Tuesday, April 28, 2015

പരിശുദ്ധ മദ്ബഹ

      ഒരു വീടോ കെട്ടിടമോ പണിയുന്നതു പോലെയാണോ പള്ളി രൂപകല്‍പന ചെയ്യേണ്ടത്‌? ഒരു വീടാണെങ്കില്‍ കുടുംബനാഥനും എഞ്ചിനീയറും കൂടി ഒരു പ്ലാന്‍ വരച്ചാല്‍ മതി. എന്നാല്‍ പള്ളി പണിയുന്നത്‌ മനുഷ്യ കരങ്ങളും അതിന്റെ പ്ലാന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്‌ ദൈവവുമാണ്‌. നസ്രായ പാരമ്പര്യത്തില്‍ പള്ളി രൂപകല്‍പന ചെയ്യുന്നത്‌ സഭയാണ്‌. മാതൃസഭയുടെ ദൈവശാസ്ത്രവും ചൈതന്യവും പാരമ്പര്യവുമാണ്‌ പള്ളി നിര്‍മ്മാണത്തില്‍ ദര്‍ശിക്കേണ്ടത്‌. വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നാണ്‌ നസ്രാണികള്‍ക്ക്‌ ഈ ചൈതന്യം ലഭിച്ചത്‌.ഇസ്രായേലിന്റെ ആരാധനാ സംവിധാനം കേവലം മാനുഷിക ചിന്തയില്‍ ഉദിച്ചതല്ല. സീനായ്‌ മലയില്‍ മോശയെ വിളിച്ച്‌ മേഘത്തിനുള്ളില്‍ കാണിച്ചു കൊടുത്തത്‌ പ്രകാരമാണ്‌ മോശ കൂടാരം സംവിധാനം ചെയ്തത്‌.(ഹെബ്രാഃ:8-1-5) പുതിയ നിയമ ഇസ്രായേലായ സഭയില്‍ ഓരോ വ്യക്തി സഭയുടെയും ചൈതന്ന്യത്തിലാണ്‌ പള്ളികള്‍ ഉണ്ടാകേണ്ടത്‌. പരിശുദ്ധിയെ പ്രകടിപ്പിക്കുന്ന രഹസ്യാത്മകതയാണ്‌ പൗരസ്ത്യ ആരാധനാക്രമത്തിന്റെ അനന്യത. പള്ളിയിലെ അതി വിശുദ്ധ സ്ഥലമായ മദ്ബഹയെക്കുറിച്ച്‌ അല്‍പം ധ്യാനിക്കാം.
     
     പൗരസ്ത്യ സുറിയാനി ആരാധനാക്രമ പാരമ്പര്യമനുസരിച്ച്‌ പള്ളിയ്ക്ക്‌, ഹൈക്കല(സമൂഹ വേദി), കെസ്ത്രോമ (ഗായകവേദി), മദ്ബഹ (ബലിവേദി), എന്നീ മൂന്ന് ഭാഗങ്ങള്‍ ഉണ്ട്‌. കെസ്ത്രോമ ഹൈക്കലയില്‍ നിന്ന് ഒരു പടിയും മദ്ബഹ ഹൈക്കലയില്‍ നിന്ന് മൂന്നു പടിയും ഉയര്‍ന്ന് സ്ഥിതി ചെയ്യുന്നു. മദ്ബഹയുടെ തറനിരപ്പ്‌ ഉയര്‍ത്തിപ്പണിയുന്നതിനു ആനുപാതികമായി മേല്‍ക്കൂരയും ഉയര്‍ത്തിപ്പണിയുന്ന പുരാതന രീതി മാര്‍ത്തോമ്മാ നസ്രാണികളുടെ തനതായ പാരമ്പര്യമാണ്‌.


      "ദബഹ്‌" എന്ന സുറിയാനി ധാതുവില്‍ നിന്ന് ഉരുത്തിരിഞ്ഞ പദമാണ്‌ മദ്ബഹ. ഈ പദത്തിനു "ബലികഴിയ്ക്കുന്ന സ്ഥലം","വിശുദ്ധ സ്ഥലം" എന്നൊക്കെയാണ്‌ അര്‍ത്ഥം. അതായത്‌ സുറിയാനി ഭാഷയില്‍ മദ്ബഹ എന്ന വാക്കിനു ബലിപീഠം എന്നൊരു അര്‍ത്ഥം കൂടിയുണ്ട്‌. മദ്ബഹ അഥവാ ബലിപീഠം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു "കങ്കേ" എന്ന പദമാണ്‌ ആരാധനാക്രമഗ്രന്ഥങ്ങളില്‍ കാണുന്നത്‌. എന്നാല്‍ ഇപ്പോള്‍ മദ്ബഹ എന്നതുകൊണ്ട്‌ ബലിയര്‍പ്പിക്കപ്പെടുന്ന പീഠം ഉള്‍ക്കൊള്ളുന്ന സ്ഥലം എന്നും അര്‍ത്ഥമാക്കുന്നു.
ബലിപീഠത്തിനു ത്രോണോസ്‌. ജീവന്റെ മേശ, കര്‍ത്താവിന്റെ കബറിടം എന്നൊക്കെ അര്‍ത്ഥമുണ്ട്‌.

      സീറോ മലബാര്‍ സഭയിലെ പള്ളി സംവിധാനം ആരോഹണ ക്രമത്തിലാണ്‌. അതായത്‌ ദൈനം ദിന ജീവിത മണ്ഡലത്തില്‍ നിന്നും ആരാധനയ്ക്കായ്‌ എത്തുന്ന വിശ്വാസി മോണ്ഡളത്തിലൂടെ ഹൈക്കലയിലേയ്ക്കും അവിടെ നിന്ന് കെസ്ത്രോമ വഴി മദ്ബഹയിലേയ്ക്കും (കങ്കേ) മദ്ബഹയില്‍ നിന്നും ത്രോണോസിലേയ്ക്കും ത്രോണോസില്‍ നിന്ന് പിതാവായ ദൈവത്തിന്റെ സന്നിധിയില്‍ മിശിഹാ തമ്പുരാന്‍ പരമയാഗം തുടരുന്ന സ്വര്‍ഗ്ഗത്തിലേയ്ക്കും ഉയര്‍ത്തപ്പെടുന്നു.

      ആരാധനയ്ക്കായി പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്ന വിശുദ്ധ സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ മദ്ബഹ. സ്വര്‍ഗ്ഗത്തിന്റെ പ്രതീകമാണ്‌ മദ്ബഹ. കൂദാശാകര്‍മ്മം വഴി വിശുദ്ധീകരിച്ച്‌ വേര്‍തിരിക്കപ്പെടുന്ന മദ്ബഹ പരിശുദ്ധ ത്രിത്വത്തിന്റെ വാസ സ്ഥലമാണ്‌. ക്രോവേന്മാര്‍ നിരന്തരം വലം വയ്ക്കുന്ന സ്ഥലമെന്നാണ്‌ മദ്ബഹയെ സുറിയാനി സഭാപിതാക്കന്മാര്‍ വിളിയ്ക്കുക. അതി വിശുദ്ധ സ്ഥലമായതിനാലാണ്‌ മദ്ബഹയെ വിരിയിട്ട്‌ മറയ്ക്കുന്നത്‌. അതിവിശുദ്ധസ്ഥലമായതിനാലാണ്‌ "ബേസ്ക്കുദിശാ" എന്ന പേരിലും മദ്ബഹ അറിയപ്പെടുന്നത്‌.
മദ്ബഹയുടെ കിഴക്കേ ഭിത്തിയില്‍ മാര്‍ സ്ലീവാ പ്രതിഷ്ഠിച്ചിരിക്കുന്നു. കിഴക്കേ ഭിത്തിയോട്‌ ചേര്‍ന്നു കിടക്കുന്ന പീഠമാണ്‌ ബലിപീഠം അഥവാ ത്രോണോസ്‌. ഓര്‍ശലേം ദൈവാലയത്തിലെ അതി വിശുദ്ധ സ്ഥലത്തിന്റെ സ്ഥാനമാണ്‌ മദ്ബഹയ്ക്കുള്ളത്‌. വിശുദ്ധ രഹസ്യങ്ങളുടെ ശുശ്രൂഷയ്ക്കായി പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മദ്ബഹയില്‍ ദൈവമഹത്വം നിറഞ്ഞു നില്‍ക്കുന്നു.


      പുതിയ സീനായ്‌ മലയാണ്‌ മദ്ബഹ. സീനായ്‌ മലയില്‍ ദൈവം മോശയോട്‌ മുഖാമുഖം സംസാരിച്ചു. അദ്ദേഹം അവിടെ നിന്ന് ന്യായപ്രമാണങ്ങള്‍ വാങ്ങി.(പുറപ്പാട്‌ 19/16-25). ജനം മലയെ സ്പര്‍ശിക്കാതെ അകന്നു മാറി നിന്നു. ഇടിയും മിന്നലും ധൂമപടലവും വിസ്മയമാം വിധം മലയില്‍ ദൃശ്യമായി. സഭയില്‍ പുരോഹിതനും ശുശ്രൂഷകരും മദബഹയില്‍ പ്രവേശിക്കുന്നു. ജനം താഴെ ഹൈക്കലയിലും. ധൂപക്കുറ്റിയിലെ സുഗന്ധ ധൂമവും വിളക്കുകളിലെ പ്രകാശവും നിറഞ്ഞ മദ്ബഹ പുതിയ നിയമത്തിലെ സീനായ്‌ മലയാണ്‌. അവിടെ കുര്‍ബാന അര്‍പ്പിക്കുന്ന പട്ടക്കാരന്‍ ദൈവവുമായി മുഖാമുഖം സംസാരിക്കുകയാണ്‌.

       പറുദീസായുടെ പ്രതീകമാണ്‌ മദ്ബഹ. പറുദീസാ കിഴക്കായിരുന്നതുപോലെ (സൃഷ്ടി:2/8) മദ്ബഹയും കിഴക്കാണ്‌. പറുദീസയില്‍ ജീവന്റെ വൃക്ഷം ഉള്ളതുപോലെ മദ്ബഹയില്‍ മാര്‍ സ്ലീവാ ഉണ്ട്‌. വിജയിക്കുന്നവനു ഭക്ഷിക്കാന്‍ പറുദീസായുടെ നടുവില്‍ നില്‍ക്കുന്ന ജീവന്റെ വൃക്ഷത്തിന്റെ ഫലം കൊടുക്കുന്നു.(വെളിപാട്‌2: 7). മദ്ബഹയില്‍ നിന്ന് ജീവ വൃക്ഷഫലമായ മിശിഹായുടെ തിരുശരീര രക്തങ്ങള്‍ നല്‍കപ്പെടുന്നു.

      കെസ്ത്രോമയില്‍ നിന്ന് മൂന്നു പടികള്‍ ഉയര്‍ന്നാണ്‌ മദ്ബഹ സ്ഥിതി ചെയ്യുന്നത്‌. അതിവിശുദ്ധ സ്ഥലത്ത്‌ പ്രവേശിക്കുന്നത്‌ ഈ മൂന്നു പടികളിലൂടെയാണ്‌. വലതുകാല്‍ വച്ച്‌ ഒന്നാമത്തെ പടിയില്‍ കയറുന്നു. അങ്ങിനെ മൂന്നാമത്തെ പടിയാകുമ്പോള്‍ വീണ്ടും വലതുകാല്‍ ആദ്യം വയ്ക്കുന്നു. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വലതുകാല്‍ ആദ്യം വച്ചു കയറുക പൗരസ്ത്യ ദേശങ്ങളിലെ ഒരു പൊതു പാരമ്പര്യമാണല്ലോ.
ഇപ്രകാരം വിശുദ്ധ സ്ലീവായും ബേസ്ഗസാകളും ബലിപീഠവും സ്ഥിതി ചെയ്യുന്ന മദ്ബഹാ മൂന്നു പടികളിന്മേല്‍ ഉയര്‍ന്നു നില്‍ക്കുന്നു. കെസ്ത്രോമയ്ക്കും മദ്ബഹയ്ക്കും മധ്യേ മദ്ബഹാ വിരി പ്രതിഷ്ഠിച്ചിരിക്കുന്നു.

      അതിവിസുദ്ധമായ സ്ഥലമായതുകൊണ്ടാണ്‌ മദ്ബഹ, വിരി ഇട്ട്‌ മറച്ചിരിക്കുന്നത്‌. "തിരശീല", "മറ" എന്നീ പേരുകളിലും മദ്ബഹാ വിരി അറിയപ്പെടുന്നു. ആകാശവിതാനത്തിന്റെ പ്രതീകമായിട്ടും ഭൗമിക ഓര്‍ശ്ലേമിനെ സ്വര്‍ഗ്ഗീയ ഓര്‍ശ്ലേമുമായി വേര്‍തിരിക്കുന്ന ഇടമായും മദ്ബഹ വിരിയെ സുറിയാനി പിതാക്കന്മാര്‍ കാണുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള രഹസ്യാത്മകതയുടെ പ്രതീകമാണിത്‌. കൂടാതെ ദൈവത്തിന്റെ നിത്യമായ അസ്തിത്വത്തെയും അദൃശ്യാവസ്ഥയേയും വിരി ചൂണ്ടിക്കാണിക്കുന്നു. ക്രോവേന്മാരും സ്രാപ്പേ ണ്മാരും പറന്നു നടക്കുന്ന സ്വര്‍ഗ്ഗീയ കൃപാസന്നമായ മദ്ബഹയുടെ പരിശുദ്ധിയേയും ബഹുമാന്യതയേയും വിരി സൂചിപ്പിക്കുന്നു. കൂടാതെ വി.കുര്‍ബാന ഒരു മഹാ രഹസ്യമാണെന്നും വിശ്വാസത്തിന്റെ കണ്ണുകളില്‍ കൂടിയേ അത്‌ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നും മദ്ബഹാ വിരി ഉദ്ഘോഷിക്കുന്നു. നമുക്ക്‌ ദൈവ സന്നിധിയിലേയ്ക്കുള്ള സാമിപ്യം അനുവദിക്കുന്ന വാതിലിന്റെ (യോഹ:10:7) പ്രതീകമാണ്‌ വിരി. ഈ വിശുദ്ധ വാതിലിലൂടെയാണ്‌ സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ നമുക്ക്‌ വെളിപ്പെടുക.

      പൗരസ്ത്യ പാരമ്പര്യത്തില്‍ പട്ടക്കാരുടെയോ മേല്‍പ്പട്ടക്കാരുടെയോ സാന്നിധ്യത്തില്‍ മാത്രമേ മദ്ബഹ വിരി തുറക്കാറുള്ളൂ. അങ്ങിനെ തുറക്കുമ്പോള്‍ മദ്ബഹയില്‍ തിരികള്‍ തെളിയിക്കുകയും ധൂപം അര്‍പ്പിക്കുകയും ചെയ്യുന്നു. മേല്‍പ്പട്ടക്കാരും പട്ടക്കാരും മ്ശംശാനമാരും മാത്രമേ മദ്ബഹയില്‍ പ്രവേശിക്കാറുള്ളൂ. ഉപവസിച്ച്‌ ഒരുങ്ങാതെ മദ്ബഹയില്‍ പ്രവേശിക്കുന്ന രീതി പൗരസ്ത്യസഭകളിലെ പട്ടക്കാര്‍ക്കില്ല.

      ഇതാണ്‌ പാരമ്പര്യം. ഇതാണ്‌ പൊതുവായ ചൈതന്യം. ഇപ്രകാരമാണ്‌ അതിവിശുദ്ധസ്ഥലമായ മദ്ബഹയെ പൗരസ്ത്യ സഭകള്‍ കാണുന്നത്‌. എന്നാല്‍ പൗരസ്ത്യ സഭയെന്ന് അഭിമാനിക്കുന്ന സീറൊ മലബാര്‍ സഭയിലോ? മിക്ക പള്ളികളിലും മദ്ബഹയും ഹൈക്കലയും തമ്മില്‍ വലിയ വ്യത്യാസമില്ല. മദ്ബഹവിരി പലയിടത്തും ഇല്ല. ഉള്ള സ്ഥലങ്ങളില്‍ ശരിയായി ഉപയോഗിക്കുന്നില്ല. ആര്‍ക്കും എപ്പോഴും കേറി നടക്കാവുന്ന സ്ഥലമായി സീറോ മലബാര്‍ സഭയിലെ മദ്ബഹകള്‍ മാറി. ചില സ്ഥലങ്ങളില്‍ മദ്ബഹയ്ക്ക്‌ മൂന്നു പടികള്‍ ഇല്ല. ഉള്ള ചില സ്ഥലങ്ങളില്‍ വികാരിയച്ചന്മാര്‍ മാറി വരുമ്പോള്‍ തല്ലിപ്പൊളിക്കുന്നു. മദ്ബഹാ വിരിയും ചിലയിടങ്ങളില്‍ എടുത്തുമാറ്റുന അച്ചന്മാരും ഉണ്ട്‌. ചിലര്‍ക്ക്‌ സ്വര്‍ഗ്ഗത്തിന്റെ പ്രതീകമായ മദ്ബഹയില്‍ ക്രൂശിതനായ കര്‍ത്താവിന്റെ രൂപം വച്ചില്ലെങ്കില്‍ ഉറക്കം വരില്ല. അതിനുവേണ്ടി ഏതറ്റം വരെ പോകാനും എന്തു സാഹസം കാണിക്കാനും ചിലര്‍ തയ്യാറാണ്‌. മറ്റ്‌ ചിലര്‍ക്ക്‌ ബലിപീഠം വെറുമൊരു മേശയാണ്‌. പൂ വയ്ക്കാനും കാ വയ്ക്കാനും ആര്‍ക്കും എപ്പോഴും കയറി ഇറങ്ങാനുള്ള സ്ഥലമല്ല മദ്ബഹ.

      ക്രോവേ മാലാഖമാര്‍ പറന്നു നടക്കുന്ന സ്ഥലമാണ്‌ മദ്ബഹാ എന്നും പരിശുദ്ധ ത്രിത്വത്തിന്റെ വാസ സ്ഥലമാണ്‌ അതെന്നും നമ്മുടെ സഭാമക്കള്‍ക്ക്‌ എന്നു ബോധ്യം വരും? ഏറ്റവും അതിശയം തോന്നുന്നത്‌ ഇങ്ങിനെയൊക്കെ കണ്മുന്നില്‍ നടന്നിട്ടും അത്‌ കണ്ടിട്ടും കാണാത്ത പോലെ ഉറക്കം നടിയ്ക്കുന്ന നേതൃത്വ ശുശ്രൂഷയിലുള്ളവരെ കാണുമ്പോഴാണ്‌. നേതൃത്വ ശുശ്രൂഷ പ്രവാചക ശുശ്രൂഷയും കൂടിയാണ്‌. തെറ്റ്‌ തെറ്റാണെന്ന് പറയാനും തെറ്റ്‌ ചെയ്യുന്നവരെ തിരുത്താനുമുള്ള ആര്‍ജ്ജവത്വമാണ്‌ നേതൃത്വ ശുശ്രൂഷയിലുള്ളവര്‍ക്ക്‌ ഉണ്ടാകേണ്ടത്‌. അങ്ങിനെയൊരു കാലം ഏതെങ്കിലും വിദൂര ഭാവിയില്‍ വരുമെന്ന് പ്രത്യാശിക്കാം.

ഈശോയില്‍ സ്നേഹപൂര്‍വ്വം,
ജയിംസച്ചന്‍ ചവറപ്പുഴ


3 comments: