സംഗീത മുഖരിതമാണ്
പ്രപഞ്ചം. താളാത്മകമാണ് പ്രകൃതിയിലെ ചലനങ്ങൾ. മനുഷ്യനിലും മൃഗങ്ങളിലും
പക്ഷികളിലും സർവ്വ ജീവജാലങ്ങളിലും സംഗീതമുണ്ട്. അവ ഏറിയും
കുറഞ്ഞുമിരിക്കും എന്നുമാത്രം. പുഴയിലും കാറ്റിലും മഴയിലുമൊക്കെ സംഗീതം കാണുന്ന കവികൾ ധാരാളമുണ്ടല്ലോ. പാടുക (to Sing), പാട്ട് (Song), സംഗീതം (Music) തുടങ്ങിയ പദങ്ങൾ വി. ഗ്രന്ഥത്തിൽ ധാരളമായി ഉപയോഗിച്ചിട്ടുള്ളവയാണ്. 309
തവണ പഴയ നിയമത്തിലും 36 തവണ പുതിയ നിയമത്തിലും ഇവയോ ഇവയ്ക്കു തത്തുല്ല്യമായ പദങ്ങളോ കാണാം. ദൈവ മനുഷ്യ ബന്ധത്തിൽ ഒഴിച്ചു കൂടാൻ വയ്യാത്ത ഒന്നാണ് സംഗീതം
എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ
പറ്റാത്ത വണ്ണം സ്നേഹബന്ധം ആഴമാകുമ്പോഴാണ് സംഗീതത്തിന്റെ ആവശ്യകത ഉണ്ടാകുന്നത്. അതായത് സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകൾ
മതിയാകാതെ വരുമ്പോൾ സംഗീതം ഉണ്ടാകുന്നു. ആഴമായ ദൈവ മനുഷ്യ ബന്ധത്തിന്റെ അളവുകോലായി ദൈവശാസ്ത്രഞ്ജ്ന്മാർ സംഗീതത്തെ കാണുന്നതും
അതുകൊണ്ടു തന്നെ.
സംഗീതത്തെക്കുറിച്ചുള്ള ആദ്യ സൂചന വി. ഗ്രന്ഥത്തിൽ കാണുന്നത് പുറപ്പാട് 15/1 ൽ ആണ് . അടിമത്തത്തിന്റെ നാടായ ഈജിപ്തിൽ നിന്ന് സ്വാതന്ത്ര്യയത്തിന്റെ കാനാൻ ദേശത്തേയ്ക്കുള്ള യാത്രയിൽ ഇസ്രായേൽ ജനം അത്ഭുതകരമായി ചെങ്കടൽ കടന്നു. മരണത്തിൽ നിന്നും ജീവനിലേയ്ക്കു പ്രവേശിച്ച ഇസ്രായേൽ മക്കളുടെ ദൈവസ്തുതിപ്പുകളും നന്ദി പ്രകാശനങ്ങളും പാട്ടുകളായി പുറത്തു വന്നു. "മോശയും ഇസ്രയേൽ ജനവും കർത്താവിനെ സ്തുതിച്ചു കൊണ്ട് ഈ ഗാനം ആലപിച്ചു" (പുറ 15/1 ) എന്നാണ് നാം വായിക്കുക. മരണത്തിൽ നിന്നും ജീവനിലേയ്ക്കുള്ള രക്ഷ പ്രാപിയ്ക്കൽ അവരെ പുതിയ ജനമാക്കി. ദൈവത്തോടുള്ള കൃതഞ്ജത തപ്പുകളാലും മദ്ദളങ്ങളാലുമുള്ള സംഗീത സ്തുതിപ്പുകളായി മാറി. മോശയുടെ, ദാവീദിന്റെ, മറിയത്തിന്റെ, സക്കറിയായുടെ, ശിമയോന്റെ ഒക്കെ പാട്ടുകൾ ഈ ദൈവ രക്ഷാനുഭാവത്തിന്റെ തുടർ പ്രക്രീയകളായിരുന്നു. അതായത് രക്ഷ നല്കുന്ന ദൈവവും രക്ഷപ്രാപിക്കുന്ന മനുഷ്യനും തമ്മിലുള്ള ആഴമായ സ്നേഹബന്ധത്തിന്റെ ബഹിർ സ്ഫുരണങ്ങളായി വി. ഗ്രന്ഥത്തിലെ പാട്ടുകളെയും പാട്ടുകാരെയും നമ്മുക്ക് കാണം.
ഇസ്രയേൽ ജനതയുടെ വിശുദ്ധ സംഗീതമാണ് സങ്കീർത്തനങ്ങൾ.
യഥാർത്ഥത്തിൽ ബൈബിളിലെ പാട്ടു പുസ്തകം തന്നെയാണ് സങ്കീർത്തനങ്ങൾ. സങ്കീർത്തനാലാപനം
തന്റെ പ്രാർത്ഥനയാക്കി മാറ്റിയ ഈശോ മിശിഹാ സംഗീതത്തെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നിരിക്കണം. സംഗീതഞ്ജനായ ബനഡിക്റ്റ്
പതിനാറാമൻ മാർപാപ്പ ആരാധനക്രമ
സംഗീതത്തെ "റുഹാദക്കുദ്ശയുടെ സംഭവം" (PNEUMATIC
EVENT) എന്നാണ്
വിശേഷിപ്പിക്കുക. സംഗീതഞ്ജനായ മാർ
അപ്രേം പുണ്യവാൻ "റുഹാദക്കുദ്ശായുടെ വീണ" എന്ന അപരനാമത്തിൽ
അറിയപ്പെടാൻ കാരണവും സംഗീതത്തിലെ ദൈവ സ്പർശം
കൊണ്ട് തന്നെയാവണം. വി. ഗ്രന്ഥത്തിലെ സംഗീത
പശ്ചാത്തലങ്ങൾ നോക്കിയാൽ സ്നേഹമാണ് സംഗീതത്തിന്റെ ഉറവിടം എന്ന് കാണം. സങ്കീർത്തനങ്ങൾ, ഉത്തമഗീതം തുടങ്ങിയവ
ഉദാഹരണങ്ങളാണ്. ദൈവമാണ് സ്നേഹം. അപ്പോൾ സംഗീതത്തിന്റെ ഉറവിടവും ദൈവം തന്നെ. പാടുക എന്നത് സ്നേഹിക്കുന്നവന്റെ കാര്യം ആണെന്നും പാടുന്നവൻ രണ്ടു പ്രാവശ്യം പ്രാർത്ഥിക്കുന്നു എന്നും അഗസ്തീനോസ് പുണ്യവാളൻ പറയുന്നത് ഈ പശ്ചാത്തലത്തിൽ ആണ്. അതായത് സഭാ സംഗീതം ഒരു കൃപയാണ്, വരമാണ്. അത് ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല.
ഈശോമിശിഹായുടെ ഉത്ഥാനമാണ് നസ്രാണികളുടെ രക്ഷാനുഭവത്തിന്റെ കേന്ദ്രം. അതായത് പുതിയ ഇസ്രയേലായ സഭയുടെ പുതിയ പുറപ്പാടനുഭാവമാണ് മിശിഹായുടെ ഉത്ഥാനം. ചെങ്കടൽ കടക്കൽ ഇസ്രായേലിന് പുതുജീവൻ നൽകിയപോലെ, മരണ നദി കടന്ന് മനുഷ്യ പുത്രൻ മനുഷ്യ രക്ഷ സാധ്യമാക്കി. രക്ഷ സാധ്യമാക്കിയ ദൈവത്തിനുള്ള പുതിയ ഇസ്രായേലിന്റെ നന്ദി പ്രകാശനമാണ് കുർബാന. അതായത് സഭയുടെ ഏറ്റവും വലിയ നന്ദി പ്രകാശനമാണ് കുർബാന. കുർബാനയിലെ പ്രാർത്ഥനകളും ഗീതങ്ങളും, ഉത്ഥാനത്തിലൂടെ രക്ഷ സാധ്യമാക്കിയതിനുള്ള കൃതഞ്ജതയാണ്. സഭയുടെ ഈ രക്ഷാകര അനുഭവത്തിന്റെ തലത്തിൽ നിന്ന് വേണം ആരാധനക്രമ സംഗീതത്തെ പൊതുവിലും കുർബാന സംഗീതത്തെ പ്രത്യേകമായും മനസിലാക്കാൻ.
സംഗീതാത്മകമാണ് ആരാധനക്രമം. എല്ലാ സഭകളിലും ആരാധനക്രമ സംഗീതം വളരെ പ്രധാനപ്പെട്ടതാണ്. സംഗീതാത്മകമല്ലാതെ പൗരസ്ത്യ സഭകളിൽ ആരാധനക്രമത്തെ കാണാൻ കഴിയില്ല. ഏറ്റം പഴക്കം ചെന്ന ആരാധന ക്രമ സംഗീതങ്ങളിൽ ഒന്നാണ് സുറിയാനി സംഗീതം. കുർബാനയിലെ ഒരോ വാക്കും പാടുന്ന രീതിയിലാണു പൗരസ്ത്യ
സഭകളിൽ ചെല്ലുന്നത്. പൗരസ്ത്യ സംഗീതത്തിന്റെ അതുല്യമായ ഒരു തനിമയായി ഇതിനെ കണക്കാക്കാം. മലങ്കര, യാക്കോബായ സഭകൾ ഈ തനിമ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും സീറോ മലബാർ സഭയിൽ ആരാധനക്രമ സംഗീതം, പ്രത്യേകിച്ച് കുർബാന സംഗീതം അവഗണിച്ചു തന്നെ കിടക്കുകയാണ്.
കുർബാനയിൽ എത്ര പുതിയ ഈണങ്ങൾ ഉപയോഗിക്കുന്നു എന്നതിൻ പ്രകാരമല്ല സഭയിലെ ആരാധനക്രമ സംഗീതത്തെ വിലയിരുത്തേണ്ടത്. നാം മുകളിൽ കണ്ടതുപോലെ സംഗീതം ദൈവീകമായ ഒരു പ്രവൃത്തിയാണ് അതിനാൽ തന്നെ കുർബാന സംഗീതം റൂഹായുടെ കൃപയാൽ ചെയ്യേണ്ടതാണ്. ഇന്ന് സീറോ മലബാർ സഭയിൽ കുർബാനയ്ക്ക് പലതരം ഈണങ്ങൾ ഉപയോഗിക്കുന്നുണ്ട്. “ചങ്ങനാശ്ശേരി”, “എറണാകുളം”, “കാഞ്ഞിരപള്ളി” , തുടങ്ങിയ നാമത്തിൽ അറിയപ്പെടുന്നവ ധാരാളം. ഈ ഓരോ ഈണങ്ങളും സഭയുടെ ആരാധനക്രമ സംഗീത ചൈതന്യത്തോട് ചേർന്നു പോകുന്നതാണോ എന്ന് പരിശോധിയ്ക്കേണ്ടിയിരിക്കുന്നു. കുർബാനയിൽ ഉപയോഗിക്കുന്ന ഓരോ ഈണങ്ങളും മികച്ചതാണോ അല്ലെങ്കിൽ ദൈവീകത തുളുമ്പി നില്ക്കുന്നതാണോ എന്നറിയണമെങ്കിൽ അവ വിശ്വാസികളെ കേൾവിക്കാരാക്കുകയാണോ, അർപ്പകരാക്കുകയാണോ ചെയ്യുന്നത് എന്ന് നോക്കിയാൽ മതി. മുകളിൽ സൂചിപ്പിച്ച പല ഈണങ്ങളും വിശ്വാസികളെ കേൾവിക്കാരാക്കാൻ മാത്രമേ ഉപകരിക്കു എന്നതാണ് അനുഭവം. ആരാധനക്രമ സംഗീതം യഥാർത്ഥത്തിൽ ആരാധനയെ സഹായിക്കുകയാണ് ചെയ്യേണ്ടത്. കുർബാനയുടെ മഹനീയനുഭങ്ങളിലേയ്ക്ക് അർപ്പകരെ നയിക്കുകയാണ് വേണ്ടത്.
കുർബാന ഞങ്ങൾക്ക് അനുഭവമാകുന്നില്ല എന്ന് വിശ്വാസികളിൽ ചിലരെങ്കിലും പറയുന്നുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം കുർബാന സംഗീതത്തിന്റെ വികലമായ “നിർമ്മാണവും” “ഉപയോഗവും” ആണ്. ആർക്കെങ്കിലും പെട്ടന്ന് “ഉണ്ടാക്കാവുന്ന” ഒന്നല്ല ആരാധനക്രമ സംഗീതം. ആരാധനക്രമ സംഗീതം ആരാധനയിലൂടെയാണ് ഉരുത്തിരിയേണ്ടത്. കുർബാന സംഗീതം രൂപം കൊള്ളേണ്ടത് കുർബാന അനുഭവത്തിലൂടെയാണ്. അതായത് നിരന്തരമായ പ്രാർഥനയുടെയും ഉപവാസത്തിന്റെയും ചൈതന്യത്തിൽ വേണം കുർബാന സംഗീതം രൂപം കൊള്ളാൻ. ദയറാകളിൽ രൂപം കൊള്ളുകയും ദയറാകളാൽ സംരക്ഷിക്കപ്പെടുകയും ചെയ്ത സുറിയാനി സംഗീതം അതിനൊരുദാഹരണമാണ്. ലത്തീൻ സഭയിൽ പ്രശസ്തമായ “ഗ്രിഗോറിയാൻ ചാന്റ്” (Chant) ഇപ്പോഴും അതിന്റെ തനിമയിൽ സംരക്ഷിക്കപ്പെടാൻ കാരണം ബനഡിക്ടൈൻ സന്യാസിമാരുടെ പ്രാർത്ഥന ചൈതന്യം തന്നെയാണ് എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല.
വിശ്വാസികളെ കേൾവിക്കാർ മാത്രമാക്കുന്ന- കുർബാനയിൽ നിന്നും അകറ്റുന്ന- ഒന്നും പള്ളിയിൽ ഉണ്ടാകാൻ പാടില്ല. അങ്ങിനെ നോക്കുമ്പോൾ ആദ്യം പള്ളിയിൽ നിന്ന് ഉപേക്ഷിക്കേണ്ടത് Floppy, Pendrive, Mobile, മുതലായവയാണ്. കാരണം ഇപ്പോൾ പല പള്ളികളിലും ആഘോഷങ്ങൾക്ക് ഒഴിച്ചു കൂടാൻ വയ്യാത്തതാണ് വലിയ പാട്ടുകാർ അച്ചന്മാരുടെ കാർമ്മികത്വത്തിൽ, വലിയ സംഗീത ഗ്രൂപ്പുകളുടെ സഹായത്തോടെ നടത്തുന്ന “പാട്ടുകുർബാന”, “ആഘോഷമായ കുർബാന” etc... നസ്രാണികൾക്ക് എല്ലാ കുർബാനകളും സംഗീതമയമാണ്, എല്ലാ കുർബാനകളും ആഘോഷവുമാണ്. അതുകൊണ്ട് “പാട്ടുകുർബാന”, “ആഘോഷമായ കുർബാന”, “ഒറ്റ കുർബാന” തുടങ്ങിയ വിശേഷണങ്ങൾ ശരിയല്ല. (ഇവയെക്കുറിച്ച് മറ്റൊരവസരത്തിൽ പ്രതിപാദിക്കുന്നതാണ്). ഇത്തരം കുർബാനകൾക്കുള്ള ഒരു സ്ഥിര സാന്നിധ്യമാണത്രെ Floppy യിലും മറ്റും റിക്കോഡ് ചെയ്തിരിക്കുന്ന ട്യൂണുകൾ. റിക്കോഡ് ചെയ്തിരിക്കുന്ന ട്യൂണുകൾ തീർച്ചയായും നല്ലൊരു കലാവിരുന്നാണ്. പക്ഷേ അതെങ്ങിനെ ആരാധനയാകും? ആരാധനക്രമത്തെ സഹായിക്കും? ആരോ ഒരാൾ എവിടെയോ ഇരുന്ന് റിക്കോഡ് ചെയ്ത Floppy കോപ്പി ചെയ്തു കുർബാനയ്ക്കും കൂദാശകൾക്കും ഉപയോഗിച്ചാൽ എങ്ങിനെ ആരാധനക്രമാനുഷ്ഠാനമാകും? അത് കമ്പ്യൂട്ടറൈസിഡ് ആരാധനയല്ലേ? തപ്പുകളാലും മദ്ദളങ്ങളാലും കർത്താവിനെ സ്തുതിച്ച നമ്മുടെ പൂർവ്വികരുടെ സ്ഥാനത്ത് ഇപ്പോൾ ഓർഗണ് ഇടിമുഴക്കം പോലെ പള്ളികളെ പ്രകമ്പനം കൊള്ളിക്കുന്നു. ഡിജിറ്റൽ ഡോൾബി സിസ്റ്റം ഉള്ള ഒരു ആധുനിക തീയേറ്റർ പോലെ. ഇത്തരം അന്തരീക്ഷത്തിൽ കുർബാന അനുഭവമാകുന്നില്ല എന്നു പറയുന്നതിൽ എന്തർത്ഥം? കുർബാനയ്ക്ക് നീളം കൂടുതലാണെന്നു പറഞ്ഞ് പ്രാർത്ഥനകൾ വെട്ടിച്ചുരുക്കി “ബിറ്റുകൾ” കൂട്ടുന്നതുകൊണ്ട് ആർക്കെന്തു ഗുണം? വിശ്വാസികൾക്കോ? അതോ ആരാധനക്രമ സംഗീതം കച്ചവടം നടത്തുന്ന പുതു തലമുറയിലെ സംഗീതഞ്ജർക്കോ?
ഇവിടെയാണ് തബല, ഹാർമോണിയം തുടങ്ങിയ പരമ്പരാഗത സംഗീതോപകരണങ്ങളുടെ പ്രാധാന്യം. പാട്ടും ഈണവും തെറ്റില്ലാതെ നടത്താനാണ് റിക്കോഡ് ചെയ്ത സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. തെറ്റുകളെ ഭയക്കാൻ ഇത് മത്സരമൊന്നുമല്ലല്ലോ? സംഭവിക്കുന്ന തെറ്റുകളെ അംഗീകരിക്കുമ്പോഴും തിരുത്തുമ്പോഴുമല്ലേ അത് യഥാർത്ഥ ആരാധനയാവുന്നത്. ആരാധകൻ തെറ്റുകളും കുറ്റങ്ങളുമടങ്ങുന്ന അവന്റെ അസ്ഥിത്വത്തെ മുഴുവൻ ദൈവ സന്നിധിയിൽ തുറന്നു വയ്ക്കുന്ന സമയമാണ് കുർബാന. പാടുന്ന പാട്ടിൽ ഒരു പിഴവു വന്നാൽ, ഈണത്തിൽ ഒരു തെറ്റുണ്ടായാൽ അതൊക്കെ ആരാധനയെ യഥാർത്ഥമാക്കുകയാണ് ചെയ്യുക. ഒന്നും തെറ്റാതിരിക്കാൻ അനാവശ്യ ശ്രമങ്ങൾ നടത്തുമ്പോൾ കുർബാന യാന്ത്രികമാവുകയല്ലേ ചെയ്യുന്നത്?
അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കുർബാനയിലെ ഗീതങ്ങൾക്ക് പകരം മറ്റ് ഗാനങ്ങൾ ഉപയോഗിക്കുന്നത്. ഓരോ കാലഘട്ടത്തിലെയും “ഹിറ്റ്” ഗാനങ്ങൾ കുർബാനയ്ക്കിടയിൽ ഉപയോഗിക്കുന്ന ധാരാളം പള്ളികളും ധ്യാന കേന്ദ്രങ്ങളും ഇന്ന് സീറോ മലബാർ സഭയിൽ ഉണ്ട്. ചില അവസരങ്ങളിലെങ്കിലും ചില കുർബാന അർപ്പണങ്ങൾ കണ്ടാൽ അവ കാസറ്റുകളുടെ പരസ്യമാണോ എന്നും തോന്നിയിട്ടുണ്ട്. ചില കാസറ്റുകളുടെ പരസ്യങ്ങൾ തന്നെ കുർബാനയ്ക്ക് ഉപയോഗിക്കാവുന്ന ഗീതങ്ങൾ എന്നാണ്. അച്ചന്മാർക്കും പാട്ടുകാർക്കും
അവരുടെ സ്വകാര്യ ഭക്തിയും താത്പര്യങ്ങളും ഇഷ്ടങ്ങളും പ്രദർശ്ശിപ്പിക്കാനുള്ള സമയമല്ല കുർബാന. കുർബാന സഭയുടെ ആരാധനയാണ് ഓരോ അച്ചനും വിശ്വാസിയും അതിന്റെ സംരക്ഷകനും കാര്യസ്ഥനുമാണ്; അല്ലാതെ ഉടയോൻ അല്ല. തക്സായ്ക്ക് പുറത്തുള്ള ഒരു പാട്ടും കുർബാനയ്ക്ക് ഉപയോഗിക്കുന്നതു ശരിയല്ല. സുമ്മാറ {ഹല്ലേലുയ്യാ ഗീതം}, ദിവ്യ രഹസ്യ ഗീതം, ഓശാന ഗീതം എന്നിവയ്ക്ക് പകരമായി വളരെ ലാഘവത്തോടുകൂടി മറ്റു ഗീതങ്ങൾ ഉപയോഗിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. എന്നാൽ കുർബാന ചൈതന്യത്തിനു നിരക്കാത്ത ഇത്തരം കാര്യങ്ങൾ പലപ്പോഴും സഭയിലെ മെത്രാന്മാരുടെ സാന്നിധ്യത്തിലും അവരർപ്പിക്കുന്ന കുർബാനയ്ക്ക് പോലും സംഭവിക്കുന്നത് വളരെ വേദനയുളവാക്കുന്ന കാര്യമാണ്.
കുർബാന പാട്ട് കച്ചവടത്തെകുറിച്ചും ഒരു വാക്ക്. സഭയിലെ
മറ്റൊരു പ്രവണതയാണ് കുർബാന പാടി ചൊല്ലി കാസറ്റിലാക്കി വില്ക്കുന്നത്. "ആഘോഷമായ
പാട്ടു കുർബാന" "സുറിയാനി
കുർബാന" etc… തുടങ്ങിയ പേരുകളിൽ കുർബാനയെന്ന പരമ പരിശുദ്ധ കർമ്മത്തെ വിൽക്കാൻ മുൻപിൽ
നില്ക്കുന്നത് അത് നിരന്തരം അർപ്പിക്കുന്നവരാണല്ലോ എന്നോർക്കുമ്പോൾ വിഷമമേറും.
റിക്കോഡ് റൂമിൽ ചായ കുടിച്ചും ഇടയ്ക്ക് ബീഡി വലിച്ചും നടത്തുന്ന ഇത്തരം കുർബാന
"ചൊല്ലലും" "കച്ചവടവും" നിർത്തേണ്ടതല്ലേ? അതിനെ തുടർന്ന് സോഷ്യൽ നെറ്റ് വർക്ക് മീഡിയായിലും, ബസ് സ്റ്റാൻഡിലും നിരന്തര പരസ്യവും. ഇന്ന അച്ചൻ അർപ്പിച്ച കുർബാന
കാസറ്റ് / സി. ഡി. വില ഇത്ര രൂപാ.... സഭാ സംഗീതം വിശുദ്ധമാണെന്നും അത്
ദൈവീക മാണെന്നും മനസ്സിലാക്കിയാൽ ആരാധനക്രമ സംഗീതത്തെ കച്ചവടമാക്കുന്ന ഈൗ പ്രവണത
തീർച്ചയായും ഇല്ലാതാകും.
കുർബാനയിലെ ഓരോ വാക്കും പരിശുദ്ധമാണ്. സഭാപിതാക്കന്മാരുടെ പ്രാർത്ഥനയും ധ്യാനവും പഠനവും രൂപം കൊടുത്ത ഈ പ്രാർത്ഥനകളും ഗീതങ്ങളും മനസ്സിലാക്കി ചൊല്ലാനാണ് ശ്രദ്ധിക്കേണ്ടത്. അല്ലാതെ അർത്ഥം മനസിലാകുന്നില്ല, കേൾക്കാൻ രസമില്ല എന്നൊക്കെ വാദിച്ച് ആധുനിക സംഗീതഞ്ജരുടെ ദ്രുതഗതിയിലുള്ള ഗാനങ്ങൾ ശബ്ദ കോലാഹലങ്ങളുടെ അകമ്പടിയോടെ നടത്തി അർപ്പകരെ നർത്തകരാക്കുകയല്ല വേണ്ടത്.
കാസറ്റ്, സി. ഡി മുതലായവയിലിറങ്ങുന്ന ചില ഭക്തി
ഗാനങ്ങൾ നല്ലത് തന്നെയാണ്. കേൾക്കാൻ ഭംഗിയുമുണ്ട്.
ഒരുപക്ഷേ കേൾവിക്കാരെ ആത്മീയമായി സഹായിക്കുകയും ചെയ്തേക്കാം പക്ഷേ
ഇവയൊന്നും അത്തരം ഗാനങ്ങൾ കുർബാനയിൽ ഉപയോഗിക്കാനുള്ള ചവിട്ടുപടിയോ കാരണമോ ആകുന്നില്ല. എത്ര മനോഹരമായ പാട്ടാണെങ്കിലും
എത്ര വലിയ “ഹിറ്റ്” ആണെങ്കിലും ഒരു പാട്ടും കുർബാനയിലെ ഗീതങ്ങൾക്ക് പകരമാവില്ല. കുർബാന സഭയുടെതാണ്. അവയിലെ
ഓരോ വാക്കും സഭയുടെ സ്വന്തമാണ്. വളരെയേറെ അർത്ഥവും വ്യാപ്തിയും രഹസ്യാത്മകതയും
നിറഞ്ഞവയാണ് കുർബാനയിലെ പ്രാർഥനകൾ. അവയ്ക്ക് പകരം നിൽക്കാൻ ഒരു പാട്ടും, ഒരു ട്യൂണും യോഗ്യമല്ല. പ്രാർത്ഥനകൾക്കും ഗീതങ്ങൾക്കും
മറ്റ് ഗാനങ്ങളും മറ്റും ഉപയോഗിക്കരുത് എന്ന് പറയാനുള്ള കാരണം ഒരു
ഉദാഹരണത്തിലൂടെ വിവരിക്കാൻ ശ്രമിക്കാം.
ഓനീസാദ് റാസേ (ദിവ്യ രഹസ്യഗീതം)
"കർത്താവിൽ ഞാൻ ദൃഡമായി ശരണപ്പെട്ടു”
....
മിശിഹാ കർത്തവിൻ
തിരുമെയ് നിണവുമിതാ
പാവന
ബലീപീഠേ
സ്നേഹ ഭയങ്ങളോടണയുക
അഖിലരുമൊന്നായി സന്നിധിയി
വാനവ നിരയോടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ"
നമ്മുടെ കുർബാനയിലെ ദിവ്യ
രഹസ്യഗീതം വളരെ പഴക്കമുള്ളതും പ്രതീകാത്മകവും ദൈവശാസ്ത്ര പരമായി വളരെ
ആഴമുള്ളതുമാണ്. കുർബാനയിലെ രഹസ്യാത്മകതയും ദൈവീക ഇടപെടലും വ്യക്തമാക്കുന്നതാണ് ഈ
ഗീതം. ദിവ്യരഹസ്യ ഗീതത്തിന്റെ സമയത്താണ് പുരോഹിതൻ
കാസയും പീലാസയും ബേസ്ഗസായിൽ നിന്ന് ബലിപീഠത്തിലേയ്ക്ക് സംവഹിക്കുക. ഈ ഗീതത്തിൽ
അപ്പത്തെയും വീഞ്ഞിനെയും "മിശിഹായുടെ ശരീര രക്തങ്ങൾ" എന്ന് വിളിക്കുന്നു. റൂഹാക്ഷണത്തിന് മുമ്പ് അപ്പത്തിനെയും വീഞ്ഞിനെയും മിശിഹായുടെ ശരീര രക്തങ്ങൾ എന്ന് വിളിക്കുന്ന രീതി പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുള്ളതാണ്. പുരോഹിതൻ കാസയും പീലാസയും ഒരുക്കുമ്പോഴും ഇതിനു സമാനമായ പ്രാർത്ഥനകൾ
കാണാം. കുർബാന കുർബാനയാകുന്നത്
എപ്പോഴെന്ന് നമ്മുക്കറിയില്ല . അത് നമ്മുടെ വിഷയമേ അല്ല. അത് ത്രിത്വത്തിന്റെ പ്രവർത്തനമാണ്. ഇത് വിശ്വസിച്ചും പ്രഘോഷിച്ചുകൊണ്ടുമാണ് പുരോഹിതാൻ കാസയും പീലാസയും ഒരുക്കുകയും
സംവഹിക്കുകയും ചെയ്യുക. വളരെ വലിയ ഈ ദൈവശാസ്ത്ര
സത്യം വിശ്വാസികൾ ഒന്നടങ്കം പ്രഘോഷിക്കുകയാണ്
ഈ ദിവ്യ രഹസ്യ ഗീതത്തിലൂടെ. ഇതിനു
പകരം ആധുനിക ഗീതങ്ങൾ പാടിയാൽ ഈ വിശ്വാസ രഹസ്യം പ്രഘോഷിക്കനുള്ള
വിശ്വാസികളുടെ അവകാശമല്ലെ
നിഷേധിക്കപ്പെടുക?
ഇത്തരം കാര്യങ്ങളിൽ
കാര്യങ്ങളിൽ സഭ മുഴുവനായും അടിയന്തിര ശ്രദ്ധ പുലർത്തേണ്ട സമയം കഴിഞ്ഞു. അഭിവന്ദ്യ
പിതാക്കന്മാർ ബഹു. വൈദീകർ, ശെമ്മശ്ശന്മാർ, കന്യാസ്ത്രീ അമ്മമാർ, ഗാന ശുശ്രൂഷകരായ അത്മായ സഹോദരന്മാർ എന്നിവർക്ക് ഏറെ
ശ്രദ്ധിക്കുവാൻ സാധിക്കും. പ്രത്യേകിച്ച്
സംഗീത വാസനയുള്ള വൈദീകർക്കും ശെമ്മാശ്ശന്മാർക്കും കന്യാസ്ത്രീ അമ്മമാർക്കും.
തങ്ങൾ അർപ്പിക്കുന്ന കുർബാനയിൽ
തക്സായിലുള്ള പ്രാർത്ഥനകളും ഗീതങ്ങളുമേ ഉപയോഗിക്കാൻ പാടുള്ളൂ
എന്ന് അഭിവന്ദ്യ പിതാക്കന്മാരും, വൈദീകരും സ്നേഹശാഠ്യം
പിടിക്കണം. കൂടാതെ കുർബാനയിൽ പരമ്പരാഗത സുറിയാനി ഈണവും
(തൂയൈ) സംഗീതോപകരണങ്ങളും മതി എന്ന നിർബന്ധം കൂടിയായാൽ ഒത്തിരി മാറ്റമുണ്ടാകും.
അതുപോലെ തന്നെ നാളത്തെ വൈദീകരായ ശെമ്മശ്ശന്മാരും തങ്ങളുടെ പരിശ്ശീലന കാലത്തു തന്നെ ഇത്തരം കാര്യങ്ങളിൽ ബോധ്യം വളർത്തുകയും നിഷ്കർഷത പുലർത്തുകയും
ചെയ്താൽ കാര്യങ്ങൾ എളുപ്പമാകും.
കുർബാനയെയും സംഗീതത്തെയും
വ്യത്യസ്ഥമായി കാണുന്ന പ്രവണത മാറണം. കുർബാനയിൽ സംഗീതം അലിഞ്ഞു ചേർന്നിട്ടുണ്ട്.
നമ്മുടെ കുർബാന പൗരസ്ത്യ ചൈതന്യത്തിൽ ഉരുത്തിരിഞ്ഞതുകൊണ്ട് അതിൽ ഉൾക്കൊണ്ടിരിക്കുന്ന സംഗീതവും
പൗരസ്ത്യമാണ്. അതാണ് സുറിയാനി സംഗീതം.
വളരെയേറെ പഠനങ്ങൾ നടക്കേണ്ട ഒരു മേഖലയാണിത്. സുറിയാനി സംഗീതത്തിലെ ഒരു ഈണം മാത്രമേ
ഇപ്പോൾ സീറോ മലബാർ സഭയിൽ ഉപയോഗിക്കുന്നുള്ളു; അതാണ് തൂയൈ. പക്ഷേ ഇത് വല്യച്ചന്മാരുടെയും
പാട്ടറിയാൻ മേലാത്തവരുടെയും ഈണം എന്നാണ്
പലരും കരുതിയിരിക്കുന്നത്. പക്ഷേ മറ്റേതൊരീണത്തെക്കാളും മഹത്വമുള്ളതാണിത്. കാരണം
അത് സുറിയാനി ഈണമാണ്, സഭാ പിതാക്കന്മാരുടെ ഈണമാണ്. തൂയൈ ഈണത്തിൽ കുർബാന അർപ്പിക്കുമ്പോൾ വിശ്വാസികൾ അർപ്പകരാകുന്നു.
മറ്റ് ഈണങ്ങളിൽ അർപ്പിക്കുമ്പോൾ പലപ്പോഴും
വിശ്വാസികൾ കേൾവിക്കാരാകുന്നു; അതാണ് വ്യത്യാസം. അതുകൊണ്ട് സുറിയാനി സംഗീതത്തിൽ
നിന്ന് വ്യത്യസ്തമായ ഒരു സംഗീതം സീറോ മലബാർ
കുർബാനയിൽ ഏച്ചു കെട്ടിയാൽ അത് മുഴച്ചിരിക്കുകയെയുള്ളു. അത്
മനസ്സിലാക്കണമെങ്കിൽ സംഗീതം ദൈവീകമാണെന്നു മനസ്സിലാക്കണം. സംഗീതത്തിന്റെ ഉടയവൻ ദൈവമാണെന്ന് അറിയണം.
പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ചൈതന്യത്തിലാണ് സഭാ
സംഗീതം രൂപം കൊള്ളുന്നതെന്നും അനുഭവിച്ചറിയണം.
ഈശോയിൽ സ്നേഹപൂർവ്വം
ചവറപ്പുഴ ജയിംസച്ചൻ