Monday, February 23, 2009
നോമ്പുകാലവും ഭക്ഷണ വര്‍ജ്ജനവും
നോമ്പുകാലചിന്തകള്‍- പാഠം ഒന്ന്
ആരാധനാ വത്സരത്തില്‍ പ്രായ്ശ്ചിത്തത്തിനും ജീവിത നവീകരണത്തിനുമുള്ള പ്രത്യേക കാലമാണ് വലിയ നോമ്പ്. 'സൗമ്മാ റമ്പാ' എന്നാണ് സുറിയാനിയില്‍. നോമ്പ് എന്ന വാക്കിന് മിതാഹാരവ്രതം, ഉപവാസം എന്നൊക്കെയാണ് അര്‍ത്ഥം. മതപരമായ ലക്ഷ്യത്തോടെ ആത്മശുദ്ധിയ്ക്കായി പൂര്‍ണ്ണ മനസ്സാല്‍ ഭഷണത്തില്‍ നിന്ന് വിരമിക്കുന്നതിനെ നാം നോമ്പ് എന്ന് വിളിക്കുന്നു.
പഴയനിയമത്തില്‍
ഉപവാസത്തിന്റേയും മാംസവര്‍ജ്ജനത്തിന്റേയും അടിസ്ഥാനം സൃഷ്ടിയുടെ പുസ്തകത്തില്‍ കാണാം. പൗരസ്ത്യ പാരമ്പര്യമനുസരിച്ച് ദൈവകല്പനയുടെ ലംഘനത്തോടൊപ്പം ഭോജന പ്രിയവും ആദാമിന്റെ തെറ്റില്‍ ഉള്‍പ്പെടുന്നു.
"ആദാം ഏദനില്‍ വച്ച് തെറ്റ് ചെയ്യാനുപയോഗിച്ച അതേ ആയുധത്താല്‍ നമ്മുടെ കര്‍ത്താവ് തെറ്റിനെ തോല്പ്പിച്ചു. കനി തിന്നാനുള്ള മോഹത്താല്‍ ആദാം തെറ്റിലകപ്പെട്ടു. ഭക്ഷണത്താലെ വഴിതെറ്റിച്ച ദുഷ്ടനെ (സാത്താനെ) ഭക്ഷണത്തില്‍ നിന്നകന്നുള്ള ഉപവാസം വഴി മിശിഹാ തോല്‍പ്പിച്ചു." (മാര്‍ അപ്രേം)
പലരീതികളിലുള്ള ഉപവാസം പഴയ നിയമത്തില്‍ ഉണ്ട്. മരിച്ച ആളിനോട് ആദരവ് കാണിക്കാനായി ഉപവസിക്കുന്ന രീതിയുണ്ടായിരുന്നു. സാവൂളിന്റെ മരണശേഷം യാബെഷ്ഗിലയാദ് നിവാസികള്‍ ഏഴ് ദിവസവും (1സാമു; 31/13) ദാവീദും അനുയായികളും സന്ധ്യവരെയും ഉപവസിച്ചു. (2സാമു1/12). ക്ലേശങ്ങളില്‍ നിന്ന് മോചനം ലഭിക്കാനുള്ള ഉപവാസമാണ് വേറൊന്ന്. ചെയ്ത തെറ്റിന് ശിക്ഷയുണ്ടാകുമെന്ന് അറിവ് ലഭിച്ചപ്പോള്‍ ആഹാബ് ചാക്ക് വസ്ത്രം ധരിച്ച് ഉപവസിച്ചു (1രാജാ; 21/27). യഹൂദജനത്തിന് ജീവനാശം സംഭവിക്കാന്‍ പോകുന്നുവെന്നറിഞ്ഞ എസ്തേര്‍ എല്ലാവരും മൂന്നുദിവസം ഉപവസിക്കണമെന്ന് ആഹ്വാനം ചെയ്തു. (എസ്തേ; 4/16).
അത്യാവശ്യ നാളുകളില്‍ സമൂഹം മുഴുവനും ഉപവസിക്കുന്നതും പഴയ നിയമത്തില്‍ കാണാം. (ന്യായ; 20/26, 1സാമു;7/6, യോഹ3/5).ദൈവസാമിപ്യമനുഭവിക്കുന്നതിനായി മൂശ നാല്പത് ദിവസം ഉപവസിച്ചു.(പുറ;24/18, 34/28, നിയമ;9/18).
ദാനിയേല്‍ മൂന്നാഴ്ച ഉപവസിച്ചു (ദാനി;10/2). ഏലിയായുടെ ഉപവാസവും നാല്പത് ദിവസത്തോളം നീണ്ടു. (രാജാ;19/8-9)
Saturday, February 14, 2009
സന്ന്യാസ ചിന്തകള്‍: പാഠം ഒന്ന്: അനുസരണം
അനുസരണമാണ് സന്ന്യാസത്തിന്റെ അടയാളങ്ങളില്‍ ഒന്ന്. ഇഷ്ടം നിറവേറ്റലാണ് അനുസരണം. പിതാവിന്റെ ഇഷ്ടം നിറവേറ്റിയാണ് ഈശോ അനുസരണം കാട്ടിയത്. ( യോഹ: 4,34). അനുസരണക്കേട് കാട്ടാത്ത കര്‍ത്താവാണ് പൂര്‍ണ്ണനായ സന്ന്യാസി. അനുസരണം പ്രാപിച്ച് സന്ന്യാസിയായവളാണ് മര്‍ത്ത മറിയം. ദൈവേഷ്ടം നിറവേറ്റാന്‍ മറിയം അനുസരണത്തിന്റെ വഴിയേ നടന്നു.(ലൂക്കാ:1,38). ഈശോയുടെ ഇഷ്ടം നടപ്പിലാക്കലായിരുന്നു ശ്ലീഹന്മാരുടെ അനുസരണം. നിങ്ങള്‍ ലോകമെങ്ങും പോവുക (മര്‍ക്കോ:16,15), സുവിശേഷം പ്രസംഗിക്കുക(മര്‍ക്കോ:16,15), ഇതെന്റെ ഓര്‍മ്മയ്കായ് ചെയ്യുക(ലൂക്കാ: 22,19), സ്നേഹിക്കുക(യോഹ:13,34) തുടങ്ങിയ ഇഷ്ടങ്ങള്‍ പാലിച്ച ശ്ലീഹന്മാരും സന്ന്യാസികളാണ്.
സന്ന്യാസ ജീവിതം നയിച്ച സ്നാപക യോഹന്നാന്‍, ഈശോയെ ലോകത്തിന് വെളിപ്പെടുത്തിയാണ് പിതാവിനെ അനുസരിച്ചത്.(യോഹ:1,19-34; 3,22). പഴയനിയമ വിശുദ്ധന്മാരും മരുഭൂമിയിലെ സന്ന്യാസവര്യന്മാരും സഭാപിതാക്കന്മാരും ദൈവത്തിന്റെ (സഭയുടെ) ഇഷ്ടം നിറവേറ്റി അനുസരണത്തിന്റെ പാഠങ്ങള്‍ പകര്‍ന്നവരാണ്. അതുപോലെ ഇഷ്ടം നിറവേറ്റലില്‍നിന്ന് അഥവാ അനുസരണത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ തിരസ്കൃതരാവുന്ന വ്യക്തികളേയും (ഉദാ:സാവൂള്‍, സാംസണ്‍ മുതലായവര്‍)സമൂഹത്തേയും(ഇസ്രായേല്‍) പഴയനിയമത്തില്‍ കാണാം.
സഭയില്‍ ഒരു സന്ന്യാസിക്ക് അനുസരണം എന്ന വ്രതം സഭയുടെ ഇഷ്ടം നിറവേറ്റലാണ്. സഭാപിതാക്കന്മാരിലും മരുഭൂമിയിലെ സന്ന്യാസിവര്യന്മാരിലും ഈ വ്രത നിഷ്ഠ കാണാം. തന്റെ ഇഷ്ടം മുഴുവന്‍ മാറ്റിവച്ച് സഭയുടെ ഇഷ്ടമെന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി മാത്രം ജീവിക്കുന്നവനാണ് യഥാര്‍ത്ഥ സന്ന്യാസി അഥവാ സന്ന്യാസിനി. അവന്/അവള്‍ക്ക് അനുസരണമെന്ന വ്രതം സഭയുടെ ഇഷ്ടത്തിന്റെ നിറവേറ്റല്‍ മാത്രമാണ്. സന്ന്യാസികളില്‍ നിന്നുമാത്രം മെത്രാന്മാരെ തിരഞ്ഞെടുത്തിരുന്ന ഒരു നല്ല കാലം നസ്രാണി സഭയ്ക്കുണ്ടായിരുന്നു. (Not from the so called congregations). ദൈവേഷ്ടത്തിനുവേണ്ടി തീക്ഷ്ണതയോടെ ജീവിക്കാന്‍ സന്ന്യാസിക്കാവും എന്നബോധ്യത്തില്‍ നിന്നായിരുന്നു ഈ തിരെഞ്ഞെടുപ്പുകള്‍.
അനുസരണകേട് ഇഷ്ടക്കേടാണ്. അനുസരണത്തില്‍ അഥവാ ഇഷ്ടം നിറവേറ്റലില്‍ വെള്ളം ചേര്‍ക്കപ്പെടുമ്പോള്‍ സന്ന്യാസ ചൈതന്യത്തില്‍ വെള്ളം ചേര്‍ക്കപ്പെടുന്നു. സഭയുടെ ഇഷ്ടത്തില്‍ നിന്ന് സ്വന്തം ഇഷ്ടത്തിലേയ്ക്ക് മാറുമ്പോള്‍ സന്ന്യാസി സന്ന്യാസിയല്ലാതാവുന്നു.
സൂനഹദോസ് തീരുമാനങ്ങള്‍ സ്വന്തം ഇഷ്ട നിര്‍വ്വഹണത്തിന് ഹാനികരമാകുമെന്ന് കാണുമ്പോള്‍ അത് തിരസ്ക്കരിക്കുന്ന മെത്രാന്മാരും പുരോഹിതന്മാരും എങ്ങനെ സന്ന്യാസ ചൈതന്യമുള്ളവരാകും?
സ്വന്തം പ്രസ്ഥാനത്തിന്റെയും അഭ്യുദയകാംക്ഷികളുടെയും ഭൗതികഭാവിയുടെ സുരക്ഷിതത്ത്വത്തിനായി സഭയൂടെ ഇഷ്ടങ്ങള്‍ മൂടി വയ്ക്കുകയും അവഗണിക്കുകയും ഹനിക്കുകയും ചെയ്യുന്ന സന്ന്യാസ നാമധാരികള്‍ അനുസരണമെന്നപുണ്യത്തിന്റെ പാലകരാകുന്നതെങ്ങിനെ?
ദൈവജ്ഞാനമായ അറിവ് ലാഭേച്ഛകളില്ലാതെ കൈമാറേണ്ട സന്ന്യാസി, തന്റെ സമൂഹത്തേയും പ്രസ്ഥാനത്തേയും കച്ചവടത്തിന്റെ വിലപേശലിലേയ്ക്ക് വലിച്ചിഴയ്ക്കുമ്പോള്‍ മറയ്ക്കപ്പെടുന്നത് "മരണം വരെ സഭയുടെ ഇഷ്ടം പാലിച്ചുകൊള്ളാം" എന്ന ഉറപ്പിന്റെ ലംഘനമല്ലേ?
സന്ന്യാസത്തെ ഇഷ്ടപ്പെടുന്നവരാകട്ടെ സന്ന്യാസികള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുതുക്കപ്പെടുന്ന വ്രതം മാത്രമായി കുറയാതിരിക്കട്ടെ അനുസരണം. ചൈതന്യമുള്ളവരാകട്ടെ സന്ന്യാസികള്‍. സന്ന്യാസമുണ്ടാകട്ടെ സഭയില്‍.
Subscribe to:
Posts (Atom)