ഇത് സ്വപ്നങ്ങളുടെ കൂട്ടമാണ്. അമ്മയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. ഇവ കാണാനും പങ്കുവയ്ക്കാനും ഒപ്പം കൂടാറുള്ള കൊച്ചുകൂട്ടുകാരുടെ പ്രാര്ത്ഥനയാണീ സംരംഭം. ചിതറിക്കിടക്കുന്ന സ്വപ്നങ്ങളെ ഒരു ചരടില്‍ കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്നത് അവരാണ്. ഞാനാണ് മാര്‍ഗ്ഗം (യോഹ,14;6) എന്നു പറഞ്ഞവനെ ഭാരതത്തിനു നല്കിയ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗമാണ്(യോഹ, 20; 28) ധ്യാനവിഷയം. കാലങ്ങളും നൂറ്റാണ്ടുകളും മാര്‍ഗ്ഗവാസികള്‍ ഈ മാര്‍ഗ്ഗത്തില്‍ ചരിച്ചു. ശ്ലീഹായുടെ മിശിഹാനുഭവമാണീ മാര്‍ഗ്ഗത്തിന്റെ കാതല്‍. മാര്‍വാലാഹ് ( എന്റെ കര്‍ത്താവേ എന്റെ ദൈവമേ) എന്ന ഉറച്ച വിളിയും ബോധ്യവുമാണ് താതന്റെ മിശിഹാനുഭവത്തിന്റെ ഉള്ള്. ഈ മാര്‍ഗ്ഗത്തിലൂടെ സത്യമാര്‍ഗ്ഗമായ ഈശോമിശിഹായെ അവര്‍ കേട്ടും, കണ്ടും, തൊട്ടും അനുഭവിച്ചറിഞ്ഞു.
പക്ഷേ കാലമധ്യേ മാര്‍ഗ്ഗവാസികള്‍ക്ക് മാര്‍ഗ്ഗഭ്രംശം വന്നു.( വരുത്തി?). സത്യമാര്‍ഗ്ഗത്തിന്റെ സൂക്ഷിപ്പിനും പരിപാലനത്തിനും പതിനാറാം നൂറ്റാണ്ടോടെ ഇടിവ് വന്നു. അന്നുവരെ ഒന്നായിരുന്ന നസ്രാണികള്‍ പല മാര്‍ഗ്ഗം തേടി. അതുവരെ ഒരേവിശ്വാസം ഒരുമിച്ച് ആഘോഷിക്കുകയും പ്രഘോഷിക്കുകയും ചെയ്തവര്‍ പല വിശ്വാസം പലരീതിയില്‍ ആഘോഷിക്കാനും പ്രഘോഷിക്കാനും തുടങ്ങി. ശക്തിപ്രകടനങ്ങളും ആള്‍ബലവും ഭൗതികസമ്പത്തിന്റെ കരുതലും 'വിശ്വസ'ത്തിന്റെ അളവുകോലുകളായി. ഈ മാര്‍ഗ്ഗഭ്രംശത്തില്‍നിന്ന് സത്യമാര്‍ഗ്ഗത്തിലേയ്ക്കുള്ള ഒരു തിരിച്ചുവരവാണ് സ്വപ്നം. ഉദയം പേരൂര്‍ 'സൂനഹദോസിനും' കൂനങ്കുരിശു സത്യത്തിനും മുന്‍പുണ്ടായിരുന്ന നസ്രാണികളുടെ മിശിഹാനുഭവ പ്രഘാഷണത്തിലേയ്ക്ക് ഒരു തിരിച്ചുപോക്ക്. കാണാന്‍ എളുപ്പവും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരു സ്വപ്നമാണെന്നറിയാം. ഇന്ന് വിഭജിച്ച് നില്ക്കുന്ന മാര്‍ത്തോമ്മാ മാര്‍ഗ്ഗവാസികള്‍ പാരമ്പര്യത്തിന്റെ സത്ത ഉള്‍ക്കൊണ്ട്, പഴമയുടെ അഴകറിഞ്ഞ്, ഒരേ ബലിപീഠത്തില്‍ ഒരേ അപ്പത്തില്‍ പങ്കുകാരാകുന്ന ദിനം.
ഈ സ്വപ്നം ഫലിപ്പിക്കുവാന്‍ അമ്മയുടെ സ്ഥാനത്തു നിന്നുകൊണ്ട് കരുതലും സ്നേഹവും തിരുത്തലും നല്‍കേണ്ടത് മാര്‍ത്തോമ്മാ നസ്രാണി സഭ (ഇന്നത്തെ സീറോ മലബാര്‍ സഭ)യാണെന്നറിയാം. ആ തിരിച്ചറിവാണ് ഈ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്. അതിന് വിളക്കായി മുന്നിലുള്ളത് പുണ്യപിതാക്കന്മാരും. കരിയാറ്റില്‍ മാര്‍ യൗസേപ്പ് മെത്രാപ്പോലീത്താ, പാറേമാക്കല്‍ തോമ്മാകത്തനാര്‍, പ്ലാസിഡച്ചന് തുടങ്ങിയവരുടെ പ്രാര്‍ത്ഥനയും തീക്ഷ്ണതയും വിശുദ്ധിയുമാണ് ഈ ശ്രമത്തില്‍ കരുത്ത് നല്‍കുക. തികച്ചും സഭാത്മകമാകണം ഈ പങ്കുവയ്ക്കല്‍ എന്നാണ് ആഗ്രഹം. അതുമാത്രമാണ് നിബന്ധനയും.
പുളിമാവ് പോലെയാകട്ടെ ചിന്തകള്‍.
ചവിട്ടിതാഴ്ത്തപ്പെട്ടിട്ടും കരുത്തോടെ വളര്‍ന്നുവരുന്ന ചെടിപോലെയാകട്ടെ സ്വപ്നങ്ങള്‍.
എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും മിശിഹാനുഭവമാകട്ടെ മാര്‍ഗ്ഗം.
ചവറപ്പുഴ ജയിംസച്ചന്