (ഓനീസാ ദ്‌റംശാ - തിങ്കള്‍). കല്പനകളുടെ ലംഘനമാണ്‌ പാപമെന്ന ധ്യാനത്തോടൊപ്പം, വര്‍ജ്ജിക്കേണ്ട തിന്മകളേതെല്ലാമാണെന്ന സൂചനയും നോമ്പുകാല പ്രാര്‍ത്ഥനകളിലുണ്ട്‌. അതില്‍ ഒന്നാമത്തേതാണ്‌ ദ്രവ്യാഗ്രഹം; എന്തെന്നാല്‍ സകല പാപങ്ങളുടെയും മൂലം ദ്രവ്യാഗ്രഹമാണ്‌ (ഓനീസാ ദക്ക്ദം - ഞായര്‍ റംശാ). പലതരം വ്യാമോഹങ്ങള്‍ തിന്മയ്ക്ക്‌ കാരണമാകുന്നു (1 തിമോ: 6/10). ഉപേക്ഷിക്കേണ്ട തിന്മകളുടെ ഒരു ലിസ്റ്റ്‌ നോമ്പുകാലം ഒന്നാം ഞായര്‍ ലേഖനത്തില്‍ നാം കണ്ടതാണ്‌ (എഫേ: 4/25). അസത്യം, കോപം, മോഷണം, ദുഷിച്ച സംസാരം, റൂഹാദക്കുദ്ശായെ വേദനിപ്പിയ്ക്കല്‍, ക്രോധം, കലഹം, ദൂഷണം തുടങ്ങിയ തിന്മകളെല്ലാം വര്‍ജ്ജിക്കണമെന്നും പരസ്പരം ദയയും കരുണയുമുള്ളവരായിരിക്കണമെന്നും മാര്‍ പൗലോസ്‌ ഉപദേശിക്കുന്നു. വിട്ടൊഴിയേണ്ട തിന്മകള്‍ ഏവയെന്ന്‌ മാര്‍ യാക്കോവും തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. യാക്കോ: 4/11-12 സഹോദരനെതിരായി സംസാരിക്കരുത്‌. യാക്കോ: 3/ നാവിനെ കെട്ടഴിച്ച്‌ വിടരുത്‌, നിയന്ത്രിക്കണം. യാക്കോ: 2/ പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കണം. നോമ്പിന്റെ സാരം ഭോജ്യങ്ങള്‍ വെടിയുക മാത്രമല്ല, കോപവും, അസൂയയുമെല്ലാം ഉപവാസത്താല്‍ വെടിയണം (ഓനീസ ദ്‌വാസാര്‍, ഞായര്‍ - റംശാ). കര്‍മ്മങ്ങള്‍ നീതി നിറഞ്ഞതാകണം (ഓനീസാ ദ്‌വാസാര്‍, ഞായര്‍ - റംശാ). അഹങ്കാരവും അഹംഭാവവുമാണ്‌ പാപത്തില്‍ വീഴാന്‍ കാരണമെന്നും (ഓനീസാ ദ്‌റംശാ, ചൊവ്വാ), അഹങ്കാരത്താല്‍ ഭോഷനായിതീര്‍ന്ന എന്നോട്‌ കരുണയുണ്ടാകണമെന്നും (ചൊവ്വാ, ലെലിയാ - കാറോസൂസാ). വിശ്വാസി പ്രാര്‍ത്ഥിക്കുന്നു.

2. ഉണര്‍ന്ന്‌ പ്രാര്‍ത്ഥിക്കുക.


ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കാനുള്ള ഉദ്ബോധനമണ്‌ ചൊവ്വാ റംശായിലുള്ളത്‌ (ഓനീസാ ദക്ക്ദം). ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കനുള്ള നിര്‍ദ്ദേശം ഗത്സമനിയില്‍ വച്ച്‌ കര്‍ത്താവ്‌ ശ്ലീഹന്മാര്‍ക്ക്‌ നല്‍കുന്നുണ്ട്‌ (ലൂക്കാ:22/46). ഉത്സാഹത്തോടെ പ്രാര്‍ത്ഥിക്കാന്‍ ദൈവകൃ‍പ ആവശ്യമാണ്‌. ഈ കൃ‍പയ്ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്‌ ഞായര്‍ ലെലിയാ കാറോസൂസായില്‍ ഉള്ളത്‌. പ്രാര്‍ത്ഥനയുടെ ശക്തിയും (ലൂക്കാ:11), നിരന്തര പ്രാര്‍ത്ഥനയുടെ ആവശ്യകതയും (ലൂക്കാ:18) വേദപുസ്തകത്തിലെ പ്രധാന വിഷയങ്ങളാണ്‌. കൃ‍തജ്ഞതാ നിര്‍ഭരരായി ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കാന്‍ മാര്‍ പൗലോസ്‌ ഉദ്ബോധിപ്പിക്കുന്നുണ്ട്‌ (കൊളൊ:4/12). ചെടി നട്ടുവളര്‍ത്തുന്നതു പോലെയാണ പ്രാര്‍ത്ഥനാ ചൈതന്യം വളര്‍ത്തേണ്ടതെന്നും (ഓനീസാ ദക്ക്ദം, ചൊവ്വാ - റംശാ), ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയെ ദൈവസന്നിധിയിലെത്തുകയുള്ളുവെന്നും (ഓനീസാ ദക്ക്ദം, തിങ്കള്‍ റംശാ) നോമ്പുകാല പ്രാര്‍ത്ഥനകളില്‍ കാണാം. എന്തിനൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കണം (നോമ്പുകാല പ്രത്യേക കാറോസൂസാ) എന്നതോടൊപ്പം, പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ എന്ന മനോഹരമായ കാറോസൂസായും (ശനി ലെലിയാ - കാറോസൂസാ) നോമ്പുകാല യാമപ്രാര്‍ത്ഥനകളിലെ പ്രത്യേകതകളാണ്.

3. അലസത വെടിഞ്ഞ്‌ ജാഗ്രതയുള്ളവരാകുക.

വിശ്വാസജീവിതത്തില്‍ പലപ്പോഴുമുണ്ടാകുന്ന കോട്ടമാണ് അലസത. അലസത വെടിഞ്ഞ്‌ അഗതികളെ സ്നേഹിക്കണമെന്നും (തെശ്ബൊഹത്താ, വ്യാഴം - ലെലിയാ), അലസത വെടിഞ്ഞ്‌ ജാഗരൂകരായാല്‍ മാത്രമെ പ്രത്യാശാദി ഫലങ്ങള്‍ നേടു എന്നും (തെശ്ബൊഹത്താ, ഞായര്‍ - ലെലിയാ) നോമ്പുകാല പ്രാര്‍ത്ഥനകള്‍ വ്യക്തമാക്കുന്നു, സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഇടുങ്ങിയതാണ അതിനാല്‍ യാത്രയില്‍ അല്‍പം അജാഗ്രത വന്നാല്‍ യാത്രികന്‍ ലക്ഷ്യസ്ത്ഥാനത്തെത്തില്ല (ഓനീസാ ദറംശാ - തിങ്കള്‍). അദ്ധ്വാനിക്കാന്‍ വിസമ്മതിക്കുന്നതുകൊണ്ട്‌ അലസന്റെ ആഗ്രഹങ്ങള്‍ അവന്റെ മരണകാരണമാകുമെന്ന സുഭാഷിതങ്ങളിലെ (21/25) ചിന്തയോടൊപ്പം; അലസതയിലും, ഞങ്ങളില്‍ നിന്ന് സ്വീകരിച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നുമുള്ള മാര്‍ പൗലോസിന്റെ (2 തെസ: 3/06) നിര്‍ദ്ദേശവും എടുത്തു പറയേണ്ടതാണ. അലസതയാല്‍ താലന്ത്‌ നഷ്ടപ്പെടുത്തുന്ന ഭൃ‍ത്യന്റെ ഉപമ നമുക്ക്‌ സുപരിചിതമാണല്ലോ?. അലസതമൂലം കാലത്തിന്റെ വില അറിയാതെ മന്നില്‍ ഉറക്കം പൂണ്ട്‌ കിടക്കുന്ന മനുജനെ തൊട്ടുണര്‍ത്തുന്ന ഗീതങ്ങളാണ്‌ ചൊവ്വാ റംശായിലുള്ളത്‌ (ഓനീസാ ദക്ക്ദം).

4. പ്രവാചകന്മരുടെ വചനങ്ങള്‍ ഓര്‍മ്മിക്കുക.

വെള്ളിയാഴ്ച ഓനീസാ ദ സപ്രാ
ആരംഭിക്കുക പ്രവാചകന്മാരുടെ വചനങ്ങള്‍ ഓര്‍മ്മിക്കാനുള്ള നിര്‍ദ്ദേശത്തോടെയാണ്‌. വിശുദ്ധ പ്രവാചകന്മാര്‍ മുന്‍പു പറഞ്ഞ വചനങ്ങളും ശ്ലീഹന്മാര്‍ വഴി ഈശോ നല്‍കിയ കലപനയും ഓര്‍മ്മിയ്ക്കണമെന്ന് മാര്‍ പത്രോസ്‌ ഉദ്ബോധിപ്പിക്കുന്നു (2 പത്രോസ്‌: 3/2). പുണ്യവാന്മാരായ പൂര്‍വ്വ പിതാക്കന്മാരുടെ ജീവിതവും വചനങ്ങളും മാതൃ‍കയാക്കാനുള്ള നിര്‍ദ്ദേശമാണിത്‌. വചന വായനയ്ക്കും ധ്യാനത്തിനും നോമ്പുകാലത്ത്‌ കൂടുതല്‍ സമയം കണ്ടെത്തേണ്ടതുണ്ട്‌. ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍ സഭയുടെ ഔദ്യോഗിക പഠനങ്ങള്‍ നല്‍കുമ്പോള്‍ അവ ശ്രവിക്കാനും പാലിക്കാനും നമുക്ക്‌ കടമയുണ്ട്‌. ഗുരുതുല്യരായ മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ മാതൃ‍കയാക്കാനും നോമ്പുകാലത്ത്‌ സധിക്കണം. മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, മുതിര്‍ന്നവര്‍, സഭാശുശ്രുഷയില്‍ നമ്മെ നയിക്കുന്നവര്‍ തുടങ്ങിയവരുടെ വാക്കുകള്‍ ഓര്‍മ്മിക്കുക, പാലിക്കുക എന്നിവ നോമ്പുകാലത്ത്‌ ശീലിക്കേണ്ടതാണ. ഉത്സാഹത്തോടെ ദൈവവചനം ശ്രവിക്കാന്‍ ദൈവകൃ‍പ ആവശ്യമാണ്. ഈ കൃ‍പയ്ക്കുവേണ്ടി ഞായറാഴ്കത്തെ ലെലിയാ കാറോസൂസായില്‍ പ്രാര്‍ത്ഥിക്കുന്നു. പുണ്യപിതാക്കന്മാരുടെ വചനത്തിന്റെ മൂല്യവും, മഹത്ത്വവും കാലത്തിനതീതമണെന്നതിനുള്ള ഉത്തമ തെളിവാണ തോബിത്തിന്റെ ജീവിതം. തോബിത്‌ മകന നല്‍കുന്ന ഉപദേശങ്ങള്‍ (തോബിത്‌: 4/5-10) നോമ്പുകാലത്ത്‌ നസ്രാണി സഭ പ്രാര്‍ത്ഥനാപൂര്‍വ്വം സ്മരിക്കുന്നുണ്ട്‌ (ശൂബാഹാ, വ്യാഴം - ലെലിയാ).

5. അപരാധങ്ങള്‍ റ്റുപറയുക.

നോമ്പുകാലത്ത്‌ ഒഴിചു കൂടാനാവാത്ത ഒരു കാര്യമാണ പാപങ്ങളുടെ അനുസ്മരണവും ഏറ്റു പറച്ചിലും. വെള്ളിയാഴ്ചയിലെ ഓനീസാ ദ റംശായില്‍ "നിന്റെ അപരാധം നീ ഏറ്റുപറയുക" എന്ന നിര്‍ദേശം കാണുന്നു. ചെയ്ത കുട്ടങ്ങള്‍ ഏട്ടുപറയുക രക്ഷയ്ക്കത്യാവശ്യമാണെന്ന് ജറമിയ പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌ (ജറമിയ: 3/13). നോമ്പുകാലത്ത്‌ അത്യന്താപേക്ഷിതമായ അനുരഞ്ഞജന കൂദാശയെക്കുറിചുള്ള ഒര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്‌. പരസ്പരം മറക്കാനും പൊറുക്കാനും; ദൈവത്തോടും പുരോഹിതനോടും തെറ്റുകള്‍ ഏട്ടുപറയാനും സഭ നിര്‍ദ്ദേശിക്കുന്നു. മക്കള്‍ മാതാപിതാക്കളോടും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരവും, ശിഷ്യന്മാര്‍ ഗുരുക്കളോടും, പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവരോടും മാപ്പ്‌ ചോദിക്കട്ടെ. അതോടൊപ്പം വൈദീകര്‍ മെത്രാന്മാരോടും, മെത്രാന്മാര്‍ സഹവൈദീകരോടും ക്ഷമിക്കുകയും, പൊറുക്കുകയും ചെയ്യുമ്പോള്‍ നോമ്പുകാലം അനുഗ്രഹീതമാകും. ഇപ്രകാരം വ്യക്തിജീവിതത്തിനും സമൂഹജീവിതത്തിനും അത്യാവശ്യമായ ധാരാളം നിര്‍ദേശങ്ങള്‍ നോമ്പുകാലത്തെ യാമപ്രാര്‍ത്ഥനകളില്‍ കാണാം. അവയില്‍ കുറച്ചു മാത്രമേ മുകളില്‍ സൂകിപ്പിച്ചിട്ടുള്ളു. വി. ഗ്രന്ഥ ഭാഗങ്ങളും സഭാപിതാക്കന്മാരുടെ പഠനങ്ങളും നിറഞ്ഞ നസ്രാണി സഭയുടെ യാമപ്രാര്‍ത്ഥനകള്‍ ആഴി പോലെ അഗാധമാണ്‌. ഈ ആഴിയില്‍ ജാഗ്രതയോടെ, പ്രാര്‍ത്ഥനാപൂര്‍വ്വം സഞ്ചരിച്ചാല്‍ വിലമതിക്കാനാവാത്ത മുത്തുകളും പവിഴങ്ങളും സുലഭമായി ലഭിക്കും. നോമ്പുകാലത്തിന്റെ ചൈതന്യം പ്രഘോഷിക്കുന്ന ഒരു ഗീതത്തോടുകൂടി ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു.

"പരിപാവനമാമുപവാസത്തിന്‍
പാതയിലൂടെ നടന്നീടാനും
ഉള്‍ക്കളമഴകിലൊരീക്കിടാനും
അപരനു തുണതന്‍ കരമേകാനും
സഹചരെ നിത്യം സേവിപ്പാനും
നാഥാ നീ കൃ‍പ തൂകണമെന്നില്‍"

(ഓനീസാ ദ വാസാലിക്കേ, ഞായര്‍ റംശാ, നോമ്പുകാലം- സീറോ മലബാര്‍ യാമപ്രാര്‍ത്ഥനകള്‍).

ചവറപ്പുഴ ജയിംസചന്‍.

Tuesday, February 15, 2011

അവകാശവും കടമയും

കരവിളക്കു ദിനത്തില്‍ പുല്ലുമേട്‌ ഉണ്ടായ ദുരന്തവും, കുഞ്ഞനുജത്തി സൗമ്യയുടെ നിര്യാണവും 2011- ല്‍ മലയാളികളെ ഏറെ വേദനിപ്പിച്ച രണ്ടു സംഭവങ്ങളാണ്‌. ഇവയിലേയ്ക്കു നയിച്ച കാരണങ്ങളും അവയ്ക്കുള്ള പതിവ്‌ പ്രതിവിധികളും മാധ്യമങ്ങളിലൂടെ ധാരാളം ചര്‍ച്ച ചെയ്യപ്പെടുകയ്യും ചെയ്തു. മാധ്യമ വിചാരണയ്ക്ക്‌ ൈഎസ്‌ ക്രീം, ഇടമലയാര്‍ എന്നിങ്ങനെ പുതിയ വിഷയങ്ങള്‍ ഓരോ പ്രഭാതത്തിലും കിട്ടുന്നതുകൊണ്ട്‌ ദിവസങ്ങള്‍ക്കകം അവ ചെറു കോളങ്ങളില്‍ ഒതുങ്ങി. മനുഷ്യജീവന്‌ ലക്ഷങ്ങളുടെ വില മന്ത്രി സഭ കൂടി തീരുമാനിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതോടുകൂടി ഭരിക്കുന്നവരുടെ ഉത്തരവാദിത്വവും അവസാനിച്ചു. ഈ ദുരന്തങ്ങള്‍ മൂലം ദുരിതത്തിലായ ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും മാത്രം അവ തീരാക്കണ്ണീരായി അവശേഷിക്കുന്നു.
നസ്രാണി പൈതൃകവും പാരമ്പര്യവും ചര്‍ച്ചാ വിഷയമാകുന്ന "മാര്‍ഗ്ഗ"ത്തിന്‌ ഇതിലെന്തു കാര്യം എന്ന്‌ ചിന്തിക്കുന്നവരുണ്ടാകാം. തീര്‍ച്ചയായും കാര്യമുണ്ട്‌. കാരണം സമൂഹത്തിന്റെ വേദന എന്നും നസ്രാണികളുടെയും വേദനയാണ്‌; ആയിരിക്കണം. അവകാശങ്ങളെക്കുറിച്ച്‌ കൂടുതല്‍ ബോധ്യമുള്ളതും അതിനുവേണ്ടി പോരാടുന്നതുമായ ഒരു സമൂഹത്തിലാണ്‌ നാമിന്ന്
ജീവിക്കുന്നത്‌ .

ഡോക്ടര്‍മാരുടെ സമരം, അദ്ധ്യാപക സംഘടനകളുടെ പണിമുടക്ക്‌, സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല പണിമുടക്ക്‌ തുടങ്ങിയവ കേരളത്തില്‍ പതിവാണല്ലോ. അവകാശ സംരക്ഷണത്തിനായി, അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ നേരായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. ‌. പക്ഷെ ഈ അവകാശത്തോട്‌ എപ്പോഴും ചേര്‍ത്തു വയ്ക്കേണ്ട ഒരു കാര്യമാണ്‌ "കടമ". ഒരു പക്ഷെ പലപ്പോഴും മറന്നു പോകുന്നതും വിട്ടുപോകുന്നതുമായ ഒന്നാണ്‌ "കടമ" എന്ന യാഥാര്‍ത്ഥ്യം.
ഭാഗ്യസ്മരണാര്‍ഹനായ 23-ാ‍ം യോഹന്നാന്‍ മാര്‍പാപ്പ PACEM IN TERRIS (PEACE ON EARTH ) എന്ന ചാക്രിക ലേനത്തില്‍ അവകാശത്തെയും കടമയെയും കുറിച്ച്‌ വ്യക്തമായി പറയുന്നുണ്ട്‌. അവകാശവും കടമയും എപ്പോഴും ഒരുമിച്ച്‌ പോകേണ്ടതാണ്‌ എന്നാണ്‌ പാപ്പ പറയുക; ഒരു നാണയതിന്റെ രണ്ടു വശങ്ങള്‍ പോലെ. ഒന്നില്ലെങ്കില്‍ മറ്റേത്‌ അപൂര്‍ണ്ണമാണ്‌. എവിടെ കടമ ചെയ്യാതിരിക്കുന്നുവോ, അവിടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. കടമകള്‍ മറക്കുന്നതുകൊണ്ടോ, നിര്‍വ്വഹിക്കാത്തതുകൊണ്ടോ ആണ്‌ പലപ്പോഴും അവകാശങ്ങള്‍ ഹനിയ്ക്കപ്പെടൂക. ഒരു സമൂഹത്തില്‍ അവകാശങ്ങള്‍ ലഭ്യമല്‍ളാതിരിക്കുന്നുവെങ്കില്‍ അതിന്റെയര്‍ത്ഥം അവിടെ കടമകളുടെ നിര്‍വ്വഹണത്തില്‍ അപാകതകള്‍ ഉണ്ട്‌ എന്നാണ്‌.
പുല്ലുമേട്ട്ടിലെ ദുരന്തത്തിന്റെ കാരണമായി പല വാദഗതികളും ഉയര്‍ന്നുവന്നിട്ടുണ്ട്‌, എങ്കിലും അവിടെ കര്‍ത്തവ്യനിരതരാകേണ്ടിയിരുന്ന ഉദ്യോഗസ്ഥരുടെയും, അവരെ നയിക്കേണ്ടിയിരുന്ന ഭരണകര്‍ത്താക്കളുടെയും ഭരണ നിര്‍വ്വഹണത്തിലെ പാളിച്ചകളാണ്‌ ഈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന്‌ നിസ്സംശയം പറയാം.

ഭഗവാനെ വണങ്ങി മനസ്സുനിറയെ അനുഗ്രഹവും നന്മയുമായി വീടുകളില്‍ മടങ്ങിയെത്തി കുടുംബാംഗങ്ങളോടൊപ്പം ജീവിക്കാനുള്ള ഒരുകൂട്ടം ഭക്തരുടെ ജീവിതാവകാശമാണ്‌ അതിനാല്‍ ഹനിയ്ക്കപ്പെട്ടത്‌. ഇതുമൂലം അനാഥമായതൊ നൂറൂകണക്കിന്‌ കുഞ്ഞുങ്ങളും, ഭാര്യമാരും. ഭര്‍ത്താവിനാല്‍, അപ്പനാല്‍ സംരക്ഷിക്കപ്പെടുക എന്ന അവകാശം ഈ ഭാര്യമാര്‍ക്കും, മക്കള്‍ക്കും നിഷേധിക്കപെട്ടു. ഇതിലേയ്ക്കു നയിച്ചതോ, കാലാകാലങ്ങളില്‍ തങ്ങളുടെ കടമകള്‍ ശരിയാംവണ്ണം നിര്‍വ്വഹിക്കാതിരുന്ന കേരളത്തിലെ ഭരണ ഉദ്യോഗസ്ഥ വൃന്ദം തന്നെ.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ ഒരു തേങ്ങലും വിങ്ങലുമായി സൗമ്യയുടെ നിഷ്കളങ്ക മുഖവും കുടുംബാംഗങ്ങളുടെ കരച്ചിലും നിലനില്‍ക്കുന്നു. സംരക്ഷിക്കപ്പെടുക, ജീവിക്കുക എന്നീ അവകാശങ്ങള്‍ സൗമ്യയ്ക്കു നഷട്പ്പെട്ടത്‌ പലരും തങ്ങളുടെ കടമ നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതു കൊണ്ടാണ്‌. ഇവിടെ ആരൊക്കെയണ്‌ കടമകള്‍ മറന്നത്‌; ട്രെയിനുകളിലെ വനിതാ കംബാര്‍ട്ടുമെന്റ്‌ നടുവിലേയ്ക്കു മാറ്റണം എന്ന നിര്‍ദേശ്ശം നടപ്പിലാക്കാതിരുന്ന റയില്‍വേ ഉദ്വോഗസ്ഥര്‍, ഇത്രയേറെ സ്ത്രീ യാത്രക്കാര്‍ രാത്രിയില്‍ യാത്ര ചെയ്യൂന്ന ട്രെയിനില്‍ ആവശ്യത്തിന്‌ സുരക്ഷാ ഉദ്വോഗസ്ഥരെ നിയമിക്കാതിരുന്ന മേലധികാരികള്‍, ട്രെയിനില്‍ നിന്ന്‌ ആരോ തഴേയ്ക്കു പതിക്കുന്നതു കണ്ട്‌ ചങ്ങല വലിയ്ക്കാന്‍ സഹായം തേടിയ ചെറുപ്പക്കാരനെ നിരുത്സാഹപ്പെടുത്തിയ "മാന്യയാത്രക്കാര്‍". ഇവരൊക്കെ തങ്ങള്‍ ചെയ്യേണ്ട കടമകള്‍ ചെയ്യാതിരുന്നപ്പോള്‍ സൗമ്യ എന്ന പെണ്‍കുട്ടിയ്ക്ക്‌ നഷ്ട്ടപ്പെട്ടത്‌ ജീവിക്കാനുള്ള അടിസ്ഥാന അവകാശമാണ്‌. മകളൊടൊപ്പം ജീവിയ്ക്കാനും, സഹോദരിയുടെ നല്‍ള ഭാവി കാണാനുമുള്ള അവകാശങ്ങള്‍ സൗമ്യയുടെ മാതാപിതാക്കള്‍ക്കും സഹോദരനും നിഷേധിയ്ക്കപ്പെട്ടു.

ഇനി സഭയുടെ കര്യത്തിലേയ്ക്ക്‌ വരാം. കേരളസഭ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവകാശ സംരക്ഷണത്തിനായി ഏറെ കഷ്ടപ്പെടുന്നുണ്ട്‌. ജനങ്ങളെ അവകാശങ്ങളെക്കുറിച്ച്‌ ബോധമുള്ളവരാക്കനുള്ള ആത്മാര്‍ത്ഥശ്രമവും നടക്കുന്നുണ്ട്‌. പക്ഷെ ഇതോടൊപ്പം കടമ നിര്‍വ്വഹണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധ്യം നല്‍കേണ്ടതാണ്‌. ന്യൂനപക്ഷ അവകാശ സെമിനാറുകളും, റാലികളും നടത്തുമ്പോള്‍, ന്യൂനപക്ഷങ്ങളുടെ കടമകളും ഓര്‍മ്മിപ്പിക്കണം. നമ്മള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നവരും പഠിച്ചിറങ്ങുന്നവരും വ്യക്തി ജീവിതത്തിലും, സമൂഹജീവിതത്തിലും കടമ നിര്‍വ്വഹണത്തിന്റെ നല്‍ള മാതൃകകള്‍ ആകുന്നുണ്ടോ?. കടമ നിര്‍വ്വഹണത്തിലൂടെ അനേകരുടെ അവകാശങ്ങള്‍ അവര്‍ സംരക്ഷിക്കുന്നുണ്ടോ?. വിലയിരുത്തപ്പെടേണ്ട ഒരു സംഗതിയാണിത്‌.

മദ്യം നിരോധിക്കപ്പെടുക എന്നത്‌ സമൂഹത്തിന്റെ അവകാശമായി പ്രസ്താവനകള്‍ ഉയരുമ്പോള്‍, സഭാമക്കള്‍ത്തന്നെ മദ്യത്തെ അസാധാരണമാം വിധം പുണരുന്ന പ്രവണത ഉണ്ടാകുന്നതെന്തെ എന്ന്‌ ചിന്തിക്കേണ്ടതല്‍ളേ?. ആഘോഷങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും മദ്യം മേന്‍പൊടിയായി സഭാമക്കളില്‍ ചിലര്‍ ഉപയോഗിക്കുമ്പോള്‍, സര്‍ക്കാരിനെ മാത്രം കുറ്റം പറയുന്നതു കൊണ്ട്‌ കാര്യമുണ്ടോ?. "അവിശ്വാസികള്‍" എന്നു മുദ്രകുത്തപ്പെടുന്നവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും അവര്‍ക്ക്‌ വോട്ട്‌ നിഷേധിക്കണമെന്നുമുള്ള ചിന്തകള്‍ ഉയരുമ്പോള്‍ തന്നെ "വിശ്വാസികള്‍ എന്ന വിശേഷണമുള്ളവര്‍ നടത്തുന്ന കടമ നിര്‍വ്വഹണങ്ങളും വിലയിരുത്തേണ്ടതല്‍ളേ?.

ഓരോ വ്യക്തിയ്ക്കും ധാരാളം കടമകള്‍ നിര്‍വ്വഹിയ്ക്കേണ്ടതുണ്ട്‌. അതുവഴി ഒരു തലമുറയുടെ അവകശങ്ങളാണ്‌ സംരക്ഷിക്കപ്പെടുക. കടമ നിര്‍വ്വഹണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ കൂടുതല്‍ ബോധ്യങ്ങള്‍ നല്‍കണം. മാതാപിതാക്കള്‍ കടമ നിര്‍വ്വഹിയ്ക്കുമ്പോള്‍ മക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. അതുപോലെ മക്കള്‍ കടമ നിര്‍വ്വഹിക്കുമ്പോള്‍ മാതാപിതാക്കളുടെയും. ഒരു പുരോഹിതനും വിദ്യാര്‍ത്ഥിയുമെന്ന നിലയിലുള്ള എന്റെ കടമകള്‍ ഞാന്‍ ചെയ്യാതിരുന്നാല്‍ സഭയുടെയും സമൂഹത്തിന്റെയും അവകശമാണ്‌ ഹനിയ്ക്കപ്പെടുക. വികാരിയച്ചന്‍ കടമ നിര്‍വ്വഹിക്കുമ്പോള്‍ ഇടവകക്കാരുടെ മുഴുവന്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ന്യായാധിപന്മാര്‍ കടമ മറന്നാല്‍ സമൂഹത്തില്‍ അവകാശ ലംഘനങ്ങള്‍ ധാരാളം ഉണ്ടാകും. മേല്‍പ്പട്ടക്കാര്‍ കടമകള്‍ ശരിയാം വണ്ണം കടമ നിര്‍വഹിക്കുമ്പോള്‍ സഭയുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.

നമ്മുടെയൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി കടമ നിര്‍വ്വഹണതിന്റെ പ്രാധാന്യം കുഞ്ഞുങ്ങള്‍ക്കു നല്‍കണം. ഉദാഹരണത്തിന്‌ പ്രകൃതിയോട്‌ നമ്മുക്ക്‌ ചില കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്‌; പ്ലാസ്റ്റിക്കുപയോഗം കുറയ്ക്കല്‍, മാലിന്യ സംസ്കരണം, വിഷ മരുന്നുകളും രാസ വളങ്ങളും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാതിരിക്കല്‍ ഇവയൊക്കെ പ്രകൃതിയോടൂള്ള നമ്മുടെ കടമയാണ്‌. ഈ കടമകള്‍ നിര്‍വ്വഹിക്കുക വഴി സഹജീവികളുടെ അവകാശത്തെയാണ്‌ നാം സംരക്ഷിക്കുക. ഇതിന്‌ കോട്ടം വരുമ്പോഴാണ്‌ "എന്‍ഡോസള്‍ഫാന്‍" പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുക. ഈ കടമ നിര്‍വ്വഹണത്തെകുറിച്ചൊക്കെ നമ്മുടെ കുഞ്ഞുങ്ങളെ നാം ബോധവാന്മാരാക്കേണ്ടതാണ്‌. അതിന്‌ ഏറ്റവും നല്‍ള മാതൃക നാം തന്നെ ആ കടമകള്‍ നിര്‍വ്വഹിക്കുക എന്നതാണ്‌.

ഇതിനൊക്കെ എവിടെയെങ്കിലും കുറവോ അലംഭാവമോ ഉണ്ടായാല്‍ അവകാശ ലംഘനങ്ങളുടെ ഒരു നിര തന്നെ രൂപപ്പെടൂം. അതുപോലെ മറ്റുള്ളവരുടെ കടമകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതും ശരിയായ പ്രവണതയല്‍ള. ഉദാഹരണത്തിന്‌ ന്യായമായ ശിക്ഷാവിധി നടത്താനുള്ള ന്യായാധിപന്റെ കടമ പൊതുജനം ഏറ്റെടുത്താല്‍ അവകാശ ലംഘനങ്ങളുണ്ടാകും. രാഷ്ട്രീയക്കാര്‍ നിര്‍വ്വഹിയ്ക്കേണ്ട കടമ നിര്‍വ്വഹിയ്ക്കാന്‍ പുരോഹിതന്‍ ഇറങ്ങിയാല്‍ ശരിയാകുമോ?. ബിസിനസ്സ്‌ നടത്തുന്നവരുടെ ""'"കടമകള്‍" സന്ന്യാസികള്‍ ഏറ്റെടുത്താല്‍ സമൂഹത്തില്‍ മൂല്യച്യുതിയുണ്ടാകും.

അതുകൊണ്ട്‌ ചെറുതെന്ന്‌ തോന്നുമെങ്കിലും വളരെ പ്രധാനപെട്ട രണ്ട്‌ വാക്കുകളാണ്‌ അവകാശവും, കടമയും. കാരണം ധാരാളം കടമകകളുടെ ഒരു നിര്‍വ്വഹണമാണ്‌ മനുഷ്യജീവിതം. കടമ നിര്‍വ്വഹിച്ച്‌ അവകാശം സംരക്ഷിക്കുകയാണു നാം ചെയ്യേണ്ടത്‌. നാം നമ്മുടെ കടമ മറക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യുമ്പോള്‍ നാം മൂലം അവകാശങ്ങള്‍ നിഷേധിയ്ക്കപ്പെടുന്നവര്‍ സമൂഹത്തില്‍ ഉണ്ടാകുന്നു എന്ന ചിന്ത നമ്മെ നയിക്കട്ടെ.

ചവറപ്പുഴ ജയിംസച്ചന്‍