നസ്രാണിയും
മാപ്പിളയും
ഭാരതത്തിലെ
പുരാതന ക്രൈസ്തവരായ മാർത്തോമ്മാ നസ്രാണികളുമായി ബന്ധപ്പെട്ട രണ്ടു വാക്കുകളാണ്
"നസ്രാണി", "മാപ്പിള" എന്നിവ. ഇവയെക്കുറിച്ചുള്ള ചെറിയ പഠനമാണ്
ചുവടെ.
നസ്രാണി
നമ്മുടെ
പൂർവ്വികർ നൂറ്റാണ്ടുകളായി അറിയപ്പെട്ടിരുന്ന പേരാണ് നസ്രാണി എന്നത്. ഈ നാമധേയം മാർത്തോമ്മാ ശ്ലീഹായിൽ നിന്ന് തന്നെ തങ്ങൾക്ക് ലഭിച്ചതായി അവർ
കരുതിയിരുന്നു. അതായത്, വേദസംബന്ധമായി തങ്ങൾക്ക് ലഭിച്ച പേരായി കണ്ട് "നസ്രാണി"
എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനിച്ചിരുന്നു.
ഓർശ്ലേമിലാണ്
ആദിമ സഭ രൂപം കൊണ്ടത്. ഗ്രീക്ക് ഭാഷ ഉപയോഗിച്ചിരുന്ന രാജ്യ വിഭാഗങ്ങളിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടത്
അന്ത്യോക്യായിലെ സഭയാണ്. ശ്ലീഹന്മാരുടെ നടപടി പുസ്തകം 11-ാം അധ്യായം 26-ാം വാക്യത്തിൽ
നിന്ന് വ്യക്തമാകുന്നതു പോലെ അന്ത്യോക്യായിൽ വച്ചാണ് മിശിഹായുടെ അനുഗാമികൾ "ക്രിസ്ത്യാനികൾ"
എന്ന് വിളിക്കപ്പെട്ടത്. "ക്രിസ്തു" എന്നത് യവനായ അഥവാ ഗ്രീക്ക് പദവും
“ക്രിസ്ത്യാനി” എന്ന വാക്ക് ഈ ഗ്രീക്ക് പദത്തിൽ നിന്ന് ഉത്ഭവിച്ചതുമാണ്.
"മാശീഹ്"
എന്ന ഹീബ്രു വാക്കിൻറെ രൂപഭേദമാണ് "മിശിഹാ" എന്ന പദം. അഭിഷിക്തൻ (The
Anointed one) എന്നാണർത്ഥം. മിശിഹാ എന്ന അറമായ അഥവാ സുറിയാനി പദത്തിന്റെ തർജ്ജമയായി
"ക്രിസ്തോസ്" (Christos)എന്ന ഗ്രീക്ക് വാക്ക് വി. ഗ്രന്ഥത്തിന്റെ
ഗ്രീക്ക് വിവർത്തനങ്ങളിൽ ഉപയോഗിച്ചു തുടങ്ങി.
ഗ്രീക്ക്
ഭാഷയിലെ "ക്രിസ്തോസ്" ലത്തീൻ ഭാഷയിൽ "ക്രിസ്തൂസ്”
(Christus) എന്നും പോർത്തുഗീസിൽ "ക്രിഷ്തോ" (Cristo) എന്നും ഇറ്റാലിയനിൽ
"ക്രിസ്തോ" (Cristo) എന്നും ഇൻഗ്ലീഷിൽ "ക്രൈസ്റ്റ് "
(Christ) എന്നും രൂപപ്പെട്ടു.
മലയാള
ഭാഷയിൽ 16-ാം നൂറ്റാണ്ടോടു കൂടെ യൂറോപ്യൻ മിഷനറിമാരുടെ വരവോടെ "ക്രിസ്തൂസ്"
"ക്രിസ്തോ" എന്നീ പദരൂപങ്ങൾ കടന്നു വന്നു. അതിൽ നിന്ന് "ക്രിസ്തു"
എന്ന വാക്കും രൂപം കൊണ്ടു. "ക്രിസ്തുവിന്റെ" അനുയായി എന്നാണ് "ക്രിസ്ത്യാനി"
എന്ന വാക്കിന്റെ അർത്ഥം.
കേരളത്തിൽ
ഈ പദ പ്രയോഗം തികച്ചും ആധുനികമാണ്. സുറിയാനി പാരമ്പര്യത്തിൽ "ക്രിസ്ത്യാനി"
എന്നതിന് തത്തുല്യമായ പദം "മ്ശീഹായാ" എന്നതാണ്. മിശിഹായുടെ അനുയായി
എന്നാണിത്തിന്റെ അർത്ഥം.
ക്രിസ്ത്യാനി
എന്ന നാമത്തിന്റെ ആരംഭത്തിനു മുമ്പ് ഓർശ്ലേമിൽ ഉണ്ടായിരുന്ന വിശ്വാസികൾ "നസ്രായർ"
എന്നറിയപ്പെട്ടു. ശ്ലീഹന്മാരുടെ ഗണത്തിൽ ചേർന്നിരുന്നവരെ
യഹൂദർ "നസ്രായർ" എന്നു വിളിച്ചു. നടപടി 24/5-ൽ ഇത് കാണാം. നസ്രത്ത് (നസ്രസ്)
എന്ന ഗ്രാമത്തിൽ നിന്നുള്ളവൻ എന്ന അർത്ഥത്തിൽ ഈശോയെ "നസ്രായാ" (നസ്രായൻ)
എന്നു വിളിക്കുന്നു. ഈശോയെ പുതിയ നിയമത്തിൽ "നസ്രായൻ"എന്ന് പല പ്രാവശ്യം
പരാമർശിച്ചിട്ടുണ്ട്. (മത്താ: 21/11; നടപടി10/38; മാർക്കോ: 1/24,10/47,14/67,16,6;
ലൂക്കാ:4/34,24/19). കൂടാതെ മത്താ:26/71, ലൂക്കാ
18/37, യോഹ18/5,7; 19/19; നടപടി 3/6, 4/10, 6/14, 26/9 എന്നീ വാക്യങ്ങളിലും "നസ്രായൻ"
എന്ന വിശേഷണം കാണാം.
ഈശോയെ
ഗ്രീക്ക് ഭാഷയിൽ "നസറേനോസ്" എന്നും "നസ്രായിയോസ്"
എന്നും വിശേഷിപ്പിച്ചിരുന്നു. നസ്രത്തുകാരൻ എന്ന അർത്ഥം തന്നെയാണ് ഇതിനുള്ളത്. ഗ്രീക്കിലെ
"നസറേനോസ്" എന്ന പദം ലത്തീനിൽ "നസാറേനൂസ്"
(Nazarenus) എന്നായി. ഇംഗ്ലീഷിൽ "നസറേൻ" (Nazarene). കാലക്രമേണ മിശിഹാ
അനുയായികളുടെ പേരായിത്തീർന്നു ഈ വാക്കുകൾ. ഇതിൽ നിന്ന് നാം മനസിലാക്കേണ്ടത് വി. ഗ്രന്ഥത്തിൽ
അധിഷ്ഠിതമായ വാക്കുകളാണ് നസ്രായൻ, നസ്രായ, നസ്രാണി എന്നാണ്.
നസ്രായൻ
എന്നതിലെ "അൻ" പ്രത്യയം മലയാളികൾ ചേർത്തതാണ്. "നസ്രാണി"
എന്നത് "നസ്രായ" എന്ന സുറിയാനി ശബ്ദത്തിന്റെ മലയാളീകരിച്ച പദമാണെന്ന് പറയാം.
341-ൽ
രക്തസാക്ഷിത്വം വരിച്ച മാർ ശിമയോൻ ബർസാബായുടെ ജീവചരിത്രത്തിൽ "നസ്രായാ"
എന്ന പദം ഉപയോഗിച്ചിരുന്നതായി കാണാം. അദ്ദേഹം
നസ്രായരുടെ പിതാവും തലവനുമായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെലൂഷ്യാ
സ്റ്റെസിഫോണിലെ ചരിത്രകാരന്മാർ "നസ്രായ" എന്ന പദമാണ് ക്രിസ്ത്യാനികളെ
സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. പേർഷ്യൻ സാമ്രാജ്യത്തിലെയും റോമാ സാമ്രാജ്യത്തിലെയും
അക്രൈസ്തവർ ക്രിസ്ത്യാനികളെ "നസ്രായ" എന്നാണ് വിളിച്ചിരുന്നത് എന്ന്
ചരിത്രകാരനായ Mingana അഭിപ്രായപ്പെടുന്നു.
മിശിഹാക്കാലത്തിനു
മുമ്പ് തന്നെ ദക്ഷിണേന്ത്യയിൽ യഹൂദർ ഉണ്ടായിരുന്നു. ഈ യഹൂദരെ "മാർഗ്ഗം" അറിയിക്കാൻ
വന്ന മാർത്തോമ്മാ ശ്ലീഹായിൽ നിന്ന് നമ്മുക്ക് കൈമാറിക്കിട്ടിയ പുണ്യപ്പെട്ട നാമധേയമാണ്
നസ്രായ അഥവാ നസ്രായികൾ (നസ്രാണികൾ) എന്നത്. ആദ്യ നൂറ്റാണ്ടു മുതൽത്തന്നെ
നസ്രായികൾ (നസ്രാണികൾ) എന്ന പേര് ഇവിടെ രൂഢമൂലമായിരുന്നു എന്നതാണിതിന്റെ അർത്ഥം.
മാപ്പിള
മാർത്തോമ്മാ
നസ്രാണികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേരാണ് "മാപ്പിളമാർ". രണ്ട് പദങ്ങളുടെ
സങ്കലനമാണ് മാപ്പിള എന്ന പദം. "മഹാ" എന്ന വാക്കും "പിള്ള"
എന്ന വാക്കും. "മഹാ" എന്നാൽ വലുത്, Noble, Great എന്നൊക്കെയാണ് അർത്ഥം.
"പിള്ള" എന്നാൽ "പുത്രൻ", "കുട്ടി" എന്നാണർത്ഥം. മഹാനായ
പുത്രൻ, വലിയ പുത്രൻ, എന്നൊക്കെ മാപ്പിളക്ക് അർത്ഥമുണ്ട്.
ചേരമാൻ
പെരുമാളിന്റെ കാലത്ത് ഈ പേര് മാർത്തോമ്മാ നസ്രാണികൾക്ക് ബഹുമാന പുരസരം കല്പിച്ചു നല്കിയതാണെന്നാണ്
ചരിത്രകാരന്മാരുടെ അഭിപ്രായം. "വർത്തമാന പുസ്തകത്തിൽ" നൽകപ്പെട്ടിട്ടുള്ള
ചില വ്യക്തികളുടെ നാമങ്ങളോടൊപ്പം ഈ പദം ചേർത്തു
കാണപ്പെടുന്നു.
യഹൂദർ
"യൂദമാപ്പിളമാർ" എന്നും മുസ്ലിമുകൾ "ജോനക മാപ്പിളമാർ"
എന്നും അറിയപ്പെട്ടിരുന്നു. മാർത്തോമ്മാ നസ്രാണികൾ "നസ്രാണി മാപ്പിളമാർ"
എന്നും അറിയപ്പെട്ടു. മാപ്പിള എന്ന പേര് അത്മായരെ ഉദ്ദേശിച്ചാണ് പൊതുവേ ഉപയോഗിച്ചു
കാണുന്നത്. വൈദികരെ കത്തനാർ, കശ്ശിശ അല്ലെങ്കിൽ പട്ടക്കാരൻ എന്നാണ് വിളിച്ചിരുന്നത്.
സ്ത്രീകളെ "പെൺ പിള്ള" എന്ന് വിളിച്ചിരുന്നതായി കാണാം.
എന്തായാലും
മാപ്പിള എന്ന വാക്ക് സമൂഹത്തിലെ ഉന്നതവംശജർ, കുലീനർ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരുന്നത്. ഈ നാട്ടിൽ
ഒരേ ഒരു ക്രിസ്തിയ സമൂഹം മാത്രമുണ്ടായിരുന്ന
കാലത്ത് ഇതര മതസ്ഥരിൽ നിന്ന് മാർത്തോമ്മാ നസ്രാണികളെ തിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന പേരായിരുന്നിരിക്കാം
"നസ്രാണി മാപ്പിള" എന്നത്.
മാർത്തോമ്മാ
നസ്രാണികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട
പേരുകളാണ് "നസ്രാണി"യും "മാപ്പിള"യും. "നസ്രാണി" എന്ന
നാമധേയം അവരുടെ ഉത്ഭവവും വേദഗ്രന്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ "മാപ്പിള"
എന്ന പേര് സമൂഹത്തിൽ അവർക്കുണ്ടായിരുന്നു ഔന്നത്യത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതിഫലനമായി
കാണാം.
ഡോ. ജയിംസ് ചവറപ്പുഴ
നസ്രാണി
റിസേർച്ച് സെന്റർ
നല്ലതണ്ണി.
സഹായക
ഗ്രന്ഥങ്ങൾ
1. Payne
Smith, “A compendious Syriac dictionary”
2. Placid
J. Podipara, “The Thomas Christians”
3. John
Moolan, “Introduction to Oriental Liturgy and its Theology”
4. ജോർജ്ജ് കുരുക്കൂർ
"ക്രൈസ്തവ ശബ്ദകോശം"
5. ബർണാർദ്
തോമ "മാർത്തോമ്മാ ക്രിസ്ത്യാനികൾ"
6. സേവ്യർ
കൂടപ്പുഴ "ഭാരത സഭാ ചരിത്രം"
7. സേവ്യർ
കൂടപ്പുഴ "മാർത്തോമ്മാ നസ്രാണി സഭാ വിജ്ഞാനകോശം"
8. ബെനഡിക്ട്
വടക്കേക്കര " മാർത്തോമ്മാ
ക്രിസ്ത്യാനികളുടെ ഉത്ഭവം
ഒരു ചരിത്രാന്വേഷണം".