ശാശ്വത കല്‍പന മൂശേ നേടി
തപസാലൊരുനാളീശോബര്‍നോന്‍
തപനനെ നിശ്ചലനാക്കി നൂനം.
തപസിന്‍ മാര്‍ഗ്ഗം നേടിയ നിവ്യാ
നഭസിലുയര്‍ന്നാനഗ്നിരഥത്തില്‍"
(ഓനീസാ ദ്‌വാസാലിക്കേ, ഞായര്‍ റംശാ - നോമ്പുകാലം, സീറോ മലബാര്‍ യാമപ്രാര്‍ത്ഥനകള്‍)
അതുകൊണ്ടാണ്, ആരാധനക്രമാനുഷ്ഠാന ജീവിതമാണ് യഥാര്‍ത്ഥമായ വിശ്വാസ പരിശീലനമെന്നു പറയുക. സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനകള്‍ സഭ നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ അനുഷ്ഠിക്കുമ്പോള്‍ ആണ് യഥാര്‍ത്ഥവിശ്വാസ പരിശീലനം സാധ്യമാകുക. കുര്‍ബാനയും, കൂദാശകളും, യാമപ്രാര്‍ത്ഥനകളും, കൂദാശാനുകരണങ്ങളുമൊക്കെ ഒരേ സമയം വിശ്വാസ പ്രഘോഷണവും വിശ്വാസ പരിശീലനവുമാണ്. മാര്‍ത്തോമ്മാ നസ്രാണി സഭയുടെ യാമപ്രാര്‍ത്ഥനകളിലെ വിശ്വാസ പരിശീലനമാണ് ഇന്നത്തെ ധ്യാനവിഷയം. നോമ്പിന്റെ ചൈതന്യമെങ്ങിനെയാവണമെന്ന് നോമ്പുകാലത്തിലെ യാമപ്രാര്‍ത്ഥനകളിലൂടെ സഭ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. നോമ്പുകാലത്തില്‍ എങ്ങിനെയുള്ള ജീവിതമാണ് സഭാമക്കള്‍ നയിക്കേണ്ടത്, എപ്രകാരം നോമ്പ് അനുഷ്ഠിച്ച് ഉയിര്‍പ്പുതിരുനാളിനൊരുങ്ങാം, എന്നൊക്കെ നോമ്പുകാലത്തെ പ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും വ്യക്തമാണ്. അതായത് എപ്രകാരമുള്ള ജീവിതമാണ് നോമ്പുകാലത്ത് നയിക്കേണ്ടതെന്ന് അഞ്ചു പ്രധാന കാര്യങ്ങളിലൂന്നി, നോമ്പുകാല യാമപ്രാര്‍ത്ഥനകളിലൂടെ സഭ നിര്‍ദേശിക്കുന്നു. അവയുടെ ആഴത്തിലുള്ളതല്ലെങ്കിലും ലളിതമായ ഒരു വിശകലനമാണിവിടെ നല്‍കുന്നത്.
1. തിന്മ വിട്ടൊഴിഞ്ഞ് നന്മ ചെയ്യുക (ഓനീസാ ദ്‌വാസാര്‍, ഞായര്‍ റംശാ- നോമ്പുകാലം).
സങ്കീര്‍ത്തനങ്ങള്‍ 34/14 ആണ് ഈ പ്രാര്‍ത്ഥനയ്ക്ക് ആധാരം. തിന്മയില്‍ നിന്ന് ഒഴിവായി നന്മ ചെയ്യേണ്ടവരാണ് വിശ്വാസികള്‍ എന്ന് സഭ ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. സ്നേഹത്തിന്റെ കല്പനയുടെ ലംഘനമാണ് തിന്മ (ഓനീസാ ദ്‌റംശാ - തിങ്കള്‍). കല്പനകളുടെ ലംഘനമാണ് പാപമെന്ന ധ്യാനത്തോടൊപ്പം, വര്‍ജ്ജിക്കേണ്ട തിന്മകളേതെല്ലാമാണെന്ന സൂചനയും നോമ്പുകാല പ്രാര്‍ത്ഥനകളിലുണ്ട്. അതില്‍ ഒന്നാമത്തേതാണ് ദ്രവ്യാഗ്രഹം; എന്തെന്നാല്‍ സകല പാപങ്ങളുടെയും മൂലം ദ്രവ്യാഗ്രഹമാണ് (ഓനീസാ ദക്ക്ദം - ഞായര്‍ റംശാ). പലതരം വ്യാമോഹങ്ങള്‍ തിന്മയ്ക്ക് കാരണമാകുന്നു (1 തിമോ: 6/10). ഉപേക്ഷിക്കേണ്ട തിന്മകളുടെ ഒരു ലിസ്റ്റ് നോമ്പുകാലം ഒന്നാം ഞായര്‍ ലേഖനത്തില്‍ നാം കണ്ടതാണ് (എഫേ: 4/25). അസത്യം, കോപം, മോഷണം, ദുഷിച്ച സംസാരം, റൂഹാദക്കുദ്ശായെ വേദനിപ്പിയ്ക്കല്‍, ക്രോധം, കലഹം, ദൂഷണം തുടങ്ങിയ തിന്മകളെല്ലാം വര്‍ജ്ജിക്കണമെന്നും പരസ്പരം ദയയും കരുണയുമുള്ളവരായിരിക്കണമെന്നും മാര്‍ പൗലോസ് ഉപദേശിക്കുന്നു. വിട്ടൊഴിയേണ്ട തിന്മകള്‍ ഏവയെന്ന് മാര്‍ യാക്കോവും തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. യാക്കോ: 4/11-12 സഹോദരനെതിരായി സംസാരിക്കരുത്. യാക്കോ: 3/ നാവിനെ കെട്ടഴിച്ച് വിടരുത്, നിയന്ത്രിക്കണം. യാക്കോ: 2/ പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കണം. നോമ്പിന്റെ സാരം ഭോജ്യങ്ങള്‍ വെടിയുക മാത്രമല്ല, കോപവും, അസൂയയുമെല്ലാം ഉപവാസത്താല്‍ വെടിയണം (ഓനീസ ദ്‌വാസാര്‍, ഞായര്‍ - റംശാ). കര്‍മ്മങ്ങള്‍ നീതി നിറഞ്ഞതാകണം (ഓനീസാ ദ്‌വാസാര്‍, ഞായര്‍ - റംശാ). അഹങ്കാരവും അഹംഭാവവുമാണ് പാപത്തില്‍ വീഴാന്‍ കാരണമെന്നും (ഓനീസാ ദ്‌റംശാ, ചൊവ്വാ), അഹങ്കാരത്താല്‍ ഭോഷനായിതീര്‍ന്ന എന്നോട് കരുണയുണ്ടാകണമെന്നും (ചൊവ്വാ, ലെലിയാ - കാറോസൂസാ). വിശ്വാസി പ്രാര്‍ത്ഥിക്കുന്നു.
2. ഉണര്‍ന്ന് പ്രാര്‍ത്ഥിക്കുക.
ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കാനുള്ള ഉദ്ബോധനമണ് ചൊവ്വാ റംശായിലുള്ളത് (ഓനീസാ ദക്ക്ദം). ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കനുള്ള നിര്‍ദ്ദേശം ഗത്സമനിയില്‍ വച്ച് കര്‍ത്താവ് ശ്ലീഹന്മാര്‍ക്ക് നല്‍കുന്നുണ്ട് (ലൂക്കാ:22/46). ഉത്സാഹത്തോടെ പ്രാര്‍ത്ഥിക്കാന്‍ ദൈവകൃപ ആവശ്യമാണ്. ഈ കൃപയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഞായര്‍ ലെലിയാ കാറോസൂസായില്‍ ഉള്ളത്. പ്രാര്‍ത്ഥനയുടെ ശക്തിയും (ലൂക്കാ:11), നിരന്തര പ്രാര്‍ത്ഥനയുടെ ആവശ്യകതയും (ലൂക്കാ:18) വേദപുസ്തകത്തിലെ പ്രധാന വിഷയങ്ങളാണ്. കൃതജ്ഞതാ നിര്‍ഭരരായി ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കാന്‍ മാര്‍ പൗലോസ് ഉദ്ബോധിപ്പിക്കുന്നുണ്ട് (കൊളൊ:4/12). ചെടി നട്ടുവളര്‍ത്തുന്നതു പോലെയാണ പ്രാര്‍ത്ഥനാ ചൈതന്യം വളര്‍ത്തേണ്ടതെന്നും (ഓനീസാ ദക്ക്ദം, ചൊവ്വാ - റംശാ), ഉള്ളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയെ ദൈവസന്നിധിയിലെത്തുകയുള്ളുവെന്നും (ഓനീസാ ദക്ക്ദം, തിങ്കള്‍ റംശാ) നോമ്പുകാല പ്രാര്‍ത്ഥനകളില്‍ കാണാം. എന്തിനൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കണം (നോമ്പുകാല പ്രത്യേക കാറോസൂസാ) എന്നതോടൊപ്പം, പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ എന്ന മനോഹരമായ കാറോസൂസായും (ശനി ലെലിയാ - കാറോസൂസാ) നോമ്പുകാല യാമപ്രാര്‍ത്ഥനകളിലെ പ്രത്യേകതകളാണ്.
3. അലസത വെടിഞ്ഞ് ജാഗ്രതയുള്ളവരാകുക.
വിശ്വാസജീവിതത്തില്‍ പലപ്പോഴുമുണ്ടാകുന്ന കോട്ടമാണ് അലസത. അലസത വെടിഞ്ഞ് അഗതികളെ സ്നേഹിക്കണമെന്നും (തെശ്ബൊഹത്താ, വ്യാഴം - ലെലിയാ), അലസത വെടിഞ്ഞ് ജാഗരൂകരായാല്‍ മാത്രമെ പ്രത്യാശാദി ഫലങ്ങള്‍ നേടു എന്നും (തെശ്ബൊഹത്താ, ഞായര്‍ - ലെലിയാ) നോമ്പുകാല പ്രാര്‍ത്ഥനകള്‍ വ്യക്തമാക്കുന്നു, സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഇടുങ്ങിയതാണ അതിനാല്‍ യാത്രയില്‍ അല്‍പം അജാഗ്രത വന്നാല്‍ യാത്രികന്‍ ലക്ഷ്യസ്ത്ഥാനത്തെത്തില്ല (ഓനീസാ ദറംശാ - തിങ്കള്‍). അദ്ധ്വാനിക്കാന്‍ വിസമ്മതിക്കുന്നതുകൊണ്ട് അലസന്റെ ആഗ്രഹങ്ങള്‍ അവന്റെ മരണകാരണമാകുമെന്ന സുഭാഷിതങ്ങളിലെ (21/25) ചിന്തയോടൊപ്പം; അലസതയിലും, ഞങ്ങളില്‍ നിന്ന് സ്വീകരിച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നുമുള്ള മാര്‍ പൗലോസിന്റെ (2 തെസ: 3/06) നിര്‍ദ്ദേശവും എടുത്തു പറയേണ്ടതാണ. അലസതയാല്‍ താലന്ത് നഷ്ടപ്പെടുത്തുന്ന ഭൃത്യന്റെ ഉപമ നമുക്ക് സുപരിചിതമാണല്ലോ?. അലസതമൂലം കാലത്തിന്റെ വില അറിയാതെ മന്നില്‍ ഉറക്കം പൂണ്ട് കിടക്കുന്ന മനുജനെ തൊട്ടുണര്‍ത്തുന്ന ഗീതങ്ങളാണ് ചൊവ്വാ റംശായിലുള്ളത് (ഓനീസാ ദക്ക്ദം).
4. പ്രവാചകന്മരുടെ വചനങ്ങള്‍ ഓര്‍മ്മിക്കുക.
വെള്ളിയാഴ്ച ഓനീസാ ദ സപ്രാ ആരംഭിക്കുക പ്രവാചകന്മാരുടെ വചനങ്ങള്‍ ഓര്‍മ്മിക്കാനുള്ള നിര്‍ദ്ദേശത്തോടെയാണ്. വിശുദ്ധ പ്രവാചകന്മാര്‍ മുന്‍പു പറഞ്ഞ വചനങ്ങളും ശ്ലീഹന്മാര്‍ വഴി ഈശോ നല്‍കിയ കലപനയും ഓര്‍മ്മിയ്ക്കണമെന്ന് മാര്‍ പത്രോസ് ഉദ്ബോധിപ്പിക്കുന്നു (2 പത്രോസ്: 3/2). പുണ്യവാന്മാരായ പൂര്‍വ്വ പിതാക്കന്മാരുടെ ജീവിതവും വചനങ്ങളും മാതൃകയാക്കാനുള്ള നിര്‍ദ്ദേശമാണിത്. വചന വായനയ്ക്കും ധ്യാനത്തിനും നോമ്പുകാലത്ത് കൂടുതല്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാര്‍ സഭയുടെ ഔദ്യോഗിക പഠനങ്ങള്‍ നല്‍കുമ്പോള്‍ അവ ശ്രവിക്കാനും പാലിക്കാനും നമുക്ക് കടമയുണ്ട്. ഗുരുതുല്യരായ മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ മാതൃകയാക്കാനും നോമ്പുകാലത്ത് സധിക്കണം. മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, മുതിര്‍ന്നവര്‍, സഭാശുശ്രുഷയില്‍ നമ്മെ നയിക്കുന്നവര്‍ തുടങ്ങിയവരുടെ വാക്കുകള്‍ ഓര്‍മ്മിക്കുക, പാലിക്കുക എന്നിവ നോമ്പുകാലത്ത് ശീലിക്കേണ്ടതാണ. ഉത്സാഹത്തോടെ ദൈവവചനം ശ്രവിക്കാന്‍ ദൈവകൃപ ആവശ്യമാണ്. ഈ കൃപയ്ക്കുവേണ്ടി ഞായറാഴ്കത്തെ ലെലിയാ കാറോസൂസായില്‍ പ്രാര്‍ത്ഥിക്കുന്നു. പുണ്യപിതാക്കന്മാരുടെ വചനത്തിന്റെ മൂല്യവും, മഹത്ത്വവും കാലത്തിനതീതമണെന്നതിനുള്ള ഉത്തമ തെളിവാണ തോബിത്തിന്റെ ജീവിതം. തോബിത് മകന നല്‍കുന്ന ഉപദേശങ്ങള്‍ (തോബിത്: 4/5-10) നോമ്പുകാലത്ത് നസ്രാണി സഭ പ്രാര്‍ത്ഥനാപൂര്‍വ്വം സ്മരിക്കുന്നുണ്ട് (ശൂബാഹാ, വ്യാഴം - ലെലിയാ).
5. അപരാധങ്ങള്‍ ഏറ്റുപറയുക.
നോമ്പുകാലത്ത് ഒഴിചു കൂടാനാവാത്ത ഒരു കാര്യമാണ പാപങ്ങളുടെ അനുസ്മരണവും ഏറ്റു പറച്ചിലും. വെള്ളിയാഴ്ചയിലെ ഓനീസാ ദ റംശായില്‍ "നിന്റെ അപരാധം നീ ഏറ്റുപറയുക" എന്ന നിര്‍ദേശം കാണുന്നു. ചെയ്ത കുട്ടങ്ങള്‍ ഏട്ടുപറയുക രക്ഷയ്ക്കത്യാവശ്യമാണെന്ന് ജറമിയ പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നുണ്ട് (ജറമിയ: 3/13). നോമ്പുകാലത്ത് അത്യന്താപേക്ഷിതമായ അനുരഞ്ഞജന കൂദാശയെക്കുറിചുള്ള ഒര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. പരസ്പരം മറക്കാനും പൊറുക്കാനും; ദൈവത്തോടും പുരോഹിതനോടും തെറ്റുകള്‍ ഏട്ടുപറയാനും സഭ നിര്‍ദ്ദേശിക്കുന്നു. മക്കള്‍ മാതാപിതാക്കളോടും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരവും, ശിഷ്യന്മാര്‍ ഗുരുക്കളോടും, പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവരോടും മാപ്പ് ചോദിക്കട്ടെ. അതോടൊപ്പം വൈദീകര്‍ മെത്രാന്മാരോടും, മെത്രാന്മാര്‍ സഹവൈദീകരോടും ക്ഷമിക്കുകയും, പൊറുക്കുകയും ചെയ്യുമ്പോള്‍ നോമ്പുകാലം അനുഗ്രഹീതമാകും. ഇപ്രകാരം വ്യക്തിജീവിതത്തിനും സമൂഹജീവിതത്തിനും അത്യാവശ്യമായ ധാരാളം നിര്‍ദേശങ്ങള്‍ നോമ്പുകാലത്തെ യാമപ്രാര്‍ത്ഥനകളില്‍ കാണാം. അവയില്‍ കുറച്ചു മാത്രമേ മുകളില്‍ സൂകിപ്പിച്ചിട്ടുള്ളു. വി. ഗ്രന്ഥ ഭാഗങ്ങളും സഭാപിതാക്കന്മാരുടെ പഠനങ്ങളും നിറഞ്ഞ നസ്രാണി സഭയുടെ യാമപ്രാര്‍ത്ഥനകള്‍ ആഴി പോലെ അഗാധമാണ്. ഈ ആഴിയില്‍ ജാഗ്രതയോടെ, പ്രാര്‍ത്ഥനാപൂര്‍വ്വം സഞ്ചരിച്ചാല്‍ വിലമതിക്കാനാവാത്ത മുത്തുകളും പവിഴങ്ങളും സുലഭമായി ലഭിക്കും. നോമ്പുകാലത്തിന്റെ ചൈതന്യം പ്രഘോഷിക്കുന്ന ഒരു ഗീതത്തോടുകൂടി ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
"പരിപാവനമാമുപവാസത്തിന്‍
പാതയിലൂടെ നടന്നീടാനും
ഉള്‍ക്കളമഴകിലൊരീക്കിടാനും
അപരനു തുണതന്‍ കരമേകാനും
സഹചരെ നിത്യം സേവിപ്പാനും
നാഥാ നീ കൃപ തൂകണമെന്നില്‍"
(ഓനീസാ ദ വാസാലിക്കേ, ഞായര്‍ റംശാ, നോമ്പുകാലം- സീറോ മലബാര്‍ യാമപ്രാര്‍ത്ഥനകള്‍).
ചവറപ്പുഴ ജയിംസചന്‍.