മാര്‍ത്തോമ്മാ നസ്രാണി സഭാ ചരിത്രത്തിന് അവഗണിക്കാനാവാത്ത ഒരു പ്രവാചക ശബ്ദത്തെപറ്റിയാണ് ഈ കുറിപ്പ്. എന്നും സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന വലിയ ഇടയന്‍. ആദരവോടെ അകലെ നിന്ന് വീക്ഷിക്കുകയും തീഷ്ണതയോടെ വായിക്കുകയും കേള്‍ക്കുകയും, പുത്രസഹചമായ സ്നേഹത്തോടെ ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് ഈ പുണ്യ പിതാവുമായി. ഉറച്ച കാഴ്ച്ചപ്പാടുകളും അടിപതറാത്ത കാല്‍വയ്പ്പുകളുമായി കഴിഞ്ഞ അന്‍പതു വര്‍ഷക്കാലമായി നസ്രാണി സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന മാര്‍ യൗസേപ്പ് പൗവ്വത്തില്‍ മെത്രാപ്പോലിത്തയാണ് ആ വ്യക്തി.
പതിനാറാം നൂറ്റാണ്ടിനു ശേഷം നാലു പ്രധാന വ്യക്തികളിലൂടെയാണ് നസ്രാണി സഭ മുന്നേറിയത്. കരിയാറ്റില്‍ മാര്‍ യൗസേപ്പ് മെത്രാപ്പോലിത്താ, പാറേമാക്കല്‍ തോമ്മാ കത്തനാര്‍, നിധീരിയ്ക്കല്‍ മാണി കത്തനാര്‍, പ്ലാസിഡച്ചന്‍ എന്നിവരായിരുന്നു ആ നാലുപേര്‍. കരിയാറ്റില്‍ പിതാവ് തന്റെ സഭൈക്യ ചിന്തയാലും, പാറേമാക്കലച്ചന്‍ തന്റെ ധീരതയാലും, നിധീരിക്കല്‍ മാണികത്തനാര്‍ തന്റെ ദീര്‍ഘ വീക്ഷണത്താലും, പ്ലാസിഡച്ചന്‍ തന്റെ അഗാധമായ പാണ്ഡിത്യത്താലും നസ്രാണി സഭയിലെ നാലു കാലഘട്ടങ്ങളിലെ നാലു വിശ്വാസ ഗോപുരങ്ങളായി മാറി. കരിയാറ്റില്‍ മല്‍പ്പാന്‍ മെത്രാപ്പോലിത്തയായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും ഒരു ദിവസം പോലും മാതൃസഭയില്‍ മെത്രാനടുത്ത ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന� മുന്‍പ് മുമ്പ് അദ്ദേഹം "വധിയ്ക്കപ്പെട്ടു". പാറേമ്മാക്കലച്ചനും, നിധീരിയ്ക്കല്‍ മാണികത്തനാരും, പ്ലാസിഡച്ചനും മെത്രാന്മാരായില്ല. എങ്കിലും ജനഹൃദയങ്ങളിലും സഭാചരിത്രത്തിലും ഇവര്‍ക്ക് നാലുപേര്‍ക്കുമുള്ള സ്ഥാനം നസ്രാണി സഭയിലെ ഏതൊരു മെത്രാനെക്കാളും ഉപരിയും ഉന്നതവുമാണ്. ഇവര്‍ക്ക് ശേഷം ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ, ചരിത്രതാളുകളില്‍ ഇടം പിടിച്ചയാള്‍ മാര്‍ പൗവ്വത്തിലാണ്. ഈ നാലുപേര്‍ക്കു ശേഷം നസ്രാണി സഭയുടെ നെടുംതൂണെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് മാര്‍ പൗവ്വത്തിലിനെയാണ്. കാരണം മാര്‍ കരിയാറ്റിയുടെ സഭൈക്യ ചിന്തയും, പാറേമ്മാക്കലിന്റെ ധീരതയും, നിധീരിയ്ക്കലിന്റെ ദീര്‍ഘവിക്ഷണവും, പൊടിപാറയുടെ പാണ്ഡിത്യവും ഒന്നുപോലെ സമ്മേളിച്ചിട്ടുണ്ട് അദ്ദേഹത്തില്‍. അതുകൊണ്ട് തന്നെയാവണം ഉറച്ച കാഴ്ച്ചപാടുകളും അടി പതറാത്ത കാല്‍വയ്പുകളുമായി നസ്രാണി സഭയെ കഴിഞ്ഞ അന്‍പതു വര്‍ഷക്കാലം അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുകയും പിന്നില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നത്.
1. മാര്‍ കരിയാറ്റിയുടെ സഭൈക്യ ചിന്തയും മാര്‍ പൗവ്വത്തിലിന്റെ സഭാ ദര്‍ശനവും.
നസ്രാണി സഭയില്‍ നിന്ന് ആദ്യമായി റോമില്‍ ഉപരിപഠനം നടത്തി ബിരുദധാരിയായ ആളാണ് കരിയാറ്റില്‍ മാര്‍ യൗസേപ്പ് മല്‍പ്പാന്‍. കൂനന്‍ കുരിശു സത്യത്തോടെ മാതൃസഭയില്‍ നിന്ന് അകന്നു പോയ പുത്തന്‍കൂറ്റുകാരുടെ പുനരൈക്യ പ്രാപ്തിക്കായി പാറേമ്മാക്കലച്ചനോടൊപ്പം ദീര്‍ഘവും ദുഷ്കരവുമായ റോമായാത്ര അദ്ദേഹം നടത്തി. "സ്വസഹോദരന്മാരുടെ പുനരൈക്യത്തിനായി ഏതറ്റം വരെ പോകാനും ജീവന്‍ പോലും നല്‍കാനും തയ്യാറാണ്" എന്നു പ്രഖ്യാപിച്ച കരിയാറ്റി തന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുമാറ് രക്തസാക്ഷിയായി. "എക്യുമെനിസം" എന്ന വാക്ക് സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് മുന്‍പ് തന്നെ "എക്യുമനിസ"ത്തിനായി ജീവന്‍ നല്‍കിയ കരിയാറ്റില്‍ പിതാവിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് മാര്‍ പൗവത്തില്‍. മാര്‍ത്തോമ്മാ ശ്ലീഹായുടെ മക്കള്‍ ഭിന്നിച്ചു കഴിയേണ്ടവരല്ല, അവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ സാക്ഷ്യം നല്‍കി. ഇന്ത്യയില്‍ നിലയ്ക്കല്‍ പ്രസ്ഥാനത്തിലും, പുറത്തു pro-oriente അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. സഹോദരീ സഭകളിലെ നേതൃത്വങ്ങള്‍ക്ക് ഒരുപോലെ വിശ്വാസവും ആദരവും സ്നേഹവും ആത്മാര്‍ത്ഥതയും മാര്‍ പൗവ്വത്തില്‍നോട് തോന്നാന്‍ കാരണം സഭൈക്യത്തിനായുള്ള അദ്ദേഹത്തിന്റെ തികഞ്ഞ ആത്മാര്‍ത്ഥത ഒന്നു കൊണ്ട് തന്നെയാണ്. സഭൈക്യം ചാനല്‍ ചര്‍ച്ചകളിലും ചായകുടികളിലും കെട്ടിപുണരലൂകളിലും മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത് മാര്‍ കരിയാറ്റിക്ക്് ശേഷം മാര്‍ പൗവ്വത്തില്‍ മുമ്പോട്ടു വച്ച സഭൈക്യ ദര്‍ശനം ചര്‍ച്ച ചെയ്യപ്പെടേണ്ടതും പിന്‍തുടരേണ്ടതുമാണ്.
2. പാറേമ്മാക്കലിന്റെ നെഞ്ചുറപ്പും മാര്‍ പൗവ്വത്തിലിന്റെ ഉറച്ച നിലപാടുകളും.
ചങ്കുറപ്പുള്ള ഒരു നസ്രാണിയെയാണ� പാറേമ്മാക്കലച്ചനില്‍ നാം കാണുക. മാതൃസഭയുടെ തനിമയും വ്യക്തിത്വവും ആരുടെ മുമ്പിലും അടിയറ വയ്ക്കാതെ, കാര്യങ്ങള്‍ തുറന്നു പറയുവാനും, അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും നെഞ്ചുറപ്പോടെ നില്‍ക്കുന്ന പാറേമ്മാക്കലച്ചനാണ് വര്‍ത്തമാന പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുക. നട്ടെല്ലുള്ള ഈ നസ്രാണിക്കൊരു പിന്‍ഗാമിയെ മാര്‍ പൗവ്വത്തില്‍ പിതാവില്‍ നമ്മുക്ക് ദര്‍ശിക്കാം.
മാതൃസഭയുടെ അജപാലനാധികാരങ്ങള്‍ക്കായി ലത്തീന്‍ സഭാധികാരികളുടെ മുന്‍പില്‍ നില്‍ക്കുമ്പോഴും, ക്രിസ്തീയ വിശ്വാസസംഹിതയ്ക്കും ന്യൂനപക്ഷാവകാശങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരെ അക്ഷരങ്ങള്‍കൊണ്ട് എതിര്‍ക്കുമ്പോഴും അദ്ദേഹത്തിന് ഉറച്ച നിലപാടുകളാണ്.
കാര്യസാധ്യത്തിനായി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ സ്ഥാനമാനങ്ങള്‍ക്കായി നെട്ടോട്ടമോടാനോ അദ്ദേഹം തയ്യാറായിട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രവും കത്തോലിക്കാ വിശ്യാസവും ഒന്നിച്ചു പോകില്ലായെന്നും വിശ്വാസവും ആശയവും രണ്ടായിതന്നെ കാണണമെന്നും വിട്ടിവീഴ്ച്ചകളില്ലാതെ അദ്ദേഹം ഇന്നും പ്രഖ്യാപിക്കുന്നു. വിശ്വാസത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ത്ത് കെട്ടാന്‍ ശ്രമിക്കുന്ന ചില സഭാ നേതാക്കന്മാരുടേ പ്രസ്താവനകളോട് ഇത് ചേര്‍ത്ത് വായിക്കേണ്ടതാണ്. വിശ്വാസത്തെ വെറും ആശയത്തിന്റെ മടിയിലിരുത്താന്‍ അദ്ദേഹം തയ്യാറല്ല. കമ്മ്യൂണിസത്തെ നോക്കി പുഞ്ചിരിക്കാത്തതുകൊണ്ടും ഭരണ നേതൃത്വത്തിലുള്ളവരോട് മൃദു സമീപനം പുലര്‍ത്താതതുകൊണ്ടും അദ്ദേഹത്തിന് മാലയിടാനും സമ്മാനങ്ങള്‍ നല്‍കാനും നേതാക്കന്മാരില്ല. ഈ ഉറച്ച നിലപാടുകള്‍ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് മതൃകയാണ്; സഭയിലും സമൂഹത്തിലും.
സത്യത്തെ ബലി കഴിച്ചു കൊണ്ടാവരുത് വിട്ടുവീഴ്ച്ചകള്‍. വിശ്വസത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടാവരുത് അവകാശങ്ങള്‍ നേടിയെടുക്കല്‍. ഈ രണ്ടു സത്യങ്ങള്‍ വര്‍ത്തമാന പുസ്തകത്തില്‍ പാറേമ്മാക്കലച്ചന്‍ കാണിച്ചു തരുന്നുണ്ട്. വര്‍ത്തമാനകാല സഭയില്‍ മാര്‍ പൗവ്വത്തിലൂടെയാണ് ഈ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുക.
തന്നെക്കാളും പ്രായം കുറഞ്ഞ കരിയാറ്റിലച്ചനെ മല്‍പ്പാന്‍ എന്നു മാത്രമെ പാറേമ്മാക്കലച്ചന്‍ വിശേഷിപ്പിച്ചു കാണുന്നുള്ളു.(കരിയാറ്റിയുടെ മെത്രാഭിഷേകത്തിന് ശേഷം മെത്രാപ്പോലിത്താ എന്നാണ് വിളിക്കുക). തന്നെക്കാളും പ്രായം കുറഞ്ഞ ആളാണെങ്കിലും റോമില്‍ ഉപരിപഠനം നടത്തിയ കരിയാറ്റില്‍ മല്‍പ്പാന്റെ അറിവിനേയും പാണ്ഡ്യത്യത്തെയും പാറേമാക്കലച്ചന്‍ ആദരിക്കുന്നു. ഈ ഒരു ഗുണ വിശേഷം മാര്‍ പൗവ്വത്തിലും കാണാം. സഭാശസ്ത്രത്തിലോ, ബൈബിളിലോ, ആരാധനക്രമത്തിലോ അദ്ദേഹത്തിന� ബിരുദങ്ങളില്ല. ഈ കുറവ് അദ്ദേഹം നികത്തിയത് ആ വിഷയങ്ങളില്‍ അഗ്രഗണ്യരായ സഹോദര വൈദീകരുടെ അറിവും, സാമിപ്യവും, ഉപദേശവും കൊണ്ടായിരുന്നു. അങ്ങനെ ഈ വിഷയങ്ങളില്‍ ബിരുദങ്ങള്‍ നേടിയ മെത്രാന്മാരെക്കാളും അറിവും പാണ്ഡ്യത്യവും അദ്ദേഹത്തിനുണ്ടായി. അതായത് സീറോ മലബാര്‍ സഭയില്‍ ആരാധനക്രമ, സഭാ വിഞ്ജാനീയ രംഗങ്ങളില്‍ മാര്‍ പൗവ്വത്തില്‍ന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ദൈവ ശാസ്ത്രഞ്ജന്മാരുണ്ടായി. ഉപരിപഠനം നടത്താത്ത പാറേമ്മാക്കലച്ചന്‍ ചരിത്രവും, വിഞ്ജാനവും, ആദ്ധ്യാത്മികതയും നിറഞ്ഞു നില്‍ക്കുന്ന 'വര്‍ത്തമാന പുസ്തകം' രചിച്ചതുപോലെ; സഭാ വിഷയങ്ങളില്‍ ഉപരി പഠനം നടത്താത്ത മാര്‍ പൗവത്തില്‍ ജീവിക്കുന്ന "വിഞ്ജാനകോശ"മാവുകയും ജ്ഞാനം നേടാന്‍ നിരന്തരം ശ്രമിക്കുകയും അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
3. മാണികത്തനാരുടെ ദീര്‍ഘ വീക്ഷണവും മാര്‍ പൗവ്വത്തില്‍ന്റെ മാതൃസഭാ ദര്‍ശനവും.
സ്വാതന്ത്ര്യ സമരം കൊടികൊണ്ടിരുന്ന കാലമാണ് നിധീരിക്കല്‍ മാണികത്തനാരുടെ ജീവിത സമയം. രാജ്യത്തിനു മാത്രമല്ല മാതൃസഭയ്ക്കും സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം. നാട്ടു മെത്രാന്മാരെ ലഭിക്കാന്‍ അക്ഷീണം യത്നിച്ച പുണ്യാത്മാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ നസ്രാണി സഭയ്ക്ക് നാട്ടു മെത്രാന്മാരെ ലഭിച്ചു. പക്ഷേ കഴിവും പാണ്ഡ്യത്യവും വിശുദ്ധിയും അര്‍ഹതയും വേണ്ടുവോളമുണ്ടായിരുന്ന അദ്ദേഹം മെത്രാനായില്ല. അന്നത്തെ സഭാ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ പേര് പിന്തള്ളപ്പെട്ടു പോയി: എന്നാല്‍ അതില്‍ അദ്ദേഹം പരിഭവിക്കുകയൊ നിസംഗനാവുകയോ ചെയ്‌തില്ല. കാരണം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ തന്റെ ആത്മാഭിമാനം പണയം വയ്ക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.
സീറോ മലബാര്‍ സഭയ്ക്ക് സ്വയം ഭരണാവകാശം വേണമെന്നും ഈ സഭയ്ക്ക് ഒരു സഭാ തലവന്‍ ഉണ്ടാകണമെന്നും ആഗ്രഹിച്ച് പ്രവര്‍ത്തിച്ചയാളാണ് മാര്‍ പൗവ്വത്തില്‍. അദ്ദേഹത്തിന്റെ പ്രധാന ശ്രമ ഫലമായാണ് സീറോ മലബാര്‍ സഭ major Archi-Episcopal സഭയായി മാറിയത്. പക്ഷേ മാണി കത്തനാര്‍ക്ക് സംഭവിച്ചതു പോലെ ഇവിടെയും സംഭവിച്ചു...അദ്ദേഹം സഭാ തലവനായില്ല. ദൈവഹിതം വ്യത്യാസ്തമായിരുന്നിരിക്കാം. പക്ഷേ, അന്നും ഇന്നും ഈ സഭയെ മുന്നില്‍ നിന്ന്; കല്ലേറു മുഴുവന്‍ കൊണ്ട് നയിക്കുന്നത് മാര്‍ പൗവ്വത്തില്‍ തന്നെയല്ലേ? കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കത്തോലിയ്ക്കാ സഭയുടെ നാവും മനസാക്ഷിയുമായി അദ്ദേഹം തുടരുന്നു. മരണം വരെ മെത്രാനാകാതെ നിധീരിയ്ക്കല്‍ മാണി കത്തനാര്‍ സഭയ്ക്ക് നേതൃത്വം നല്‍കിയതുപോലെ; സഭാ തലവനാകാതെ സഭയ്ക്ക് മാര്‍ഗ്ഗദര്‍ശിയും വഴികാട്ടിയുമായി മാര്‍ പൗവ്വത്തില്‍ തുടരുന്നു.
4. പ്ലാസിഡച്ചന്റെ പാണ്ഡിത്യവും മാര്‍ പൗവ്വത്തിലിന്റെ വിജ്ഞാന ദര്‍ശനവും.
"വിശ്വാസത്തില്‍ ക്രിസ്ത്യാനി, സംസ്കാരത്തില്‍ ഭാരതീയന്‍, ആരാധനക്രമത്തില്‍ പൗരസ്ത്യന്‍" നസ്രാണി സഭയ്ക്ക് ഈ മഹത്തായ വീക്ഷണം തന്നത് പ്ലാസിഡച്ചനാണ്. പ്ലാസിഡച്ചന്റെ അഗാധമായ പാണ്ഡിത്യമാണ് ഈ സഭയുടെ തനിമ വീണ്ടെടുക്കല്‍ പ്രക്രീയക്ക് ആക്കവും ആഴവും നല്‍കിയത്. പ്ലാസിഡച്ചന്റെ ഈ വിഞ്ജാനതൃഷ്ണ മാര്‍ പൗവ്വത്തിലിനുണ്ട്. പുസ്തകങ്ങളെ സ്നേഹിക്കുന്ന, വായനയെ ഇഷ്ടപ്പെടൂന്ന, വായിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന മാര്‍ പൗവ്വത്തില്‍; പ്ലാസിഡച്ചന്‍ ഈ സഭയ്ക്ക് പകര്‍ന്നു നല്‍കിയ ജ്ഞാന സമ്പത്ത് ആസ്വദിക്കുകയും ആസ്വദിക്കുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഈ വിജ്ഞാനദാഹമാണ് സീറോ മലബാര്‍ സഭയുടെ ആരാധനക്രമ സഭാ വിജ്ഞാന പുനരുദ്ധീകരണ രംഗത്ത് മുന്നില്‍ നില്‍ക്കാനും നേതൃത്വം വഹിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്. കുറെ വര്‍ഷങ്ങളായി ഭാരത സഭയില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു മെത്രാന്‍ മാര്‍ പൗവ്വത്തിലിനെ പോലെ വേറെ ഉണ്ടാവില്ല. അതുപോലെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ളയാളും വേറെ കാണില്ല.വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിയ്ക്കാതെ, വിമര്‍ശനങ്ങളെ അസ്വദിച്ച് മാര്‍ പൗവ്വത്തില്‍ സഭയ്ക്ക് വിളക്കായി മാറുന്നു.
പ്ലാസിഡച്ചനെ പൗവ്വത്തില്‍ പിതാവ് വിശേഷിപ്പിച്ചത് 'ആധുനിക സഭാപിതാവ്' എന്നാണ്. പൗവത്തില്‍ പിതാവിനെ എന്താണ് വിശേഷിപ്പിക്കുക. സീറോ മലബാര്‍ പിതാക്കന്മാരുടെ ആദ്‌ലീമിനാ സന്ദര്‍ശന വേളയില്‍ ബനഡിക്റ്റ് 16-�ം മാര്‍പാപ്പ മാര്‍ പൗവ്വത്തില്‍നെ ചൂണ്ടി മറ്റ് മെത്രാന്‍മാരോട് പറഞ്ഞത്രെ "ഇതാ സഭയുടെ കിരീടം". അതെ തീര്‍ച്ചയായും അദ്ദേഹം സഭയുടെ കിരീടം തന്നെയാണ്. ഈ വിശേഷണത്തിന് അര്‍ഹനാകാന്‍ യോഗ്യരായ മറ്റാരുണ്ട് ഈ സഭയില്‍? മാതൃ സഭയുടെ പൊന്‍ കിരീടത്തെക്കുറിച്ചുള്ള ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു. ചിന്തകള്‍ അവസാനിപ്പിക്കുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ കുറ്റവും മരിച്ചു കഴിഞ്ഞ് നന്മയും പറയുന്ന മലയാളി തഴക്കത്തിനോട് താല്‍പര്യമില്ലാത്തതു കൊണ്ടാണ് മാര്‍ പൗവ്വത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതെഴുതുന്നത്. അതോടൊപ്പം അദ്ദേഹത്തിലൂടെ നസ്രാണി സഭയ്ക്ക് ദൈവം നല്‍കിയ നന്മകള്‍ക്ക് നന്ദിയും, വിമര്‍ശനങ്ങളും കല്ലേറുമേറ്റ് സഭയുടെ വിശ്വാസവും തനിമയും സംരക്ഷിയ്ക്കുന്ന പിതാവിന്റെ നിലപാടുകളോട് വിശ്വസ്തത കാണിക്കാത്തതിന് നസ്രാണി സഭയുടെ മാപ്പും, അദ്ദേഹത്തിന് ആദരവും. അദ്ദേഹത്തിന്റെ തീഷ്ണതയും സഭാ സ്നേഹവും സത്യ വിശ്വാസവും നസ്രാണി സഭയ്ക്ക് ഒരു ഉറച്ച കോട്ടയാകട്ടെ.
ഈശോയില്‍ സ്നേഹപൂര്‍വ്വം.
ചവറപ്പുഴ ജയിംസച്ചന്‍