നോമ്പുകാലചിന്തകള്‍- പാഠം ഒന്ന്
ആരാധനാ വത്സരത്തില് പ്രായ്ശ്ചിത്തത്തിനും ജീവിത നവീകരണത്തിനുമുള്ള പ്രത്യേക കാലമാണ് വലിയ നോമ്പ്. 'സൗമ്മാ റമ്പാ' എന്നാണ് സുറിയാനിയില്‍. നോമ്പ് എന്ന വാക്കിന് മിതാഹാരവ്രതം, ഉപവാസം എന്നൊക്കെയാണ് അര്‍ത്ഥം. മതപരമായ ലക്ഷ്യത്തോടെ ആത്മശുദ്ധിയ്ക്കായി പൂര്‍ണ്ണ മനസ്സാല്‍ ഭഷണത്തില്‍ നിന്ന് വിരമിക്കുന്നതിനെ നാം നോമ്പ് എന്ന് വിളിക്കുന്നു.
പഴയനിയമത്തില്‍
ഉപവാസത്തിന്റേയും മാംസവര്ജ്ജനത്തിന്റേയും അടിസ്ഥാനം സൃഷ്ടിയുടെ പുസ്തകത്തില്‍ കാണാം. പൗരസ്ത്യ പാരമ്പര്യമനുസരിച്ച് ദൈവകല്പനയുടെ ലംഘനത്തോടൊപ്പം ഭോജന പ്രിയവും ആദാമിന്റെ തെറ്റില്‍ ഉള്‍പ്പെടുന്നു.
"ആദാം ഏദനില്‍ വച്ച് തെറ്റ് ചെയ്യാനുപയോഗിച്ച അതേ ആയുധത്താല്‍ നമ്മുടെ കര്‍ത്താവ് തെറ്റിനെ തോല്‍പ്പിച്ചു. കനി തിന്നാനുള്ള മോഹത്താല്‍ ആദാം തെറ്റിലകപ്പെട്ടു. ഭക്ഷണത്താലെ വഴിതെറ്റിച്ച ദുഷ്ടനെ (സാത്താനെ) ഭക്ഷണത്തില്‍ നിന്നകന്നുള്ള ഉപവാസം വഴി മിശിഹാ തോല്‍പ്പിച്ചു." (മാര്‍ അപ്രേം)
പലരീതികളിലുള്ള ഉപവാസം പഴയ നിയമത്തില്‍ ഉണ്ട്. മരിച്ച ആളിനോട് ആദരവ് കാണിക്കാനായി ഉപവസിക്കുന്ന രീതിയുണ്ടായിരുന്നു. സാവൂളിന്റെ മരണശേഷം യാബെഷ്ഗിലയാദ് നിവാസികള്‍ ഏഴ് ദിവസവും (1സാമു; 31/13) ദാവീദും അനുയായികളും സന്ധ്യവരെയും ഉപവസിച്ചു. (2സാമു1/12). ക്ലേശങ്ങളില്‍ നിന്ന് മോചനം ലഭിക്കാനുള്ള ഉപവാസമാണ് വേറൊന്ന്. ചെയ്ത തെറ്റിന് ശിക്ഷയുണ്ടാകുമെന്ന് അറിവ് ലഭിച്ചപ്പോള്‍ ആഹാബ് ചാക്ക് വസ്ത്രം ധരിച്ച് ഉപവസിച്ചു (1രാജാ; 21/27). യഹൂദജനത്തിന് ജീവനാശം സംഭവിക്കാന്‍ പോകുന്നുവെന്നറിഞ്ഞ എസ്തേര്‍ എല്ലാവരും മൂന്നുദിവസം ഉപവസിക്കണമെന്ന് ആഹ്വാനം ചെയ്തു. (എസ്തേ; 4/16).
അത്യാവശ്യ നാളുകളില്‍ സമൂഹം മുഴുവനും ഉപവസിക്കുന്നതും പഴയ നിയമത്തില്‍ കാണാം. (ന്യായ; 20/26, 1സാമു;7/6, യോഹ3/5).ദൈവസാമിപ്യമനുഭവിക്കുന്നതിനായി മൂശ നാല്പത് ദിവസം ഉപവസിച്ചു.(പുറ;24/18, 34/28, നിയമ;9/18).
ദാനിയേല്‍ മൂന്നാഴ്ച ഉപവസിച്ചു (ദാനി;10/2). ഏലിയായുടെ ഉപവാസവും നാല്പത് ദിവസത്തോളം നീണ്ടു. (രാജാ;19/8-9)