പൂശ് ബശ്‌ലാമാ മദ്ബഹാ...... (പാപ പരിഹാര പ്രദമായ മദ്ബഹായെ സമാധാനത്തോടെ വസിക്കുക)
ഇടവകയില്‍ ശുശ്രൂഷാ സ്ഥാനമേല്‍ക്കുന്ന പുരോഹിതന്‍ അദ്യം സന്ദര്‍ശിക്കുതും മദ്ബഹായാണ്. സ്ഥലം മാറിപോകുമ്പോള്‍ എറ്റവും അവസാനം യാത്രാമൊഴി ചൊല്ലുതും മദ്ബഹായോട് തന്നെയണ്. പുരോഹിതന്‍റെ ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ സ്ഥലമാണിത്. മദ്ബഹാ, ബേസ്ക്കുദിശാ, ബലിപീഠം, ത്രോണോസ്, ജീവന്‍റെ മേശ, കര്‍ത്താവിന്‍റെ കബറിടം എന്നൊക്കെ അറിയപ്പെടുന്ന ഈ അതി വിശുദ്ധ സ്ഥലത്താണ് പുരോഹിതന്‍ എപ്പൊഴും അഭയം പ്രാപിക്കുക.... തന്‍റെ സ്വപ്നങ്ങളും ദു:ഖങ്ങളൂം സന്തോഷവും ഒക്കെ പങ്കുവയ്ക്കുന്നതും മുന്‍പോട്ടുള്ള യാത്രയില്‍ ശക്തി സംഭരിക്കുന്നതും ത്രിത്വത്തിന്‍റെ സിംഹാസനമായ തന്‍റെ പ്രിയപ്പെട്ട മദ്ബഹായില്‍ നിന്നു തന്നെ.
ജീവിതകാലം മുഴുവന്‍ കര്‍ത്താവിന്‍റെ ഭവനത്തില്‍ വസിച്ച് അവിടുത്തെ ബലിപീഠത്തില്‍ ശുശ്രുഷ ചെയ്യാനുള്ള തീക്ഷ്ണതയാണ് (സങ്കീ:27) ഒരുവന്‍ പുരോഹിതനാവുന്നതോടെ ലഭ്യമാവുക. പരിശുദ്ധ മദ്ബഹായില്‍ പ്രവേശിച്ച് സ്വര്‍ഗ്ഗീയ സിംഹാസനത്തിന്‍റെ ഛായയില്‍ ഭൂമിയില്‍ സ്ഥാപിതമായിരിക്കുന്ന ഉന്നത ബലിപീഠത്തില്‍ ശുശ്രുഷ ചെയ്യാനുള്ള കൃപ ലഭിക്കലാണ് പൌരോഹിത്യം (പട്ടം കൊടുക്കല്‍ ശുശ്രുഷാ ക്രമം, സീറോ മലബാര്‍ സഭ). ഈ അതി വിശുദ്ധ സ്ഥലത്ത് ഫലം ചൂടി നില്‍ക്കുന്ന വിശിഷ്ട സസ്യമാകാനും അവിടെ നിരന്തരം പ്രണമിക്കാനുമുള്ള വിളിയാണിത് (പട്ടം കൊടുക്കല്‍ ശുശ്രുഷാ ക്രമം, സീറോ മലബാര്‍ സഭ). ഈ മനോഭാവത്തോടെ മദ്ബഹായ്ക്ക് മുന്‍പില്‍ ശമുവേലിനെ പോലെ (1 ശമുവേല്‍ 3,3) ശാന്തമായി ഉറങ്ങാന്‍ കഴിയുന്ന പുരോഹിതനാണ് യഥാര്‍ത്ഥത്തില്‍ ഭാഗ്യവാന്‍.
പഴയ നിയമത്തില്‍ പൂര്‍വ്വ പിതാക്കന്‍മാരും പ്രവാചകന്‍മാരും ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തതായി കാണാം. ഇത് ദൈവത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു. എങ്ങനെ ബലിപീഠം നിര്‍മ്മിക്കണമെന്നും എപ്രകാരം അത് പരിപാവനമായി കാണണമെന്നും വി. ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സൃഷ്ടി 8/20 (നോഹ), സൃഷ്ടി 12/7,22/9 (അബ്രാഹം), സൃഷ്ടി. 26/25 (ഇസഹാക്ക്), സൃഷ്ടി 33/20 (യാക്കോവ്) പുറ 17/15 (മോശ), 1 ശമു 7/17 (ശമുവേല്‍), 1 രാജാ 18/31-32 (ഏലിയാ) പുറ 27/1-8 (ബലിപീഠം നിര്‍മ്മിക്കേണ്ടവിധം).
സീറോ മലബാര്‍ സഭയില്‍ ഹുത്താമ്മയ്ക്ക് ശേഷം പുരോഹിതന്‍ "ബേസ് കുദിശ" ചുംബിച്ച് യാത്രാ വന്ദനം പറയുന്നുണ്ട്. ഇത് പുരോഹിതന്‍റെ മാത്രം അവകാശമായതു കൊണ്ടാണ് അത് രഹസ്യവും നിശബ്ദമായും ചെയ്യുക. ആരാധനാ ക്രമത്തില്‍ നേതൃത്വ ശുശ്രുഷ വഹിക്കുന്ന പുരോഹിതന് ബലിപീഠത്തോടുള്ള ബന്ധം അങ്ങേയറ്റം അഭേദ്യവും, ഊഷ്മളവും ഹൃദ്യവുമാണ്. തന്‍റെ ഏറ്റവും പ്രിയപ്പെട്ട ബേസ് കുദിശയോട് നിറഞ്ഞ സന്തോഷത്തോടും സമാധാനത്തോടും കൂടി യാത്ര പറഞ്ഞ് അതിനെ അഗാധമായി ചുംബിച്ച് ആശ്ളേഷിച്ച് പുരോഹിതന്‍ യാത്രയാവുന്നു.
എത്ര മഹത്ത്വരമാണ് കര്‍ത്താവിന്‍റെ മദ്ബഹാ. അവിടുത്തെ സിംഹാസനവും കബറിടവും എത്ര മഹനീയമാണ് ഈ മഹനീയ ത്രോണോസ് പാപ പരിഹാര പ്രദമായിരിക്കുന്നത് പോലെ ഒരോ പുരോഹിതനും പാപ കറയേശാതെ അതില്‍ ശുശ്രുഷ ചെയ്യാനിടയാകട്ടെ. തങ്ങളുടെ ദു:ഖങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളുമൊക്കെ ഈ ബേസ് കുദീശായുടെ മുന്‍പില്‍ ഇറക്കിവയ്ക്കാന്‍ അവര്‍ക്കാകട്ടെ. കര്‍ത്താവിന്‍റെ ബലിപീഠത്തിന് മുന്‍പില്‍ കുരിവിയും ചെങ്ങാലിയും പാര്‍ക്കുവാന്‍ കൂട് കൂട്ടുന്നതു പോലെ (സങ്കീ:84,3)ഒരോ പുരോഹിതനും മദ്ബഹായില്‍ ആദ്യാവസാനം അഭയം പ്രാപിക്കട്ടെ.