പക്ഷേ കാലം മാറി. ഇന്നും പെരുന്നാളുകള്‍ പഴയതു പോലെയുണ്ട്. പക്ഷേ കൂട്ടായ്മയുടെ കാര്യത്തില്‍ കുറവു വന്നു. ഏതോ കാലത്ത് ഏതോ ഇടവകയിലാരംഭിച്ച പ്രസുദേന്തി സമ്പ്രദായം (ഇതിന്റെ ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു.) മിക്ക ഇടവകകളിലേയ്ക്കും വ്യാപിച്ചു. ഇന്ന് പെരുന്നാളുകള്‍ നടത്തുന്നത് പ്രസുദേന്തിമാരാണ്. മറ്റുള്ളവര്‍ വെറും കാഴ്ചക്കാര്‍. പ്രസുദേന്തി കാശ് മുടക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സൗകര്യവും അഭിരുചിയുമനുസരിച്ചുള്ള പെരുന്നാളാണ് നാടത്തുക. ഇടവക ജനങ്ങള്‍ക്ക് ഒരുതരം അന്ന്യതാബോധമുണ്ടായാല്‍ അദ്ഭുതപ്പെടാനില്ല. ബുദ്ധിമുട്ടു കുറവുള്ളതുകൊണ്ട് പല വികാരിമാരും ഇതിനൊക്കെ സമ്മതം മൂളും.
പ്രസുദേന്തിമാരുടെ ഇഷ്ടമനുസരിച്ഛ് പ്രദക്ഷിണ ശൈലികള്‍, പ്രാസംഗികര്‍, കലാപരിപാടികള്‍, പടക്കം, വെടി, കതിന തുടങ്ങിയവ ഒരുക്കുന്നു. ചിലര്‍ സിനിമാക്കാരെ എഴുന്നെള്ളിക്കും. ചിലര്‍ ക്രൈസ്തവ നാമം ധരിച്ച എന്നാല്‍ ക്രിസ്തീയ മൂല്യമൊട്ടുമില്ലാത്ത രാഷ്ട്രീയക്കാരെ വിളിക്കും. ചിലര്‍ ആകാശത്തു നിന്നു പൂക്കള്‍ വിതറും.അങ്ങിനെയൊക്കെ കലാ പരിപാടികള്‍. അവസാനം പെരുന്നാള്‍ പലര്‍ക്കും ഒരു നനഞ്ഞ പടക്കമായി മാറുന്നു. പെരുന്നാളുകള്‍ ആരുടെ മനസ്സിലും ഒരോര്‍മ്മയാകുന്നില്ല. കാരണം പെരുന്നാള്‍ നടത്തിപ്പ് ഒരുതരം ഇവന്റ് മാനേജ്മെന്റായി മാറി.
ഇനി ചെറിയ ഇടവകകളില്‍ വേറെ ചില രീതികളുണ്ട്. അവിടങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കാന്‍ ഔ വ്യക്തിയുണ്ടായെന്ന് വരില്ല. അപ്പോള്‍ കൂടുതല്‍ തുക കൊടുക്കുന്നവര്‍ക്ക്ക് പ്രസുദേന്തിമാരാകാം. ചിലരെ നിര്‍ബന്ധിച്ചും പ്രസുദേന്തിമാരാക്കാറുണ്ടെന്നും കേട്ടിട്ടുണ്ട്. ഒന്നിനു പകരം പല പ്രസുദേന്തിമാര്‍. . തുകയുടെ വലിപ്പമനുസരിച്ച് ഗ്രേഡുണ്ട്. ഉദാഹരണത്തിന് പതിനായിരം കൊടുത്താല്‍ പെരുനനാള്‍ നോട്ടീസില്‍ വലിയ അക്ഷരങ്ങളില്‍ ആദ്യം പേരു വരും. അയ്യായിരം കൊടുത്താല്‍ അതിനും താഴെ അതിലും ചെറിയ അക്ഷരങ്ങളില്‍ പേരു വരും. ആയിരം കൊടുത്താല്‍ അതിലും താഴെ. അപ്പോള്‍ പത്തോ നൂറോ കൊടുക്കുന്ന പാവപ്പെട്ടവനോ? അവര്‍ പ്രസുദേന്തിമാരല്ല്ല. അവരുടെ പേര് നോട്ടീസില്‍ വരുകയുമില്ല, അതെങ്ങിനെ ന്യായമാകും? ഒരിടവകയില്‍ പെരുന്നാള്‍ നടത്തിപ്പിന്നായി ലക്ഷങ്ങളും പതിനായിരങ്ങളും കൊടുക്കുന്നവര്‍ക്കൊപ്പം അവകാശം നൂറു രൂപ കൊടുക്കുന്ന പാവപ്പെട്ടവനും പെരുന്നാള്‍ നടത്തിപ്പില്‍ ഉണ്ടാകേണ്ടതല്ലേ? ഉണ്ടാകേണ്ടതാണ്. പക്ഷേ ചുരുക്കം ചില ഇടവകകളിലെങ്കിലും ഇല്ല എന്നു പറയാം.
പെരുന്നാള്‍ നടത്താന്‍ മുന്നോട്ട് വന്ന് പ്രസുദേന്തിമാരാകുന്നവരെ കുറ്റം പറയുകയല്ല ചെയ്യുന്നത്. അവരെ നിസ്സാര വത്ക്കരിക്കുകയുമല്ല. അവരില്‍ ഭൂരിപക്ഷവും വലിയ പുണ്യമാണ് ചെയ്യുക. വളരെ ആത്ഥമാര്‍ത്ഥതയോടും വിശ്വാസത്തോടും കൂടിയാണ് മിക്ക ഇടവകകളിലും പ്രസുദേന്തിമാര്‍ പെരുന്നാള്‍ നടത്തുക. ഇരു ചെവിയറിയാതെ നിറഞ്ഞ മനസ്സോടെ ധാരാളം ജീവ കാരുണ്യ പ്രവൃത്തികള്‍ പെരുന്നളിനോടനുബന്ധിച്ച് ചെയ്തിട്ടുള്ള പ്രസുദേന്തിമാരെ വ്യക്തിപരമായി അറിയുകയും ചെയ്യാം.
ഇങ്ങിനെയുള്ള വിധവകളുടെ കൊച്ചുകാശുകള്‍ നമ്മള്‍ പലപ്പോഴും കാണാതെ പോകാറുണ്ട്. പണ്ട് എല്ലാരുമൊരുമിച്ച് പെരുന്നാളുകള്‍ നടത്തിയിരുന്നപ്പോള്‍ വിധവകളുടെ കൊച്ചു കാശുകള്‍ക്ക് അവഗണനയുണ്ടായിരുനില്ല. ആ ഒരു കാലത്തേയ്ക്ക് തിരിച്ചു പോകാം നമ്മള്‍ക്ക്. ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ഏക മനസ്സോടെ കാടു പറിച്ചും തോരണങ്ങല്‍ ഒട്ടിച്ചും പ്രദക്ഷിണത്തിനു മുത്തുക്കുട പിടിച്ചും എല്ലാറ്റിലുമുപരി പരമ പ്രധാനമായ കുര്‍ബാന തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടി അര്‍പ്പിച്ചും ഇടവകകള്‍ പെരുന്നാളുകള്‍ നടത്തിയിരുന്ന ആ നല്ല കാലത്തേയ്ക്ക്.