Sunday, February 19, 2012

പ്രാര്‍ത്ഥനാശംസകള്‍


      കര്‍ദ്ദിനാള്‍ സ്ഥാനാരോഹണ വേളയില്‍ മാര്‍ത്തോമാ നസ്രാണി സഭയുടെ തനിമയും വ്യക്തിത്വവും അല്‍പമെങ്കിലും വെളിവാക്കുന്ന ശുശ്രുഷാ വസ്ത്രങ്ങളും കൈസ്ളീവയും ധരിക്കാന്‍ തയ്യാറായ മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വലിയ മേല്‍പട്ടക്കാരന്‍ മാര്‍ ഗീവര്‍ഗ്ഗീസ്‌ ബാവായ്ക്ക്‌ മാര്‍ഗ്ഗം കുടുംബത്തിന്റെ   പ്രാര്‍ത്ഥനാശംസകള്‍. സീറോ മലബാര്‍ സഭയ്ക്ക്‌ പൌരസ്ത്യ പാരമ്പര്യത്തിലധിഷ്ടിതമായ തനിമയും പാരമ്പര്യവും ഉണ്ടെന്നും, അതുല്ല്യമായ ഈ തനിമ വീണ്ടെടുത്ത്‌ നില നിര്‍ത്താന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അങ്ങ്‌ ഇതിലൂടെ   ഇന്നലെ റോമില്‍ വ്യക്തമാക്കൂ കയായിരുന്നു.കല്ലും മുള്ളും നിറഞ്ഞ ഈ ശൂശ്രൂഷ കര്‍ത്താവിന്റെ  ഇഷ്ടപ്രകാരം നിറവേറ്റാന്‍ സാധിക്കട്ടെയെന്ന്‌ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 

Thursday, February 9, 2012

മാര്‍ക്സിസ്റ്റുകാരുടെ വേദപാഠം: അതു പഠിക്കാന്‍ കുറേ ക്രൈസ്തവരും.

ള്ളിയില്‍ കുരിശുമണിയടിച്ചു. വല്ല്യപ്പന്‍ ഉറക്കെ വിളിച്ചു. "മക്കളേ വാ കുരിശു വരയ്ക്കാം." വല്ല്യപ്പനും വല്ല്യമ്മയും കൊച്ചുമക്കളും പായ വിരിച്ചു മുട്ടുകുത്തി നിന്ന് കുരിശുവര തുടങ്ങി. 'അകാശങ്ങളിലിരിക്കുന്ന ബാവായേ ചൊല്ലി നന്മ നിറഞ്ഞ മറിയം ഉരുവിട്ട്‌ ഇശോ മിശിഹായുടെ മനുഷ്യത്വവും ദൈവത്വവും ഏറ്റ്‌ പറഞ്ഞ്‌ ത്രിത്വ വിശ്വാസം പ്രഘോഷിച്ചു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പു വരെ കേരളത്തിലെ നസ്രാണികുടുംബങ്ങളുടെ വൈകുന്നേരങ്ങള്‍ ഇങ്ങിനെയായിരുന്നു. കാലം മാറി, കാഴ്ചപ്പാടുകള്‍ മാറി. ഇന്നത്തെ സന്ധ്യാ സമയങ്ങള്‍ ഇങ്ങിനെയാണ്‌. ടിവി ഓണ്‍ ചെയ്യുന്നു , വലിയ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നു. "ക്രിസ്തു പോളിറ്റ്‌ ബ്യൂറോ മെംബര്‍. ഈശോ ജെനറല്‍ സെക്രട്ടറി" . കമ്യൂണിസ്റ്റ്‌ നിരീശ്വര വാദികളോടൊപ്പം ഈശോയുടെ ചിത്രം. ഈശോ വിപ്ലവകാരിയാണത്രേ! വീടിന്റെയും പള്ളിയുടെയും ചുവരുകളില്‍ തിരിയും പൂവും വച്ച്‌ വണങ്ങിയിരുന്ന തിരുവത്താഴത്തിന്റെ പുതിയ രൂപം, മാധ്യമങ്ങളില്‍ മാറി മാറി വരുന്നു. തീരുന്നില്ല, ഈശോയെ വിപ്ലവകാരിയാക്കുന്ന കമ്മ്യൂണീസ്റ്റ്‌ വിഢിത്തങ്ങള്‍ക്ക്‌ സ്വാഗതം പറയുന്ന ക്രൈസ്തവ മെത്രാന്മാരുടെ ചിത്രങ്ങളും വാക്കുകളും മാധ്യമങ്ങളില്‍ തുടരെ തുടരെ കാണുന്നു. ഇതിനെയൊക്കെ ഉള്‍ക്കൊണ്ടുകൊണ്ട്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളില്‍ അഭിപ്രായം പറയുന്ന ക്രൈസ്തവ ബുദ്ധി ജീവികള്‍ ഉടലെടുക്കുന്നു.
കഴിഞ്ഞ ദിവസങ്ങളായി ഈശോയെ പോളിറ്റ്‌ ബ്യൂറോ മെംബറാക്കിയും വിപ്ലവകാരിയാക്കിയും പിന്നെ തിരുവത്താഴത്തിന്റെ ചിത്രത്തെ വികലമാക്കിയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതിനു പിന്നില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വ്യക്തമായ അജണ്ടയുണ്ടെന്നത്‌ വ്യക്തമാണ്‌. അവരുടെ ആശയ ദാരിദ്ര്യമോ, ഉപതെരഞ്ഞെടുപ്പ്‌ തന്ത്രമോ, ഉള്‍പ്പാര്‍ട്ടി വിഭാഗീയ വിവാദങ്ങളില്‍ നിന്നും മാധ്യമ ശ്രദ്ധ തിരിക്കാനുള്ള തരം താണ രാഷ്ട്രീയ കുരുത്തക്കേടുകളൊ ഒക്കെയാവാം അത്‌. രാഷ്ട്രീയ വിവാദങ്ങള്‍ക്ക്‌ തീകൊളുത്തി മാറി നില്‍ക്കുന്ന രാഷ്ട്രീയ വികൃതി ഇവിടെയും അവര്‍ ആവര്‍ത്തിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചെയ്തികളെ തലനാരിഴ കീറി പരിശോധിക്കുകയോ വിചാരണ ചെയ്യുകയോ ചെയ്യാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. ദൈവമായ ഈശോ മിശിയായെ ഉപയോഗിച്ച്‌ ഒരു കൂട്ടം രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുമ്പോള്‍ ഒരു സാധാരണ വിശ്വാസിയുടെ പ്രതികരണം എങ്ങിനെയാവണം എന്ന് വ്യക്തമാക്കാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളു. ഇപ്രകാരമുള്ള വിവാദങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ പലവിധ അഭിപ്രായങ്ങളും ഉദിക്കാറുണ്ട്‌. കര്‍ത്താവ്‌ ഇതും ഇതിനപ്പുറവും സഹിച്ചതാണ്‌, അതുകൊണ്ട്‌ സഭ ഇതില്‍ ഇടപെടേണ്ട എന്ന് ചിലര്‍. ക്ഷമയുടെ പാഠങ്ങള്‍ പഠിപ്പിച്ച ഈശോയുടെ അനുയായികള്‍ ഇതെല്ലാം കണ്ടില്ല കേട്ടില്ല എന്ന് നടിക്കണമെന്ന് വേറേ ചിലര്‍. പടത്തിലല്ല പ്രവൃത്തിയിലാണ്‌ കാര്യം എന്ന് വേറെ ചില കൂട്ടര്‍. ഈശോ വിപ്ലവകാരിയാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിച്ചതില്‍ അത്യാഹ്ലാദമെന്ന് ഒരു വിഭാഗം...ഓരോരുത്തര്‍ക്കും അവരവരുടേതായ ന്യായങ്ങളുണ്ട്‌. എന്നാല്‍ ഒരു സാധാരണ വിശ്വാസിക്ക്‌ അത്ര നിസ്സാരമായി വിട്ടുകളയാന്‍ പറ്റുന്നതാണോ ഈ സംഭവ വികാസങ്ങള്‍? ഒരിക്കലുമല്ല.

സഭയുടെ അടിസ്ഥാന വിശ്വാസമാണ്‌ ഈശോയുടെ ദൈവത്വവും മനുഷ്യത്വവും. പരിശുദ്ധ ത്രിത്വത്തിലെ ഒരാളായ പുത്രന്‍ തമ്പുരാന്‍ മനുഷ്യനായി അവതരിച്ച്‌ വെളിപാട്‌ പൂര്‍ത്തിയാക്കി. ഈ വെളിപാട്‌ റൂഹായുടെ കൃപയാല്‍ സഭ ഇന്നും തുടരുന്നു.
ഒരു ക്രിസ്തു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈശോ ദൈവമാണ്‌. മനുഷ്യനായി അവതരിച്ച ദൈവ പുത്രന്‍. ഇത്‌ സഭയുടെ അടിസ്ഥാന വിശ്വാസമാണ്‌. അതിനാല്‍ ഈശോയുടെ ചിത്രം കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരികളോടൊപ്പം പ്രതിഷ്ഠിക്കുമ്പോള്‍ അല്ലെങ്കില്‍ പിബി മെംബറായി ചിത്രീകരിക്കുമ്പോള്‍ കര്‍ത്താവിനെ ഒരു വെറും മനുഷ്യനായി താഴ്ത്തുകയാണിവിടെ ചെയ്യുന്നത്‌. അതുകാണുമ്പോല്‍ ഒരു വിശ്വാസിയ്ക്കുണ്ടാകുന്ന വികാരം, കമ്മ്യൂണിസ്റ്റുകാരനുണ്ടാകുന്ന വികാരത്തില്‍ നിന്നും വ്യതസ്തമാണ്‌. ഈശോയെ വെറും ഒരു മനുഷ്യനായി മാത്രം താഴ്ത്തിയതിന്റെ സങ്കടം അവനെപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ടാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ കര്‍ത്താവിന്റെ നാമവും രൂപവും ദുരുപയോഗിക്കുന്നത്‌ നിറുത്തണം എന്നു പറയുന്നത്‌. ഈശോ ഒരു വിപ്ലവകാരിയാണ്‌ അതുകൊണ്ട്‌ ഈശോയുടേ ചിത്രം വിപ്ലവകാരികളോടൊപ്പം വെക്കുന്നതിനെ സ്വാഗതം ചെയ്യണമെന്ന് ചില മെത്രാന്മാരും വൈദികരും കഴിഞ്ഞ ദിവസങ്ങളില്‍ പറയുകയുണ്ടായി.

ഈശോ വിപ്ലവകാരിയായിരുന്നുവെന്നതുകൊണ്ട്‌ സഭ മനസ്സിലാക്കുന്ന അര്‍ത്ഥം രാഷ്ട്രീയക്കാര്‍ മനസ്സിലാക്കുന്നതില്‍ നിന്നും വ്യതസ്തമായാണ്‌. മാര്‍ക്സിനേപ്പോലെയോ ലെനിനേപ്പോലെയോ ചെഗുവേരയേപ്പോലെയോ ലക്ഷ്യത്തിനു വേണ്ടി ഏതുമാര്‍ഗ്ഗവും സ്വീകരിക്കുന്ന ഒരു നിലപാടായിരുന്നില്ല കര്‍ത്താവിന്റേത്‌. പാവങ്ങളുടെ പേരില്‍ അക്രമത്തിനക്രമവും ചോരയ്ക്കു ചോരയും കൈവെട്ടലും കാലുവെട്ടലും കഴുത്തു വെട്ടലും നടത്തുന്നതാണ്‌ കമ്മ്യൂണിസ്റ്റുകാരുടെ വിപ്ലവം.
എന്നാല്‍ അതല്ല ഈശോയുടെ വിപ്ലവം. ഈശോയുടേത്‌ സ്നേഹത്തിന്റെ വിപ്ലവമാണ്‌ ക്ഷമയുടെ വിപ്ലവമാണ്‌. സര്‍വ്വ ജനത്തിനുമായി ചുടുചോരയൊഴുക്കിയ, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും ഇതുവരെ ലോകം കണ്ട എല്ല പ്രത്യയ ശാസ്ത്രങ്ങളെയും അതിലംഘിക്കുന്ന ഒരു വിപ്ലവമായിരുന്നു ക്രിസ്തുകാണിച്ചു തന്നത്‌. ഇതൊന്നും മനസ്സിലാക്കാതെ അവസരവാദപരമായി ഈശോയെ അക്രമവും രക്തചൊരിച്ചലും പ്രോത്സാഹിപ്പിച്ച മാര്‍ക്സിനോടും സ്റ്റാലിനോടും ഒപ്പം വയ്ക്കുന്നതിനെ എങ്ങിനെയാണ്‌ പ്രോത്സാഹിപ്പിക്കാനാവുന്നത്‌. ഈശോ വിപ്ലവകാരിയാണെന്ന് പറഞ്ഞ്‌ പ്രസംഗിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റു വിഢിത്തങ്ങളെ സ്വാഗതം ചെയ്യുന്ന ക്രൈസ്തവ നേതാക്കള്‍, ക്രിസ്തു ഏതുതരത്തിലുള്ള ഒരു വിപ്ലവകാരിയാണെന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്‌. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഓടിനടക്കുന്ന മാധ്യമങ്ങള്‍ ഒരു 'കോല്‌' നീട്ടിക്കാണിക്കുമ്പോഴേ ഈശോ വിപ്ലവകാരിയായിരുന്നുവെന്ന് ശൂശ്രൂഷ നേതൃ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ അത്‌ സാധാരണ ജനങ്ങളില്‍ അവ്യക്തതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കണം.

തിരുവത്താഴ ചിത്രം ഡാവിഞ്ചി വരച്ചതാണ്‌. അത്‌ ആരാധനാവിഷയുമായി ബന്ധപ്പെട്ടതല്ല എന്നൊരു വാദവും കണ്ടു. ഇതിനെ അനുകൂലിക്കുവാനും ചില സ്ഥലങ്ങളില്‍ നിന്നും ആളുകളുണ്ടായി. തിരുവത്താഴചിത്രം ഡാവിഞ്ചി വരച്ചതാണ്‌. പക്ഷേ ആ ചിത്രത്തിനു ക്രൈസ്തവ സഭകളില്‍ വലിയൊരു സ്ഥാനമുണ്ട്‌. സഭയുടെ പരമാരാധനയായ പരിശുദ്ധ കുര്‍ബാനയെ സൂചിപ്പിക്കുന്ന പലപ്രതീകങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ പലരും പലയിടത്തും ഉപയോഗിക്കുന്നുണ്ട്‌. ഇത്തരുണത്തില്‍ സഭ പൂജ്യമായി കരുതുന്ന ഒരു ചിത്രത്തെ വികലമാക്കിയതിനെ എങ്ങിനെയാണ്‌ ന്യായീകരിക്കുവാനാവുക. ചിത്രത്തെ മോശമായി ചിത്രീകരിച്ചതിനേക്കാള്‍ അതിനെ ആവിഷ്കാര സ്വാതന്ത്ര്യമെന്നു വിശേഷിപ്പിച്ച്‌ ഉയര്‍ത്തിക്കാട്ടുന്ന സഭാമക്കളെയോര്‍ത്ത്‌ ലജ്ജ തോന്നുന്നു. നാളെ പരിപ്പുവടയും ചായയും ചെങ്കൊടിയും അരിവാളുമൊക്കെ ക്രിസ്തീയ പ്രതീകങ്ങളുമായി താദാത്മ്യപ്പെടുത്തുന്ന ഒരു കാലം വരികയില്ലായെന്ന് ആരു കണ്ടു? അന്നും ആവിഷ്കാര സ്വാതന്ത്ര്യവും വിപ്ലവവും പറഞ്ഞിരിക്കാം നമ്മള്‍ക്കല്ലേ?


സത്യ വിശ്വാസത്തിനെതിരെയുള്ള ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളും അവഹേളനങ്ങളും സഭയുടെ ആദ്യകാലം മുതലേ ഉണ്ടായിരുന്നു. അന്നൊക്കെയും സഭാപിതാക്കന്മാര്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. സ്നേഹത്തിന്റെയും സഹനത്തിന്റെയും ഭാഷയിലൂടെയാണ്‌ അവര്‍ പ്രതികരിച്ചിരുന്നത്‌. സത്യ വിശ്വാസത്തിന്റെ കാര്യത്തില്‍ അണുവിടപോലും വ്യതിചലിക്കുവാന്‍ അവര്‍ തയ്യാറായതുമില്ല്ല. നമ്മുടെ പിതാക്കന്മാര്‍ തലമുറകളായി നമ്മള്‍ക്കു പകര്‍ന്നുതന്ന വിശ്വാസാഗ്നി ഒരു കമ്മ്യൂണീസ്റ്റുകാരന്റെയും പ്രസ്താവനകൊണ്ടോ, ചിത്രീകരണംകൊണ്ടോ കെട്ടുപോകില്ലായെന്നു നമ്മള്‍ക്കറിയാം. കാരണം സഭയെ നയിക്കുന്നത്‌ റൂഹാദ്ക്കുദ്ശായാണ്‌.
അതിന്റെ തലവന്‍ മിശിഹായും. പക്ഷേ നമ്മള്‍ക്ക്‌ ചെയ്യുവാനുള്ള കടമ നമ്മള്‍ ചെയ്യാതിരിക്കരുത്‌.പ്രാവുകളേപ്പോലെ നിഷ്കളങ്കരാകുന്നതുപോലെ സര്‍പ്പങ്ങളേപ്പോലെ വിവേകമതികളും ആവണം നമ്മള്‍ . ഈശോയുടെ വിപ്ലവമെങ്ങിനെയുള്ളതാണെന്നു മനസ്സിലാക്കതെ ചുമ്മാ'വിപ്ലവകാരിയെന്ന' വാക്ക്‌ ഉപയോഗിച്ച്‌ പുകമറ സൃഷ്ടിക്കുന്നതിനെ നമ്മള്‍ തിരിച്ചറിയണം. അതിനായി ലേഖനങ്ങളും പഠനങ്ങളും നടക്കട്ടെ. പടങ്ങള്‍ അല്ല പ്രവൃത്തിയാണുകാര്യം എന്നു പറയുമ്പോഴും പടങ്ങള്‍ പ്രതീകങ്ങള്‍ ആണെന്നു കൂടി മനസ്സിലാക്കുകയും അതിനെ വികലമാക്കുമ്പോല്‍ സ്നേഹപൂര്‍വ്വം പ്രതികരിക്കുകയും വേണ്ടേ? തീര്‍ച്ചയായും വേണം. കാരണം നമ്മുടെ അപ്പന്റെയോ അമ്മയുടേയോ ചിത്രം എത്ര പാവനമായാണ്‌ നമ്മള്‍ കണക്കാക്കുന്നത്‌. അതിനെ വികലമാക്കിയാല്‍ തമ്മള്‍ക്കതു സഹിക്കാനാവുമോ? അതുകൊണ്ട്‌ വഴിയേ പോകുന്ന ആര്‍ക്കും ചുമ്മാ ഒന്നു കൊട്ടിയിട്ട്‌ പോകാനുള്ള ചെണ്ടയല്ല ക്രൈസ്തവസഭയെന്ന്‌ വിശ്വാസികളായ നമ്മള്‍ മനസ്സിലാക്കണം. ഒപ്പം, മറ്റുള്ളവരും.

ചവറപ്പുഴ ജയിംസച്ചന്‍