Saturday, October 6, 2012

വിശ്രമിക്കുന്ന വിശ്വാസം

വിശ്വാസത്തിനു മരണമില്ല. അത്‌ അനശ്വരമാണ്‌. ജീവിക്കുനവരും മരിച്ചവരും പ്രത്യാശയോടെ കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനെ നോക്കി പാര്‍ത്തിരിക്കുന്നു. ഒരു വിശ്വാസി തന്റെ ജീവിതകാലത്ത്‌ പല രീതിയിലാണ്‌ വിശ്വാസം ജീവിക്കുന്നത്‌. അത്‌ പ്രഘോഷണത്തിലൂടെയാവാം (വചനം). ആഘോഷത്തിലൂടെയാവാം(കുര്‍ബാനയും മറ്റ്‌ കൂദാശകളും),മറ്റ്‌ ശുശ്രൂഷകളിലൂടെയുമാവാം(ജീവ കാരുണ്യ പ്രവൃത്തികള്‍). ഇതെല്ലാം ഒന്നിച്ചു ചേരുന്നതാണ്‌ വിശ്വാസ ജീവിതം. ഒരു വ്യക്തിയുടെ മരണത്തോടെ അയാളുടെ വിശ്വാസ ജീവിതം അവസാനിക്കുന്നില്ല. അതായത്‌ ആ വ്യക്തിയുടെ വിശ്വാസം മരണപ്പെടുന്നില്ല. മരണത്തെ 'നിദ്ര' അല്ലെങ്കില്‍ 'ഉറക്കം' എന്നാണ്‌ സഭാ പിതാക്കന്മാര്‍ വിശേഷിപ്പിക്കുക. വിശുദ്ധ ഗ്രന്ഥത്തിലും ആരാധനാക്രമ ഗ്രന്ഥങ്ങളിലും ഇത്തരം ധാരാളം വിശേഷണങ്ങള്‍ കാണാനാവും. 'നിദ്രയെ' ഒരു നീണ്ട 'വിശ്രമമായും' സഭാപിതാക്കന്മാര്‍ കാണാറുണ്ട്‌. ജീവിതകാലത്ത്‌ വിശ്വാസത്തിനു വേണ്ടി നല്ലയോട്ടം ഓടിയ ഒരാളുടെ വിശ്രമമാണ്‌ മരണ നിദ്ര. അതിരാവിലെ ഉറക്കം തെളിഞ്ഞ്‌ ജോലികള്‍ ചെയ്യണമെന്ന ചിന്തയോടുകൂടിയാണ്‌ നാം സാധാരണ ഉറങ്ങാറുള്ളത്‌. കര്‍ത്താവിന്റെ രണ്ടാമത്തെ ആഗമനത്തില്‍ അവന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉണര്‍ന്നെണീക്കാം എന്ന പ്രത്യാശയിലാണ്‌ മരണ നിദ്രയില്‍ മുഴുകുന്നവര്‍ വിശ്രമിക്കുക.
വിശ്വാസികള്‍ വിശ്രമിക്കുന്ന സ്ഥലമാണ്‌ 'കബറിടം', 'കല്ലറ' അല്ലെങ്കില്‍ സിമിത്തേരി. വിശ്വാസത്തിന്റെ വിശ്രമ കേന്ദ്രമാണിത്‌. വിശ്വാസം വിശ്രമിക്കുന്ന സ്ഥലമായതിനാല്‍ അത്‌ പവിത്രവും പുണ്യവുമാണ്‌. നമ്മുടെ കാരണവന്മാര്‍ ഉറങ്ങുന്ന സ്ഥലമാണിത്‌. നല്ല കുടുംബങ്ങളില്‍ വല്ല്യപ്പനോ വല്ല്യമ്മയോ ഉറങ്ങുന്ന (വിശ്രമിക്കുന്ന) മുറി ഏറ്റവും നല്ലതും വൃത്തിയുള്ളതുമായിരിക്കും. ആ മുറിയുടെ മുന്‍പില്‍ ആരും ബഹളം വയ്ക്കാറില്ല. അതിന്റെ മുന്‍പില്‍ ഭവ്യതയോടെ മാത്രമാണ്‌ മക്കളും കൊച്ചുമക്കളും വ്യാപരിക്കുക. വല്ല്യപ്പനോടും വല്ല്യമ്മയോടുമുള്ള സ്നേഹ ബഹുമാനത്തിന്റെ പരിണിതഫലമാണ്‌ അവരുടെ വിശ്രമ മുറിയോടും കാട്ടുന്ന ഭക്ത്യാദരവുകള്‍.
യഥാര്‍ത്ഥത്തില്‍ വിശ്വാസികളുടെ കബറിടങ്ങളോടും ഇപ്രകാരമായിരിക്കണം നമ്മുടെ മനോഭാവം. വിശ്വാസികളായ നമ്മുടെ കാരണവന്മാര്‍ ഉറങ്ങുന്ന ഇടമാണിത്‌. എന്നാലിന്ന് ആ സ്ഥലം പവിത്രമായി എല്ല്ലാ ഇടവകകളിലും സൂക്ഷിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്‌. പലയിടത്തും കാടും മുള്ളും വളര്‍ന്ന് ചില മണ്‍കൂനകള്‍. ചിലയിടത്ത്‌ സൗന്ദര്യബോധമില്ലാതെ പണിയപ്പെട്ട ചില മാര്‍ബിള്‍ ഫലകങ്ങള്‍. മറ്റിടങ്ങളില്‍ നായകളുടേയും കുറു നരികളുടെയും സ്വൈര്യവിഹാരകേന്ദ്രങ്ങള്‍. മരിച്ചവരുടെ തിരുനാളുകളോടനുബന്ധിച്ച്‌ ഇവയൊക്കെ വൃത്തിയാക്കപ്പെടുന്നുണ്ടാവാം. വര്‍ഷത്തിലൊരിക്കല്‍ മാത്രം. പക്ഷേ അതിനുശേഷം നമ്മുടെ കാരണവന്മാരുടെ വിശ്രമമുറികള്‍ വീണ്ടും വിസ്മൃതിയിലാകുന്നു. അവിടെ കാട്ടു പൊന്തകള്‍ വളര്‍ന്നു മുറ്റുന്നു.

ഒരിടവകയില്‍ പള്ളി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പവിത്രവും പരിപാവനവുമായ സ്ഥലം സിമിത്തേരിയാണ്‌. പള്ളിയില്‍ വിശ്വാസം ജീവിക്കുന്നു. സിമിത്തേരിയില്‍ വിശ്വാസം വിശ്രമിക്കുന്നു. പള്ളി വൃത്തിയായി സൂക്ഷിക്കുന്നതുപോലെ സിമിത്തേരിയും വൃത്തിയായി സൂക്ഷിക്കണം. പള്ളി പൂക്കള്‍ വച്ച്‌ അലങ്കരിക്കുന്നതുപോലെ ഓരോ കുടുംബക്കാരും സിമിത്തേരിയും പുതിയ പൂക്കള്‍ കൊണ്ടലങ്കരിക്കട്ടെ; പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക്‌ ചിലവഴിക്കുന്നതുപോലെ സിമിത്തേരിയിലും അല്‍പസമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തണം നമ്മള്‍. വര്‍ഷത്തില്‍ ഒന്നു മാത്രമായി ചുരുക്കാതെ ആഴ്ചയില്‍ ഒന്നെങ്കിലും സിമിത്തേരിയിലെത്തി പ്രാര്‍ത്ഥിക്കാം നമ്മള്‍ക്ക്‌. പള്ളി നിശബ്ദമായി സൂക്ഷിക്കുന്നതുപോലെ സിമിത്തേരിയും നിശബ്ദ ധ്യാന സ്ഥലമാവട്ടെ. കുഞ്ഞുങ്ങള്‍ മണ്മറഞ്ഞു പോയ തങ്ങളുടെ കാരണവന്മാരോടും ബന്ധുക്കളോടും സിമിത്തേരിയില്‍ വച്ച്‌ നിശബ്ദതയില്‍ സംസാരിക്കട്ടെ. അവരുടെ ജീവിതത്തിലെ സുപ്രധാനയവസരങ്ങളില്‍ സിമിത്തേരിയിലെത്തി പ്രാര്‍ത്ഥിച്ച്‌ കാരണവന്മാരുടെ അനുംഗ്രഹം പ്രാപിക്കാന്‍ ശീലിക്കട്ടെ അവര്‍.


ഇതിനോട്‌ കൂട്ടിച്ചേര്‍ത്തു മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്‌. എന്തിനാണ്‌ കുറച്ചുപേര്‍ക്കു മാത്രം 'കുടുംബ കല്ലറകള്‍'. കാശു കൊടുത്തു വാങ്ങാന്‍ ആസ്തിയുള്ളവര്‍ക്ക്‌ കുടുംബകല്ലറകള്‍ സ്വന്തം. ഇല്ലാത്തവന്‌ വെറും മണ്‍കൂന അല്ലെങ്കില്‍ അക്കങ്ങള്‍ മാത്രം കോറിയിട്ട ഒരു സെല്‍. മരിച്ചു പോയവരോടെന്തിനാണ്‌ പക്ഷഭേദം. സിമിത്തേരിയില്‍ എന്തിനാണ്‌ വേര്‍തിരിവ്‌? ജീവിച്ചിരുന്നപ്പോള്‍ പണവും സ്വാധീനവുമില്ലാത്തതിന്റെ പേരില്‍ പല അവഗണനകളും അപമാനവും അനുഭവിച്ചവര്‍ക്ക്‌ വിശ്രമിക്കാന്‍ ആറടി പതിച്ചു നല്‍കുമ്പോഴും വേര്‍തിരിവ്‌!കുടുംബകല്ലറകള്‍ എന്ന രീതി നിര്‍ത്താന്‍ സാധ്യമല്ലെങ്കില്‍ എല്ലാവര്‍ക്കും കുടുംബകല്ലറകള്‍ കൊടുക്കുന്നതിനേക്കുറിച്ച്‌ ആലോചിച്ചുകൂടേ. എത്രയോ അനാവശ്യ കാര്യങ്ങള്‍ക്കായി വീണ്ടുവിചാരമില്ലാതെ പല പള്ളികളിലും ലക്ഷങ്ങള്‍ ഒടുക്കി കളയുന്നുണ്ട്‌. അതെല്ലാം കൂട്ടി എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള കല്ലറകള്‍ പണിതു കൂടെ?


പണമുള്ളവര്‍ പണം മുടക്കട്ടെ. ഇല്ലാത്തവര്‍ക്കുവേണ്ടി ഓരോ കല്ലറ സ്പോണ്‍സര്‍ ചെയ്യിപ്പിക്കാന്‍ നമുക്ക്‌ സാധിക്കില്ലേ? അങ്ങിനെ എല്ലാ ഇടവകയിലും പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒരേ രീതിയിലും ഒരേ അവകാശത്തിലും കല്ലറകള്‍. അന്ത്യ വിശ്രമത്തിന്റെ ആ നേരത്തെങ്കിലും ഓരോ വിശ്വാസിയും സമത്വമനുഭവിക്കട്ടെ. അവരുടെ വിശ്രമക്കിടക്കകള്‍ക്കരുകില്‍ ആത്മാഭിമാനത്തിന്റെ പൂച്ചെണ്ടുകളുമായി അവരുടെ ബന്ധുക്കള്‍ ഒന്നുചേരട്ടെ.


മൃത സംസ്ക്കാര ശുശ്രൂഷയില്‍ കബറിടം വെഞ്ചരിക്കുന്ന പ്രാര്‍ത്ഥന ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു. വിശദീകരണം ആവശ്യമില്ലാത്ത, ആഴമുള്ള ഉത്ഥാന ദൈവശാസ്ത്രം വെളിവാകുന്ന പ്രാര്‍ത്ഥന.

 


"മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ മരണ വിധേയനാക്കുകയും ചെയ്യുന്ന ദൈവമേ, നിന്റെ വിശുദ്ധന്മാര്‍ വിശ്രമം കൊള്ളുന്ന കബറിടം എത്ര മനോഹരമാകുന്നു! വിശുദ്ധ മാമ്മോദീസായില്‍ മുദ്രിതവും പ.കുര്‍ബാനയില്‍ പരിപുഷ്ടവും വിശുദ്ധ തൈലത്താല്‍ അഭിഷിക്തവുമായ ഈ ശരീരത്തിനു നിന്റെ ദിവ്യ പുത്രന്റെ രണ്ടാമത്തെ ആഗമനം വരെ വിശ്രമം നല്‍കേണ്ട ഈ കബറിടം നീ പവിത്രീകരിക്കേണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും ആമ്മേന്‍"
 
ഈശോയില്‍ സ്നേഹപൂര്‍വ്വം
ചവറപ്പുഴ ജയിംസച്ചന്‍

4 comments:

  1. Dear Father,

    Thank you for sharing your thoughts. You are always very good in looking apparently simple things (for others ) with a different angle and producing thought provocating write ups.

    Your thoughts are always inspiring and are the examples of the real reformation (compared to what we see around in the name of reformation).

    ReplyDelete
  2. Thank u 4 the article achaa. It really took me to my parish cemetery where my grant parents are buried.

    ReplyDelete
  3. Acha, its so touching. The best u have ever written. I cant even imagine that strange night in cemetery where we have been left alone after the solemn farewell by our dear ones. What would be the nature of that sleep! What dreams come up during that sleep. Cemetery.. my eternal dormitory....
    Thanks for this excellent and metaphysically beautiful write up..

    ReplyDelete
  4. Very well written and touching, dear Father.

    ReplyDelete