
ഒരിടവകയില്‍ പള്ളി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പവിത്രവും പരിപാവനവുമായ സ്ഥലം സിമിത്തേരിയാണ്. പള്ളിയില്‍ വിശ്വാസം ജീവിക്കുന്നു. സിമിത്തേരിയില്‍ വിശ്വാസം വിശ്രമിക്കുന്നു. പള്ളി വൃത്തിയായി സൂക്ഷിക്കുന്നതുപോലെ സിമിത്തേരിയും വൃത്തിയായി സൂക്ഷിക്കണം. പള്ളി പൂക്കള്‍ വച്ച് അലങ്കരിക്കുന്നതുപോലെ ഓരോ കുടുംബക്കാരും സിമിത്തേരിയും പുതിയ പൂക്കള്‍ കൊണ്ടലങ്കരിക്കട്ടെ; പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ചിലവഴിക്കുന്നതുപോലെ സിമിത്തേരിയിലും അല്‍പസമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തണം നമ്മള്‍. വര്‍ഷത്തില്‍ ഒന്നു മാത്രമായി ചുരുക്കാതെ ആഴ്ചയില്‍ ഒന്നെങ്കിലും സിമിത്തേരിയിലെത്തി പ്രാര്‍ത്ഥിക്കാം നമ്മള്‍ക്ക്. പള്ളി നിശബ്ദമായി സൂക്ഷിക്കുന്നതുപോലെ സിമിത്തേരിയും നിശബ്ദ ധ്യാന സ്ഥലമാവട്ടെ. കുഞ്ഞുങ്ങള്‍ മണ്മറഞ്ഞു പോയ തങ്ങളുടെ കാരണവന്മാരോടും ബന്ധുക്കളോടും സിമിത്തേരിയില്‍ വച്ച് നിശബ്ദതയില്‍ സംസാരിക്കട്ടെ. അവരുടെ ജീവിതത്തിലെ സുപ്രധാനയവസരങ്ങളില്‍ സിമിത്തേരിയിലെത്തി പ്രാര്‍ത്ഥിച്ച് കാരണവന്മാരുടെ അനുംഗ്രഹം പ്രാപിക്കാന്‍ ശീലിക്കട്ടെ അവര്‍.
ഇതിനോട് കൂട്ടിച്ചേര്‍ത്തു മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. എന്തിനാണ് കുറച്ചുപേര്‍ക്കു മാത്രം 'കുടുംബ കല്ലറകള്‍'. കാശു കൊടുത്തു വാങ്ങാന്‍ ആസ്തിയുള്ളവര്‍ക്ക് കുടുംബകല്ലറകള്‍ സ്വന്തം. ഇല്ലാത്തവന് വെറും മണ്‍കൂന അല്ലെങ്കില്‍ അക്കങ്ങള്‍ മാത്രം കോറിയിട്ട ഒരു സെല്‍. മരിച്ചു പോയവരോടെന്തിനാണ് പക്ഷഭേദം. സിമിത്തേരിയില്‍ എന്തിനാണ് വേര്‍തിരിവ്? ജീവിച്ചിരുന്നപ്പോള്‍ പണവും സ്വാധീനവുമില്ലാത്തതിന്റെ പേരില്‍ പല അവഗണനകളും അപമാനവും അനുഭവിച്ചവര്‍ക്ക് വിശ്രമിക്കാന്‍ ആറടി പതിച്ചു നല്‍കുമ്പോഴും വേര്‍തിരിവ്!കുടുംബകല്ലറകള്‍ എന്ന രീതി നിര്‍ത്താന്‍ സാധ്യമല്ലെങ്കില്‍ എല്ലാവര്‍ക്കും കുടുംബകല്ലറകള്‍ കൊടുക്കുന്നതിനേക്കുറിച്ച് ആലോചിച്ചുകൂടേ. എത്രയോ അനാവശ്യ കാര്യങ്ങള്‍ക്കായി വീണ്ടുവിചാരമില്ലാതെ പല പള്ളികളിലും ലക്ഷങ്ങള്‍ ഒടുക്കി കളയുന്നുണ്ട്. അതെല്ലാം കൂട്ടി എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള കല്ലറകള്‍ പണിതു കൂടെ?
പണമുള്ളവര്‍ പണം മുടക്കട്ടെ. ഇല്ലാത്തവര്‍ക്കുവേണ്ടി ഓരോ കല്ലറ സ്പോണ്‍സര്‍ ചെയ്യിപ്പിക്കാന്‍ നമുക്ക് സാധിക്കില്ലേ? അങ്ങിനെ എല്ലാ ഇടവകയിലും പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒരേ രീതിയിലും ഒരേ അവകാശത്തിലും കല്ലറകള്‍. അന്ത്യ വിശ്രമത്തിന്റെ ആ നേരത്തെങ്കിലും ഓരോ വിശ്വാസിയും സമത്വമനുഭവിക്കട്ടെ. അവരുടെ വിശ്രമക്കിടക്കകള്‍ക്കരുകില്‍ ആത്മാഭിമാനത്തിന്റെ പൂച്ചെണ്ടുകളുമായി അവരുടെ ബന്ധുക്കള്‍ ഒന്നുചേരട്ടെ.
മൃത സംസ്ക്കാര ശുശ്രൂഷയില്‍ കബറിടം വെഞ്ചരിക്കുന്ന പ്രാര്‍ത്ഥന ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. വിശദീകരണം ആവശ്യമില്ലാത്ത, ആഴമുള്ള ഉത്ഥാന ദൈവശാസ്ത്രം വെളിവാകുന്ന പ്രാര്‍ത്ഥന.
"മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ മരണ വിധേയനാക്കുകയും ചെയ്യുന്ന ദൈവമേ, നിന്റെ വിശുദ്ധന്മാര്‍ വിശ്രമം കൊള്ളുന്ന കബറിടം എത്ര മനോഹരമാകുന്നു! വിശുദ്ധ മാമ്മോദീസായില്‍ മുദ്രിതവും പ.കുര്‍ബാനയില്‍ പരിപുഷ്ടവും വിശുദ്ധ തൈലത്താല്‍ അഭിഷിക്തവുമായ ഈ ശരീരത്തിനു നിന്റെ ദിവ്യ പുത്രന്റെ രണ്ടാമത്തെ ആഗമനം വരെ വിശ്രമം നല്‍കേണ്ട ഈ കബറിടം നീ പവിത്രീകരിക്കേണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും ആമ്മേന്‍"
ഈശോയില്‍ സ്നേഹപൂര്‍വ്വം
ചവറപ്പുഴ ജയിംസച്ചന്‍