ചില പ്രത്യേകതകള്‍
ഈ അപ്പം മുറിക്കല്‍ അഥവാ പെസഹാ ഭക്ഷണം പൂര്‍ണ്ണമായും ഭവനങ്ങളിലായിരുന്നു നടത്തിയിരുന്നത്. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് പ്രസ്തുത കര്‍മ്മത്തിന്റെ കാമ്മികന്‍. ഓരോ ഭവനത്തിലും ഭവനാംഗങ്ങള്‍ മുഴുവനും ബന്ധുക്കളും അയല്‍പക്കക്കാരും പങ്കെടുക്കുന്നു. ഒരു ഭവനത്തിലെ ശുശ്രൂഷ കഴിഞ്ഞ് അടുത്ത ഭവനത്തില്‍ എന്ന രീതിയിലാണ് ഇത് നടത്തുന്നത്. മുതിര്‍ന്നവരും കുഞ്ഞുങ്ങളുമടക്കം എല്ലാവരും കാല്‍നടയായി കുന്നും മലയും കേറി ഓരോ ഭവനത്തിലുമെത്തി നടത്തുന്ന അപ്പം മുറിക്കല്‍ നസ്രാണികള്‍ക്ക്, മാത്തോമ്മ മാര്‍ഗ്ഗത്തിന്റെ അഘോഷവും പ്രഘോഷണവുമാണ്. പെസഹാ വ്യാഴം രാത്രി മുഴുവനും ഉറങ്ങാതെ നടത്തുന്ന ഈ കര്‍മ്മം അന്ത്യാത്താഴത്തിനു ശേഷം ഈശോ ഗത്സമെനിയില്‍ പ്രാര്‍ത്ഥനാനിരതനയി ചിലവഴിച്ചതിന്റെ അനുസ്മരണം കൂടിയാണ്.
2. ഭവനങ്ങളില്‍ നിന്നാരെങ്കിലും പ്രസ്തുത വര്‍ഷം മരിച്ചു പോയിട്ടുണ്ടെങ്കില്‍ അവിടെ കുരിശപ്പം പുഴുങ്ങുന്ന പതിവില്ല. ആ ഭവനങ്ങളില്‍ മുറിക്കാനുള്ള കുരിശപ്പം അടുത്ത ഭവനങ്ങളില്‍ നിന്നു കൊണ്ടു വരികയും അഘോഷങ്ങളില്ലാതെ അതു മുറിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വരെ തങ്ങളോടൊപ്പം അപ്പം മുറിക്കാനും പാലുകുടിക്കാനുമുണ്ടായിരുന്ന പരേതരോടുള്ള ആദര സൂചകമായി ഈ രീതിയെ കാണാവുന്നതാണ്. കുരിശപ്പത്തിന്റെ പങ്കു വയ്ക്കല്‍ കുടുംബങ്ങള്‍ തമ്മിലുള്ള ആഴമായ സ്നേഹബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്.
3. പെസഹാ ഭക്ഷണത്തിലെ പ്രധാന വിഭവം കുരിശപ്പമാണ്. അപ്പം പുഴുങ്ങുക എന്നാണ് കുരിശപ്പം ഉണ്ടാക്കുന്നതിനേക്കുറിച്ചു പറയുക. ഭയ ഭക്തി ബഹുമാനത്തോടെയുള്ള ഒരു കര്‍മ്മം തന്നെയാണ് അപ്പം പുഴുങ്ങല്‍. സൗമ്മാറമ്പാ കാലം (വലിയ നോമ്പുകാലം) മുഴുവന്‍ നടത്തി വരുന്ന ഉപവാസവും പ്രാര്‍ത്ഥനയും ഇതിനായുള്ള ഒരു അകന്ന ഒരുക്കമാണെന്നു പറയാം. വീടിന്റെ മുറ്റമടിച്ച്, മുറികള്‍ കഴുകി വൃത്തിയാക്കി, കുളിച്ച് സ്വയം ശുദ്ധീകരിച്ചാണ് അപ്പം പുഴുങ്ങാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുക. പുതിയ പാത്രങ്ങളിലാണ് ( അല്ലെങ്കില്‍ ഈ കര്‍മ്മത്തിനു വേണ്ടി മാത്രം വര്‍ഷങ്ങളായുപയോഗിക്കുന്ന പാത്രങ്ങളില്‍) അപ്പം പുഴുങ്ങുക. നിലത്തു വിരിച്ചിരിക്കുന്ന പായയില്‍ മുട്ടുകുത്തി നിന്നാണ് കുടുംബങ്ങളിലെ സ്ത്രീകള്‍ ഇത് തയ്യാറാക്കുന്നത്. രണ്ടു വാഴയില മടക്കി അതില്‍ കുരിശപ്പം ഉണ്ടാക്കുന്നു. ഈ അപ്പത്തിന്റെ മുകളില്‍ ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് കുരിശാകൃതിയില്‍ വയ്ക്കുന്നതിനാലാണ് ഇത് കുരിശപ്പം എന്നറിയപ്പെടുന്നത്. ഒരോ വാഴയില മടക്കി അതില്‍ മറ്റ് കുറെ അപ്പങ്ങള്‍ ഉണ്ടാക്കുന്നു. ഇവയില്‍ കുരിശു വയ്ക്കാറില്ല. ഇണ്ടറിയപ്പം എന്നാണ് ഈ അപ്പം അറിയപ്പെടുക. കുരിശപ്പം നടുക്കും മറ്റ് അപ്പങ്ങള്‍ ചുറ്റുമായി പാത്രത്തില്‍ വച്ചു അപ്പം പുഴുങ്ങിയെടുക്കുന്നു. മാവു പുളിക്കുന്നതിനുമുന്‍പ് അപ്പം പുഴുങ്ങുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.
4: തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്ത് ചൂടാക്കിയെടുക്കുന്നതാണ് പാല്‍ എന്ന വിഭവം. ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് കുരിശാകൃതിയില്‍ പാലിലും ഇടുന്നു. പാലു കാച്ചാനുള്ള പാത്രങ്ങളും ഇളക്കാനും വിളമ്പാനുമുള്ള തവികളും കോപ്പകളും പാലു കാച്ചുമ്പോഴും ഭവനത്തില്‍ അനുഷ്ഠിക്കുന്ന പ്രാര്‍ത്ഥനാപൂര്‍വ്വമായ നിശബ്ദത വളരെ പ്രശംസനീയമാണ്.
5: പെസഹാ വ്യാഴാഴ്ച വൈകിട്ട്, പള്ളിയിലെ പരിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും കഴിഞ്ഞു വന്നിട്ടാണ് അപ്പം മുറിക്കല്‍ നടത്തുക. നിലത്തു പായ വിരിച്ച് അതില്‍ എല്ലാവരും നില്‍ക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനാണ് അപ്പം മുറിക്കുക. പ്രസ്തുത കുടുംബത്തില്‍ മുതിര്‍ന്ന പുരുഷന്മാര്‍ ഇല്ലെങ്കില്‍ സന്നിഹിതരായിരിക്കുന്ന മറ്റു കുടുംബങ്ങളിലെ പ്രായം ചെന്ന പുരുഷനെ അപ്പം മുറിക്കാന്‍ ക്ഷണിക്കുന്നു.അപ്പം മുറിക്കുന്ന ആള്‍ കൈകള്‍ കഴുകി മുട്ടുകുത്തി നിന്ന് സ്ലീവാ അടയാളം വരച്ച ശേഷം കുരിശപ്പം മുറിച്ച് മുതിര്‍ന്നവര്‍ തുടങ്ങി ഒരോരുത്തര്‍ക്കായി നല്‍കുന്നു. എല്ലാവരും പ്രാര്‍ത്ഥനയോടെ രണ്ടു കൈകളും കുരിശാകൃതിയില്‍ നീട്ടി അപ്പം വാങ്ങുന്നു. എല്ലാവര്‍ക്കും നല്‍കിയ ശേഷം അപ്പം മുറിച്ചയാള്‍ അപ്പം ഭക്ഷിക്കുന്നു. തുടര്‍ന്നു മറ്റുള്ളവരും. ഇതേ ക്രമത്തില്‍ തന്നെ പാലും സ്വീകരിക്കുകയും കുടിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വാഴപ്പഴങ്ങളും ഭക്ഷിക്കുന്ന രീതി കാണാറുണ്ട്. പെസഹായ്ക്കു പഴുപ്പിക്കാന്‍ വേണ്ടി മാത്രം പ്രത്യേക വാഴക്കുലകള്‍ മാറ്റി നിറുത്തുന്ന പതിവ് നസ്രാണികള്‍ക്കുള്ളതാണ്.
നിശബ്ദരായി ഭയഭക്തികളോടെയാണ് മുതിര്‍ന്നവരും കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ ഈ ശുശ്രൂഷയില്‍ പങ്കു ചേരുക. ഒരു തരി അപ്പമോ ഒരു തരി പാലോ നിലത്തു പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. പ്രസ്തുത കാര്യം കുഞ്ഞുങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഒരു ഭവനത്തിലെ അപ്പം മുറിക്കലിനു ശേഷം പ്രാര്‍ത്ഥിച്ചു സ്തുതി ചൊല്ലി എല്ലാവരും കൂടി അടുത്ത ഭവനത്തിലേയ്ക്കു പോകുന്നു.
6: അയല്‍പക്കത്തുള്ള മറ്റു മതസ്ഥര്‍ക്കു അപ്പം വിതരണം ചെയ്യുന്ന രീതി എടുത്തു പറയേണ്ടതാണ്. പക്ഷേ കുരിശപ്പവും പാലും മറ്റുള്ളവര്‍ക്കു നല്‍കാറില്ല. പകരം ഇണ്ടറിയപ്പവും വാഴപ്പഴങ്ങളും നല്‍കുന്നു. അപ്പം മുറിക്കലിനു ശേഷം ഭവനങ്ങളിലെ കുട്ടികളാണ് മിക്കവാറും ഇണ്ടറിയപ്പവും പഴങ്ങളും അയല്‍ വീടുകളില്‍ കൊണ്ടു പോയി കൊടുക്കുക. മത സൗഹാര്‍ദ്ദത്തിനും സാമൂഹ്യ ബന്ധങ്ങള്‍ക്കും നസ്രാണികള്‍ കൊടുത്തിരുന്ന പ്രാധാന്യം ഇവിടെ വ്യക്തമാണ്.
ചില ആനുകാലിക പ്രവണതകള്‍
പഴയനിയമ പെസഹാ വര്‍ഷം തോറും ആചരിച്ച്, കര്‍ത്താവിനോടൊപ്പം അന്ത്യാത്താഴം കഴിച്ച്, ശ്ലീഹന്മാരൊടൊപ്പം അപ്പം മുറിക്കല്‍ ശുശ്രൂഷകളില്‍ തീക്ഷ്ണതയോടെ പങ്കെടുത്ത തോമ്മാശ്ലീഹാ തനിക്കു ലഭിച്ച മിശിഹാനുഭവം നമ്മുടെ പൂര്‍വ്വികന്മാര്‍ക്ക് തെളിമയോടെ കൈമാറി. മാര്‍ത്തോമ്മായില്‍ നിന്നു ലഭിച്ച അപ്പം മുറിക്കല്‍ പാരമ്പര്യമാണ് നമ്മുടെ തനിമയാര്‍ന്ന പെസഹാചരണം. അത്ര ഉദാത്തവും ഉത്കൃഷ്ടവും ഉന്നതവുമാണ് ഈ കര്‍മ്മം. ലത്തീനീകരണത്തിന്റെ മൂര്‍ദ്ധന്ന്യത്തില്‍ പോലും തനിമ നഷ്ടപ്പെടാതെ നമ്മുടെ പൂര്‍വ്വികര്‍ കാത്തു സൂക്ഷിച്ച ഈ ആചരണത്തിനു ഇപ്പോള്‍ തനിമ ചോരുന്നുണ്ടൊയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സമീപകാലത്തെ അപ്പം മുറിക്കലില്‍ കണ്ടു വരുന്ന ചില പരിണാമങ്ങള്‍ അങ്ങിനെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്;
1: തികച്ചും, കുടുംബ കേന്ദ്രീകൃതമായിട്ടായിരുന്നു ഈ കര്‍മ്മം നൂറ്റാണ്ടുകളായി നടത്തി പോന്നിരുന്നത്. പക്ഷേ ഇപ്പോള്‍ ഇത് പള്ളി കേന്ദ്രീകൃതമായി, അഥവാ 'അച്ചന്‍' കേന്ദ്രീകൃതമായി പലയിടത്തും മാറി. അത് തീര്‍ച്ചയായും ഒരു കുറവാണ്, തനിമ ചോരലാണ്. കാരണം പള്ളിയിലെ അപ്പം മുറിക്കല്‍: കുര്‍ബാന, ഭവനത്തിലെ അപ്പം മുറിക്കല്‍: പെസഹാ. ഇങ്ങിനെയായിരുന്നു പുണ്യ പിതാക്കന്മാര്‍ ഇതിനെ കണ്ടിരുന്നതും നടത്തിയിരുന്നതും. കുര്‍ബാനയിലെ കാര്‍മ്മികന്‍ പുരോഹിതന്‍; അപ്പം മുറിക്കലിലെ കാര്‍മ്മികന്‍ കുടുംബത്തിലെ പ്രായമുള്ള പുരുഷന്‍. അങ്ങിനെ നിലനില്‍ക്കുന്നതും തുടരുന്നതുമല്ലേ വിശ്വാസ സംരക്ഷണത്തിനും പ്രഘോഷണത്തിനും ഉചിതം.
2: അപ്പം പുഴുങ്ങല്‍ ഒരു ശുശ്രൂഷയായിത്തന്നെയാണ് നസ്രാണികള്‍ കാണുന്നത്. അതുകൊണ്ടാണു അകന്നതും അടുത്തതുമായ ഒരുക്കങ്ങളിലൂടെ അതു നിര്‍വ്വഹിക്കുന്നത്. പക്ഷേ ഇന്നു പലയിടത്തും അപ്പം പുഴുങ്ങാന്‍ പലര്‍ക്കും സമയം കിട്ടാറില്ല. ചിലര്‍ക്കു കുരിശപ്പം പുഴുങ്ങാന്‍ അറിയില്ല. പകരം ബേക്കറിയില്‍ നിന്നു 'കുരിശുള്ള' ബ്രെഡ് വാങ്ങി മുറിക്കുന്നു. അതിലെന്തു പരിപാവനതയാണ് കാണാന്‍ കഴിയുക? എന്തു വിശ്വാസ സംരക്ഷണവും പ്രഘോഷണവുമാണ് ചൂണ്ടിക്കാണിക്കാനുള്ളത്? ഈ 'കുരിശുള്ള' അപ്പം എന്തു വിശുദ്ധിയിലാണ് നിര്‍മ്മിക്കപ്പെടുക? ഏതു നന്മയിലാണ് പങ്കു വയ്ക്കപ്പെടുക. തികച്ചും കച്ചവടമെന്ന 'നന്മ' മാത്രമല്ലേ ഇതിന്റെ പിന്നില്‍. ഒരിക്കലും വിലമതിക്കാനാവാത്ത നസ്രാണി പാരമ്പര്യങ്ങളിലൊന്നിനു വില പറയുകയല്ലേ ഇതു വഴി ചെയ്യുക? ഇതിനു വശംവദരാകേണ്ടതുണ്ടോ?
അതുകൊണ്ട് ഈ കര്‍മ്മം കുടുംബകേന്ദ്രീകൃതമായിത്തന്നെ നടത്താന്‍ ശ്രമിക്കാം.ചെറുതെങ്കിലും വിശുദ്ധിയോടെ കുരിശപ്പം ഭവനങ്ങളില്‍ പുഴുങ്ങിയെടുക്കാം. അപ്പം പുഴുങ്ങാന്‍ സാധിക്കാത്തവരുമായി അതു പങ്കു വയ്ക്കാം.
ഈശോയില്‍ സ്നേഹപൂര്‍വ്വം,
ചവറപ്പുഴ ജയിംസച്ചന്‍
ഓശാന ഞായര്‍ 2010.