Tuesday, May 17, 2011

വലിയ മേല്‍പ്പട്ടക്കാരന്‍

മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വലിയ മേല്‍പ്പട്ടക്കാരനെ തിരഞ്ഞെടുക്കാനുള്ള സൂനഹദോസ്‌ മെയ്‌ 23 മുതല്‍ കാക്കനാട്ട്‌ മാര്‍ത്തോമ്മാക്കുന്നില്‍ സമ്മേളിക്കുകയാണ്‌. റൂഹാദക്കുദ്ശായുടെ നിറവില്‍ ഉചിതമായ തീരുമാനമെടുക്കുവാന്‍ മെത്രാന്മാരെ ശക്തിപ്പെടുത്തണമെയെന്ന് പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്‌. പ്രത്യയശാസ്ത്രങ്ങളോ, പ്രാദേശികവാദമോ, ഗ്രൂപ്പിസമോ, ഒന്നും മെത്രാന്മാരുടെ തീരുമാനത്തെ സ്വാധീനിക്കരുതെയെന്ന് പ്രാര്‍ത്ഥിക്കാം. കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മെത്രാപ്പോലീത്തായെ പോലെ, പാറേമാക്കല്‍ തോമ്മാ കത്തനാരെപോലെ, നിധീരിക്കല്‍ മാണിക്കത്തനാരെപോലെ, പ്ലാസിഡച്ചനെപ്പോലെ, നസ്രാണികളെ ധീരമായി മുമ്പോട്ടു നയിക്കാന്‍, നസ്രാണി സഭയുടെ വ്യക്തിത്വവും തനിമയും നിലനിര്‍ത്താന്‍, വിശുദ്ധിയും വിജ്ഞാനവും വിവേകവും പക്വതയും ലാളിത്യവും ധീരതയുമുള്ള വലിയ പിതാവിനെ നല്‍കണേ എന്നായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന.സഭയെക്കുറിച്ച്‌ കാണുന്ന ചില നല്ല സ്വപ്നങ്ങള്‍ സമാന ചിന്തയുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ പല നൂതനാശയങ്ങളും ഉരുത്തിരിയുന്നുണ്ട്‌. അവയൊക്കെ എന്നെങ്കിലും ഫലമണിയും എന്ന പ്രത്യാശയാണ് ആശ്വാസകരമായിട്ടുള്ളത്‌. ഇപ്രകാരം, മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വലിയ മേല്‍പ്പട്ടക്കാരനെക്കുറിച്ച്‌ ഉയിര്‍ന്നുവന്ന ചില ചിന്തകള്‍ തഴെ കുറിക്കട്ടെ.

1. പേര്‌ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. ഓരോ വ്യക്തിയ്ക്കും സ്ഥലത്തിനും വസ്തുവിനും പേര്‌ ഉണ്ട്‌. പേര്‌ നിലനില്‍പ്പിന്റെ സൂചനയാണ്. പേര്‌ അഥവാ നാമം എന്നത്‌ ഒരാളെ തിരിച്ചറിയാനുള്ള സൂചന മാത്രമല്ല പ്രത്യുത അയാളുടെ അത്യന്താപേക്ഷിതമായ അടിസ്ഥാന സ്വഭാവത്തിന്റെ സൂചന കൂടിയാണ്. അതുകൊണ്ടാണ് പേരിടീല്‍ എന്നൊരു ചടങ്ങുപോലും
ഹൈന്ദവ സഹോദരന്മാര്‍ക്കുള്ളത്‌. മാമ്മോദീസാ നല്‍കുമ്പോള്‍ അര്‍ത്ഥിക്ക്‌ പുതിയ പേര്‌ നല്‍കുന്നതും പേരിന്‌ പ്രാധാന്യം ഉള്ളതുകൊണ്ടാണ്. പേര്‌ മാറ്റി പറഞ്ഞാല്‍, സര്‍ട്ടിഫിക്കട്ടിലോ മറ്റോ
പേര്‌ മാറ്റി എഴുതപ്പെട്ടാല്‍ തിരുത്തിക്കിട്ടാന്‍ നാം കഷ്ടപ്പെ
ടാറുണ്ട്‌. കാരണം വ്യക്തിത്വമില്ലാത്ത പേരുകളില്‍ അറിയപ്പെടാനോ നിലനില്‍ക്കാനോ ആരും ആഗ്രഹിക്കുന്നില്ല.

പേരിനെക്കുറിച്ച്‌ ഇത്രയും പറഞ്ഞത്‌ മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വലിയ മേല്‍പ്പട്ടക്കാരന്റെ പേരിനെ സൂകിപ്പിക്കാനാണ്. തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ തന്റെ പേരിനൊടൊപ്പം തോമ്മാ എന്ന പേരു കൂടി ചേര്‍ക്കണം എന്നത്‌ ഒരു വലിയ സ്വപ്നമാണ്. നസ്രാണി സഭയുടെ വലിയ പിതാവ്‌ മാര്‍ത്തോമ്മാശ്ലീഹായുടെ പിന്‍ഗാമിയുമാണ് . മാര്‍ത്തോമായുടെ പേര്‌ വഹിക്കാന്‍ അദ്ദേഹം യോഗ്യനും കടപ്പെട്ടവനുമാണ്. യഥാര്‍ത്ഥത്തില്‍ മെത്രാന്‍
പട്ടം സ്വീകരിക്കുന്നതൊടൊപ്പം പുതിയ പേരും സ്വീകരിക്കുക എന്നത്‌ പൗരസ്ത്യ പാരമ്പര്യമാണ്. പക്ഷെ നമ്മുടെ സഭയില്‍ പ്രസ്തുത പാരമ്പര്യം നഷ്ടമായി. നമ്മുടെ സഹോദരീ സഭകളില്‍ പലതിലും ഈ പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നു. പ്രത്യേക വിളി ലഭിക്കുമ്പോള്‍ പേര്‌ മാറുന്ന രീതി വി. ഗ്രന്ഥത്തില്‍ കാണാം.

ഉദാഹരണത്തിന്‌, അബ്രാം എന്ന പേര്‌ അബ്രാഹം എന്നും (ഉല്‍.17/5) സാറായി എന്നത്‌ സാറാ എന്നും (ഉല്‍. 17/15) മാട്ടണമെന്ന് ദൈവം നിര്‍ദ്ദേശിക്കുന്നു. അതുപോലെ യക്കോവ്‌ പിതാവ്‌ ഇസ്രായേല്‍ എന്ന് വിളിക്കപ്പെടുന്നത്‌ ഉല്‍പത്തി 32/28-ല്‍ കാണാം. യോനായുടെ പുത്രനായ ശിമയോനെ കേപ്പാ എന്ന് ഈശോ വിളിക്കുന്നത്‌ പുതിയ നിയമത്തില്‍ വ്യക്തമാണ്‌ (മത്താ.16/17) അതുകൊണ്ട്‌ നമ്മുക്ക്‌ നഷ്ടപ്പെട്ട പാരമ്പര്യം വലിയ മേല്‍പ്പട്ടക്കാരനിലൂടെ തിരികെ കൊണ്ടുവരണം. അതായത്‌ ജോസഫ്‌ എന്ന പേരുള്ളയാള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ യൗസേപ്പ്‌
മാര്‍ത്തോമ്മാ എന്നും, മാത്യൂ എന്ന പേരുള്ളയാള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മത്തായി മാര്‍ത്തോമ്മാ എന്നും ജോര്‍ജ്‌/വര്‍ഗ്ഗീസ്‌ എന്ന പേരുള്ളയാള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗീവറുഗ്ഗീസ്‌ മാര്‍ത്തോമ്മാ എന്നും മാറ്റാവുന്നതാണ്‌. ഉദാഹരണമായി ചില പേരുകള്‍ ചൂണ്ടികാണിച്ചു എന്നേ ഉള്ളു.

2. നമ്മുടെ സഭാതലവന്‍ യഥാത്ഥത്തില്‍ അറിയപ്പെടേണ്ടത്‌ ഇന്ത്യ മുഴുവന്റെയും പിതാവും കവാടവുമെന്നാണ്‌. അതായത്‌ ഇന്ത്യയുടെ കാസോലിക്കാ ബാവ അല്ലെങ്കില്‍ ഇന്ത്യയുടെ പാത്രിയാര്‍ക്കീസ്‌ ബാവ. കസോലിക്കാ ബാവാ എന്ന പേരാണ്‌ പൗരസ്ത്യ
സുറിയാനി പാരമ്പര്യത്തിന്‌ ഏറെ അനുയോജ്യമായിട്ടുള്ളത്‌. പക്ഷെ നമ്മുടെ സഹോദരീ സഭകള്‍ പലതും കാതോലിയ്ക്കാ എന്ന പദം ഉപയോഗിക്കുന്നതുകൊണ്ട്‌ പാത്രിയാര്‍ക്കീസ്‌ ബാവ എന്ന പദം ഉപയോഗിക്കുന്നതാവും ഉചിതം. വത്തിക്കാന്‍ ഈ പദവി നമ്മുക്ക്‌ പുനരുദ്ധരിച്ച്‌ നല്‍കുന്നതുവരെ കാത്തിരിക്കണം എന്ന അഭിപ്രായം എനിക്കില്ല. അപ്പനെ സ്നേഹത്തോടെ എന്ത്‌ പേര്‌ വിളിക്കണം എന്ന് തീരുമാനിക്കേണ്ടത്‌ മക്കളാണ്‌. നമ്മുടെ വലിയ പിതാവ്‌ നമ്മുടെ അപ്പനാണ്‌. അദ്ദേഹത്തെ ഇന്ത്യ മുഴുവന്റെയും പാത്രിയാര്‍ക്കിസ്‌ ബാവ എന്ന് നാം അഭിസംബോധന ചെയ്തു തുടങ്ങണം.


3. വലിയ മേല്‍പ്പട്ടക്കാരന്‍ ആരാധനക്രമാനുഷ്ഠാനങ്ങള്‍ക്കുപയോഗിക്കുന്ന കിരീടം കുറേകൂടി മനോഹരവും സഭയുടെ ആഢ്യത്വം പ്രകടിപ്പിക്കുന്നതും ആയിരിക്ക
ണം. അതായത്‌ സഭയുടെ ആരാധനക്രമ ശുശ്രൂഷകള്‍ക്ക്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്‌ സഭാ തലവനാണ്‌. അദ്ദേഹത്തിന്റെ കിരീടം ആ പദവിയ്ക്ക്‌ അനുസൃതമായി വ്യത്യസ്തതയും വ്യക്തിത്വവും പ്രകടിപ്പിക്കുന്നതാകണം. ഇതൊക്കെ ലാളിത്യത്തിനെതിരാണെന്ന് പലരും കരുതിയേക്കാം. മെത്രാന്മാരും വലിയ മേല്‍പ്പട്ടക്കാരും ലാളിത്യം കാണിക്കേണ്ടത്‌ ആരാധനക്രമാനുഷ്ഠാനത്തിലല്ല; പ്രത്യുത സ്വകാര്യ ജീവിതത്തിലാണ്‌. ആരാധനക്രമം അഘോഷമാണ്‌ അത്‌ പരികര്‍മ്മം ചെയ്യുമ്പോള്‍ നമ്മുടെ സഭാ തലവന്‍ മനോഹരമായ ഒരു കിരീടം ധരിയ്ക്കണം. എന്നു കരുതുന്നതില്‍ എന്താണ്‌ തെറ്റ്‌?

4. പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച്‌ മെത്രാന്മാര്‍ കൈസ്ലീവ ധരിക്കുന്നവരാണ്‌.
ആരാധനക്രമം പരികര്‍മ്മം ചെയ്യുമ്പോള്‍ ഇത്‌ നിര്‍ബന്ധവുമാണ്‌. നമ്മുടെ സഭാ തലവന്‍ ആരാധനാക്രമാനുഷ്ഠാനങ്ങള്‍ക്ക്‌ കൈസ്ലീവാ ഉപയോഗിക്കുന്ന ഒരു കാലം വിദൂരമല്ല എന്നു കരുതട്ടെ.

5. അംശവടി ആത്മീയാധികാരത്തിന്റെയും ശുശ്രൂഷയുടെയും പ്രതീകമാണ്‌.
വലിയ മേല്‍പ്പട്ടക്കാരനു വേണ്ടി മാത്രം നമ്മുടെ സഭാ തനിമയോട്‌ ചേര്‍ന്ന് നില്‍ക്കുന്ന ഒരു അംശവടി രൂപകല്‍പ്പന ചെയ്യുക. ഇത്‌ തലമുറ തലമുറയായി വലിയ പിതാക്കന്മാര്‍ക്ക്‌ കൈമാറ്റി ചെയ്യപ്പെടേണ്ടതുമാണ്‌. ഇവിടെയും ലാളിത്യത്തിന്‌ വേണ്ടി ഒരു സ്റ്റീല്‍ വളച്ചു വയ്ക്കുന്നത്‌ ഉചിതമെന്ന് തോന്നുന്നില്ല.6. സഭാ തലവനെക്കാളും വലിയ പദവിയാണ് "കര്‍ദ്ദിനാള്‍" എന്ന് പലരും ധരിക്കുന്നുണ്ട്‌. എന്നാല്‍ നമ്മുടെ സഭയില്‍ അതല്ല യാഥാര്‍ത്ഥ്യം. സഭാതലവന്മാരുടെ മുന്‍പില്‍ കര്‍ദ്ദിനാള്‍ പദവി ഒന്നുമല്ല. പൗരസ്ത്യ സഭകളെ സംബന്ധിച്ചിടത്തോളം കര്‍ദ്ദിനാള്‍ പദവി ആവശ്യമുള്ളതുമല്ല. വലിയ മേല്‍പ്പട്ടക്കാരന്‍ കര്‍ദ്ദിനാള്‍ പദവി സ്നേഹത്തോടെ നിരസിക്കുന്നതാണ് കരണീയമായിട്ടുള്ളത്‌. എന്നാല്‍ ഇക്കാലഘട്ടത്തിലെ പ്രത്യേക സഭാ സാഹചര്യത്തില്‍ അത്‌ ഒരു പക്ഷെ ഉടന്‍ സാധ്യമായെന്ന് വരില്ല, എങ്കിലും കര്‍ദ്ദിനാളിന്റെ ഔദ്യോഗിക വസ്ത്രങ്ങള്‍ അല്ല സഭാ തലവന്‍ ധരിയ്ക്കേണ്ടത്‌; പ്രത്യുത മാര്‍ത്തോമാ നസ്രാണി സഭയുടെ വലിയ മേല്‍പ്പട്ടക്കാരന്റെയാണ്. അതൊരു കുറവല്ല പിന്നെയോ തനിമയാണ് സൂചിപ്പിക്കുക. ലത്തീന്‍ മെത്രാന്മാരോടും കര്‍ദ്ദിനാളന്മാരൊടുമൊപ്പം നില്‍ക്കുമ്പോള്‍ നമ്മുടെ സഭാ തലവന്‍ മാര്‍ത്തോമ്മാ നസ്രാണി സഭയെന്ന പൗരസ്ത്യ സഭയുടെ തലവനും പിതാവുമാണെന്ന് തിരിച്ചറിയപ്പെടണം എന്ന ഒരു എളിയ ആഗ്രഹമാണിതിന്‌ പിന്നില്‍.

7. 1999- നവംബര്‍ മാസം കൂടിയ സൂനഹദോസില്‍ കുര്‍ബാന അര്‍പ്പണത്തെ സംബന്ധിച്ചെടുത്ത തീരുമാനങ്ങള്‍ പാലിയ്ക്കുവാനും പാലിപ്പിക്കുവാനും സഭാ തലവന്‍ മുന്‍കൈ എടുക്കണം എന്നത്‌ ഒരു വലിയ ആഗ്രഹവും സ്വപ്നവുമാണ്‌. സൂനഹദോസ്‌ തീരുമാനങ്ങള്‍ പാലിചുകൊണ്ട്‌ മട്ടുള്ളവരെ പാലിയ്ക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു വലിയ മേല്‍പ്പട്ടക്കാരന്‍ ഉണ്ടാവണം.
മാര്‍ത്തോമ്മാ നസ്രാണി സഭയുടെ തലവനും പിതാവുമായ വലിയ മേല്‍പ്പട്ടക്കാരനെക്കുറിച്ചുള്ള ചില സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്‌ ഇവിടെ കുറിച്ചത്‌. സ്വപ്നങ്ങള്‍ കാണാന്‍ ആര്‍ക്കും അവകാശം ഉണ്ടല്ലോ. അത്‌ പ്രാവര്‍ത്തികമാകും എന്ന് പ്രത്യാശിക്കാനും. അതു മാത്രമെ ഇവിടെ ചെയ്തുള്ളു. വളരെ ചെറിയ ചെറിയ കാര്യങ്ങളായി ഇതിനെ പലര്‍ക്കും തോന്നിയേക്കാം. പക്ഷെ ചെറുതും പ്രധാനമാണല്ലോ. സഭയുടെ തനിമയും വ്യക്തിത്വവും പ്രഘോഷിക്കുന്നത്‌ ലാളിത്യത്തിന്‌ എതിരൊന്നുമല്ല. ചെറുതെങ്കിലും വലിയ ഈ കാര്യങ്ങള്‍ക്കൂടി യാഥാര്‍ത്ഥ്യമാകുമ്പോഴാണ്‌ സഭയുടെ തനിമ പൂര്‍ണ്ണമാവുക. അത്‌ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു.

ഈശോയില്‍ സ്നേഹപൂര്‍വ്വം
ചവറപ്പുഴ ജയിംസച്ചന്‍.

11 comments:

 1. good writing.. we can pray for a good powerful head for syro-malabar church, for the service of Jesus Christ.

  ReplyDelete
 2. acha very good. i too join u with my prayers

  ReplyDelete
 3. അച്ചന്റെ ആഗ്രഹങ്ങളിലും പ്രാർത്ഥനയിലും ഞാനും പങ്കുചേരുന്നു.

  ReplyDelete
 4. Truly relevant post Achaa..

  ReplyDelete
 5. I fully agree with the views expressed by Rev. Fr James. Especially, his opinion about the Cardinal status. I also think, the Father and Head of the Syro Malabar Church should not accept the title of the Cardinal. If the Roman Curia wants us to have a Cardinal, let it be another Bishop, not our Father and Head.

  The Father and head of our church should be called Patriarch. Traditionally, he was called the Gate of India. As Fr James has commented, we do not need an approval from anyone to call our Father, a Patriarch.

  I think many people in our church still think that Cardinal status is something greater than the Major Arch Bishop status! I feel pity on Rev Fr Paul Thelakkattu, the official spokesperson for Syro Malabar Church, seeing him on the TV, informing the public through a press conference , "Our Cardinal has passed away"!

  I think we need a clergy with self respect and an awareness on the identity of our mother church.

  ReplyDelete
 6. I appreciate the article and the concerns. What do you say about adding numbers with Marthoma. Because for the future we will need numbers. But we start numbering from one, a confusion could be there that the church is just new. And in the history there were already Marthoma from 1 to 4 (of the divided group). I will appreciate if you can share on this. send me an email too if possible. Thank you

  ReplyDelete
 7. Numbering is not a big problem to consider. If we have will, there will be a way.


  Syro Malabar Major Arch Episcopal status is new. The new incumbent will be only the third on the list. So, no need to worry about it.

  The issue of numbering comes only when the same name repeated. For example, the first ever Major Arch Bishop could have been called Anthonius Mar Thoma I
  The second Major Arch Bishop was Giwargis Mar Thoma I. If the new incumbent is another Antony, then he will be Antonius Mar Thoma II.

  But, the title Mar Thoma was adopted by our rival faction in the past. The Mar Thoma Church still uses the same title- Alexander Mar Thoma Metropolitan, Joseph Mar Thoma Metropolitan etc.

  Shall we reserve that title for the future, when all saint Thomas Christians come under a single banner ?

  ReplyDelete
 8. Thanks to all who have made comments and thereby contributed to the ecclesiastical studies.
  The question raised by Fr.Elavuthungal is interesting and Mr.Thomas Antony’s comment to it is relevant.
  We have to consider the following facts also.
  1. Mar Thoma I is always Mar Thoma Sleeha and it should be like that.
  2. The lack of sufficient documents to fill the gap between Mar Thoma I (Mar Thoma Sleeha) and the new generation heads is a problem.
  3. I agree with the suggestion of Mr.Thomas Antony:
  Mar Antony Padiyara the first Major Archbishop is Mar Anthoniose Mar Thoma I.
  Mar Varkey Vithayathil the second Major Archbishop is Mar Geevarghese Mar Thoma I.
  The numbering problem arise when we have again Mar Anthoniose Mar Thoma or Mar Geevarghese Mar Thoma. The future Mar Antoniose Mar Thoma can be called Mar Antoniose Mar Thoma II, like that Mar Geevarghese Mar Thoma II.
  4. The problem pointed out by Fr. Elavuthungal also should be solved. “But we start numbering from one, a confusion could be there that the Church is just new”. It is really a confusion. Further study is needed.

  Anyhow, there can be improved solutions and suggestions. Church historians can make better contributions.

  Chavarapuzha Jamesachan.

  ReplyDelete
 9. "... when all saint Thomas Christians come under a single banner..."
  I like that...Lets pray for the same...

  ReplyDelete
 10. Our thoughts are in same directions.and iwant to share a sorrow matter about kalyan diocese. Now they are deveating from past eastern theologyOur thoughts are in same directions.and iwant to share a sorrow matter about kalyan diocese. Now they are deveating from past eastern theology

  ReplyDelete
 11. The dreams and thoughts of Fr. James Chavarapuzha are interesting and thought provoking. The desire go back to roots and old traditions are commentable. I hope it is just not confined to just naming of the head of the Church according to our syriac/persian traditions. I, a member of Malankra Orthodox Church, hope and whole heartedly support all St. Thomas Chistians coming under a single banner.
  I have a doubt, though! May not be new for many and mightv've been discussed many times. We believe our christian faith was founded in India by Mar Thoma Sleeha, one of the apostles of Jesus Christ. All of us have great proud in our Mar Thoman heritage. But why the heads of some Marthoman Churches have to be under banner of other Churches/traditions? Does Petrine supremacy overrule Marthoman heritage? Why one apostle has to be a subordinate of another? We respect all apostles and their successors, but that doesnt mean that we have to subjugate ourselves and our Marthoma Nasrani traditions. The head of Our Church must not be a subsidiary to Bishop of Rome, Patriarch of Antioch, Pope of Alexandria, Catholicoi of Armenia, Archbishop of Canterbury or any holinesses of that stature. We can give due respects to all other churches and their heads. (Don't feel that I am bringing Methran- Bava dispute to a Roman Catholic forum, but just another thought)

  ReplyDelete