Saturday, April 11, 2009

ഉയിര്‍പ്പുകാല ചിന്തകള്‍

വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമാണ്‌ ആരാധനാക്രമം. സഭയുടെ സത്യവിശ്വാസം എന്താണെന്ന് മനസ്സിലാക്കാന്‍ അതിന്റെ ആരാധനാക്രമാനുഷ്ഠാനങ്ങളിലേയ്ക്ക്‌ തിരിഞ്ഞാല്‍ മതി. രക്ഷണീയ കര്‍മ്മത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു ആണ്ടുവട്ടത്തില്‍ മുഴുവന്‍ അനുസ്മരിക്കുന്ന രീതിയിലാണ്‌ സഭ ആരാധനാക്രമ കാലങ്ങള്‍ രൂപീകരിച്ചിരിക്കുക. ഓരോ വ്യക്തി സഭയുടേയും കൂദാശാനുഷ്ഠാനങ്ങളും യാമപ്രാര്‍ത്ഥനകളും ആ സഭയുടെ സത്യവിശ്വാസ പ്രഘോഷണമാണ്‌ കാണിക്കുക. ഈശോ കേന്ദ്രീകൃതമായ രക്ഷണീയ കര്‍മ്മം മുഴുവന്‍ ഒരു ആരാധനാക്രമ വര്‍ഷത്തില്‍ അനുസ്മരിച്ച്‌ ധ്യാനിച്ച്‌ വിശ്വാസത്തില്‍ വളരാനിടയാകത്തക്ക രീതിയിലാണ്‌ പൗരസ്ത്യ സുറിയാനി യാമപ്രാര്‍ത്ഥനകളുടെ സംവിധാനം. പൗരസ്ത്യ്‌ സുറിയാനി ആരാധനാക്രമം ഉപയോഗിക്കുന്ന സീറോ മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനകളിലും (ഉറവിടങ്ങളോട്‌ നൂറു ശതമാനം നീതി പുലര്‍ത്തുന്നില്ലയെങ്കിലും) ഈ പ്രത്യേകത കാണാം. യാമപ്രാര്‍ത്ഥനകള്‍ മുഴുവന്‍ വി.ഗ്രന്ഥാധിഷ്ഠിതവും സഭാപിതാക്കന്മാരുടെ ധ്യാനചിന്തകളും കൊണ്ട്‌ നിറഞ്ഞതുമാണ്‌.സീറോ മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനകളില്‍ (ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന റംശാ, ലെലിയാ, സപ്രാ) ഇത്‌ സ്പഷ്ടമാണ്‌.ഓരോ പ്രാര്‍ത്ഥനയും വി. ഗ്രന്ഥവാക്യങ്ങളാല്‍ നിറഞ്ഞതാണ്‌. മാര്‍ അപ്രേമിനെപോലുള്ള സഭാപിതാക്കന്മാരുടെ ദൈവശാസ്ത്ര ചിന്തകളാല്‍ സമ്പന്നവുമാണിത്‌.

ഉയിര്‍പ്പുകാലത്തില്‍ സീറോമലബാര്‍ സഭ യാമപ്രാര്‍ത്ഥനകളിലൂടെ പ്രഘോഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന വിശ്വാസ സത്യങ്ങള്‍ ഏവയെന്നു നോക്കാം.
1. ദൈവം വെളിച്ചത്തെ സൃഷ്ടിച്ചത്‌ ആഴ്ചയിലെ ആദ്യദിനത്തിലാണ്‌. ഈശോ ഉയിര്‍ത്തതും ആഴ്ചയിലെ ആദ്യദിനത്തില്‍ തന്നെ.(ഞായര്‍ റംശാ,ഓനീസാ ദക്ക്ദം)

2. മിശിഹാ ക്രൂശിതനായതും മൃത്യുവരിച്ചതും മാനവ രക്ഷയ്ക്കായിട്ടാണ്‌.(ഞായര്‍, റംശാ,ഓനീസാ ദക്ക്ദം)

3.ഉത്ഥാനം വഴി മിശിഹാ, പറുദീസാ നരനു തുറന്നുകൊടുത്തു.(ഞായര്‍, രംശാ, ഓനീസാ ദ്‌ വാസര്‍)

4. ഈശോ മരണത്തെ തന്റെ മരണത്താല്‍ വിജയിച്ചു.(ഞായര്‍,റംശാ, ഓനീസാ ദ്‌ വാസാലിക്കേ)

5. ജ്ഞാനസ്നാന ജലം ആയുസ്സിന്റെ വഴി നല്‍കുന്നു.(ഞായര്‍, റംശാ, ദ്‌ വാസാലിക്കേ)

6. മിശിഹാ സഭയുടെ ശിരസ്‌(ഞായര്‍, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

7. മിശിഹാ സ്വര്‍ഗ്ഗത്തിനും മനുഷ്യനുമിടയിലെ മദ്ധ്യസ്ഥന്‍,തെറ്റില്‍ വീണ മനുഷ്യനെ പുത്രനേപ്പോലെ
സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചവന്‍ മിശിഹാ.(ഞായര്‍, ലെലിയാ, തെശ്ബോഹത്താ)

8. ദൈവിക രാജ്യം നിലനിര്‍ത്താന്‍ ധനാശ്രയമരുത്‌.(തിങ്കള്‍, റംശാ, ഓനീസാദ്‌ റംശാ)

9. സഭയുടെ അജപാലനദൗത്യം.(തിങ്കള്‍, റംശാ, ഓനീസാ ദ്‌ റംശാ)

10. മാമ്മോദീസാ വഴി നാം മിശിഹായുടെ മരണത്തിലും ഉത്ഥാനത്തിലും പങ്കുകാരാകുന്നു.(തിങ്കള്‍,റംശാ, സ്ലോസാ)

11. ലോകാന്ത്യം വരെ മിശിഹാ നമ്മോടൊത്തുണ്ട്‌.( തിങ്കള്‍, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

12. മിശിഹാ മനുജകുലത്തിന്റെ രക്ഷകന്‍, യഥാര്‍ത്ഥ വാതില്‍, പിതാവിന്റെ സന്നിധിയില്‍ നമ്മുടെ ബലികളും പ്രാര്‍ത്ഥനകളും കരേറ്റുന്ന മദ്ധ്യസ്ഥന്‍.(തിങ്കള്‍, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

13.നാം മിശിഹായുടെ സ്നേഹിതന്മാര്‍, അതിനാല്‍ തന്നെ മിശിഹായുടെ നാമത്തില്‍ പിതാവിനോട്‌ ചോദിക്കുന്നതെന്തും അവിടുന്ന് നമ്മുക്ക്‌ നല്‍കും. (തിങ്കള്‍, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

14. മിശിഹാ പുതിയ കുഞ്ഞാട്‌. പഴയനിയമത്തിലെ കുഞ്ഞാടിന്റെ രക്തം ഇസ്രായേലിന്‌ മോചനമേകിയെങ്കില്‍ പുതിയ കുഞ്ഞാടായ മിശിഹായുടെ രക്തം മനുഷ്യവംശത്തെ തെറ്റില്‍ നിന്നും മോചിപ്പിച്ചു.(ചൊവ്വാ, റംശാ, ഓനീസാ ദ്‌ ക്കദം)

15.ഈശോ നിത്യ പുരോഹിതന്‍.(ചൊവ്വാ, റംശാ, ഓനീസാ ദ്‌ വാസര്‍)

16.ഈശോ ബലിയും ഇടയനും(ചൊവ്വാ, ലെലിയാ, ഓനീസാ ദ്‌ മൗത്വാ.)

17. യൗനാന്‍ പ്രവാചകന്‍ മത്സ്യത്തിനുള്ളില്‍ മൂന്നു ദിവസം കഴിഞ്ഞതുപോലെ ഈശോയും അഴുകാത്ത ശരീരവുമായി മൂന്നു ദിവസം കുഴിമാടത്തില്‍ കഴിച്ചുകൂട്ടി.(ചൊവ്വാ, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

18. ഈശോയുടെ ഉത്ഥാനത്തില്‍ മരണം കരയുന്നു, സാത്താന്‍ ദുഃഖിക്കുന്നു. സഭ ആഹ്ലാദിക്കുന്നു.സൃഷ്ടികള്‍ സന്തോഷിക്കുന്നു.(ചൊവ്വാ, ലെലിയാ, തെശ്ബോഹത്താ)

19. കന്യക രക്ഷകന്‌ ജനനമേകി. വീണ്ടുമൊരു ജനനം ഉത്ഥാനത്താല്‍ പാതാളം രക്ഷകന്‌ നല്‍കി.(ബുധന്‍, റംശാ, ഓനീസാ ദ്‌ ക്കദം)

20. മറിയം ശിശുവായ മിശിഹായെ കൈകളില്‍ വഹിച്ചതുപോലെ കുര്‍ബാനയില്‍ പുരോഹിതര്‍ ഈശോയെ സംവഹിക്കുന്നു.(ബുധന്‍, റംശാ, ഓനീസാ ദ്‌ റംശാ)

21. ഉത്ഥാനത്താല്‍ മരണമകന്നുപോയി. ഇരുളിന്റെ ശക്തി നശിച്ചു. നരക പിശാചിന്റെ കെണിയില്‍ നിന്നും മര്‍ത്യന്‍ മോചിതനായി.( വ്യാഴം, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

22.ഉത്ഥാനത്താല്‍ മര്‍ത്ത്യനു ശാശ്വതജീവന്‍ ലഭിച്ചു. (വെള്ളി റംശാ, ഓനീസാ ദ്ക്ക്ദം)

23. ഉത്ഥാനത്താല്‍ ആദിപിതാവായ ആദത്തില്‍ മിശിഹാ കൃപ തൂകി. മരണവും പാപവുമൊരുപോലെ മിശിഹായുടെ ഉത്ഥാനത്താല്‍ പരാജിതരായി.(വെള്ളി, റംശാ, ഓനീസാ ദ്‌ റംശാ)

24.നമ്മുക്ക്‌ നിത്യ ജീവന്‍ ലഭിക്കുന്നത്‌ മിശിഹായോടൊത്ത്‌ മരണം വരിക്കുമ്പോഴാണ്‌. (വെള്ളി, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

25. മരണത്തെ നിഹനിക്കുവാനുള്ള ആയുധം സ്ലീവാ.( വെള്ളി, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

26. സ്ലീവായില്‍ ദൈവികശക്തി വിളങ്ങുന്നു, വിജയിക്കുന്നു. (ശനി, റംശാ, ഓനീസാ ദ്ക്ക്ദം)

27. സകല ജനത്തിനും ജീവന്‍ നല്‍കും സ്ലീവാ ശിരസ്സിലണിയുന്ന മനുഷ്യന്‍ ദൈവാനുഗ്രഹ സമ്പന്നനാണ്‌. സ്ലീവായില്‍ വിശ്വാസമര്‍പ്പിക്കുന്ന മനൂജന്‍ ജീവന്‍ കണ്ടെത്തും.( ശനി, റംശാ, ഓനീസാ ദ്‌ വാസര്‍)

28. മിശിഹാ സ്ലീവാ വഴി മനുജന്‌ ജീവന്‍ നല്‍കി.സ്ലീവാ നേടിയ വിജയം മൂലം മൃതിയുടെ ശക്തി ക്ഷയിച്ചു. സ്ലീവാ രക്ഷയും ജീവനും നല്‍കുന്നു. മൂശ മരുഭൂമിയിലുയര്‍ത്തിയ നാഗം മൃതിഭയമകറ്റി. ഗാഗുല്‍ത്തായിലുയര്‍ത്തപ്പെട്ട സ്ലീവാ മൃതിയുടെ മൃതിയായിത്തീര്‍ന്നു. (ശനി, റംശാ, ഓനീസാ ദ്‌ റംശാ)

29. മിശിഹാ സ്ലീവായാല്‍ പാപത്തെ നിഹനിച്ചു.(ശനി, സപ്രാ, ഓനീസാ ദ്‌ സപ്രാ)

സീറോ മലബാര്‍ സഭ ഉയിര്‍പ്പുകാലത്തില്‍ യാമപ്രാര്‍ത്ഥനയിലൂടെ പ്രഘോഷിക്കുന്ന വിശ്വാസ സത്യങ്ങളില്‍ ചിലത്‌ മാത്രമാണ്‌ മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്‌. വിശ്വാസ സത്യങ്ങളാല്‍ നിറഞ്ഞ യാമ പ്രാര്‍ത്ഥനകള്‍ ഒരു കടല്‍പോലെയണ്‌. അവയില്‍ നിന്നും മുത്തുകളും പവിഴങ്ങളുമാകുന്ന ദൈവശാസ്ത്ര ചിന്തകള്‍ ധാരാളം കോരിയെടുക്കേണ്ടിയിരിക്കുന്നു.

2 comments:

  1. നന്ദി... ചിന്തകള്‍ക്ക്‌....

    ReplyDelete
  2. ഉയിര്‍പ്പുകാല ചിന്തകള്‍ അതിമനോഹരമായിരിക്കുന്നു...വളര ലളിതമായി മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇനിയും ഇതുപോലത്തെ ദൈവീക രഹസ്യങ്ങള്‍ , കാലോചിതമായി എഴുതും എന്ന് വിശ്വസിക്കുന്നു...അച്ചന് എല്ലാ ഭാവുകങ്ങളും...

    ReplyDelete