Sunday, February 10, 2013

വിശുദ്ധ നോമ്പ്

                 നോമ്പിനെ വിശുദ്ധം എന്നാണ് ആരാധനക്രമ ഗ്രന്ഥങ്ങള്‍ വിശേഷിപ്പിക്കുക. സിറോ മലബാര്‍, അന്ത്യോക്യന്‍ ആരാധനക്രമങ്ങളില്‍ ഈ വിശേഷണങ്ങള്‍ കാണാം. പരിപാവനമായ നോമ്പ്, പരിപാവനമായ ഉപവാസം, വിശുദ്ധ നോമ്പ് തുടങ്ങി ആവര്‍ത്തിച്ചു വരുന്ന പദങ്ങള്‍ ഇതിനു തെളിവുകളാണ്. പരിശുദ്ധനായ പുത്രന്‍ തമ്പുരാന്‍ ഉപവസിച്ചതുകൊണ്ടും (മത്തായി:4/2, മര്‍ക്കോസ്:1/13, ലൂക്കാ:4/2). വിശുദ്ധരായ മൂശെ (പുറ:24/18, 34/28, നിയ: 9/18) ഏലിയാ (1 രാജാ:19/ 8-9,) തുടങ്ങിയവര്‍ നോമ്പ് നോറ്റതുകൊണ്ടുമാകാം നോമ്പിനെ വിശുദ്ധമെന്ന് ശ്ലൈഹിക സഭകള്‍ വിശേഷിപ്പിക്കുന്നത്. കൂടാതെ വിശുദ്ധമായി അനുഷ്ഠിക്കേണ്ട ഒരു കര്‍മ്മമാണ്‌ നോമ്പും ഉപവാസവുമെന്ന് വിശ്വാസികളെ ഉദ്ബോധിപ്പിക്കനുംഇതുവഴി സാധിക്കുന്നു.


പൂര്‍ണ്ണ മനസ്സോടെ, ഭക്ഷണം മുതലായ സുഖ സൗകര്യങ്ങള്‍ നിശ്ചിത രീതിയില്‍ ഉപേക്ഷിക്കുന്നതിനെയാണ്  നോമ്പ്, ഉപവാസം  എന്നൊക്കെ നാം വിളിക്കുക. സുഖ സൗകര്യങ്ങളുടെ  അളവു കുറയ്ക്കുമ്പോള്‍ പ്രാര്‍ത്ഥനപ്രായ്ശ്ചിത്ത,ദൈവവിചാരങ്ങളുടെ അളവു കൂട്ടുന്നത് നോമ്പിന്‍റെ പ്രത്യേകതയാണ്. 


  വിശുദ്ധ ഗ്രന്ഥത്തില്‍ 
പല രീതിയിലുള്ള ഉപവാസം പഴയ നിയമത്തില്‍ കാണാം. സാവുളിന്‍റെ  മരണശേഷം സഹപ്രവര്‍ത്തകര്‍  ഏഴു ദിവസവും (1 സാമു: 31/13) ദാവിദും  അനുയായികളും സന്ധ്യ വരെയും (2സാമു: 1/12) ഉപവസിച്ചു. ചെയ്ത് തെറ്റിന്  ശിക്ഷയുണ്ടാകുമെന്ന അറിവ് ലഭിച്ചപ്പോള്‍ ആഹാബ് ചാക്കു വസ്ത്രം ധരിച്ച് ഉപവസിച്ചു (1 രാജ: 21/27). ദൈവ തിരുമുമ്പില്‍ തന്നെത്തന്നെ എളിമപ്പെടുത്തിയാതിനാല്‍ ആഹാബിനെ ശിക്ഷയില്‍ നിന്ന് ദൈവം ഒഴിവാക്കി. യഹൂദ  ജനത്തിന് ജീവനാശം സംഭിവിക്കാന്‍ പോകുന്നുവെന്നറിഞ്ഞ എസ്തേര്‍  മൂന്ന് ദിവസത്തെ ഉപവാസത്തിന് ആഹ്വാനം നല്‍കി (എസ്തേര്‍: 4/16). ഈ പ്രാര്‍ത്ഥനയ്ക്ക് ദൈവം കരുണയോടെ ഉത്തരം നല്‍കുകയും ചെയ്തു. ചില പ്രത്യേക അവസരങ്ങളില്‍ സമൂഹം മുഴുവന്‍ ഉപവസിക്കുന്ന മറ്റ് ഉദാഹരണങ്ങളും വി. ഗ്രന്ഥത്തില്‍ ഉണ്ട് (ന്യായ: 20/26, 1സാമു: 7/6, യോനാ: 3/5, ദാനി: 10/2-3). ദൈവ സാന്നിദ്ധ്യാനുഭവത്തില്‍ മൂശയും എലിയായും നാല്പതു ദിവസം വീതം ഉപവസിച്ചത്  നാംകണ്ടു കഴിഞ്ഞു. 
സീറോ മലബാര്‍ കുര്‍ബാനയില്‍ അനാഫൊറ  ആരംഭിക്കുന്നതിനു മുമ്പ് നോമ്പിന്‍റെ  പ്രാധാന്യം വിശ്വാസികള്‍ ഉദ്ഘോഷിക്കുന്നുണ്ട്. "ഉപവാസവും പ്രാര്‍ഥനയും അനുതാപവും വഴി മിശിഹായേയും അവിടുത്തെ പിതാവിനേയും റൂഹാദ്ക്കുദ്ശായേയും നമ്മുക്ക് പ്രസാദിപ്പിക്കാം". അനുതാപവും പ്രാര്‍ഥനയും നിറഞ്ഞ, നോമ്പിലും ഉപവാസത്തിലും ദൈവം സംപ്രിതനാകുന്നു എന്നാണര്‍ത്ഥം.

നസ്രാണി സഭയില്‍ 

നോമ്പിന്‍റെ  സുഹൃത്തുക്കള്‍ എന്നൊരു വിശേഷണം നസ്രാണികള്‍ക്കുണ്ട്.അമ്പത് നോമ്പ്, ഇരുപത്തിയഞ്ച് നോമ്പ്, പതിനഞ്ച് നോമ്പ്, എട്ട് നോമ്പ്, മൂന്ന് നോം, വെള്ളിയാഴ്ച്ചയും ബുധനാഴ്ച്ചയുമുള്ള നോമ്പുകള്‍ മുതലായവയാണ് പ്രധാന നോമ്പുകള്‍.... അമ്പതു നോമ്പിനെ വലിയ നോമ്പ് (സൗമ്മാ റമ്പാ ) എന്നും വിളിയ്ക്കാറുണ്ട്.  ആരാധനക്രമത്തില്‍  അമ്പതു നോമ്പിനുള്ള  വലിയ പ്രാധാന്യം മൂലമാകം ഇതിനെ വലിയ നോമ്പ് എന്നു  വിശേഷിപ്പിക്കുക. കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ വലിയ നോമ്പിന്‍റെ പ്രത്യേകതയാണ്. ഒരു നേരം മാത്രം ഭക്ഷിക്കുക, മത്സ്യ മാംസാദികള്‍ വര്‍ജ്ജിക്കുക, പള്ളിയില്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുക, ജീവകാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുക തുടങ്ങിയവ അവയില്‍ ചിലത് മാത്രം. നോമ്പ് ലംഘിക്കുന്നത് വലിയ തെറ്റായാണ്‌ കരുതിയിരുന്നത്. "പള്ളിക്ക് പുറത്താക്കല്‍" പോലെയുള്ള ശിക്ഷകള്‍ നോമ്പു ലംഘകര്‍ക്ക് കൊടുത്തതായി പ്ലാസിഡച്ചന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഒരു പ്രാവശ്യം ലംഘിച്ചാല്‍ ദിവസം മുഴുവന്‍ ലംഘിച്ചതായി കരുതിയിരുന്നു. കുഞ്ഞുങ്ങള്‍, വൃദ്ധര്‍, രോഗികള്‍ തുടങ്ങിയവര്‍ നോമ്പിന്‍റെ  നിയമത്തിന്  വിധേയരായിരുന്നില്ല. നോമ്പ് വീടലിന്‌ എടന (വഴന) ഇല പള്ളികളില്‍ വിതറിയിരുന്നതായി ചില ഗ്രന്ഥങ്ങളില്‍ കാണുന്നു. ഔഷധ ഗുണവും പ്രത്യേക സുഗന്ധവുമുള്ള എടനയില വിതറല്‍ ഒരു പക്ഷെ നസ്രാണികളുടെ തനതായ ചില അലങ്കാര രീതിയായിരുന്നിരിക്കാം(ഇതിനെക്കുറിച്ച്കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു).

 സിറോ മലബാര്‍  ആരാധനക്രമത്തില്‍ 


                                         നോമ്പിന്‍റെ  ഫലങ്ങളെക്കുറിച്ച് ദിര്‍ഘമായ പ്രതിപാദനങ്ങള്‍ നോമ്പുകാല യാമ പ്രാര്‍ഥനയില്‍ കാണാം. ഉപവാസവും നോമ്പും വഴി പാപങ്ങള്‍ മോചിക്കപ്പെടുന്നു എന്നതാണ് അതില്‍ പ്രധാനം. കര്‍ത്താവ് പാപിക്ക്‌ അഭയം നല്കുന്നവനാണ്. അനുതാപത്തിന്റെ കണ്ണീരോടെ  പാപമുക്തി  നേടാന്‍ നോമ്പ് ഉത്തമമാണ് (ഓനീസാദ് ദക്ക്ദം  ഞായര്‍ , റംശാ)                       പാപത്തിന്‍റെ ഫലമായുണ്ടാകുന്ന മാലിന്യങ്ങള്‍ ആത്മാവില്‍ നിന്നും മനസ്സില്‍ നിന്നും മായിക്കണമെയെന്നു കൂടി പ്രാര്‍ഥിക്കുന്നു. പാപ ബോധവും പശ്ചാത്താപവും വര്‍ദ്ധിപ്പിക്കണമെയെന്നും പുതിയോരു ജീവന്‌ നല്‍കി രക്ഷിക്കണെയെന്നുമുള്ള ഉപവാസ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന  പ്രാര്‍ത്ഥനകള്‍ നോമ്പുകാല പ്രത്യേകതയാണ്. പാപം ഒരു രോഗമാണെന്നും ഈ രോഗത്തില്‍ നിന്നുമുള്ള ശമനമാണ്‌ പാപിക്ക്‌ ആവശ്യമെന്നും പഠിപ്പിക്കുന്നു. (ഓനീസാദ്മൗത്വാ,ചൊവ്വാ ലെലിയാതെശ്ബോഹത്താ ചൊവ്വാ- ലെലിയാ). അനുതാപത്തെ വിണ്ണിലേയ്ക്കുള്ള വാതിലായാണ് യാമ പ്രാര്‍ത്ഥന കാണുന്നത്. അനുതാപത്തിന്‍റെ  വാതില്‍ അടഞ്ഞാല്‍ സ്വര്‍ഗ്ഗം പൂകാന്‍ മാര്‍ഗ്ഗമില്ല. നോമ്പും ഉപവാസവും വഴിയാണ്  അനുതാപം ലഭിക്കുക. ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് പുണ്യാത്മാക്കളുടെ  ജീവിതമാണ്.  പൂര്‍വ്വപിതാക്കള്‍ ഉപവാസത്താല്‍ സ്വര്‍ഗ്ഗമാധുരി നുകര്‍ന്നത്‌ പോലെ, അനുതാപത്തോടെ നോമ്പും ഉപവാസവും അനുഷ്ഠിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗപ്രാപ്തി സാധ്യമാണ്. കാരണം നീതിഞ്ജന്മാരും പിതാക്കന്മാരുംദിവ്യ മഹത്ത്വ കിരീടമണിഞ്ഞത് ഉപവാസത്താലാണ്. (തെശ്ബോഹത്താ ഞായര്‍ - ലെലിയാ;തെശ്ബോഹത്താ ചൊവ്വാ  ലെലിയാ;ഓനീസാ  ദ് വാസര്‍, വെള്ളി-റംശാ).ഉപവാസം എങ്ങിനെ നടത്തണമെന്നും  നോമ്പുകാല  പ്രാര്‍ഥനകളില്‍ വ്യക്തമാണ്. അനുതാപമാണ് ഉപവാസത്തിന്‍റെ പ്രധാന ചൈതന്യം. ഭക്ഷണ പാനീയങ്ങള്‍ വെടിയുക മാത്രമല്ല,കോപവും അസൂയയും എല്ലാം വെടിഞ്ഞു വേണം ഉപവസിക്കാന്‍ (ഓനീസാ ദ് വാസര്‍, ഞായര്‍---റംശാ). ദു:ഖിതരില്‍ സ്നേഹത്തിന്‍റെ കരം നീട്ടി, അപരനെ സഹായിച്ച്, സഹചരെ സേവിച്ച്, അലസത വെടിഞ്ഞ്, അഗതികളെ കനിവോടെ സ്നേഹിച്ച് വേണം നോമ്പ് നോക്കാന്‍. (ഓനീസാ ദ് വാസാലിക്കേ, ഞായര്‍--റംശാ; തെശ്ബോഹത്താ, വ്യാഴം - ലെലിയാ). മനസ്സില്‍  നിന്നും അനാവശ്യ ചിന്തകളെ അകറ്റി നിര്‍മ്മലവും സുന്ദരവുമായ ചിന്തകള്‍ നിറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. (ഓനീസാ ദക്ക്ദം, തിങ്കള്‍- റംശാ). പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ എന്തെങ്കിലും കുറവ് വന്നിട്ടുട്ടെങ്കില്‍ അതും  നികത്തി വേണം നോമ്പ് അനുഷ്ഠിക്കാന്‍ (ഓനീസാ ദക്ക്ദം, ചൊവ്വ-റംശാ). 
സഭാ പിതാക്കന്മാരില്‍  
സുറിയാനി, ഗ്രീക്ക്, ലത്തീന്‍ സഭാ പിതാക്കന്മാരില്‍ പലരും നോമ്പിനെയും ഉപവാസത്തെയും കുറിച്ച് പ്രദിപാദിക്കുന്നുണ്ട്. സുറിയാനി സഭാ പിതാവായ മാര്‍ അപ്രേമിന്‍റെ ചില ചിന്തകള്‍ മാത്രമാണ്‌ ഇവിടെ ധ്യാന വിഷയമാക്കുന്നത്.                                                           
 

 പ്രാര്‍ത്ഥനയും ഉപവാസവും ഒരുമിച്ച്   പോകുന്നതാണെന്നും  ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍പ്പെടുത്താന്‍ സാധ്യമല്ലെന്നും മാര്‍ അപ്രേം സാക്ഷിക്കുന്നു.ആദ്യപാപം ആദാമിന്‍റെ ഭക്ഷണ പ്രിയത്തില്‍  നിന്നും വന്നുവെങ്കില്‍, മിശിഹാ തന്‍റെ ഉപവാസത്താല്‍ ആദാമിന്‍റെ പാപം സുഖപ്പെടുത്തി. കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍ കല്ലുകളെ അപ്പമാക്കാന്‍ തയ്യാറായില്ല. അങ്ങിനെ ഉപവാസത്തിന്‍റെ പ്രാധാന്യവും ശക്തിയും കര്‍ത്താവ് കാണിച്ചു തന്നു. പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടും ഉപവാസം സ്വീകരിക്കുന്നവന്‍ ഉപവസിച്ചു കൊണ്ടും മാതൃക കാട്ടി.  ഉത്തമമായ ഉപവാസം ഔഷധം പോലെയാണെന്നും. മാര്‍ അപ്രേം ചൂണ്ടിക്കാണിക്കുന്നു. പാപത്തിന്‍റെ ഫലമായി ആത്മാവില്‍ ഉണ്ടായിട്ടുള്ള രോഗങ്ങള്‍ നോമ്പും ഉപവാസവും വഴി മാറുന്നു. സാത്താനെതിരായ പോരാട്ടത്തില്‍ നോമ്പിനെയും ഉപവാസത്തെയും ശക്തമായ സംരക്ഷണ കവചമായി അപ്രേം  മല്പാന്‍ കാണുന്നു.   കാരണം ദുഷ്ഠനെതിരായ പോരാട്ടത്തില്‍ ഉപവാസം കര്‍ത്താവിന് ശക്തമായ ആയുധം ആയിരുന്നു(മത്താ:4/1). കര്‍ത്താവ് നമ്മുക്ക് നല്‍കിയ ഉപവാസമാകുന്ന ആയുധം നാം ശരിയായ വണ്ണം ഉപയോഗിക്കേണ്ടിയിരിക്കുന്നു.അല്പം മാത്രം ഭക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും മാര്‍ അപ്രേം വിവരിക്കുന്നുണ്ട്. ഭക്ഷണത്തോടുള്ള മനോഭാവം ഈശോ മിശിഹായില്‍ നിന്നും, ശ്ലീഹന്മാരില്‍  നിന്നും, പൂര്‍വ്വ  പിതാക്കന്മാരായ മൂശെ, ഏലിയാ തുടങ്ങിയവരില്‍ നിന്നും നാം പഠിക്കേണ്ടിയിരിക്കുന്നു. ഉപവാസം സത്യവും നീതിയും നിറഞ്ഞതായിരിക്കണമെന്നും; നോമ്പിനെ എളിമയോടെ സമീപിക്കണമെന്നും; യഥാര്‍ത്ഥ ഉപവാസം വലിയൊരു നിധി  തന്നെയാണെന്നും അപ്രേം പിതാവ് വെളിവാക്കുന്നു. ഇപ്രകാരം നോമ്പിനേയും ഉപവാസത്തെയും കുറിച്ച് ആഴവും പരപ്പുമുള്ള ധാരാളം ഉള്‍ക്കാഴ്ച്ചകള്‍ അപ്രേം പുണ്യവാന്‍റെ രചനകളില്‍ കാണാം. അവയില്‍ വളരെ കുറച്ച് മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളു.                              വി. ഗ്രന്ഥത്തിലും, ആരാധനക്രമത്തിലും, സഭാപിതാക്കന്മാരിലും കേന്ദ്രീകരിച്ചായിരിക്കണം  ഓരോ സഭയുടെയും ദൈവ ശാസ്ത്രവും ആദ്ധ്യാത്മികതയും വളരേണ്ടതും വ്യാഖ്യാനിക്കപ്പെടേണ്ടതും. നോമ്പുകാല ആദ്ധ്യാത്മികതയും അപ്രകാരം തന്നെ. ആരാധനക്രമ കേന്ദ്രികൃതമായ ഒരു നോമ്പാചരണമാണ്‌ സിറോ മലബാര്‍ സഭയ്ക്കിന്നാവശ്യം സഭയുടെ തനിമയുടെ ഭാഗങ്ങളാണിവയൊക്കെ. സഭാ പിതാക്കന്മാര്‍ അനുഭവിച്ചതും പ്രഘോഷിച്ചതും ഈ ശൈലിയാണ്‌.ഇപ്രകാരം സഭയുടെ തനിമയോട് ചേര്‍ന്നുള്ള ഒരു നോമ്പാചരണം സാധ്യമാകട്ടെ ഏവര്‍ക്കും.

ഈശൊയില്‍ സ്നേഹപൂര്‍വ്വം
ചവറപ്പുഴ ജയിംസച്ചന്‍ 

സഹായക ഗ്രന്ഥങ്ങള്‍

1. സിറോ മലബാര്‍ തക്സാ,19892. സിറോ മലബാര്‍ യാമ പ്രാര്‍ത്ഥനകള്‍,19863. EPHREM, Des Heiligen Ephrem des syrers Hymnen de Ieiunio,           ed; E. Beck, Louvain, 1964.4. EPHREM, Des Heiligen Ephrem des syrers Hymnen de                                                     virginitate, ed; E. Beck, Louvain, 1962.5. EPHREM, Hymnes de S. Ephrem conservéesen version         armènienenne, eds; L. Mariés and C. Mercier, Patrologia Orientalis30, 1961. 6. പ്ലാസിഡ് പൊടിപ്പറ, നമ്മുടെ റീത്ത്, മാന്നാനം, 1997.