"കാഞ്ഞിരപ്പള്ളി, പാലാ, എറണാകുളം. തൃശൂര്‍...രൂപതയില്‍പ്പെട്ട പുരാതന റോമന്‍ കത്തോലിക്കാ കുടുംബത്തിലെ സൗന്ദര്യവും സമ്പത്തും വിദേശത്തു ജോലിയുമുള്ള യുവാവിന് അല്ലെങ്കില്‍ യുവതിക്കു വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു."
പ്രമുഖ മലയാളം പത്രങ്ങളില്‍ വരുന്ന ഇത്തരം വിവാഹ പരസ്യങ്ങള്‍ കാണുമ്പോള്‍ ഒരു സംശയം. കാഞ്ഞിരപ്പള്ളി, എറണാകുളം etc... രൂപതകളില്‍ എങ്ങിനെയാണ് റോമന്‍ കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ടാവുക? പുരാതന കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ട്. പക്ഷേ അവരെങ്ങിനെ റോമന്‍ കത്തോലിക്കരാകും? പ്രസ്തുത രൂപതകളില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ (സീറോ മലബാര്‍ കത്തോലിയ്ക്കര്‍) ആണുള്ളത്. പൗരസ്ത്യ സുറിയാനി ആരാധനാ ക്രമത്തില്‍ അടിസ്ഥാനമായ ആദ്ധ്യാത്മികതയില്‍ ജീവിക്കുന്നവരാണ് സീറോ മലബാര്‍ സഭയിലുള്ളവര്‍. എന്നാല്‍ റോമന്‍ അഥവാ ലത്തീന്‍ ആരാധനാ ക്രമത്തില്‍ ജീവിക്കുന്നവരാണ് റോമന്‍ കത്തോലിക്കര്‍. പതിനാറാം നൂറ്റാണ്ടില്‍ മാത്രമാണ് റോമന്‍ ആരാധനാക്രമമനുസരിച്ചുള്ള സഭാ ജീവിതം പാശ്ചാത്യ മിഷണറിമാരിലൂടെ ഭാരതത്തില്‍ ആരംഭിച്ചത്. അതുവരെ ഇവിടെ റോമന്‍ കത്തോലിക്കര്‍ ഇല്ലായിരുന്നു. പക്ഷേ കത്തോലിക്കര്‍ ഉണ്ടായിരുന്നു. മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ച നസ്രാണികള്‍ അല്ലെങ്കില്‍ മലങ്കര നസ്രാണികള്‍ എന്നറിയപ്പെടുന്ന വിശ്വാസികള്‍ എ.ഡി 52 മുതല്‍ കത്തോലിയ്ക്കരാണ്; ഇന്നും അങ്ങിനെതന്നെ തുടരുകയും ചെയ്യുന്നു. മലങ്കര സഭയില്‍പെട്ട വിശ്വാസികള്‍ മലങ്കര കത്തോലിയ്ക്കര്‍ എന്നാണ് തങ്ങളെത്തന്നെ വിശേഷിപ്പിക്കുക. തങ്ങളുടെ സഭാ നാമത്തോടൊപ്പം റോമാ അല്ലെങ്കില്‍ RC കൂട്ടിച്ചേര്‍ക്കാറില്ല. പക്ഷേ ഒരു സീറോ മലബാറുകാരന്റെ അവസ്ഥയോ? "താങ്കള്‍ ഏതു സഭയില്‍പ്പെട്ടയാളാണു" എന്നു ചോദിച്ചാല്‍, RC എന്നു മറുപടി ആദ്യം വരും. പിന്നീട് പറയും RCSC ( Roman Catholic Syrian Christian)കുറച്ചു കൂടി വിശദമായി ചോദിക്കുമ്പോഴേ സീറോ മലബാര്‍ അഥവാ മാര്‍ത്തോമ്മ നസ്രാണി എന്ന പദം വരൂ. ഒരു നസ്രാണി എങ്ങിനെ റോമന്‍ കത്തോലിയ്ക്കനാവും? എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. RC എന്ന വിശേഷണം തന്നെ യുക്തിയ്ക്കു നിരക്കുന്നതല്ല. ഒരു സുറിയാനി ക്രിസ്ത്യാനിയ്ക്കു ഒരിക്കലും റോമന്‍ കത്തോലിയ്ക്കനാവാന്‍ കഴിയില്ല. പക്ഷേ കത്തോലിയ്ക്കനാവാം. ഉദാ: സീറോമലബാര്‍ കത്തോലിയ്ക്കാ സഭാംഗം, മലങ്കര കത്തോലിയ്ക്കാ സഭാംഗം. റോമന്‍ കത്തോലിയ്ക്കര്‍ എന്നു പറഞ്ഞാല്‍ റോമന്‍ അഥവാ ലത്തീന്‍ ആരാധനാക്രമം ഉപയോഗിക്കുന്ന സഭാ സമൂഹമാണ്.
ഭാരതത്തില്‍ ലത്തീന്‍ ഹയരാര്‍ക്കിയുടെ കീഴില്‍ വരുന്ന വിശ്വാസി സമൂഹമാണ് RC അഥവാ റോമന്‍ കത്തോലിയ്ക്കര്‍. ഉദാഹരണത്തിനു കേരളത്തില്‍ വരാപ്പുഴ , കൊച്ചി, വിജയപുരം തുടങ്ങിയ ലത്തീന്‍ രൂപതയിലെ വിശ്വാസികള്‍. തിരുവനന്തപുരം, തിരുവല്ല etc... രൂപതകളിലെ വിശ്വാസികളാണ് മലങ്കര കത്തോലിയ്ക്കര്‍. കാഞ്ഞിരപ്പള്ളി, പാലാ, എറണാകുളം, തൃശൂര്‍etc... തുടങ്ങിയ രൂപതകളിലെ വിശ്വാസികളാണ് മാര്‍ത്തോമ്മാ നസ്രാണികള്‍ അഥവാ സീറോമലബാര്‍ കത്തോലിയ്ക്കര്‍. ഇതില്‍ നിന്നും കത്തോലിയ്ക്കനാകണമെങ്കില്‍ 'റോമാ' എന്ന വിശേഷണം ആവശ്യമില്ലായെന്നു വ്യക്തമാണ്. മാതൃ സഭയുടെ വ്യക്തിത്വവും ശക്തിയും, എന്തിനേറെ ശരിയായ പേരു പോലും അറിയാത്ത അവസ്ഥയില്‍ ഇന്നും ധാരാളം പേര്‍ ഈ സഭയിലുണ്ട് എന്നു സൂചിപ്പിക്കാനാണ് ഇതു കുറിയ്ക്കുന്നത്. ഇതു വെറും ഒരു പേരിന്റെ മാത്രം പ്രശ്നമല്ല. RC എന്നു നസ്രാണിയെ വിളിച്ചാല്‍ എന്താണു കുഴപ്പം എന്നു ആലോചിക്കുന്നവരും ധാരാളമുണ്ടാവാം. നാനൂറു വര്‍ഷത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി മാര്‍ത്തോമ്മാ നസ്രാണികള്‍ എന്ന പേരു പോലും നമ്മുക്ക് നഷ്ടപ്പെട്ടു. പകരം, വ്യക്തിത്വത്തോട് പൂര്‍ണ്ണമായും ചേരാത്ത സീറോ മലബാര്‍ എന്ന പേരു ചാര്‍ത്തപ്പെട്ടു. അതും മാറ്റി ഉറവിട വ്യക്തിത്വത്തിലേയ്ക്കു മടങ്ങാനുള്ള ശ്രമത്തിനിടെയാണ് അറിഞ്ഞും അറിയാതെയുമുള്ള RC ഉപയോഗം.
പേര് വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. പേരില്ലാത്തവന്‍ വ്യക്തിത്വം നഷ്ടപ്പെട്ടവനാണ്. നമ്മുടെ ശരിയായ പേരിനു പകരം ഇരട്ടപേരു വിളിച്ചാല്‍ നമ്മള്‍ക്കിഷ്ടപ്പെടുമോ? മാതൃ സഭ നമ്മുടെ അമ്മയാണ്. സീറോ മലബാര്‍ സഭയെന്നിപ്പോള്‍ അറിയപ്പെടുന്ന മാര്‍ത്തോമ്മാ നസ്രാണി സഭയാണ് നമ്മുടെ അമ്മ. ഈ അമ്മയുടെ പേരു ശരിയായ രീതിയില്‍ നമ്മള്‍ക്കു ധ്യാനിയ്ക്കാം, ഓര്‍മ്മിക്കാം. അത് വലിയയൊരു തപസ്സും പ്രാര്‍ത്ഥനയുമാണ്. ഈ പ്രാര്‍ത്ഥനയാണ് നമ്മുടെ അമ്മയ്ക്കു നാം കൊടുക്കുന്ന സ്നേഹ ദഷിണ.
ചവറപ്പുഴ ജയിംസച്ചന്‍.
Tuesday, September 21, 2010
TO KNOW MORE ABOUT MAR THOMA SLIBA READ THE FOLLOWING CIRCULAR OF MAR JOSEPH PERUMTHOTTAMClick Here.
ക്രിസ്തീയ ആരാധനാക്രമത്തില്‍ എറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഞായറാഴ്ച. നസ്രാണികള്‍ കുര്‍ബാനയ്ക്കും വേദ പഠനത്തിനുമായി മാറ്റിവയ്ക്കുന്ന പുണ്യദിനം. ആരാധനാക്രമ വത്സരത്തിന്റെ കേന്ദ്രം മിശിഹായുടെ ഉയിര്‍പ്പാണെങ്കില്‍, ഓരോ ആഴ്ചയുടേയും കേന്ദ്രം ഞായറാഴ്ചയാണ്. ആരാധനാക്രമ വത്സരത്തിന്റെ അടിസ്ഥാനവും കേന്ദ്രവുമാണ് ഒരര്‍ത്ഥത്തില്‍ ഞായര്‍. കാരണം ആഴ്ചതോറുമുള്ള ഉയിര്‍പ്പ് ആചരണമാണ് ഞായറാഴ്ചയാചരണം. എന്തുകൊണ്ടാണ് ഞായറാഴ്ചയാചരണം സഭയ്ക്കു പ്രാധാന്യമുള്ളതായി തീരുന്നത്? ഇതു വിശ്വാസികള്‍ക്ക് "കടമ" നിര്‍വ്വഹിക്കാനും "കടം" തീര്‍ക്കാനും മാത്രമുള്ള ഒരു ദിനമാണോ? വി. ഗ്രന്ഥത്തില്‍ ഞായറാഴ്ചയായാചരണത്തിനു എന്തെങ്കിലും അടിസ്ഥാനം കാണാന്‍ കഴിയുമോ? നമുക്കു പരിശോധിക്കാം.
ശാബത് ദിനത്തില്‍ നിന്നു ഞായറാഴ്ചയിലേയ്ക്ക്
പഴയനിയമത്തിലെ പ്രധാനപ്പെട്ട ദിനം ശാബതമാണ്. യഹൂദ വിശ്വാസത്തിന്റെ പ്രഘോഷണദിനമായിരുന്നതുകൊണ്ട് ഈ ദിനം യഹൂദര്‍ക്കു പരിശുദ്ധമായിരുന്നു. സൃഷ്ടികര്‍മ്മത്തിനുശേഷം ദൈവം വിശ്രമിച്ച ദിവസമാണിത്(സൃഷ്ടി; 2,1-13).ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ച ഏക ദിനമാണ് ആഴ്ചയിലെ ഏഴാം ദിനം അഥവാ "ശാബതം" (സൃഷ്ടി;3,3). സൃഷ്ടിയുടെ വിവരണത്തില്‍, മറ്റു രണ്ട് അവസരങ്ങളില്‍ മാത്രമേ ദൈവം അനുഗ്രഹം നല്‍കുന്നതായി കാണുന്നുള്ളു; പക്ഷികളേയും ജല ജീവികളേയും സൃഷ്ടിച്ചപ്പോഴും (സൃഷ്ടി;1,28) മനുഷ്യനെ സൃഷ്ടിച്ചപ്പോഴും (സൃഷ്ടി;1,28)ആഴ്ചയിലെ മറ്റ് ആറു ദിനങ്ങള്‍ക്കും ആദിയും അവസാനവുമുള്ളതായി ( സന്ധ്യയായി, പ്രഭാതമായി...) സൃഷ്ടിയുടെ പുസ്തകത്തില്‍ കാണാമെങ്കിലും ആഴ്ചയിലെ ഏഴാം ദിവസത്തെ അങ്ങിനെ ചിത്രീകരിക്കുന്നില്ല. സന്ധ്യയോ പ്രഭാതമോ ഉള്ളതായി പറയപ്പെടാത്ത എക ദിവസമാണിത് (സൃഷ്ടി:2, 1-4). തുടര്‍ച്ചയായ പകല്‍ മാത്രമുള്ള ഒരു ദിനത്തേക്കുറിച്ച് സക്കറിയ 14:7 ല്‍ കാണാം. കര്‍ത്താവിന്റെ ദിവസമെന്നറിയപ്പെടുന്ന ആ ദിവസം പുതിയ ആകാശവും പുതിയ ഭൂമിയും ഉള്ള ദിനമാണ് (Eschathological aspect). നിയമ:5, 12-15 ല്‍ ശാബതം പരിശുദ്ധമായാചരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. കാരണം ഈജിപ്തില്‍ നിന്നുള്ള മോചനത്തിന്റെ ഓര്‍മ്മയാചരണമാണത്. ഇവിടെ ശാബത് ഭൗതികമായ രക്ഷാനുഭവമാണെങ്കില്‍ പുതിയ നിയമത്തിലെ ഞായര്‍ ആത്യന്തികമായ രക്ഷാനുഭവത്തിന്റെ ( പെസഹാ രഹസ്യത്തിന്റെ ) ഓര്‍മ്മയാണ്.ശാബത്തിന്റേയും നാഥനായാണ് മിശിഹായെ പുതിയ നിയമം അവതരിപ്പിക്കുക (മര്‍ക്കോ:2,28). ശാബത്തിന്റേയും നാഥനായ മിശിഹാ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റത് ആഴ്ചയിലെ ആദ്യ ദിവസം അഥവാ ശാബതം കഴിഞ്ഞുള്ള ദിവസമാണ്. മിശിഹായുടെ ഉയിര്‍പ്പാണ് പുതിയ നിയമത്തില്‍ രക്ഷയുടെ കേന്ദ്രം. അതിനാല്‍ മിശിഹാനുയായികള്‍ക്ക് രക്ഷാനുഭവത്തിന്റെ കേന്ദ്രദിനമായി ഉയിര്‍പ്പു ദിവസം മാറി. അങ്ങിനെ ശാബത്തിന്റേയും നാഥനായ മിശിഹായുടെ ഉയിര്‍പ്പു ദിവസം പുതിയ നിയമത്തില്‍ ശാബത്തിന്റെ സ്ഥാനം കൈവരിച്ചു.
ഞായറാഴ്ചയാചരണം പുതിയ നിയമത്തില്‍
ഞായറാഴ്ചയുടെ ചരിത്രം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് മിശിഹായുടെ ഉയിര്‍പ്പിനോടുകൂടിയാണ്. ഞായറാഴ്ചയുടെ പ്രാധാന്യത്തിനെ സൂചിപ്പിക്കുന്ന ധാരാളം തിരു വചനങ്ങള്‍ പുതിയ നിയമത്തിലുണ്ട്. വി. ഗ്രന്ഥത്തില്‍ "ആഴ്ചയിലെ ആദ്യ ദിവസം" എന്നു പറയുന്ന ദിവസമാണ് ഇപ്പോഴത്തെ "ഞായര്‍"
ഞായര്‍: ഈശോയുടെ ഉയിര്‍പ്പിന്റേയും പ്രത്യക്ഷപ്പെടലിന്റേയും ദിനം.
ശാബത്തിനു ശേഷം"ആഴ്ചയുടെ ഒന്നാം ദിവസം" ആണ്(മത്താ:28:1; മര്‍ക്കോ:16,9: ലൂക്കാ:24,1; യോഹ:20,1)കര്‍ത്താവായ ഈശോ ഉയിര്‍ത്തെഴുന്നേറ്റതായി സുവിശേഷങ്ങള്‍ സൂചിപ്പിക്കുന്നത്. ഉത്ഥിതനീശോ പ്രത്യക്ഷപ്പെടലുകള്‍ നടത്തിയതും ആഴ്ചയിലെ ആദ്യ ദിവസം തന്നെയാണ്. ആഴ്ചയുടെ ആദ്യ ദിവസം ശ്ലീഹന്മാര്‍ക്കും (യോഹ:20,19), എട്ടു ദിവസങ്ങള്‍ക്കുശേഷം വീണ്ടും (ആഴ്ചയുടെ ആദ്യ ദിവസം) തോമ്മാശ്ലീഹായ്ക്കും(യോഹ:20,16) ഈശോ പ്രത്യക്ഷനായി. അതു പോലെ ആഴ്ചയിലെ ആദ്യ ദിവസം എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്മാര്‍ക്കും (ലൂക്കാ:24, 13), മഗ്ദലനമറിയത്തിനും (യോഹ:20,11-18) മിശിഹാ കാണപ്പെട്ടു.റൂഹാദ്ക്കുദ്ശായുടെ അഭിഷേകം ശ്ലീഹന്മാര്‍ക്ക് ലഭിക്കുന്നതും (പെന്തക്കുസ്താ ദിനം) ആഴ്ചയുടെ ആദ്യ ദിവസമാണ്. അങ്ങിനെ മിശിഹായുടെ ഉത്ഥാനത്തിനു സാക്ഷികളായ ശ്ലീഹന്മാര്‍ ആഴ്ചയിലെ ആദ്യ ദിവസം പ്രാധാന്യമുള്ളതായി കണക്കാക്കി ആചരിക്കാന്‍ തുടങ്ങി.
ഞായറാഴ്ച: ഒരുമിച്ചു കൂടലിന്റേയും അപ്പം മുറിക്കലിന്റേയും ദിനം
അപ്പം മുറിക്കലിനും പങ്കു വയ്ക്കലിനും ഒരുമിച്ചു കൂടുന്നതിനുമായി ആഴ്ചയിലെ ആദ്യദിവസത്തെ പുതിയ നിയമം ചിത്രീകരിക്കുന്നു. അപ്പം മുറിക്കലിനായി ത്രോവാസില്‍ എല്ലാവരും ഒരുമിച്ച് കൂടിയതായി പൗലോസ് ശ്ലീഹാ പ്രതിപാദിക്കുന്നു.(ശ്ലീഹ:20,7) ഈ ഒരുമിച്ചു കൂടിയുള്ള അപ്പം മുറിക്കലും പങ്കു വയ്ക്കലുമാണ് ആദിമ ക്രൈസ്തവരെ വിശ്വാസത്തില്‍ ഉറപ്പിച്ചതും വളത്തിയതും. ഒരുമിച്ചു കൂടലിന്റേയും അപ്പം മുറിക്കലിന്റേയും കൂടുതല്‍ ഉദാഹരണങ്ങള്‍ ശ്ലീഹ: 2:2, 42-46; 1കോറി:10,16; 1കോറി: 16,2 എന്നിവിടങ്ങളിലും കാണാം.
ഞായര്‍ കര്‍ത്താവിന്റെ ദിവസം ആഴ്ചയുടെ ആദ്യ ദിവസം, അല്ലെങ്കില്‍ ശാബത് ദിനത്തിനു ശേഷമുള്ള ദിവസം എന്നീ വിശേഷണങ്ങളില്‍ നിന്നുമുള്ള മാറ്റമണ് "കര്‍ത്താവിന്റെ ദിവസം" എന്നത്. യഥാര്‍ത്ഥത്തില്‍ പ്രസ്തുത ദിനത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും ആദിമ സഭ എത്ര ആഴത്തില്‍ മനസ്സിലാക്കിയിരുന്നുവെന്ന് ഈ മാറ്റത്തില്‍ പ്രകടമാണ്. യോഹന്നാന്‍ ശ്ലീഹായ്ക്ക് വെളിപാടു ലഭിക്കുന്നത്"കര്‍ത്താവിന്റെ ദിവസത്തിലാണ് (വെളി:1:9-10). ആദ്യ നൂറ്റാണ്ടുകളിലെ വളരെ പ്രധാനപ്പെട്ട ഒരു അരാധനാക്രമഗ്രന്ഥമായ "ഡിഡാക്ക" യില്‍ "കര്‍ത്താവിന്റെ ദിവസം" ഒരുമിച്ചു കൂടി അപ്പം മുറിയ്ക്കുന്നതിനേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
പഴയ നിയമത്തില്‍ ശാബതത്തിന്റെ സ്ഥാനത്തേക്കാള്‍ ഉപരിയാണ് സഭയില്‍ ഞായര്‍ ദിനത്തിനുള്ളത്. ശാബത ദിനത്തിന്റെ പൂര്‍ണ്ണതയും പൂര്‍ത്തീകരണവുമായി സഭാ പിതാക്കന്മാര്‍ കാണുന്നത് ഞായറാഴ്ചയെയാണ്. ആദിമ സഭയ്ക്കും സഭാ പിതാക്കന്മാര്‍ക്കും ഞായറാഴ്ച പ്രധാനപ്പെട്ട ദിവസമാകാന്‍ കാരണം മുകളില്‍ സൂചിപ്പിച്ച പുതിയ നിയമ ഭാഗങ്ങള്‍ തന്നെയാണ്. ഒന്നാമതായി അത് കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ അനുസ്മരണമാണ്. ഈ ഉത്ഥാനാനുഭവം ആദിമ സഭ ആചരിച്ചിരുന്നത് അപ്പം മുറിയ്ക്കലിലൂടെയും പങ്കു വയ്ക്കലിലൂടെയുമായിരുന്നു. ഒരുമിച്ചു കൂടുമ്പോഴാണ് അപ്പം മുറിയ്ക്കലും പങ്കു വയ്ക്കലും അര്‍ത്ഥപൂര്‍ണ്ണമാവുക. പള്ളി ഒരുമിച്ചു കൂടാനുള്ള ഭവനമാണ്. യഥാര്‍ത്ഥത്തില്‍ സ്വന്തം ഇടവകപള്ളിയില്‍ ഇടവക നാഥനോടൊപ്പമുള്ള കുര്‍ബാനയര്‍പ്പണമാണ് ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ ഞായറാഴ്ചയാചരണം. നമ്മുടെ സഭയില്‍ വളരെ ആഘോഷവും ആനന്ദപ്രദവുമായി ഞായറാഴ്ച ആചരിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ക്ക് ഞായര്‍ തീര്‍ച്ചയായും കര്‍ത്താവിന്റെ ദിവസം തന്നെയായിരുന്നു. ഇന്ന് അതിന്റെയൊക്കെ പുറം മോടികള്‍ മാത്രമേ ഉള്ളോ എന്ന് സംസയം തോന്നാറുണ്ട്. കുര്‍ബാനയ്ക്കും വേദ പഠനത്തിനും മാത്രം ഞായറാഴ്ച മാറ്റി വച്ചിരുന്ന ആ കാലം അന്ന്യമായി. ഇന്നത് "കടം" തീര്‍ക്കാനുള്ള വേദിയാകുന്നു. ഈ "കടം" തീര്‍ക്കലിനുള്ള അവസരമൊരുക്കലാണ് കുര്‍ബാനകളുടെ "എണ്ണം" കൂട്ടുന്ന നൂതന പ്രവണത. ആളുകളുടെ "സൗകര്യത്തെ" പ്രതി അഞ്ചും ആറും കുര്‍ബാനകള്‍ ചൊല്ലിത്തീര്‍ക്കുന്നു. എണ്ണമല്ല ഗുണമാണ് പ്രധാനം.
ഇത് നമ്മുടെ പൂര്‍വ്വികര്‍ക്ക് അറിയാവുന്നതുകൊണ്ടാണ് നസ്രാണി സഭയില്‍ ഞായറാഴ്ച മാത്രം കുര്‍ബാന അര്‍പ്പിച്ചിരുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നത്. മറ്റു ദിവസങ്ങള്‍ ഞായറാഴ്ചയ്ക്കുള്ള ഒരുക്കമായിരുന്നു.ഇന്നത് മാറി. എന്നും കുര്‍ബാന "കാണാന്‍" അവസരങ്ങള്‍ (അര്‍പ്പിക്കാന്‍ ഉണ്ടോ എന്നത് മറ്റൊരിക്കല്‍ വിശദീകരിക്കാം). ധാരാളം നൊവേനകള്‍ക്കും ഭക്താഭ്യാസങ്ങള്‍ക്കും മേന്‍ പൊടിയായി കുര്‍ബാനക്കച്ചവടം. കര്‍ത്താവിന്റെ കുര്‍ബാനയ്ക്ക് "വില പറഞ്ഞ്" അതിനെ പാട്ടും മേളവുമായി "അടിച്ചു പൊളിയാക്കുന്നു". ഞായറാഴ്ച കുര്‍ബാന "ഫ്ലോപ്പി"യുടെ ബലത്തിലും കരുത്തിലുമായി.
അതുകൊണ്ട് ഞായറാഴ്ചയുടെ യഥാര്‍ത്ഥ മൂല്യത്തിലേയ്ക്ക് ഒരു തിരിച്ചുപോകല്‍ അത്യാവശ്യമാണ്. യഥാര്‍ത്ഥ ഒരുമിച്ചു കൂടല്‍ നടക്കുന്ന ദിനമാകട്ടെ അത്. "കടം" തീര്‍ക്കലിനേക്കാള്‍ ഉപരിയായി ഉത്ഥാനാനുഭവം പ്രഘോഷിക്കുന്ന, കൈമാറുന്ന അവസരമാകട്ടെ അത്. വേദം പഠിക്കാനും കൈമാറാനുമുള്ള ദിനമാകട്ടെ ഞായറാഴ്ച. ഞായറാഴ്ച കുര്‍ബാന അര്‍പ്പണത്തിനു പോകാന്‍ വേണ്ടിമാത്രം ചട്ടയും മുണ്ടും അലക്കി ഉണക്കി കാത്തിരിക്കുന്ന മുത്തശ്ശിമാരുടെ ഓര്‍മ്മ നമുക്ക് കരുത്താകട്ടെ. ഞായറാഴ്ച നേര്‍ച്ചയിടാന്‍ കുഞ്ഞുങ്ങളുടെ കൈയില്‍ പത്തോ അഞ്ചോ പൈസാ തുട്ട് വച്ചു കൊടുക്കുന്ന അപ്പന്മാരുടെ വിശ്വാസത്തിന്റെ ആഴം മനസ്സിലാക്കാന്‍ പുതു തലമുറയിലെ ഡാഡിമാര്‍ക്ക് സാധിയ്ക്കട്ടെ. അടുത്ത ഞായറാഴ്ച കാണാം എന്ന ആശംസയുമായി പള്ളിമുറ്റത്തു നിന്ന് വിശേഷങ്ങള്‍ പങ്കു വച്ചു പിരിയുന്ന അമ്മമാര്‍ പുതു തലമുറയിലെ മമ്മിമാര്‍ക്കു മാതൃകയാകട്ടെ.
മാര്‍ത്തോമ്മ നസ്രാണികള്‍ പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഭവനങ്ങളില്‍ നടത്തുന്ന ഒരു വിശ്വാസ ആചരണമാണ് പെസഹാ ഭക്ഷണം അഥവാ പെസഹാ ആഘോഷം. ഭാരത നസ്രാണികളുടെ തനിമയാര്‍ന്ന പ്രസ്തുത കര്‍മ്മം അപ്പം മുറിക്കല്‍, പാലുകാച്ചല്‍, പാലു കുടി എന്നീ പേരുകളിലും അറിയപ്പെടുന്നു. മാര്‍ഗ്ഗ വാസികളുടെ തനതായ വിശ്വാസ പാരമ്പര്യത്തില്‍ വളര്‍ന്നു വന്ന ഈ പുണ്യ കര്‍മ്മം പഴയനിയമത്തിലെ പെസഹാ ഭക്ഷണത്തിന്റേയും (നിയമ: 16, 1-9), പുതിയ നിയമത്തിലെ അന്ത്യ അത്താഴം(ലൂക്ക: 22/14-20,1 കോറി: 11/23-25), അപ്പം മുറിക്കല്‍ ശുശ്രൂഷ (നടപടി:2/42) എന്നിവയുടേയും സമ്മിശ്ര രൂപമാണെന്നു പറയാം. പഴയനിയമത്തിലെ പെസഹാക്കുഞ്ഞാടിനെ ഭക്ഷിക്കുന്ന കര്‍മ്മം (പുറ 12/1-14) നമ്മുടെ പെസഹാ ഭക്ഷണത്തില്‍ ഇല്ല. പക്ഷേ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനോട് (നിയമ: 16/1-8) ഈ ആചരണത്തിനു കൂടുതല്‍ സാമ്യം കാണാം. എന്തായാലും നമ്മുടെ പൂര്‍വ്വികര്‍ക്ക് ആദ്യ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന യഹൂദ ബന്ധത്തിന്റെ ശക്തമായ ഒരു തെളിവുകൂടിയാണ് പെസഹാ ഭക്ഷണം. 'അപ്പം മുറിക്കല്‍' എന്ന പദം തന്നെ അര്‍ത്ഥ വ്യാപ്തിയേറിയതും തിരുവചന സത്ത നിറഞ്ഞതുമാണ്. ആദിമ സഭാസമൂഹത്തിന്റെ പ്രത്യേകതകളിലൊന്നായിട്ടാണ് അപ്പം മുറിക്കലിനെ ശ്ലീഹന്മാരുടെ നടപടി പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. (നടപടി: 2/42). പ. കുര്‍ബാനയുമായി ബന്ധപ്പെടുത്തിയാണ് സഭാ പിതാക്കന്മാര്‍ ഈ അപ്പം മുറിക്കലിനെ വ്യാഖ്യാനിക്കുക.മാര്‍ത്തോമ്മാ നസ്രാണികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപ്പം മുറിക്കല്‍ (THE BREAKING OF THE BREAD) അഥവ പ. കുര്‍ബാന ഇടവക പള്ളികളില്‍ ഞായറാഴ്ച തോറും അനുഷ്ഠിച്ചു വരുന്നു. ഭവനങ്ങളില്‍ വര്‍ഷം തോറും നടത്തുന്ന അപ്പം മുറിക്കല്‍ അഥവാ പെസഹാ ഭക്ഷണം കുര്‍ബാനയാകുന്ന വലിയ അപ്പം മുറിക്കലിന്റെ ഓര്‍മ്മ പുതുക്കലാണ്.
ചില പ്രത്യേകതകള്‍
ഈ അപ്പം മുറിക്കല്‍ അഥവാ പെസഹാ ഭക്ഷണം പൂര്‍ണ്ണമായും ഭവനങ്ങളിലായിരുന്നു നടത്തിയിരുന്നത്. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് പ്രസ്തുത കര്‍മ്മത്തിന്റെ കാമ്മികന്‍. ഓരോ ഭവനത്തിലും ഭവനാംഗങ്ങള്‍ മുഴുവനും ബന്ധുക്കളും അയല്‍പക്കക്കാരും പങ്കെടുക്കുന്നു. ഒരു ഭവനത്തിലെ ശുശ്രൂഷ കഴിഞ്ഞ് അടുത്ത ഭവനത്തില്‍ എന്ന രീതിയിലാണ് ഇത് നടത്തുന്നത്. മുതിര്‍ന്നവരും കുഞ്ഞുങ്ങളുമടക്കം എല്ലാവരും കാല്‍നടയായി കുന്നും മലയും കേറി ഓരോ ഭവനത്തിലുമെത്തി നടത്തുന്ന അപ്പം മുറിക്കല്‍ നസ്രാണികള്‍ക്ക്, മാത്തോമ്മ മാര്‍ഗ്ഗത്തിന്റെ അഘോഷവും പ്രഘോഷണവുമാണ്. പെസഹാ വ്യാഴം രാത്രി മുഴുവനും ഉറങ്ങാതെ നടത്തുന്ന ഈ കര്‍മ്മം അന്ത്യാത്താഴത്തിനു ശേഷം ഈശോ ഗത്സമെനിയില്‍ പ്രാര്‍ത്ഥനാനിരതനയി ചിലവഴിച്ചതിന്റെ അനുസ്മരണം കൂടിയാണ്.
2. ഭവനങ്ങളില്‍ നിന്നാരെങ്കിലും പ്രസ്തുത വര്‍ഷം മരിച്ചു പോയിട്ടുണ്ടെങ്കില്‍ അവിടെ കുരിശപ്പം പുഴുങ്ങുന്ന പതിവില്ല. ആ ഭവനങ്ങളില്‍ മുറിക്കാനുള്ള കുരിശപ്പം അടുത്ത ഭവനങ്ങളില്‍ നിന്നു കൊണ്ടു വരികയും അഘോഷങ്ങളില്ലാതെ അതു മുറിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വരെ തങ്ങളോടൊപ്പം അപ്പം മുറിക്കാനും പാലുകുടിക്കാനുമുണ്ടായിരുന്ന പരേതരോടുള്ള ആദര സൂചകമായി ഈ രീതിയെ കാണാവുന്നതാണ്. കുരിശപ്പത്തിന്റെ പങ്കു വയ്ക്കല്‍ കുടുംബങ്ങള്‍ തമ്മിലുള്ള ആഴമായ സ്നേഹബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്.
3. പെസഹാ ഭക്ഷണത്തിലെ പ്രധാന വിഭവം കുരിശപ്പമാണ്. അപ്പം പുഴുങ്ങുക എന്നാണ് കുരിശപ്പം ഉണ്ടാക്കുന്നതിനേക്കുറിച്ചു പറയുക. ഭയ ഭക്തി ബഹുമാനത്തോടെയുള്ള ഒരു കര്‍മ്മം തന്നെയാണ് അപ്പം പുഴുങ്ങല്‍. സൗമ്മാറമ്പാ കാലം (വലിയ നോമ്പുകാലം) മുഴുവന്‍ നടത്തി വരുന്ന ഉപവാസവും പ്രാര്‍ത്ഥനയും ഇതിനായുള്ള ഒരു അകന്ന ഒരുക്കമാണെന്നു പറയാം. വീടിന്റെ മുറ്റമടിച്ച്, മുറികള്‍ കഴുകി വൃത്തിയാക്കി, കുളിച്ച് സ്വയം ശുദ്ധീകരിച്ചാണ് അപ്പം പുഴുങ്ങാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുക. പുതിയ പാത്രങ്ങളിലാണ് ( അല്ലെങ്കില്‍ ഈ കര്‍മ്മത്തിനു വേണ്ടി മാത്രം വര്‍ഷങ്ങളായുപയോഗിക്കുന്ന പാത്രങ്ങളില്‍) അപ്പം പുഴുങ്ങുക. നിലത്തു വിരിച്ചിരിക്കുന്ന പായയില്‍ മുട്ടുകുത്തി നിന്നാണ് കുടുംബങ്ങളിലെ സ്ത്രീകള്‍ ഇത് തയ്യാറാക്കുന്നത്. രണ്ടു വാഴയില മടക്കി അതില്‍ കുരിശപ്പം ഉണ്ടാക്കുന്നു. ഈ അപ്പത്തിന്റെ മുകളില്‍ ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് കുരിശാകൃതിയില്‍ വയ്ക്കുന്നതിനാലാണ് ഇത് കുരിശപ്പം എന്നറിയപ്പെടുന്നത്. ഒരോ വാഴയില മടക്കി അതില്‍ മറ്റ് കുറെ അപ്പങ്ങള്‍ ഉണ്ടാക്കുന്നു. ഇവയില്‍ കുരിശു വയ്ക്കാറില്ല. ഇണ്ടറിയപ്പം എന്നാണ് ഈ അപ്പം അറിയപ്പെടുക. കുരിശപ്പം നടുക്കും മറ്റ് അപ്പങ്ങള്‍ ചുറ്റുമായി പാത്രത്തില്‍ വച്ചു അപ്പം പുഴുങ്ങിയെടുക്കുന്നു. മാവു പുളിക്കുന്നതിനുമുന്‍പ് അപ്പം പുഴുങ്ങുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.
5: പെസഹാ വ്യാഴാഴ്ച വൈകിട്ട്, പള്ളിയിലെ പരിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും കഴിഞ്ഞു വന്നിട്ടാണ് അപ്പം മുറിക്കല്‍ നടത്തുക. നിലത്തു പായ വിരിച്ച് അതില്‍ എല്ലാവരും നില്‍ക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനാണ് അപ്പം മുറിക്കുക. പ്രസ്തുത കുടുംബത്തില്‍ മുതിര്‍ന്ന പുരുഷന്മാര്‍ ഇല്ലെങ്കില്‍ സന്നിഹിതരായിരിക്കുന്ന മറ്റു കുടുംബങ്ങളിലെ പ്രായം ചെന്ന പുരുഷനെ അപ്പം മുറിക്കാന്‍ ക്ഷണിക്കുന്നു.അപ്പം മുറിക്കുന്ന ആള്‍ കൈകള്‍ കഴുകി മുട്ടുകുത്തി നിന്ന് സ്ലീവാ അടയാളം വരച്ച ശേഷം കുരിശപ്പം മുറിച്ച് മുതിര്‍ന്നവര്‍ തുടങ്ങി ഒരോരുത്തര്‍ക്കായി നല്‍കുന്നു. എല്ലാവരും പ്രാര്‍ത്ഥനയോടെ രണ്ടു കൈകളും കുരിശാകൃതിയില്‍ നീട്ടി അപ്പം വാങ്ങുന്നു. എല്ലാവര്‍ക്കും നല്‍കിയ ശേഷം അപ്പം മുറിച്ചയാള്‍ അപ്പം ഭക്ഷിക്കുന്നു. തുടര്‍ന്നു മറ്റുള്ളവരും. ഇതേ ക്രമത്തില്‍ തന്നെ പാലും സ്വീകരിക്കുകയും കുടിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വാഴപ്പഴങ്ങളും ഭക്ഷിക്കുന്ന രീതി കാണാറുണ്ട്. പെസഹായ്ക്കു പഴുപ്പിക്കാന്‍ വേണ്ടി മാത്രം പ്രത്യേക വാഴക്കുലകള്‍ മാറ്റി നിറുത്തുന്ന പതിവ് നസ്രാണികള്‍ക്കുള്ളതാണ്.
നിശബ്ദരായി ഭയഭക്തികളോടെയാണ് മുതിര്‍ന്നവരും കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ ഈ ശുശ്രൂഷയില്‍ പങ്കു ചേരുക. ഒരു തരി അപ്പമോ ഒരു തരി പാലോ നിലത്തു പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. പ്രസ്തുത കാര്യം കുഞ്ഞുങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഒരു ഭവനത്തിലെ അപ്പം മുറിക്കലിനു ശേഷം പ്രാര്‍ത്ഥിച്ചു സ്തുതി ചൊല്ലി എല്ലാവരും കൂടി അടുത്ത ഭവനത്തിലേയ്ക്കു പോകുന്നു.
6: അയല്‍പക്കത്തുള്ള മറ്റു മതസ്ഥര്‍ക്കു അപ്പം വിതരണം ചെയ്യുന്ന രീതി എടുത്തു പറയേണ്ടതാണ്. പക്ഷേ കുരിശപ്പവും പാലും മറ്റുള്ളവര്‍ക്കു നല്‍കാറില്ല. പകരം ഇണ്ടറിയപ്പവും വാഴപ്പഴങ്ങളും നല്‍കുന്നു. അപ്പം മുറിക്കലിനു ശേഷം ഭവനങ്ങളിലെ കുട്ടികളാണ് മിക്കവാറും ഇണ്ടറിയപ്പവും പഴങ്ങളും അയല്‍ വീടുകളില്‍ കൊണ്ടു പോയി കൊടുക്കുക. മത സൗഹാര്‍ദ്ദത്തിനും സാമൂഹ്യ ബന്ധങ്ങള്‍ക്കും നസ്രാണികള്‍ കൊടുത്തിരുന്ന പ്രാധാന്യം ഇവിടെ വ്യക്തമാണ്.
ചില ആനുകാലിക പ്രവണതകള്‍
പഴയനിയമ പെസഹാ വര്‍ഷം തോറും ആചരിച്ച്, കര്‍ത്താവിനോടൊപ്പം അന്ത്യാത്താഴം കഴിച്ച്, ശ്ലീഹന്മാരൊടൊപ്പം അപ്പം മുറിക്കല്‍ ശുശ്രൂഷകളില്‍ തീക്ഷ്ണതയോടെ പങ്കെടുത്ത തോമ്മാശ്ലീഹാ തനിക്കു ലഭിച്ച മിശിഹാനുഭവം നമ്മുടെ പൂര്‍വ്വികന്മാര്‍ക്ക് തെളിമയോടെ കൈമാറി. മാര്‍ത്തോമ്മായില്‍ നിന്നു ലഭിച്ച അപ്പം മുറിക്കല്‍ പാരമ്പര്യമാണ് നമ്മുടെ തനിമയാര്‍ന്ന പെസഹാചരണം. അത്ര ഉദാത്തവും ഉത്കൃഷ്ടവും ഉന്നതവുമാണ് ഈ കര്‍മ്മം. ലത്തീനീകരണത്തിന്റെ മൂര്‍ദ്ധന്ന്യത്തില്‍ പോലും തനിമ നഷ്ടപ്പെടാതെ നമ്മുടെ പൂര്‍വ്വികര്‍ കാത്തു സൂക്ഷിച്ച ഈ ആചരണത്തിനു ഇപ്പോള്‍ തനിമ ചോരുന്നുണ്ടൊയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സമീപകാലത്തെ അപ്പം മുറിക്കലില്‍ കണ്ടു വരുന്ന ചില പരിണാമങ്ങള്‍ അങ്ങിനെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്;
1: തികച്ചും, കുടുംബ കേന്ദ്രീകൃതമായിട്ടായിരുന്നു ഈ കര്‍മ്മം നൂറ്റാണ്ടുകളായി നടത്തി പോന്നിരുന്നത്. പക്ഷേ ഇപ്പോള്‍ ഇത് പള്ളി കേന്ദ്രീകൃതമായി, അഥവാ 'അച്ചന്‍' കേന്ദ്രീകൃതമായി പലയിടത്തും മാറി. അത് തീര്‍ച്ചയായും ഒരു കുറവാണ്, തനിമ ചോരലാണ്. കാരണം പള്ളിയിലെ അപ്പം മുറിക്കല്‍: കുര്‍ബാന, ഭവനത്തിലെ അപ്പം മുറിക്കല്‍: പെസഹാ. ഇങ്ങിനെയായിരുന്നു പുണ്യ പിതാക്കന്മാര്‍ ഇതിനെ കണ്ടിരുന്നതും നടത്തിയിരുന്നതും. കുര്‍ബാനയിലെ കാര്‍മ്മികന്‍ പുരോഹിതന്‍; അപ്പം മുറിക്കലിലെ കാര്‍മ്മികന്‍ കുടുംബത്തിലെ പ്രായമുള്ള പുരുഷന്‍. അങ്ങിനെ നിലനില്‍ക്കുന്നതും തുടരുന്നതുമല്ലേ വിശ്വാസ സംരക്ഷണത്തിനും പ്രഘോഷണത്തിനും ഉചിതം.
2: അപ്പം പുഴുങ്ങല്‍ ഒരു ശുശ്രൂഷയായിത്തന്നെയാണ് നസ്രാണികള്‍ കാണുന്നത്. അതുകൊണ്ടാണു അകന്നതും അടുത്തതുമായ ഒരുക്കങ്ങളിലൂടെ അതു നിര്‍വ്വഹിക്കുന്നത്. പക്ഷേ ഇന്നു പലയിടത്തും അപ്പം പുഴുങ്ങാന്‍ പലര്‍ക്കും സമയം കിട്ടാറില്ല. ചിലര്‍ക്കു കുരിശപ്പം പുഴുങ്ങാന്‍ അറിയില്ല. പകരം ബേക്കറിയില്‍ നിന്നു 'കുരിശുള്ള' ബ്രെഡ് വാങ്ങി മുറിക്കുന്നു. അതിലെന്തു പരിപാവനതയാണ് കാണാന്‍ കഴിയുക? എന്തു വിശ്വാസ സംരക്ഷണവും പ്രഘോഷണവുമാണ് ചൂണ്ടിക്കാണിക്കാനുള്ളത്? ഈ 'കുരിശുള്ള' അപ്പം എന്തു വിശുദ്ധിയിലാണ് നിര്‍മ്മിക്കപ്പെടുക? ഏതു നന്മയിലാണ് പങ്കു വയ്ക്കപ്പെടുക. തികച്ചും കച്ചവടമെന്ന 'നന്മ' മാത്രമല്ലേ ഇതിന്റെ പിന്നില്‍. ഒരിക്കലും വിലമതിക്കാനാവാത്ത നസ്രാണി പാരമ്പര്യങ്ങളിലൊന്നിനു വില പറയുകയല്ലേ ഇതു വഴി ചെയ്യുക? ഇതിനു വശംവദരാകേണ്ടതുണ്ടോ?
അതുകൊണ്ട് ഈ കര്‍മ്മം കുടുംബകേന്ദ്രീകൃതമായിത്തന്നെ നടത്താന്‍ ശ്രമിക്കാം.ചെറുതെങ്കിലും വിശുദ്ധിയോടെ കുരിശപ്പം ഭവനങ്ങളില്‍ പുഴുങ്ങിയെടുക്കാം. അപ്പം പുഴുങ്ങാന്‍ സാധിക്കാത്തവരുമായി അതു പങ്കു വയ്ക്കാം.
വിശുദ്ധന്‍, പണ്ഡിതന്‍, ആധുനിക സഭാപിതാവ്, അങ്ങിനെ വിശേഷണങ്ങള്‍ ധാരാളമുണ്ട് മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വിശ്വസ്തനായ ഈ മകന്. 'പ്ലാസിഡച്ചന്‍' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടതും അറിയപ്പെടുന്നതും. ഇരുപതാം നൂറ്റാണ്ടില്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ "വെള്ളം ചേര്‍ക്കപ്പെടാത്ത" ശബ്ദമായി സ്വദേശത്തും വിദേശത്തും മുഴങ്ങിയ പ്ലാസിഡച്ചന്‍ കാലം ചെയ്തിട്ട് 2010 ഏപ്രില്‍ 27 ന് 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. എളിമയും സൗമ്യതയും കൈ വിടാതെ നസ്രാണി സഭയുടെ പൈതൃക സംരക്ഷണത്തിനും വ്യക്തിത്ത്വ വീണ്ടെടുപ്പിനുമായി അഹോരാത്രം അദ്ധ്വാനിച്ച ആ പുണ്യ പിതാവിന്റെ നിത്യ സ്മരണയ്ക്കുമുന്‍പില്‍ കൂപ്പു കൈ.
പുണ്യ ജീവിതത്തിലെ സുപ്രധാന ദിനങ്ങള്‍
1899,ഒക്ടോബര്‍ 3: ആര്‍പ്പൂക്കരയിലെ പൊടിപാറ കുടുംബത്തില്‍ ജനനം.
1918: സി. എം . ഐ സന്ന്യാസ സമൂഹ പ്രവേശനം.
1927: ശുശ്രൂഷാ പൗരോഹിത്യ പട്ടസ്വീകരണം.
1928: ഉപരി പഠനത്തിനായി റോമില്‍. തത്ത്വ ശാസ്ത്രം ദൈവശാസ്ത്രം, സഭാ നിയമം, എന്നിവയില്‍ മല്‍പ്പാന്‍ സ്ഥാനം(Doctorates).
1953: ഭാഗ്യ സ്മരണാര്‍ഹനായ കര്‍ദ്ദിനാള്‍ ടിസ്സറാങ്ങ് തിരുമേനിയുടെ , വിഖ്യാതമായ മാര്‍ത്തോമ്മാ നസ്രാണി സഭാ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ സെക്രട്ടറി. നസ്രാണി സഭയുടെ പൈതൃക സംരക്ഷണത്തിന് ഏറെ ആക്കം കൂൂട്ടുകയും സഭാ വളര്‍ച്ചയ്ക്ക് വളരെ പ്രേരകമാവുകയും ചെയ്തതാണ് ടിസ്സറാങ്ങ് തിരുമേനിയുടെ പ്രസ്തുത സന്ദര്‍ശനം. ഈ സന്ദര്‍ശനത്തിലും അതിനു ശേഷവും ടിസ്സറാങ്ങ് തിരുമേനിയുടെ പക്കലും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനിലും പ്ലാസിഡച്ചന്‍ മാതൃ സഭയ്ക്കുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങളും പഠനങ്ങളും വളരെ പ്രശസ്തവും അദ്ദേഹത്തിന്റെ സഭാ സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
1974: പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍ നിയമ സംഹിത തയ്യാറാക്കുന്ന പോന്തിഫിക്കല്‍ കൗന്‍സില്‍ അംഗം.
1980: റോമില്‍ നിന്നും തിരികെ നാട്ടില്‍ ചെത്തിപ്പുഴ ആശ്രമത്തില്‍ വിശ്രമം.
1985, ഏപ്രില്‍27: പ്ലാസിഡച്ചന്‍ കാലം ചെയ്തു.
കഴിഞ്ഞ നൂറ്റാണ്ടിലെ നസ്രാണി സഭയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്കു വരിക പ്ലാസിഡച്ചനാണ്. കാരണം ആ കാലത്ത് നസ്രാണി സഭയുടെ വിശ്വസ്ത നാവായിരുനു അദ്ദേഹം. പുനരൈക്യ പ്രസ്ഥാനത്തിന്റെ പ്രധാന സഹായിയായും കേരള സഭയിലെ മിക്ക മെത്രാന്മാരുടേയും അനൗദ്യോഗിക ഉപദേഷ്ടാവും ശുശ്രൂഷ ചെയ്ത അദ്ദേഹം തന്റെ ഉത്തരവാദിത്ത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. മാതൃസഭയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടി അദ്ദേഹം എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും അനേകമാണ്.വിവിധ വിഷയങ്ങളില്‍, വിവിധ ഭാഷകളില്‍ അദ്ദേഹത്തിന്റെ വിശുദ്ധ വിജ്ഞാനം വിളങ്ങി നില്‍ക്കുന്നു. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് വര്‍ത്തമാന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. പ്ലാസിഡച്ചന്റെ സഭാ സ്നേഹവും തീക്ഷ്ണതയും ഈ ഒറ്റ പരിഭാഷയിലൂടെ വ്യക്തമാണ്. എല്ലാ ദിവസവും വര്‍ത്ത്മാന പുസ്തകത്തിന്റെ ഒരു പേജെങ്കിലും വായിച്ചു ധ്യാനിച്ചിട്ടേ അദ്ദേഹം കിടക്കാറുണ്ടായിരുന്നുള്ളു എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വര്‍ത്തമാന പുസ്തകത്തില്‍ രേഖപ്പേടുത്തിയിട്ടുള്ള നസ്രാണികളുടെ നൊമ്പരവും കണ്ണീരും , പ്രതീക്ഷയുമാണ് പ്ലാസിഡച്ചനെ പ്ലാസിഡച്ചനായി മാറ്റിയതും നസ്രാണി ഹൃദയങ്ങളില്‍ ജ്വലിക്കുന്ന ദീപമായി നിലനിര്‍ത്തുന്നതും.
മാതൃ സഭയേക്കുറിച്ച് പ്ലാസിഡച്ചന്‍ നടത്തിയ വളരെ പ്രധാനപ്പെട്ടതും പ്രശസ്തവുമായ ഒരു വിശേഷണം അദ്ദേഹത്തിന്റെ സഭാത്മക ദര്‍ശനം വെളിവാക്കുന്നതാണ്. മാര്‍ത്തോമ്മ നസ്രാണികളേക്കുറിച്ച് അദ്ദേഹം പറയുന്നു: "സംസ്ക്കാരത്തില്‍ ഭാരതീയന്‍ , വിശ്വാസത്തില്‍ ക്രിസ്ത്യാനി. ആരാധനാക്രമത്തില്‍ പൗരസ്ത്യന്‍". എത്ര വിശാലമായ വീക്ഷണം. എത്ര ആഴമുള്ള ദര്‍ശനം. എത്ര വിശ്വസ്തമായ സഭാ സ്നേഹം. പ്ലാസിഡച്ചന്റെ സഭാ വീക്ഷണം നമ്മുക്ക് തുണയാകട്ടെ. സഭാ സ്നേഹം കരുത്താകട്ടെ. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ നമ്മുക്ക് വഴികാട്ടിയാകട്ടെ. പ്ലാസിഡച്ചനെ പ്രത്യേകമായി സ്മരിക്കുന്ന ഈ കാലത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
"കര്‍ത്താവേ ജന്മം കൊണ്ടു മാത്രമല്ല, കര്‍മ്മം കൊണ്ടു കൂടിയും ഭാരതീയനാകാന്‍,
1.The name Syro-Malabar Church is a misnomer. It has to be changed to Mar Thoma Nazrani Church.
2.The Mar Thoma Nazrani Church is by nature a Patriarchal Church and the Head of this Church may be called “The Patriarch: The Gate and Head of All India”.
3.The Mar Thoma Nazrani Church can restore its glory by reintroducing the office of ‘Arkadayakon’ in the fullest traditional sense.
4.The Mar Thoma Nazrani Church ought to get back All- India Jurisdiction at the earliest. The Latin hierarchy of India has to hand over the administration of ‘Mylappur Centre’ {Chinnamala and Periamala} to the Mar Thoma Nazrani Church under its ownership.
All these external changes may be followed up with others leading to the actualization of my dreams. They are:
5.Our Nazrani families will recite Yama Prardhanakal-Ramsa, Liliea, Sapra etc in their families and Nazrani men shall assist in the the Holy Raza (Qurbana) as ‘Madbaha Sushrushees’.
6. I dream of a time when our Bishops and Priests realize the worth of ‘Varthamanapusthakam’ and of course of Mar Yousep kariyarttil and Paremmackal Thoma Kathanar. A time may come when our Bishops and priests prayerfully ‘read’, ‘meditate’ and ‘live’ the quintessential ‘Nazrani life’ which is depicted in the ‘Varthamanapusthkam’.
7.I dream of a day when ‘All Mar Thoma Nazranees’ {Mar Thoma Nazrani Church, Orthodox, Jacobite, Assyrian church, Malankara Catholics} celebrate the Holy Raza together, the Patriarch of Marthoma Nazrani Church leading the celebration.